പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു. ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങാൻ തുടങ്ങി. മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു. ദൂരെ കാണുന്ന പള്ളി മിനാരങ്ങളിലേയ്ക്ക് അവർ ഉറ്റു നോക്കി. അവരുടെ ഭർത്താവ് ആ പള്ളീയിലെ ജോലിക്കാരനാണ്. അറുപത് കാരനായ അയാളുടെ മൂന്നാം ഭാര്യയാണവർ.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട് സന്ദർശിക്കുകയും ഭാര്യയുടേയും മകൻ്റെയും കാര്യങ്ങൾ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ. അടുത്തുള്ള ഹാജിയാരുടെ വീട്ടിലെ ജോലികൾ ചെയ്താണ് അന്നന്നത്തെ അന്നത്തിനുള്ള വക ആ ഉമ്മ കണ്ടെത്തുന്നത്. ഇപ്പോൾ ജോലിയും ചെയ്യാൻ വയ്യാതിരിക്കുന്നു.
ഈയിടെയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തു, ടയിടുക്കിലൂടെ ര, ക്തസ്രാവമുണ്ടായി. അണപൊട്ടി ഒഴുകുന്നത് പോലെയുള്ള കുതിച്ചു ചാട്ടം. കട്ടിയുള്ള പഴന്തുണികൾ തിരുകി വച്ചെങ്കിലും, രക്തം വാർന്ന് ബോധം കെട്ട് വീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആ വീട്ടുകാരുടെ കാരുണ്യത്താൽ ടെസ്റ്റിംഗും സ്കാനിങ്ങും ഒക്കെ ചെയ്തു. ശസ്ത്രക്രിയ അല്ലാതെ വേറെ നിവൃത്തിയില്ല. അത് ചെയ്യാനായി പണവുമില്ല. മനസ്സ് കൊണ്ട് മരണത്തെ വരിച്ചു കഴിഞ്ഞു. മകനെ അവന്റെ പിതാവിനെ ഏൽപ്പിക്കാനുള്ള വരവാണ്.
ദൂരെ നിന്ന് പള്ളിയുടെ മിനാരത്തിൽ നോക്കിയുള്ള ഈ ഇരുപ്പ് തുടങ്ങിയത്. വന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത്, അയാളുടെ ആദ്യഭാര്യയിൽ ഉണ്ടായ മകളുടെ കല്യാണമാണ്. അയാൾ അതിൽ പങ്കെടുക്കാനായി അവരുടെ നാട്ടിൽ പോയിരിക്കുകയാണ്. കയ്യിലെ പണം കഴിഞ്ഞു. ഇനി ആരെങ്കിലും കനിയണം ഒരു നേരത്തെ ആഹാരത്തിനായി.
രാത്രിയായപ്പോൾ കുട്ടിയേയും കൂട്ടി മുന്നോട്ടു നടന്നു, നിലാവിന്റെ പ്രതിഫലനത്തിൽ തിളങ്ങുന്ന ജലപ്പരപ്പുകളെ കണ്ടു, മകനെയും കൊണ്ട് അങ്ങോട്ട് നടന്നു. മൂന്നു വശവും കൽപ്പടവുകൾ ഉള്ള ഒരു കുളം. ഒരു വശത്തു പടർന്നു പന്തലിച്ചു വെള്ളത്തിലേക്ക് വീണു കിടക്കുന്ന ഒരു മാവ്. അതിൽ നിറയെ മാങ്ങകൾ, മകൻ ഒന്നോ രണ്ടോ പച്ചമാങ്ങകൾ പറിച്ചു കഴിച്ചു. കുളിർമയുള്ള ജലം. ആവോളം വെള്ളം കുടിച്ച് ക്ഷീണം മാറ്റി. മകനെ കഥ പറഞ്ഞു കൊടുത്തുറക്കി. എപ്പോഴോ അവരും മയങ്ങി തുടങ്ങി.
