‘Vegetarians are not born but made.’
വെളുത്തുള്ളി, കൂണ്, ഗരംമസാല കൂട്ടുകള്‍, സോയാചങ്ക്സ്, ബ്രെഡ്, പൊറോട്ട, ബസ്മതി അരി, നെയ്യ്, പനീര്‍, കസ്റ്റാഡുകള്, ഐസ്ക്രീമുകള്‍ എന്നിങ്ങനെ അമ്മയ്ക്ക് രുചിച്ചു നോക്കാന്‍ കഴിയാത്ത ഇനിയും ഒരുപാടു സാധനങ്ങള്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍ത്തന്നെ ഉണ്ട്. പാലും പാലുത്പന്നങ്ങളും ഒരടി അകലെയെങ്കില്‍ മുട്ട, ഇറച്ചി, മീന്‍ എന്നിവയെല്ലാം ഒരു താരദൂരം അകലെ. അരനൂറ്റാണ്ടു മുമ്പ് ഗ്രാമീണരും ദരിദ്രരും അശിക്ഷിതരും യാഥാസ്ഥിതികരുമായ എമ്പ്രാന്തിരി മഠങ്ങളിലെ പെണ്ണുങ്ങള് എങ്ങനെയിരുന്നോ, അങ്ങനെത്തന്നെ!
ഭക്ഷണക്കാര്യത്തില്‍ ആശങ്കകള്‍ കാണിക്കാറുണ്ടെങ്കിലും പൊതുവേ മനുഷ്യരോട് ഒരുതരത്തിലുള്ള വിവേചനവും നിര്‍മലമനസ്കയായ ആ വള്ളുവനാട്ടുകാരി കാണിക്കുന്നതു കണ്ടിട്ടില്ല. തനിയെ വളര്‍ന്നതാണ് എന്നു ഞാന്‍ മേനി നടിക്കാറുണ്ടെങ്കിലും അമ്മ വളര്‍ത്തിയതിന്റെ ഗുണം ലേശം ഉണ്ട്. ബസ്റ്റാന്‍ഡില്‍ ബാഗ് നിലത്തു വയ്ക്കാന്‍, യാത്ര കഴിഞ്ഞെത്തിയവഴി ബെഡ്ഡില്‍ ഇരിക്കാന്‍, കുളിമുറിയിലെ ബക്കറ്റ് ചേര്‍ത്തുപിടിക്കാന്‍, മനുഷ്യരെ പലതട്ടിലുള്ളവരായി കാണാന്‍ ഒക്കെ ഇഷ്ടപ്പെടാത്തത് കല്ലിനു കിട്ടിയ സൗരഭ്യമാണെന്നാണ് ഞാന്‍ വിലയിരുത്താറ്.
‘സ്വകാര്യസ്വത്തു സമ്പാദിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുക’ എന്ന് ഒച്ചവെച്ചിരുന്ന ഒരു അപ്പൊപ്പന് ഉണ്ടായിരുന്നു, ഗൃഹനാഥനായിട്ട്. തലയിണക്കവറിനുള്ളിലും ടെലിഫോണിന് അടിയിലും മേശവിരിക്കടിയിലും കണ്ണാടിയുടെ പിന്നിലും കട്ടിളപ്പടിയുടെ മൂലയ്ക്കുമെല്ലാം അമ്മയും അച്ഛമ്മയും ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുകളും തുട്ടുകളും ചാരായ ഷാപ്പില് എത്തിച്ച് വരുമ്പോള്‍ ചോര തിളക്കുന്ന വിപ്ലവവീരത്താല് പറയുന്നതാണ് സ്വകാര്യസ്വത്തിന്റെ മുദ്രാവാക്യം.
അപ്പൊപ്പന് സീറോസിസ് പിടിച്ച് കിടന്നപ്പോള്‍ മത്തി വറുത്തതും ബീഫും കൂട്ടി ചോറുണ്ണണമെന്ന ആഗ്രഹം പറഞ്ഞു. രാവിലെയും വൈകിട്ടും കാപ്പി അടച്ചുവെച്ചിരുന്ന ഒരു തൂക്കുപാത്രമുണ്ടായിരുന്നു. അതിലാണ് അന്ന് അച്ഛന് ബീഫ് വാങ്ങിക്കൊണ്ടു വന്നത്. മത്തി ഒരു ഇലപ്പൊതിയിലും. ഞങ്ങളാരും അത് എങ്ങനെ ഇരിക്കുമെന്നുപോലും കണ്ടില്ല. ഏതോ ഗൂഢവൃത്തി പോലെ അച്ഛന് തന്നെയാണ് മച്ചറയ്ക്കകത്തു വയ്യാതെ കിടന്നിരുന്ന അപ്പൊപ്പന് അത് കൊണ്ടുക്കൊടുത്തത്. അന്നത്തോടെ ആ തൂക്കുപാത്രം മനയുടെ അടുക്കളയ്ക്കു പുറത്തായി. അപ്പൊപ്പന്റെ അവസാനത്തെ ആഗ്രഹമായിരുന്നു അത്. പിന്നെ അധികനാള്‍ അപ്പൊപ്പനുണ്ടായില്ല.
അപ്പൊപ്പന് ഹൃദയേ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. പക്ഷേ, തലച്ചോറിനാല്‍ ഒരു ആല്‍ക്കഹോളിക്കും. കടുത്ത നിരീശ്വരവാദി. ആ വീട്ടില്‍ അപ്പൊപ്പന് മാത്രം ഒറ്റയ്ക്കൊരു വ്യക്തിയായിരുന്നു, ബാക്കിയെല്ലാവരും അപ്പൊപ്പനെതിരെ. മുഴുക്കുടിയന്. മദ്യാസക്തന് ലഹരിയോടു മാത്രമേ പ്രതിബദ്ധതയുള്ളൂ. അതിനാല്‍ അപ്പൊപ്പന് നിയമങ്ങളില്ലായിരുന്നു. ചാരായത്തിനും മുന്നേ അപ്പൊപ്പനിലേക്ക് കടന്നുചെന്ന വിപ്ലവം മങ്ങിയ ബോധത്തിലും മുങ്ങിയ ജീവിതത്തിലും ഒരിക്കലും നശിച്ചില്ലെന്നു മാത്രം. ചാരായം കുടിച്ചുവരുമ്പോള്‍ ചിലപ്പോള്‍ തട്ടുകടയില്‍നിന്ന് ഓംലെറ്റ് വാങ്ങിവരും. ആ ഇലപ്പൊതി തുറക്കുമ്പോഴുള്ള മണം ഞങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കും. സദാ ഉള്ള വിളര്‍ച്ചയ്ക്കും ധാതുക്കുറവിനും പരിഹാരമായി മുട്ട കഴിപ്പിക്കാന്‍ രാജേന്ദ്രന് ഡോക്ടര്‍ എപ്പോഴും ഉപദേശിക്കുമായിരുന്നതിനാലാകണം, ഞങ്ങള്‍ കുട്ടികള്‍ മുട്ട കഴിക്കുന്നതിനെ അമ്മ എതിര്‍ക്കാതിരുന്നത്. അമ്മയ്ക്ക് അതെല്ലാം അങ്ങേയറ്റം അറപ്പായിരുന്നു. ഒരുതരം ഭയവും.
അപ്പൊപ്പന് വല്ലപ്പോഴും പച്ചമുട്ടയും വാങ്ങിവരും. അതു പുഴുങ്ങാന്‍ ഒരു അലുമിനിയം കലമുണ്ട്. അത് അമ്മ തൊടില്ല. മുട്ടയും തൊടില്ല. അപ്പൊപ്പന് തന്നെ പുഴുങ്ങിത്തരും.
