ഉത്തരേന്ത്യയിലെ പ്രധാന പ്രഭാതഭക്ഷണമാണ് ആലൂ പറാത്ത. വെണ്ണ, ചട്‌നി, അച്ചാര്‍, തൈര് എന്നിവയ്‌ക്കൊപ്പമാണ് ആലൂ പറാത്ത കഴിക്കാറുള്ളത്. രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും താന്‍ ആലൂ പറാത്ത കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിക്കി കൗശലിനോട് സംസാരിക്കവെയാണ് കരീന ഇക്കാര്യം തുറന്നുപറഞ്ഞത്.
രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും എനിക്ക് വെണ്ണകൂട്ടി ആലൂ പറാത്ത കഴിക്കണം. അത് നിര്‍ബന്ധമാണ്. കരീന പറഞ്ഞതുകേട്ട് അത്ഭുതപ്പെട്ട വിക്കി കൗശല്‍, തഷന്‍ 2 പോലുള്ള സിനിമകള്‍ക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ എന്തുചെയ്യും എന്ന് കരീനയോട് ചോദിച്ചപ്പോള്‍ തഷന്‍ എന്ന സിനിമചെയ്ത സമയത്തും പ്രാതലിന് താന്‍ പറാത്തയും വെണ്ണയും കഴിച്ചിരുന്നു എന്ന് മറുപടി പറഞ്ഞു.
തഷന്‍ സിനിമചെയ്ത സമയത്തും പ്രാതലിന് താന്‍ പറാത്തയും വെണ്ണയും കഴിച്ചിരുന്നു. ഞാന്‍ ഒരിക്കലും ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുള്ള സൈസ് സീറോ ഡയറ്റില്‍ ആയിരുന്നില്ല. പകല്‍ സമയത്ത് കഴിക്കുന്ന ഭക്ഷണം കുറയ്ക്കാം, പക്ഷേ രാവിലെ നല്ല ഭക്ഷണം കഴിക്കാം, കരീന പറഞ്ഞു.
ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് കരീന മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും നേരത്തേ ഭക്ഷണം കഴിക്കുകയും വര്‍ക്കൗട്ട് മുടക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നതാണ് തന്റെ ഊര്‍ജസ്വലതയ്ക്ക് പിന്നിലെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു.
കോവിഡിനു ശേഷമാണ് താന്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായതെന്നും ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കൂടിയാണ് താന്‍ വര്‍ക്കൗട്ട് മുടക്കാതിരിക്കുന്നതെന്നും കരീന മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