വെളുപ്പാൻ കാലമായപ്പോൾ ആരോ ഒരാൾ കല്പടവുകളിറങ്ങി വന്നു, അവർ അയാൾ കാണാതെ മാവിന്റെ ഇലകളുടെ ഇടയിലേക്ക് നൂണ്ടു കയറി. ഒരു മെലിഞ്ഞ ദുർബലനായ മനുഷ്യൻ. തണുത്ത വെള്ളത്തിൽ മുങ്ങി കുളിച്ചു അയാൾ കയറി പോയി, അവരിരുന്ന ഭാഗത്തു നല്ല ഇരുട്ടായതിനാൽ അവരെയും മകനെയും അയാൾ കണ്ടിരുന്നില്ല.
നേരം പുലർന്നു തുടങ്ങി. കുട്ടിയുണർന്നപ്പോൾ അവർ പോകാനായി എഴുന്നേറ്റു. അപ്പോഴാണ് അതൊരു അമ്പലക്കുളമാണെന്നു മനസിലായത്. ചെറിയ ചുറ്റുമതിൽ വഴി എത്തി നോക്കിയപ്പോഴാണ്, അമ്പലത്തിൽ, രാവിലെ ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് കണ്ടത്. ക്ഷേത്രക്കുളത്തിലൊരു മുസ്ലിം സ്ത്രീയുടെ സാന്നിധ്യം എത്ര മാത്രം സാമുദായിക സ്പർദ്ധക്ക് കാരണമാകുമെന്ന് അറിയാമായിരുന്നതിനാൽ അവർ കുട്ടിയേയും കൊണ്ട് അവിടെ തന്നെ ഒളിച്ചിരുന്നു. വെയിൽ മൂത്ത് തുടങ്ങി. ഒരു വൃദ്ധൻ കുളത്തിലേക്കു ഇറങ്ങി വന്നു. കയ്യിലിരുന്ന ഓട്ടു പാത്രം കടവിൽ വച്ച് അയാൾ വെള്ളത്തിൽ മുങ്ങി നിവർന്നു. അയാളുടെ ശരീരത്തിൽ ഒട്ടി കിടന്ന വെളുത്ത ചരട് അയാളൊരു പൂജാരിയാണെന്നു സൂചിപ്പിച്ചു.
കൽപ്പടവുകൾ കയറി വന്നു തോർത്ത് കൊണ്ട് പുറം തോർത്തി നിവർന്ന അയാൾ കല്പടവുകളിൽ നിരന്നു കിടന്ന പച്ച മാങ്ങാ കഷ്ണങ്ങളെ പിന്തുടർന്നു, അയാളുടെ ദൃഷ്ടികൾ പാഞ്ഞു. തലയിൽ തട്ടമിട്ട ഒരു സ്ത്രീയും കാഴ്ചയിൽ തന്നെ വാത്സല്യം തോന്നുന്ന ഒരു മകനും. അയാൾ തെല്ലിട നേരം ആലോചനയിലായി ചുറ്റുപാടും നോക്കി, പരിഭ്രാന്തനായി.
“നിങ്ങളെന്താ ഇവിടെ? ഇതൊരു ക്ഷേത്രക്കുളമാണ്, ആരെങ്കിലും കാണുന്നതിന് മുൻപ് പുറത്തു കടന്നോളൂ “
“ക്ഷമിക്കണം എനിക്കറിയില്ലായിരുന്നു, വിശന്നപ്പോൾ പച്ചമാങ്ങയും കഴിച്ഛു കുളത്തിലെ ജലവും കുടിച്ചു. “
“അത് സാരമില്ല, ദൈവങ്ങൾ ക്ഷമിച്ചോളും, പക്ഷെ മനുഷ്യർക്ക് അതിനു കഴിയണമെന്നില്ല “
അയാൾ ഒരു നാക്കിലയിൽ കുറച്ചു പായസ ചോറും വെള്ള ചോറും വച്ചു കുട്ടിയ്ക്ക് നീട്ടി.