മുട്ട തീറ്റ ഒരു ഭയങ്കര അധോലോക ബിസിനസ്സാണ്. അതിന് രാത്രിയുടെ മറ വേണം. വീട്ടിലെ ഏറ്റവും രഹസ്യാത്മകമായ സ്ഥലത്തിരുന്നാണ് ആ കര്‍മ്മം. നീളത്തിലുള്ള കുറേ ഇടനാഴികളും (താഴ്വര എന്നാണ് ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത്) വളരെ ചുരുക്കം മുറികളുമുള്ള വലിയ വീടായിരുന്നു അത്. അവിടത്തെ അടുക്കളയില്‍നിന്ന് പടികളിറങ്ങിയാല്‍ ഹോട്ടലിന്റെ അടുക്കളയായി. പാല്ക്കാര്, പച്ചക്കറിച്ചാക്ക് ഇറക്കാന്‍ വരുന്നവര്‍, സപ്ലയര്‍മാര്‍, പാചകക്കാര്‍ എന്നിങ്ങനെ പലതരം മനുഷ്യര്‍ കയറിവരുന്ന അടുക്കളയ്ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ലായിരുന്നു. അതിനാല്‍ വീടിന്റെ പിന്നിലെ താഴ്വരയായിരുന്നു ആ ഗൂഢസങ്കേതം. പൂജാമുറി പ്രത്യേകമായി ഇല്ലാതിരുന്നതിനാല്‍ ഒരു മൂലപ്പടിയിലും ചെറിയൊരു മേശമേലുമായിരുന്നു കൃഷ്ണനും ലക്ഷ്മിയും സരസ്വതിയും സഹസ്രനാമവുമെല്ലാം ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടും രക്ഷിച്ചുകൊണ്ടും ശിക്ഷിച്ചുകൊണ്ടും വസിച്ചിരുന്നത്.
മേശമേല്‍ നാലടിപ്പൊക്കത്തില്‍ ഓടക്കുഴലും വായിച്ചു നിന്നിരുന്നത് സാക്ഷാല്‍ ഗുരുവായൂര്‍ നീലക്കണ്ണനും. അവരുടെയെല്ലാം നിശബ്ദസാന്നിധ്യത്തില് രാത്രിയിലെ മുട്ടതീറ്റ വല്ലപ്പോഴും ഒത്തുവന്നു. പുഴുങ്ങിയ മുട്ട തോടു കളഞ്ഞ് ഉണ്ണിവൈദ്യരുടെ അഷ്ടചൂര്ണ്ണത്തില് മുക്കിത്തിന്നും. വിരകള്‍ നശിച്ച് പുഷ്ടികൂടാനാണ് അഷ്ടചൂര്‍ണ്ണം. മുട്ടയ്ക്ക് നല്ല ചേര്‍ച്ചയുമാണ്. ആ സമയത്ത് അപ്രതീക്ഷിതമായി കോളിംഗ് ബെല്‍ മുഴങ്ങിയാല്‍ നെഞ്ചിന്റെ എല്ലുംകൂട് പൊട്ടുന്ന മാതിരി മിടിപ്പാണ്. രാത്രിയുടെ മറവില്‍ നിഗൂഢമായി അരങ്ങേറുന്ന ഈ കള്ളത്തരമെങ്ങാന് പിടിക്കപ്പെട്ടെങ്കിലോ, ബ്രാഹ്മണരുടെ കള്ളി വെളിച്ചത്താവില്ലേ.
നാലാം ക്ലാസ്സിലായിരിക്കേ ഒരിക്കല്‍ സ്കൂളില്‍ ജോണ്സണ് അയിരൂരിന്റെയും ഗോപിനാഥന് മുതുകാടിന്റെയും മാജിക് പരിപാടി ഉണ്ടായിരുന്നു. അതുകഴിഞ്ഞ ദിവസങ്ങളില്‍ കണക്കിന്റെ രാധാകൃഷ്ണന് മാഷ് തനിക്കും ഹിപ്നോട്ടിസം ചെയ്യാന്‍ അറിയാമെന്ന് വീമ്പടിച്ചു. മാഷിന് ആരുടെ മനസ്സിലുള്ള രഹസ്യവും കണ്ടുപിടിക്കാന്‍ പറ്റും എന്നു പറഞ്ഞപ്പോള്‍ ഹോട്ടലിനു പിന്നിലെ വീട്ടില്‍ 40 വാട്ട് ബള്‍ബിനു താഴെയിരുന്ന് മുട്ട അഷ്ടചൂര്ണത്തില് മുക്കി തിന്നുന്ന കാര്യം പുറത്തറിഞ്ഞ് മാനം പോകുന്നതും ഹോട്ടല്‍ അടച്ചുപൂട്ടുന്നതും എല്ലാം ചിന്തിച്ച് എനിക്ക് ആധി കയറി. വീട്ടില്‍ പണിക്കു വരുന്ന മുദ്ദമ്മയുടെ മകള്‍ ബേബിയുടെ കൈ അടിച്ചു പൊട്ടിച്ചതിനും അത് ചോദിക്കാന്‍ ചെന്ന മുദ്ദമ്മയെ അവഹേളിച്ചതിനും എനിക്ക് മാഷോട് നല്ല ദേഷ്യമുള്ള സമയവുമായിരുന്നു.
ഹിപ്നോട്ടിസം അറിയാമെന്നതൊക്കെ വെറും തള്ളാണ് എന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും ആ നിമിഷം പിടിക്കപ്പെട്ടേക്കുമെന്നു ഭയന്ന് എന്റെ നെഞ്ച് പടപടാന്നടിച്ചു. കണ്ണില്‍ ഇരുട്ടു കയറി. മാഷിനെ നോക്കാന്‍ ഭയന്ന് ഞാന്‍ തലയും താഴ്ത്തി ഇരുന്നു. കാലങ്ങളോളം ആളുകളുടെ കണ്ണില്‍ നോക്കാന്‍ എനിക്ക് ഭയമായിരുന്നു. എനിക്ക് ഒളിച്ചു വയ്ക്കാന്‍ ഒരു രഹസ്യമുണ്ടായിരുന്നു. മുട്ട തിന്നുന്ന രഹസ്യം. എന്റെ കണ്ണുകള്‍ ആ രഹസ്യം വിളിച്ചു പറയുമെന്ന് ഞാന്‍ എപ്പോഴും ഭയപ്പെട്ടു. ഹിപ്നോട്ടിസ്റ്റുകള്‍ കണ്ണില്‍ നിന്നാണത്രെ മനസ്സിലുള്ളത് വായിച്ചെടുക്കുന്നത്!
