ലോക ചായദിനമാണ് മെയ് 21 എന്നറിയാമല്ലോ. ചായപ്രേമികള്‍ മാത്രമല്ല, അല്ലാത്തവരും വിവിധതരം ചായയെ കുറിച്ച് കേട്ടുകാണുമല്ലോ? ഏതൊക്കെയാണെന്ന് നോക്കാം.
മസാല ചായ
ഇന്ത്യയില്‍ സുലഭമായ ചായയാണിത്. ചായപ്പൊടി, വെള്ളം, പാല്‍, പഞ്ചസാര എന്നിവ മാത്രമിട്ടാണ് കൂടുതല്‍ പേരും ചായയുണ്ടാക്കാറ്. അങ്ങനെ ചായയുണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്. എന്നാല്‍ മസാല ചായയുണ്ടാക്കാന്‍ മറ്റ് ചില ചേരുവകള്‍ കൂടി വേണം. ഇഞ്ചി, കുരുമുളക്, നാരങ്ങയുടെ ഇല, പെരുംജീരകം എന്നിവയെല്ലാം ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്.
മാച്ചാ ടീ
ജാപ്പനീസ് ഗ്രീന്‍ ടീയാണിത്. കാണാന്‍ ഭംഗിയുള്ള ഈ ചായ സോഷ്യല്‍മീഡിയയിലൂടെ വന്‍ പ്രചാരം നേടി. ഇതില്‍ ആന്റിഓക്‌സിന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഐസ് ചായ
നമ്മളുണ്ടാക്കുന്ന സാദാ ചായപോലെതന്നെ, ഐസ് ചായ. തണുപ്പിച്ചതാണെന്ന് മാത്രം. ചിലര്‍ രുചി കൂട്ടാനായി നാരങ്ങയോ പീച്ചോ ബെറീസോ ഇട്ട് ഐസ് ചായ തയ്യാറാക്കാറുണ്ട്.
ബ്ലാക്ക് ടീ
തേയിലയിട്ട് കടുപ്പത്തിലുണ്ടാക്കുന്ന ചായയാണിത്. എന്നും ഈ ചായയ്ക്ക് ആരാധകരേറെയാണ്. ബ്ലാക്ക് ടീ മധുരം ചേര്‍ത്തും ചേര്‍ക്കാതെയും കഴിക്കുന്നവരുണ്ട്.
കമൊമൈല്‍ ടീ
കമൊമൈല്‍ പൂക്കള്‍കൊണ്ടുള്ള ചായയാണിത്. ഉത്കണ്ഠ കുറയ്ക്കാനും നല്ല ദഹനം ലഭിക്കുവാനും നല്ല ഉറക്കം കിട്ടാനുമെല്ലാം ഈ ചായ സഹായിക്കുന്നു.
ബബിള്‍ ടീ
തായ്‌വാനില്‍ പിറവികൊണ്ട ഈ ചായ പിന്നീട് കൊറിയയിലും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. വെള്ളമോ പാലോ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്. വിവിധ ഫ്‌ളേവറുകളിലുള്ള വിത്തുകളാണ് ഈ ചായയിലുണ്ടാവുക. അത് ചായയുടെ രുചി കൂട്ടാന്‍ സഹായിക്കുന്നു.