“ദേവിക്ക് നേദിച്ചതാണ്, നിങ്ങൾക്ക് പഥ്യമാകുമോ എന്നറിയില്ല, വേണ്ടെങ്കിൽ പക്ഷികൾക്ക് കൊടുത്തേയ്ക്കൂ, വലിച്ചെറിയരുത്, ഇത് വഴി നിങ്ങൾക്ക് ആരും കാണാതെ റോഡിലേയ്ക്ക് പോകാം. “
അവർ അയാളെ നന്ദിയോടെ നോക്കി നിന്നു, അയാൾ കൽപ്പടവുകൾ കയറി പോയപ്പോഴേക്കും കുട്ടി ഇലയിലുണ്ടായത് മുഴുവൻ കഴിച്ചു കഴിഞ്ഞിരുന്നു, ഇല വലിച്ചെറിഞ്ഞു. ഭക്ഷണത്തിനെന്തു ജാതിയും മതവും. അവർ കുട്ടിയേയും കൂട്ടി ആ മനുഷ്യന്റെ പിറകെ നടന്നു. അയാൾ തിരിഞ്ഞു നോക്കി, തെല്ലു ദേഷ്യപ്പെട്ടു.
“ഇനിയെന്താണ് നിങ്ങളുടെ ആവശ്യം?”
“അങ്ങ് ഒരുപകാരം കൂടി ചെയ്തു തരണം. “
അയാൾ മറുപടി പറയാതെ മുന്നോട്ടു നടന്നു. നടന്നു നടന്നയാൾ ഒരു വേലികെട്ടിനകത്തേയ്ക്ക് കയറി കഴിഞ്ഞിരുന്നു. അയാളെ കാത്ത് വീടിന്റെ ഉമ്മറത്ത് കുറച്ചു വെളുത്ത് തടിച്ച് മൂക്കുത്തി ധരിച്ച ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അതയാളുടെ ഭാര്യയായിരുന്നു.
“ഇന്ന് കുറച്ചു വൈകിയല്ലോ “
“കുട്ടികൾ സ്കൂളിൽ പോയോ “
അപ്പോഴേക്കും ആ സ്ത്രീയും കുട്ടിയും വേലിയുടെ അടുത്തെത്തിയിരുന്നു.
“ആരാണിവർ ?”
“അവരും മനുഷ്യർ. “
അയാൾ പറഞ്ഞു.
മുറ്റത്തെ തണലിൽ ഇട്ട കസേരയിൽ ഇരുന്ന സ്ത്രീ അവരുടെ കഥ ചുരുക്കി ആ ദമ്പതികളോട് പറഞ്ഞു.
“ഞങ്ങളെന്താണ് ചെയ്തു തരേണ്ടത് ? “
“ഞാൻ അയാളെ തേടി അയാളുടെ നാട്ടിലേയ്ക്ക് പോകുകയാണ്, അത് വരെ ഇവനെ സുരക്ഷിതമായി ഒന്ന് പാർപ്പിക്കണം, കൊച്ചു കുട്ടിയല്ലേ, വിശ്വസിച്ചു ഏല്പിക്കാൻ ആരുമില്ലാത്തതുകൊണ്ട്. “
” ഇവിടെ നിന്നോട്ടെ, ഞങ്ങൾക്കു രണ്ടു ആൺകുട്ടികളാണ്. പക്ഷെ ജാതിയും മതവും ഒന്ന് പുറത്തറിയിക്കാതെ നിർത്തുന്നതാണ് സുരക്ഷിതം. “
“എന്താ മോന്റെ പേര്? “
“മുഹമ്മദ് അർഷാദ്. “
വയർ നിറയെ ആഹാരവും കഴിച്ചു, ദമ്പതികൾ സ്നേഹത്തോടെ നൽകിയ പുതിയ വസ്ത്രവും ധരിച്ചു മകന്റെ കരച്ചിലിനെ അവഗണിച്ചു അവർ യാത്രയായി. ഒരു പക്ഷെ അവർക്കു തിരികെ വരാൻ സാധിച്ചില്ലെങ്കിൽ മകനെ അവന്റെ പിതാവിനെ ഏൽപ്പിക്കണമെന്നും അയാളെ കണ്ടു പിടിക്കാൻ അയാളുടെ വിലാസവും നൽകി അവർ മടങ്ങി.