ജി.യു.പി. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചയ്ക്ക് വീട്ടില്‍ പോയി ഊണു കഴിക്കണം എന്നതായിരുന്നു വീട്ടിലെ നിയമം. സ്കൂളിലെ ഉപ്പുമാവും കഞ്ഞീംപയറുമൊക്കെ കൊതിയാണെങ്കിലും വെയിലത്ത് ഓടിപ്പാഞ്ഞ് തളരാനായിരുന്നു ഏഴു വര്‍ഷവും യോഗം. എട്ടാം ക്ലാസില്‍ വെച്ചാണ് സ്കൂളിലേക്ക് ചോറു കൊണ്ടുപോകാന്‍ തുടങ്ങുന്നത്. കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ പങ്കുവയ്ക്കുന്ന കറികളധികവും കഴിക്കാന്‍ ബുദ്ധിമുട്ടായി. മീനും ഇറച്ചിയുമൊന്നും അവര്‍ പങ്കുവയ്ക്കില്ലെങ്കിലും അതേ പാത്രത്തിലുള്ള മറ്റു വിഭവങ്ങളും കഴിക്കുക സാധ്യമല്ലായിരുന്നു. എന്‍.എസ്.എസ്. ഹൈസ്കൂളിന്റെ അക്കേഷ്യത്തണലത്തിരുന്ന് ചോറുണ്ണവേ ഒരിക്കല്‍ ഫാസിലയുടെ പാത്രത്തില്‍ നിന്നെടുത്ത ചമ്മന്തി ചീത്തയായിപ്പോയെന്നും കഴിക്കരുതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവള് ചമ്മലോടെ ചിരിച്ചു. എന്നിട്ട് എന്നെ അനുസരിക്കാതെ അത് തിന്നുകയും ചെയ്തു. വൈകുന്നേരത്തെ ഇന്റര്‍വെലിന് ‘നീയാ തിന്നത് ചെമ്മീന്‍ ചമ്മന്തിയാരുന്നെടീ’ന്ന് കുറ്റബോധത്തോടെ അവള് പറഞ്ഞു. എല്ലാവരും കൊതിപറയുന്ന ചെമ്മീന്‍ ഒരു കേടായ മണമാണെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
മതവും തത്വശാസ്ത്രവുമെല്ലാം കൂലംകഷമായി ചര്‍ച്ച ചെയ്തിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ഹൈസ്കൂളിനു ശേഷം എത്രയോ കാലമായി… ഞങ്ങള്‍ പരസ്പരം വിളിക്കാറോ സംസാരിക്കാറോ ഇല്ല. എന്നോ മുറിഞ്ഞുപോയൊരു ബന്ധം. വളരെ കൊല്ലങ്ങള്‍ക്കു ശേഷം ഇന്ന് ഞാന്‍ ഇതെഴുതവേ അവളെ വിളിച്ചു. ഇത്ര കാലത്തിനു ശേഷം അവളൊരു വെജിറ്റേറിയനാണ്! അതിന് അവളുടെ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം പഴിക്കുന്നതു പോലെ ഞാനാണത്രേ കാരണം! ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കുമ്പോള്‍, അന്നത്തെ ആശയ സംഘട്ടനങ്ങളില്‍ ഞങ്ങളിരുവരും ഇന്ന് പരസ്പരം തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അന്ന് ഫാസിലയെ വെജിറ്റേറിയനാക്കാനോ മറിച്ച് എന്നെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിപ്പിക്കാനോ ഒരു ശ്രമവും ഞങ്ങള്‍ നടത്തിയില്ലായിരുന്നു. എന്നിട്ടും അവളും ഞാനും ഇങ്ങനെ സ്വാധീനിക്കപ്പെട്ടതിനു പിന്നില്‍ ഞങ്ങള്‍ക്ക് പരസ്പരമുണ്ടായിരുന്ന വിശ്വാസവും ബഹുമാനവും സ്നേഹവുമായിരുന്നിരിക്കാം കാരണം.
ഇഷ്ടമുള്ള ഭക്ഷണവസ്തുക്കള്‍ ഉപേക്ഷിച്ച് വ്രതം നോറ്റാല്‍ കാര്യങ്ങള്‍ സാധിക്കുമെന്ന പുതിയ അറിവ് മൈസൂരിലേക്ക് പഠിക്കാന്‍ പോയ അനിയത്തിയാണ് വീട്ടിലെത്തിച്ചത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. ആദ്യം ഉപേക്ഷിച്ചത് ഹോസ്റ്റലില്‍ ആഴ്ചയില്‍ ഒന്നുവീതം മാത്രം കിട്ടുന്ന മുട്ടയായിരുന്നു. പാടില്ലാത്തത് ചെയ്യുന്നു എന്ന കുറ്റബോധവും അതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം. പിന്നീട് പലതും ഉപേക്ഷിച്ചു പരീക്ഷിച്ചിട്ടുണ്ട്. ഉഴുന്നുവട, ഐസ്ക്രീം, അരിമുറുക്ക് തുടങ്ങി ഏറ്റവും ഇഷ്ടമുള്ളവ.
വ്രതങ്ങളും വിശ്വാസങ്ങളുമെല്ലാം മനുഷ്യരുടെ പലതരം പരീക്ഷണങ്ങളല്ലേ.. കാര്യങ്ങള്‍ നേടാന്‍ കുറുക്കുവഴികളൊന്നുമില്ല എന്ന് ജീവിച്ചങ്ങനെ പോകുമ്പോള്‍ പതിയെ മനസ്സിലായി. ഏതോ അദൃശ്യശക്തി നമുക്ക് മാര്‍ക്കിടാന്‍ ഇരിക്കുന്നു എന്ന ധാരണ മാഞ്ഞപ്പോള്‍ കാര്യങ്ങള്‍ ലളിതമായി.
എത്ര ചങ്കത്തികളാണെങ്കിലും കൂട്ടുകാരോട് ഭക്ഷണസമയത്തുള്ള അസ്പൃശ്യത എന്നും എന്റെ അകത്ത് ആശയക്കുഴപ്പങ്ങളുണ്ടാക്കി. വിദ്യാഭ്യാസകാലത്തേ ആ ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളൂ. അതു തീരുന്നതിനു മുന്നേ മംഗളൂരുവിലേക്ക് കല്യാണവും കഴിച്ചയച്ചല്ലോ. ചെന്നു കയറിയ ഇടം ജീവിച്ചു പരിചയിച്ചതിനേക്കാള് വളരെ പൗരാണികമായിരുന്നു. കടുത്ത വിശ്വാസങ്ങളും അനേകം അന്ധവിശ്വാസങ്ങളും. ഉച്ചനീചത്വം, തൊട്ടുകൂടായ്മ, കഠിനമായ ആചാരാനുഷ്ഠാനങ്ങള്‍. ഭക്ഷണവുമായി ബന്ധപ്പെട്ട അനേകമനേകം നിയമങ്ങള്‍…
എച്ചില് അരുതേയരുത്. കഴിച്ചുകൊണ്ടിരിക്കുന്ന വലംകൈകൊണ്ട് വിളമ്പു പാത്രമോ മറ്റാരുടെയും ഭക്ഷണമോ തൊടാന്‍ പാടില്ല. (ഇനിയങ്ങോട്ടു പറയാന്‍ പോകുന്ന കാര്യങ്ങളില്‍ നിന്ന് ഈ ഒരു കാര്യത്തെ മാത്രം വൃത്തിയുടെ മര്യാദയായി ഞാന്‍ ശരിവെക്കുന്നു.) കഴിച്ചുകൊണ്ടിരിക്കേ എച്ചില് പ്ലേറ്റില്‍/ എച്ചിലായ ഇലയില്‍ ഇടത്തേ കൈകൊണ്ട് തൊടാന്‍ പാടില്ല. ചോറു തൊട്ടാല്‍ വെള്ളം തൊടാതെ മറ്റൊന്നും തൊടരുത്. എച്ചില് കൈ അവിടെ നില്ക്കട്ടെ; അതിന്റെ കാര്യമല്ല പറഞ്ഞത്. ഇടം കൈകൊണ്ട് ചോറോ ചോറുകലത്തിന്റെ പുറത്തോ തവിയിലോ തൊട്ടാല്‍ പോലും ഇടം കൈയും അശുദ്ധമായി. പിന്നെ മോരോ കറിയോ വിളമ്പി എടുക്കണമെങ്കില്‍ ഗ്ലാസ് ചെരിച്ച് കുറച്ചു വെള്ളം വിരലറ്റത്തെങ്കിലും വീഴ്ത്തിയ ശേഷമേ് മറ്റെന്തും തൊടാവൂ. എന്നാല്‍ ലോകത്തിലെ എന്തിനെയും ശുദ്ധീകരിക്കാന്‍ കഴിയുന്ന ഒരു വസ്തു അവിടെ ഉണ്ടായിരുന്നു! അത് ചാണകമായിരുന്നു. റെഡ് ഓക്സൈഡ് ഇട്ട നിലത്തും വിതിനപ്പുറത്തും (പാതകത്തിന്മേല്) ഗ്യാസ് സ്റ്റൗവിന്മേല് പോലും ചാണകവെള്ളം ശുദ്ധീകരണമെന്ന അതിന്റെ ധര്‍മ്മം പാലിച്ചു പോന്നു.