ആ വീട്ടിൽ പതിനഞ്ചുകാരനായ മഹാദേവൻ്റെയും അഞ്ച് വയസ്സുകാരനായ ആദിദേവൻ്റെയുമൊപ്പം അർഷാദ് വളർന്നു.
മാസങ്ങൾ കഴിഞ്ഞു. അർഷാദ് മൂന്നാം ക്ലാസ്സിലാണ്. പഠിക്കാൻ വളരെ സമർത്ഥനാണവൻ. അവനിപ്പോഴും ഉമ്മയെ തിരക്കാറുണ്ട്. തിരിച്ച് വന്ന് അവനെ കൊണ്ട് പോകുമെന്ന് പ്രതീക്ഷയിലാണവൻ. പക്ഷെ പുതിയ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഉമ്മയെപോലെ അവന് പ്രിയപ്പെട്ടവരുമാണ്.
ഒരു ദിവസം കോളേജിൽ നിന്നും മടങ്ങി വന്ന മഹാദേവൻ കവലയിൽ കണ്ട അജ്ഞാത മൃ, തദേഹത്തെക്കുറിച്ച് വർണിച്ചപ്പോൾ അയാളുടെ മനസ്സിൽ അജ്ഞാതങ്ങളായ ചില വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. പൂജാരിയ്ക്ക് പെട്ടെന്ന് അവിടെ പോകണമെന്ന് തോന്നി.
കൊ, ല്ലപ്പെട്ടത് ഒരു വൃദ്ധനായിരുന്നു. കുറെക്കാലം കവലയിലെ മസ്ജിദ് പരിസരത്തെ താമസമായിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ അയാളൊരിടത്തും തങ്ങില്ല. ചെല്ലുന്ന സ്ഥലത്തൊക്കെ പുതിയ ഭാര്യയും കുടുംബവും ഉണ്ടാകും. മകളുടെ വിവാഹത്തിന് കൂടാൻ പോയിരുന്ന അയാളെ അവിടെയുള്ളവർ പിന്നെ ഇപ്പോഴാണ് കാണുന്നത്, മരണപ്പെട്ട നിലയിൽ.
പിന്നീടാണ് അറിഞ്ഞത് അയാളുടെ മകളുടെ കല്യാണപന്തലിലേയ്ക്ക് കയറി ചെന്ന അർഷാദിൻ്റെ ഉമ്മയെ മാനസിക രോഗിയെന്ന് മുദ്ര കുത്തി ആശുപത്രിയിലാക്കിയിരുന്നു.
അയാളുടെ മൃ, തശരീരത്തിനടുത്ത് നിന്നും മാനസിക പ്രശ്നങ്ങളുണ്ടെന്ന് തോന്നിപ്പിക്കുന്ന ചേഷ്ടകൾ കാണിച്ചൊരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.മാനസിക ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട അർഷാദിന്റെ ഉമ്മയായിരുന്നു അത്. തൻ്റെ ജീവിതം നശിപ്പിച്ച ആ മനുഷ്യനെ തേടി പിടിച്ചതാണവർ.
ജീപ്പിലേയ്ക്ക് കയറ്റുമ്പോൾ ദുർബലയായ ആ സ്ത്രീ പ്രതീക്ഷയോടെ പൂജാരിയെ ഉറ്റു നോക്കി. അയാളവളെ അപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ സമയത്ത് അവർക്ക് മാനസികമായി യാതൊരു പ്രശ്നവും ഉള്ളതായി തോന്നിയില്ല.