ചെറുപ്പത്തില്‍ മുട്ട തിന്നിട്ടുണ്ട് എന്നൊന്നും അവിടെ പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടേയില്ല. ആത്മഹത്യാപരമാണ് അങ്ങനെയൊക്കെ പറയുന്നത്.
ആ ഭാഗത്തെ കുടുംബക്ഷേത്രങ്ങളില്‍ പോയാല്‍ ഉച്ചയൂണ് അവിടെയാവും. പല വിവാഹസദ്യകളും അവിടെത്തന്നെ. നാട്ടുകാരായ ജനത്തിനുള്ള പന്തിയല്ല. നിലത്ത് പലകയിട്ടിരുന്നാണ് ഊണ്. പലകകള്‍ കുറവാണെങ്കില്‍ ബ്രാഹ്മണരിലും ബ്രാഹ്മണരായ ആണുങ്ങള്‍ക്ക് പലകയിലും പെണ്ണുങ്ങള്‍ക്ക് നിലത്തും ഇരിക്കാം. ആണുങ്ങളുടുത്തിരിക്കുന്ന വെള്ളമുണ്ട് അലക്കേണ്ടതോര്ത്താല് അവരെ പലകയില്‍ ഇരുത്തുന്നതാണ് പെണ്ണുങ്ങള്‍ക്കും അഭികാമ്യം. പുരുഷന്മാര് ഷര്‍ട്ട് അഴിച്ചിട്ടേ ഉണ്ണാനിരിക്കാവൂ. പൂണൂല് കണ്ട് ഉറപ്പിക്കാനാണത്.
ചില അമ്പലങ്ങളില്‍ തിടപ്പള്ളിയില്‍ ഹോമകുണ്ഡങ്ങള്‍ എരിയുന്നതിനു ചുറ്റുമാണ് ഇലയിടുക. വിയര്‍ത്തു കുളിച്ച്, മൂടു പൊള്ളി, പുകയുയരുന്ന ഹോമകുണ്ഡങ്ങള്‍ക്ക് തൊട്ടരികില്‍ ശ്വാസം കിട്ടാതെ ചുമച്ച്, വിളമ്പിയ ചോറിനു മുന്നില്‍ മന്ത്രം ചൊല്ലിത്തീരാന്‍ കാത്ത് പടിഞ്ഞിരിക്കണം. അപ്പുറത്തെ സര്‍വാണി സദ്യയില്‍ പോയി ഉണ്ണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് എന്നും ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ക്ക് ഇതിലേ, ഈ പ്രത്യേക വഴിയേ എന്ന ചൂണ്ടുപലക നീളുന്നിടത്തേക്ക് നടക്കുമ്പോള്‍ ഓരോ തവണയും എന്റെ നിലപാടുകളും മൂല്യങ്ങളും ധാരണകളും വിശ്വാസം തന്നെയും നഷ്ടപ്പെടുന്നതായേ തോന്നിയിട്ടുള്ളൂ. കുറ്റബോധവും അപമാനഭാരവും ഒരുമിച്ച് എന്നെ കീഴടക്കും.
എന്നാല്‍ ഹാസനിലെ ഞങ്ങളുടെ വാടക വീട്ടില്‍ തറവാട്ടിലെ മിക്ക ഉത്തരവുകളും അനന്തമായി സ്റ്റേ ചെയ്യപ്പെട്ടിരുന്നു. അവിടെ എന്റെ നിയമങ്ങളായിരുന്നു. അവധിക്കു നാട്ടില്‍ പോകുന്ന സമയത്തെല്ലാം മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ തറവാട്ടില്‍ പോയി അതു തൊട്ട കൈകൊണ്ട് ഇതും ഇതു തൊട്ട കൈകൊണ്ട് അതും എല്ലാം തൊടും. പുകിലാകും.
മൈസൂര്‍ മുക്തഗംഗോത്രി യൂണിവേഴ്സിറ്റിയുടെ എംഎ വിദൂര പഠനത്തിന് ഹാസനിലെ വീട്ടോണര് ബസവെ ഗൗഡയുടെ ഭാര്യ ലേഖയും ഞാനും ഒരുമിച്ചാണ് ചേര്‍ന്നത്. കംമ്പയിന്‍ സ്റ്റഡി നടത്തി കോഴ്സ് മുഴുമിച്ചപ്പോഴേക്കും ഞാനും ലേഖയും ഉറ്റചങ്ങാതിമാരായിരുന്നു. ലേഖയുടെ അമ്മ രത്നമ്മ എനിക്കൊരു താങ്ങായിരുന്നു. മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ അവരുണ്ടെന്ന ധൈര്യത്താല്‍ മാത്രമാണ് എനിക്കു ജോലിക്കു പോകാന്‍ സാധിച്ചത്. അകലെയുള്ള സ്വന്തക്കാരെക്കാള്‍ അവരൊക്കെയായിത്തീര്ന്നു ഞങ്ങള്‍ക്കു ബന്ധുക്കള്‍. അവര്‍ കൈകൊണ്ട് കുഴച്ചുകൊടുക്കുന്ന പുളിയോഗരെയുടെ രുചിയോടൊക്കുന്ന മറ്റൊരു ഭക്ഷണം എന്റെ മകള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.
ലേഖയ്ക്കും കുടുംബത്തിനും ഉഡുപ്പി-മംഗലാപുരം ഭാഗത്തെ സ്ഥലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുക വലിയ കാര്യമായിരുന്നു. ആ ഭാഗത്തെ ആളുകളെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്ന അവര്‍ക്ക് ഞങ്ങളുടെ തറവാട്ടില്‍ ഒന്നു വരാന്‍ വലിയ ആഗ്രഹമായിരുന്നു. അവരെപ്പോലെ ‘ഹള്ളീമക്കളു’കളായ ഹാസനിലെ ഗ്രാമീണര്‍ മംഗളൂരുവിലെ അച്ചടിവടിവൊത്ത കന്നഡ ശുദ്ധകന്നഡയായി കണക്കാക്കുന്നു. നിത്യം ഏഴെട്ടു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന മംഗളൂരുകാരെ അവര്‍ ബുദ്ധി കൂടിയവരായി വകയിരുത്തുന്നു. എന്നും മീന്‍ തിന്നിട്ടാണ് അവര്‍ക്ക് ഇത്ര ബുദ്ധിയെന്ന് സമതലങ്ങളിലെയും പീഠഭൂമിയിലെയും ഗൗഡമാര്‍ കരുതുന്നു. (ഏറെക്കുറെ കേരളത്തിലെ നായന്മാരുടെ സാമൂഹിക നിലയാണ് കര്‍ണാടകത്തില്‍ ഗൗഡമാര്‍ക്ക്) അതുമല്ല; മംഗളൂരുകാര്‍ ഏറെക്കുറെ കേരളീയരെപ്പോലെയാണല്ലോ! കഥകളിക്കു പകരം യക്ഷഗാനം. എല്ലാറ്റിനുമുപരി വലിയ തൊടിയ്ക്കു നടുവിലെ വലിയ ഫാം ഹൗസുകള്‍…
ഹാസനിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും നടുവില്‍ ഒറ്റപ്പെട്ട വീടുകളല്ല. അവരുടെ ‘ഗദ്ദെകള്’ (ഭൂമി) ഒരുമിച്ചാണ്. വീടുകളെല്ലാം മറ്റൊരിടത്ത് ഒരുമിച്ച് ഒരു ചേരി പോലെ. കന്നുകാലികളും ആടുകളും കോഴികളും നായ്ക്കളും മനുഷ്യരുമെല്ലാം ഒരു പാതയുടെ ഇരുവശങ്ങളിലായി ഒഴുകുന്ന കാനയുടെ ഓരത്ത് കുഞ്ഞു പെട്ടിവീടുകളിലും പരിസരങ്ങളിലുമായി ഒരുമിച്ചു പാര്‍ക്കുന്നു. അത്തരം ചേരിത്താമസങ്ങള് നൊസ്റ്റുവാണെങ്കിലും കുറച്ചു വിദ്യാഭ്യാസവും പട്ടണത്തില്‍ തൊഴിലുമുള്ള കന്നഡിഗര്‍ക്ക് അത് കുറച്ചിലാണ്. കേരളത്തിലെയും മംഗളൂരുവിലെയും വീടുകള്‍ കാണുമ്പോള്‍, അവയുടെ സ്വകാര്യതയും വിശാലതയും കാണുമ്പോള്‍ സ്വര്ഗസുന്ദരമാണിവിടം എന്ന് അവര്‍ക്കു തോന്നിപ്പോകും. മംഗലാപുരത്തെ ബ്രാഹ്മണരാകട്ടെ, ദേവാമൃതം (ചാണകമല്ലായിരിക്കും) അരച്ചു കലക്കി കുടിച്ചപോലെ അത്യുന്നതര്‍. ദൈവത്തിനു തൊട്ടുതാഴെ. ഈ ആഭിജാത്യ പരിഗണന കൊടുക്കാത്തവരുമുണ്ട് കേട്ടോ. ഗൗരികൊപ്പളിലെ വീട്ടോണര്ക്ക് ബ്രാഹ്മണരെന്നാല് പൂജയെന്ന നാടകം അഭിനയിച്ച് ഇടയ്ക്കിടെ പൈസ തട്ടാന്‍ വരുന്ന പിടിച്ചുപറിക്കാരായിരുന്നു.
പറഞ്ഞു വന്നത്, ഹാസനില്‍ ഉറ്റവരായിത്തീര്ന്ന ഗൗഡമാര്‍ക്ക് ഞങ്ങളുടെ തറവാടൊന്നു കാണാന്‍ മോഹം. തറവാട്ടിലാകട്ടെ, എല്ലാ വര്‍ഷവും വലിയ പൂജകളും ഹോമങ്ങളും കേമമായി നടക്കുന്നു. നാടൊട്ടുക്കുളള ബ്രാഹ്മണരെ ക്ഷണിക്കുന്നു. പരിപാടികള്‍ വമ്പിച്ച തോതില്‍ നടത്താന്‍ മക്കളെല്ലാം വമ്പിച്ചതോതില്‍ പൈസയിറക്കുന്നു. അകലങ്ങളില്‍ പാര്‍ക്കുന്ന ചിലര്‍ കൂട്ടുകാരെ ക്ഷണിക്കുന്നു. വരുന്നവരും ബ്രാഹ്മണരായതിനാല്‍ അവര്‍ക്കും ആനന്ദത്തോടെ പങ്കെടുക്കാന്‍ സാധിക്കുന്നു. ബ്രാഹ്മണരല്ലാത്ത അതിഥികളെ കൊണ്ടുവന്നവരും അവരുടെ അതിഥികളും ചിലപ്പോള്‍ അപമാനിക്കപ്പെടുന്നു. ആ പേരില്‍ ചെറിയ ബുദ്ധിമുട്ടുകളും വര്‍ത്തമാനങ്ങളും ഉള്ളകങ്ങളില്‍ ഉണ്ടാകുമെങ്കിലും, അവഗണിക്കപ്പെട്ടാലും ബ്രാഹ്മണരില്‍ നിന്നല്ലേ, അനുഗ്രഹങ്ങള്‍ അതിലേറെ കിട്ടുമല്ലോ എന്നൊക്കെ കരുതിയാവണം, വീണ്ടും വീണ്ടും വരുന്ന അപൂര്‍വ്വം ചിലരുണ്ട്. അവരുടെ മുഖത്തു നോക്കുമ്പോള്‍ ശരിക്കും ചമ്മലായിരുന്നു. പാതകം, ആ കാലഘട്ടം.
ബ്രാഹ്മണര്ക്കിടയില്ത്തന്നെ അനവധി തട്ടുകളാണ്. ഉച്ചനീചത്വങ്ങളേറെ. ദാവണഗെരെയിലെയും അതിലും വടക്കിലെയും ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ ദക്ഷിണ കാനറയിലെ കൊങ്ങിണി, തുളു, കറാഡി ബ്രാഹ്മണരെല്ലാം എത്രയോ പടി താഴെ. രാഘവേന്ദ്ര-ഉഡുപ്പിമഠ വിശ്വാസികളായ മാധ്വ (വൈഷ്ണവര്‍) ബ്രാഹ്മണരാകട്ടെ, അവരാണ് ഏറ്റവും ഉന്നതര്‍ എന്ന കടുംപിടുത്തക്കാരാണ്. തുളു ബ്രാഹ്മണര്‍ മാധ്വകളാണ്. മറാഠ സാമ്രാജ്യത്തിന്റെ കൊമ്പത്ത് വിഹരിച്ചിരുന്ന ചിത്പവന എന്ന കൊങ്കണസ്ഥര്‍ ഉന്നതരായി അവരും മോശക്കാരായി ദേശസ്ഥരും (മറാഠി ബ്രാഹ്മണര്‍) വകയിരുത്തുന്നു. അതില്‍ ഓരോ വിഭാഗങ്ങളിലും ഓരോ വീട്ടിലും ഏറ്റവും താഴെ തട്ടില്‍ സ്ത്രീകള്‍. മാസമുറക്കാലത്ത് അശുദ്ധിയാകുന്ന സ്ത്രീകള്‍ അവര്‍ക്കും താഴെ. ആര്‍ത്തവവിരാമത്തിനു ശേഷമാകട്ടെ, പുരുഷനു തുല്യം ബ്രാഹ്മണരായി, ശുദ്ധരായി അവര്‍ സ്വയം കണക്കാക്കാറുമുണ്ട്. മെനോപ്പോസായ സ്ത്രീകള്‍ ശുദ്ധം, വൃത്തി, ആചാരം, ഭക്തി മുതലായവ കൂടിക്കൂടിവന്ന് വീട്ടിലുള്ള ഇളയ സ്ത്രീകളെ പലതരത്തിലും ബുദ്ധിമുട്ടിക്കാറുണ്ട്.
ഒരിക്കല്‍ തറവാട്ടില്‍ പോയി മടങ്ങുകയാണ്. ഇറങ്ങവേ അടുത്തുവരുന്ന കല്യാണത്തീയതികള്, അടിയന്തരങ്ങള്‍, പാലുകാച്ചല്‍, ഗുളിക്യാ ഹോമം -ഗുളികന്റെ തറയിലെ പൂജ- എന്നിങ്ങനെയുള്ള പ്രധാനദിവസങ്ങളുടെ ഓര്‍മപ്പെടുത്തല്‍ സമയം. അടുത്ത ത്രികാലപൂജ നടത്താനിടയുള്ള ദിവസം പറയുമ്പോള്‍, അത്തവണ ലേഖയെയും കുടുംബത്തെയും പൂജയ്ക്കു ക്ഷണിക്കട്ടേയെന്ന് ഞാന്‍ ചോദിച്ചു.
നിര്‍ഭാഗ്യവശാല്‍, തറവാട്ടുഭരണമുള്ളയാള് സനാതനത്തില്‍ നമ്മുടെ ശങ്കരാചാര്യരുടെ തൊട്ടുതാഴെ വരും. ഭക്തി, ആചരണം, അനുഷ്ഠാനം എല്ലാം കെങ്കേമം. നിറം, ജാതി, സൗന്ദര്യം, സമ്പത്ത്, വീട്ടുമഹിമ എന്നിവയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ താരതമ്യം ചെയ്യാനും തരംതിരിക്കാനും അഗ്രഗണ്യ.
ചോദ്യം കേട്ടപ്പോള്‍ അതുവരെക്കണ്ട സ്നേഹഭാവമെല്ലാം മാഞ്ഞു. കണ്ട ഗൗഡമാരെ കൂട്ടിക്കൊണ്ടുവന്ന് അവസാനം വഴക്കുണ്ടാക്കാന്‍ നില്‍ക്കരുത് എന്നായിരുന്നു മറുപടി. ഒന്നും തിരിയാതെ ഞാന്‍ അന്തം വിട്ടുനില്ക്കുമ്പോള് അവര്‍ ഉച്ചത്തില്‍ വ്യക്തമാക്കിത്തന്നു.