തലേന്ന് രാത്രിയിലും പുലർകാലത്തും ആ സ്ത്രീ അമ്പലക്കടവിൽ കുഞ്ഞിനെ തേടി നടന്നിരുന്നുവെന്നും കുറെ നേരം തേങ്ങി തേങ്ങി കരഞ്ഞിരുന്നുവെന്നും സ്കൂൾ വിട്ടപ്പോൾ മോഡൽ സ്കൂളിൻ്റെ മുന്നിൽ പോയി നിന്നുവെന്നും ഒരു കുട്ടിയെ കണ്ടപ്പോൾ അവനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും അദ്ധ്യാപകർ ഇടപെട്ട് ആ കുട്ടിയെ രക്ഷിച്ചുവെന്നും അയാൾ കവലയിൽ വച്ചറിഞ്ഞു. ഒരു പക്ഷേ അർഷാദിനെ ആരും തിരിച്ചറിയാതിരിക്കാനാകും വീട്ടിൽ വന്ന് കാണാഞ്ഞത് എന്ന് തോന്നി.
മടങ്ങി വീട്ടിലെത്തിയപ്പോൾ വളരെ വൈകിയിരുന്നു. അയാളെ കാണാനായി ഉണ്ണാതെ ഉറങ്ങാതെയിരുന്ന അർഷാദ് അയാളുടെ കയ്യിൽ ഒരു ഫോട്ടോ ഏൽപ്പിച്ചു. ഒരു അമ്മയുടേയും കുഞ്ഞിൻ്റേയും മനോഹരമായ ഫോട്ടോ. അതിൻ്റെ പുറകുവശത്ത് സ്നേഹപൂർവം മകന് എന്ന് മാത്രമെഴുതിയിരുന്നു.
“ഇത് തന്നത് എൻ്റെയുമ്മായാണ്. തന്നിട്ട് പോയി. ഇനി വരില്ലേയച്ഛാ. “
“മോൻ വളരുമ്പോൾ കൂട്ടിക്കൊണ്ടു പോകാനായി ഉമ്മ വരും. “
രോഗിയായ അവൻ്റെ ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇപ്പോൾ ജയിലിലുമായി. ആ ഉമ്മ ഒരിക്കലുമിനി മകനെ തേടി വരില്ലായെന്ന ഉറപ്പിൽ ആ അച്ഛൻ അവനെ നെഞ്ചോട് ചേർത്തു. കൽപ്പടവുകളിലൂടെ മകനെ തേടി നടക്കുന്ന ഒരമ്മ രൂപം അയാളുടെ മനസ്സിൽ തെളിഞ്ഞു.
*******************
പുതിയ വീട്ടിൽ അർഷാദ് സന്തോഷവാനായിരുന്നു.പുതിയ മാതാപിതാക്കളും സഹോദരങ്ങളും സ്നേഹമുള്ളവർ തന്നെ. മൂത്തവനായ മഹാദേവൻ അവനെ സ്വന്തം അനുജനായി കരുതി ,അത് പോലെ ഇളയവനായ ആദിദേവൻ കരുതിയില്ല.അവന് അർഷാദ് വീടിനുള്ളിൽ കയറുന്നതേ ഇഷ്ടമില്ലായിരുന്നു.
മുസ്ലിമായ അർഷാദ് കയറിയാൽ തന്റെ ബ്രാഹ്മണ ഗൃഹത്തിന്റെ പവിത്രത നശിക്കുമെന്ന്, അവനെ ആരോ തെറ്റിധരിപ്പിച്ചിരുന്നു.അച്ഛനും അമ്മയും ചേട്ടനും ചിന്തിക്കുന്നതിന് നേർവിപരീതമായിരുന്നു അവൻ്റെ ചിന്തകളും പ്രവൃത്തികളും.പലപ്പോഴും അർഷാദ് ആ വീട്ടിന് അധികപ്പറ്റാണ് എന്ന രീതിയിലാണ് അവന്റെ പെരുമാറ്റം.