‘ബ്രാഹ്മണരല്ലാത്ത ഒറ്റ എണ്ണത്തിനെ ഈ വാതില്പ്പടിയ്ക്കകത്തു ഞാന്‍ കേറ്റില്ല. ആരെ വേണേല്‍ നീ കൊണ്ടുവരികയോ കൂടെയിരിക്കുകയോ ചെയ്തോ; മുറ്റത്ത്. ഇതിനകത്ത് കയറാന്‍ ഞാന്‍ സമ്മതിക്കില്ല. പിന്നെ എന്നെ കുറ്റം പറയേണ്ട.’
‘എന്താണ് നിങ്ങളീ പറയുന്നത്?’ ഞാന്‍ ചകിതയായി. അവര്‍ ഉറഞ്ഞുതുള്ളി.
അങ്ങനെയാണ്, ആവശ്യമുള്ളപ്പോള്‍ ചോദിക്കാന്‍ ഒരു കുന്തവും വായില്‍ വരില്ല.
‘നിങ്ങളാരാധിക്കുന്ന ഈ രാജ്യത്തെ പ്രധാനമന്ത്രി, അബ്രാഹ്മണന്, വന്നാല്‍ കയറ്റുമോ’ എന്ന് ചോദിക്കാമായിരുന്നു. എന്തു പറഞ്ഞേനെ! പക്ഷേ, പറ്റിയില്ല.
മക്കളുടെ കല്യാണത്തിന് വീട് ഒന്നു വെള്ളപൂശാന്‍ ആളെക്കിട്ടാഞ്ഞപ്പോള്, അതുപോലെ, ഒരു ഭാഗം പുതുക്കിപ്പണിയാന്‍ തുടങ്ങിയപ്പോള്‍ ഒക്കെ വീട്ടില്‍, പൂജാമുറിയ്ക്കകത്തുപോലും ആരാണ് വന്നു പണിഞ്ഞത് എന്ന കാര്യവും അപ്പോള്‍ ഓര്‍മ്മിപ്പിച്ചില്ല. ഞാന്‍ ബാഗുമെടുത്ത് തലയും താഴ്ത്തി ഇറങ്ങിപ്പോന്നു.
സത്യം പറഞ്ഞാല്‍ മത്സ്യവും മാംസവും കറിവെക്കുന്ന, കഴിക്കാന്‍ പറ്റുന്ന സ്ത്രീകളോട് അസൂയ തോന്നാറാണ്. അതെല്ലാം മനുഷ്യന്റെ ഭക്ഷണമാണെന്ന് കുഞ്ഞുനാളിലേ മനസ്സിലാക്കി വളര്‍ന്നവര്‍ എത്ര ഭാഗ്യവതികളാണ്. മനുഷ്യന് എന്ന ജീവിതാനുഭവത്തിന്റെ നിറവ് അവര്‍ക്ക് എന്നെക്കാളേറെ ഉണ്ടാകാം. ഒരു മനുഷ്യനായി ജനിച്ചിട്ടും ചുറ്റുമുള്ള ആ സത്യങ്ങളൊക്കെ നേരാംവണ്ണം ഒന്ന് തിരിച്ചറിയാന്‍ എനിക്ക് നാലു ദശകങ്ങളെടുത്തു. താന്‍ ‘pure vegetarian’ ആണെന്ന് ഊറ്റം കൊള്ളുന്ന ഏതൊരാള്‍ക്കും അതല്ലാത്ത മനുഷ്യര്‍ തന്നോട് തുല്യരാണ് എന്ന് ചിന്തിക്കാന്‍ പറ്റില്ലെന്നതാണ് എന്റെ ബോധ്യം.
ഇതൊക്കെ തോന്നിയിട്ടും സസ്യഭുക്കായി ഞാന്‍ വര്‍ഷങ്ങള്‍ തുടര്‍ന്നു. പരിചയിച്ചു വന്ന രുചികളും ഭക്ഷണത്തിലെ ശീലങ്ങളും കംഫേട്ട് സോണും മറികടക്കുക എന്നത് സങ്കീര്‍ണമായ ജോലിയാണ്.
മീന്‍ കഴിക്കാന്‍ സാധിക്കുമോ എന്ന് പരീക്ഷിച്ചിട്ടില്ല. മാംസം മൊരിയുന്ന മണം കടകളില്‍നിന്ന് പരക്കുമ്പോള്‍ വിശന്നിരിക്കുകയാണെങ്കില്‍ വായില്‍ വെള്ളമൂറിയിട്ടുണ്ട്. ആ മസാലയുടെ മണം എന്നെ കൊതിപ്പിച്ചിട്ടുണ്ട്. എന്നാലും ഭക്ഷണരൂപത്തില്‍ കാണുമ്പോള്‍ ഇതിനോടൊന്നും കൊതി തോന്നിയിട്ടില്ല. അമ്മയെപ്പോലെ അറപ്പും ഭയവുമാണ് തോന്നാറ്. മാംസക്കഷ്ണം എന്നല്ല, അതിട്ടു വേവിച്ച ബിരിയാണിച്ചോറും പറ്റില്ല. മാംസാഹാരം പകര്‍ന്ന പാത്രങ്ങള്‍ കഴുകി ഉപയോഗിച്ചാലും ഒരു തൃപ്തിക്കുറവ്.
ലോകത്ത് എല്ലാവരെയും ഒരേപോലെ കാണാനാകും എന്ന് മനസ്സിനകത്ത് ഊറ്റം കൊള്ളുമ്പോഴും എവിടെയോ അസമത്വത്തിന്റെ ശീലം എന്നെ ചെറുതാക്കുന്നുണ്ട്. രുചിയും ശീലവും ഒക്കെ എനിക്കു മാത്രമല്ല, ലോകത്തിലെ ഏതു നാട്ടിലെ ഏതു പാരമ്പര്യത്തില്‍ ജനിച്ച ആളിലും ഉള്ളതാണ്. എന്നാലും, കൂടെയിരിക്കുന്ന കൂട്ടുകാരുടെ ഭക്ഷണം തൊട്ടാല്‍ പോലും കൈകഴുകണമെന്നു തോന്നുന്നത് വലിയ ദുരന്തം തന്നെയാണ്.
മാംസം കഴിക്കുന്നവര്‍ എന്നില്‍ കുറഞ്ഞവരാണ് എന്ന ചിന്തയേ ഇപ്പോള്‍ എനിക്കില്ല. പകരം ശുദ്ധ ശാകാഹാരികള് എത്രമാത്രം vulnerable and inadequate മനുഷ്യര്‍ ആണെന്ന് അറിയുകയും ചെയ്യാം. പരിമിതമായ സസ്യവിഭവങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നതുകൊണ്ടോ ഗാന്ധിജിയെപ്പോലെ ശക്തിക്കും പോഷകങ്ങള്‍ക്കും വേണ്ടിയോ കൊതികൊണ്ടോ ഒന്നുമല്ല മാംസം കഴിക്കണം എന്ന ആവശ്യം എന്നിലുറച്ചത്. കൂടെയുള്ളവരുടെ പ്ലേറ്റിനോട് എനിക്കുള്ള അനീതി – അസമത്വം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഞാനത് കഴിക്കാന്‍ ഉറച്ചത്. ബ്രാഹ്മണര്‍ എന്ന വര്‍ഗ്ഗം മറ്റാരിലും മുന്നിലല്ല എന്ന് എനിക്കുള്ള ബോധ്യം നെഞ്ചില്‍ കൈവച്ച് പറയണമെങ്കില്‍ ഞാന്‍ എന്റെ ചുറ്റുമുള്ള ഏതൊരാളെപ്പോലെയും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അവര്‍ക്കാര്‍ക്കും മറ്റൊരാളുടെ ചോറുപാത്രത്തോട് അറപ്പില്ലെങ്കില് എനിക്കും അത് ഉണ്ടായിക്കൂടാ.
നേരു പറഞ്ഞാല്‍ മനുഷ്യനാകാന്‍ വേണ്ടിയാണ് ഞാന്‍ ഇറച്ചി കഴിക്കാന്‍ ഉറച്ചത്. പക്ഷേ, പലതവണ ശ്രമിച്ചിട്ടും എനിക്കത് പറ്റുന്നില്ല. പലകുറി തോറ്റ ശേഷം ആ ശ്രമം ഉപേക്ഷിച്ചു.
2024 ഡിസംബറില്‍ ആണ് ഞാന്‍ HSSTTP യുടെ ഭാഗമാകാന്‍ തളിപ്പറമ്പ് സര് സെയ്ദ് കോളേജിലേക്ക് പോകുന്നത്. 10 ദിവസത്തെ ക്യാമ്പാണ്. Higher Secondary School Teacher Transformation Programme ടീച്ചര്‍മാരുടെ ആന്തരിക മാറ്റത്തിനായി സംവിധാനം ചെയ്ത പദ്ധതിയാണ്. 2022ല്‍ തുടങ്ങിവെച്ച ക്യാമ്പുകളില്‍ പങ്കെടുത്തവരെല്ലാം ഏറെ പ്രകീര്‍ത്തിച്ച പരിപാടി. തുടക്കത്തില്‍ ഞാന്‍ ഏറെ ആഗ്രഹിച്ച ഒന്ന്.
നല്ല മാറ്റങ്ങള്‍ വരട്ടെ എന്നാശംസിച്ച് സഹപ്രവര്‍ത്തകര്‍ യാത്രയാക്കുമ്പോഴേക്കും വരേണ്ട മാറ്റത്തെക്കുറിച്ച് ഒരേയൊരു ദൃഢധാരണയുണ്ടായിരുന്നു. ജനിച്ചിട്ട് ഏതാണ്ട് 15 വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ഉണ്ടായിരുന്ന, ‘പത്താം ക്ലാസ് കഴിയുമ്പോഴേക്കും എനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാറാകും’ എന്ന ആഗ്രഹം പോലെ ആരോ അനുഗ്രഹിച്ച് മാജിക് കൊണ്ട് ഉണ്ടാക്കിത്തരേണ്ടിയിരുന്ന ഒരു Wide-far dream ആയിരുന്നില്ല എനിക്കിത്.
എന്റെ ആഗ്രഹം(ലക്ഷ്യം) കൃത്യമായിരുന്നു. അതിന് ഞാന്‍ തന്നെ മെനക്കെടണമെന്ന് എനിക്ക് നല്ല ബോധ്യവും ഉണ്ടായിരുന്നു. 10 ദിവസത്തെ ക്യാമ്പ് കഴിയുമ്പോള്‍ എനിക്ക് മാംസം കഴിക്കാറാകണം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ അവര്‍ എന്റെ പ്ലേറ്റില്‍ നിന്നോ ഞാന്‍ അവരുടെ പ്ലേറ്റില്‍ നിന്നോ വാരിത്തിന്നാന്‍ മടിക്കാത്ത വിധമെങ്കിലും ലോകത്ത് ഒരു മനുഷ്യനായി ജീവിക്കാന്‍ ഇനിയുള്ള കാലമെങ്കിലും പറ്റണം.
ക്യാമ്പ് തുടങ്ങി ആദ്യ ഭക്ഷണം മുതല്‍ ഞാന്‍ അവസരം നോക്കി. അവിടെ എല്ലാവരും അപരിചിതരായിരുന്നു. ‘കഴിക്കണമെന്നുണ്ട്, തൊടാന്‍ ധൈര്യമില്ല, ഇതുവരെ തൊട്ടു നോക്കിയിട്ടില്ല, വായിലേക്ക് കൊണ്ടുപോകാന്‍ ഭയമാണ്’ എന്നൊന്നും പറയാനുള്ള അടുപ്പം ആരോടും ആയിട്ടില്ല. ക്യാമ്പിലെ ഭക്ഷണം ഏറെ മികച്ചതാണെന്ന അഭിപ്രായവും ആര്‍ക്കും ഉണ്ടായിരുന്നില്ല. വയറിനു പിടിക്കാതെയോ മറ്റോ പ്രശ്നമായാല്‍ വീട്ടില്‍ നിന്ന് അകലെയുള്ള നിര്‍ബന്ധിത ക്യാമ്പില്‍ എന്തു ചെയ്യും?
പതിയെ സുഹൃത്തുക്കളുണ്ടായി. ഞാന്‍ കാര്യം പറഞ്ഞു. ‘അയ്നെന്താ? ഇങ്ങള് കഴ്ച്ചോളീ.’ എന്നു പറയുന്നവര്‍, ‘ഇതുവരെ കഴിച്ചിട്ടില്ലേ!’ ‘വീട്ടിലാരും കഴിക്കലില്ലേ?’ ‘ഇങ്ങളേതാ കാസ്റ്റ്?’ എന്നൊക്കെ ക്രമമായി ചോദിക്കും. മൂളിയും ഞരങ്ങിയും മനസ്സില്ലാ മനസ്സോടെ ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ കേട്ട് അവസാനം, ‘ഇങ്ങള് ബ്രാഹ്മിന്സാ?’ എന്ന ചോദ്യത്തിലെത്തും. അപ്പോള്‍ ചാണകത്തില്‍ ചവിട്ടിയ ചമ്മലോടെ, ‘കാക്ക തൂറീന്നാ തോന്നണേ’ എന്നു പറയുന്ന ജഗദീഷിനെക്കാള്‍ നിഷ്കളങ്കമായി ഞാന്‍ കുറ്റം സമ്മതിക്കും.
അത്രയുമായാല്‍ പിന്നെ ഹിന്ദുക്കള്‍ പലരും എന്നെക്കൊണ്ട് കഴിപ്പിക്കാന്‍ നില്‍ക്കാറില്ല. ക്രിസ്ത്യന്‍സും മുസ്ലീംസും എന്നെ സഹായിക്കാം എന്നേല്ക്കും. പലരും അവരവരുടെ വിശ്വാസങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ചിന്തിക്കാത്തവരാണെങ്കിലും, അവരുടെ സ്വന്തക്കാര് മതവിശ്വാസങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നത് പ്രോത്സാഹിപ്പിക്കാത്തവരാണെങ്കിലും എന്നെ സഹായിക്കാന്‍ അവര്‍ക്ക് കുറ്റബോധം തോന്നാറില്ല. ഇവിടെ ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു വിശ്വാസിയായിരുന്നെങ്കില്‍ അവരെന്നെ സഹായിക്കാന്‍ മുന്നോട്ടു വരില്ലായിരുന്നു എന്നതാണ് എന്റെ ബോധ്യം. ഞാന്‍ വിശ്വാസിയേ അല്ല എന്ന പരിചയത്താലാണ് അവര്‍ സഹായിക്കാന്‍ തയ്യാറാകുന്നത്. ക്യാമ്പില്‍ ദിവസങ്ങള്‍ കഴിയുന്നു… എനിക്ക് ആകെ 10 ദിവസമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം രാത്രി വിളമ്പിയ ചിക്കന്‍ കറി നല്ലതാണെന്നറിഞ്ഞു. അന്ന് ഞാന്‍ സനോജ് സാറിന്റെ അടുത്തിരുന്നു. എനിക്ക് എല്ലില്ലാതെ നല്ലൊരു കഷണം തരാന്‍ പറഞ്ഞു. സര് സ്വന്തം പ്ലേറ്റില്‍ നിന്ന് നല്ല ഭാഗം നോക്കി കിള്ളിക്കിള്ളി കുറച്ച് എടുത്തു തന്നു. കുഞ്ഞുമക്കള്‍ക്ക് ചികഞ്ഞു കൊടുക്കും പോലെ. ഞാനത് തൊട്ടുനോക്കി. ഒരിക്കല്‍ ജീവനുണ്ടായിരുന്ന ഒരു ശരീരഭാഗമായിരുന്നു അതെന്ന് മനപ്പൂര്‍വ്വം സങ്കല്പ്പിച്ചു നോക്കി. ഒരു ബയോളജി വിദ്യാര്‍ത്ഥിയുടെ കുതൂഹലത്തോടെ ഞാനാ ഭക്ഷണം തൊട്ടറിഞ്ഞു. എന്റെ മനസ്സ് ഇളകിയില്ല.
എച്ചിലും അശുദ്ധിയും ചാണകവെള്ളം കൊണ്ടുണ്ടാവുന്ന ശുദ്ധിയും മാറിമാറി നിറഞ്ഞിരുന്ന വീടകത്തെ ഓര്‍ത്തു. സദ്യയില്‍ ഏറ്റവും ഒടുക്കം ഇരിക്കുന്ന പുറംപണിക്കാരെ ഓര്‍ത്തു. അവരുടെ എച്ചിലിലകള്‍ക്ക് ‘ഞങ്ങളുടെ’ എച്ചിലിലകളെക്കാള് അശുദ്ധിയും അയിത്തവുമുണ്ടായിരുന്നതോര്ത്തു. പിരീഡ്സ് ആയതിന്റെ പേരില്‍ പുറത്തെ വരാന്തയില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്ന മകളുടെ ഇലയിലേക്ക് ദൂരെ നിന്നും ദോശ എറിഞ്ഞു കൊടുത്ത സ്ത്രീയെ ഓര്‍ത്തു. അപമാനം സഹിക്കാനാകാതെ കരഞ്ഞ അവരുടെ മകളെ ഓര്‍ത്തു. അറപ്പോടെ അവളിരുന്ന ഭാഗത്ത് ചാണകവെള്ളം തളിക്കുന്ന മെനോപ്പോസായ ആ അമ്മയെ ഓര്‍ത്തു. പിന്നെയും എന്തൊക്കെയോ ഓര്‍ത്തു. അത്രയും നേരം വിരലുകള്‍ കൊണ്ട് തൊട്ടറിഞ്ഞ ഇറച്ചിക്കഷ്ണത്തിനോട് എനിക്ക് ഏറെ സ്നേഹവും മതിപ്പും തോന്നി. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും ബുദ്ധിവളര്‍ച്ചയ്ക്കും നിദാനമായ മാംസഭക്ഷണത്തോട് ബഹുമാനം തോന്നി. എന്നെ മനുഷ്യനിലേക്ക് ഉയര്‍ത്താനുള്ള ഏതോ വിശിഷ്ട മരുന്നാണതെന്ന് തോന്നി. ഞാനത് വായിലിട്ടു. സമയമെടുത്ത് ചവച്ചരച്ച് മണമറിഞ്ഞ് അതു കഴിച്ചു.
പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം ഇറച്ചി കഴിച്ചു. എളുപ്പമല്ല എനിക്കത് പലപ്പോഴും. അതിന്റെ ഇരുമ്പു മണത്തെ ഇഷ്ടപ്പെടാനായിട്ടില്ല. ക്യാമ്പില്‍ വെച്ചു തന്നെ ബീഫും കഴിച്ചു. പലര്‍ക്കും അതാണ് വലിയ അദ്ഭുതമായത്. ഒരു മൃഗത്തോടും പണ്ടും ആരാധന തോന്നിയിട്ടില്ല.
‘എന്നാല്‍ പിന്നെ പോര്‍ക്ക് കഴിച്ചുകൂടെ, അങ്കമാലിയില്‍ ഫേമസല്ലേ’ എന്ന ചോദ്യത്തിന് ‘വേണ്ട, ആ ജീവിയെ എനിക്കറപ്പാണ്.’ എന്നുതന്നെയായിരുന്നു മറുപടി. വിരകളെക്കുറിച്ച് പണ്ടേയുള്ള ഭയം, കര്‍ണാടകയിലെ ബസ്റ്റാന്റുകളിലും അഴുക്കുചാലുകളിലും പന്നിക്കൂട്ടങ്ങള്‍ പുളയ്ക്കുന്നതു കണ്ട് ഉണ്ടായ അറപ്പ് ഒക്കെ കാരണമാണ്.
ഒരിക്കല്‍ സ്റ്റാഫ്റൂമിലെ പരിപാടിക്ക് പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്ത ഫുഡില്‍ ബീഫ് ഫ്രൈ എന്നുപറഞ്ഞ് ഞാന്‍ വിളമ്പി നടന്നതില്‍ പോര്‍ക്ക് കഷണങ്ങളും ഉണ്ടായിരുന്നത്രെ. തിന്നു കഴിഞ്ഞ് ബീഫില്‍ എല്ലു കിട്ടി എന്നു പറഞ്ഞപ്പോള്‍ സുഹൃത്താണ് ആ രഹസ്യം വെളിപ്പെടുത്തിയത്. ‘ഭാഗ്യം. അതും കഴിക്കാന്‍ പറ്റിയല്ലോ. എന്തായാലും നന്നായി’ എന്നായിരുന്നു എനിക്കു തോന്നിയത്.
ഇന്നലെ റിങ്കു ടീച്ചറിന്റെ മനഃസമ്മതത്തിനു പോയി. ചോറും ചിക്കന്‍ ഫ്രൈയും പോര്‍ക്ക് ഫ്രൈയും ഒക്കെ ആയിരുന്നു വിഭവങ്ങള്‍. മീന്‍കറി ഞാന്‍ കൂട്ടിയില്ല. എങ്ങാനും എല്ലാം നിര്‍ത്തിപ്പോയാലോ എന്ന പേടിയില്‍ അത് ഇതുവരെ നോക്കിയിട്ടില്ല. മണം പ്രശ്നമാണ്. അടിത്തട്ടില്‍ നിന്നേ എല്ലാം ബാക്കടിച്ച് ഉരുണ്ടുകയറിവന്ന് കൊട്ടിക്കളഞ്ഞാല് പിന്നെ ആകെ ഭീരുവാകും. അത്രയ്ക്ക് സാഹസം വയ്യ. ഇത്രയും വയസ്സുവരെ എന്നെ കൊണ്ടുനടന്ന ഈ ശരീരത്തെയും തലച്ചോറിനെയും ബഹുമാനിക്കണമല്ലോ.
അത് തിന്നു, ഇത് തിന്നു, ഇന്നലെ തിന്നു, ഇന്നാള് തിന്നു എന്നൊക്കെ പറയുമ്പോള്‍ വയറുനിറയെ കഴിച്ചു നിറച്ചു എന്നൊന്നും ആരും കരുതരുതേ. ഭംഗിയുള്ള, ചെറിയ ഒന്നോ രണ്ടോ കഷ്ണം, എല്ലില്ലാത്തത്. അത്രയേ മിക്കവാറും പറ്റൂ.
ബ്രാഹ്മണ്യം എന്നുവച്ചാല്‍ ശരിക്ക് എന്താണ്? മറ്റുള്ളവരേക്കാള്‍ താന്‍ സ്പെഷ്യല്‍ ആണെന്ന തോന്നലാണ് അത്. ‘I am special’ എന്നല്ല; ‘നിന്നേക്കാള്‍, അവരേക്കാള്‍ I am special, os I am superior’ എന്ന് തോന്നലാണത്. അതില്‍ ഒരു താരതമ്യമുണ്ട്, ഇകഴ്ത്തലുണ്ട്. മറ്റുള്ളവരുടെ പിന്കഴുത്തില് ചവിട്ടിയുള്ള ഒരു നില്‍പ്പുണ്ട്.
‘Humans are born. But, vegetarians are made.’