സ്വജാതിക്കാരിൽ പലരുടെയും എതിർപ്പ് വന്നപ്പോളാണ് അവനെ ചേട്ടനായ മഹാദേവൻ്റെ കൂടെ വീടിന്റെ പിറകിലുള്ള മുറിയിലേയ്ക്ക് താമസിപ്പിച്ചത്.മഹാദേവന് അർഷാദെന്ന് വച്ചാൽ ജീവനായിരുന്നു.ഒരമ്മയുടെ വയറ്റിൽ പിറന്നില്ലയെന്നേയുള്ളു ,അത്ര ഇഷ്ടം.അതിനാൽ സ്കൂൾ വിട്ടാൽ അവൻ മഹാദേവന്റെ മുറിയിൽ കൂടും. ഒന്നിച്ചു പഠിക്കും,ഒന്നിച്ചു കളിക്കും ,ഒന്നിച്ചു കഴിക്കും ,ഒന്നിച്ചു ഉറങ്ങും.അവനെല്ലാം അവൻ്റെ ചേട്ടനായിരുന്നു.അവരുടെ പരസ്പരസ്നേഹം കണ്ട് അച്ഛനമ്മമാരുടെ കണ്ണ് നനഞ്ഞു.
ബ്രാഹ്മണനായ വളർത്തച്ഛൻ എല്ലാവരും കേൾക്കെ അവനോടു സസ്യ ഭക്ഷണം കഴിക്കാൻ പറഞ്ഞിരുന്നു.ആരുമറിയാതെ അവനെ കവലയിലെ അന്നമ്മ ചേട്ടത്തിയുടെ പീടികയിലെ അടുക്കളയിലേയ്ക്ക് കയറ്റി വിടും.
“അന്നാമ്മോ അവനെന്താ ഇഷ്ടമുള്ളതെന്നു വച്ചാൽ വയറു നിറച്ച് കഴിയ്ക്കാൻ കൊടുക്ക്.എല്ലാം കഴിച്ച് ശീലിച്ചതല്ലേ ,അവൻ കുഞ്ഞല്ലേ.മെല്ലെ മെല്ലെ ശീലങ്ങൾ മാറ്റിക്കൊള്ളാം.”
“ശരി സ്വാമി.അപ്പവും ബീഫും ആണവന് ഇഷ്ടം.”
“എന്താന്ന് വച്ചാൽ വയറ് നിറയട്ടെ.”
“പള്ളിയിലെ മൊയ്ല്യാരെ കണ്ടിരിക്കുന്നു.പള്ളിയിലെ അനാഥ മന്ദിരത്തിലേക്ക് അവനെ വിട്ടൂടെ എന്ന് എന്നോട് ചോദിയ്ക്കാൻ പറഞ്ഞേൽപ്പിച്ചു.”
“അവനെ അനാഥമന്ദിരത്തിലൊന്നും കൊണ്ടാക്കാൻ വയ്യ. .അവൻ എന്റെ കൂടെ ഉണ്ടാകണം എന്റെ മരണം വരേയ്ക്കും .അവൻ്റെ ഉമ്മായ്ക്ക് ഞാൻ കൊടുത്ത വാക്കാണ്.”
കഴിച്ചു കൈയ്യും കഴുകിയിറങ്ങിയ അർഷാദിന്റെ തലയിൽ തലോടി അയാൾ നടന്നു .
“എന്നെ ഇ റച്ചി കഴിച്ചതിന് ഇന്ന് അമ്മ വഴക്കു പറയുമോ ? “
“അറിഞ്ഞാൽ നിന്നെ മാത്രമല്ല,എന്നേയും പറയും.തൽക്കാലം അവളറിയേണ്ട ,നീ വീട്ടിൽ ചെന്നാലുടനെ സോപ്പ് തേച്ചു നല്ല പോലെ കുളിക്കണം .ഇതൊന്നും ആരും അറിയണ്ട .”
അർഷാദ് പഠിയ്ക്കാൻ മിടുക്കനായിരുന്നു.എന്നാൽ ആദിദേവനാകട്ടെ പഠിയ്ക്കാൻ ഒട്ടും താൽപര്യം കാട്ടിയിരുന്നില്ല. അത് വരെ ക്ലാസ്സിൽ ഒന്നാമനായി കൊണ്ടിരുന്ന മഹാദേവന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി.അവൻ പഠനത്തിൽ പുറകോട്ടായി.അവൻ കൂടുതൽ സമയവും പുസ്തക വായനയിലാണ്. പബ്ലിക് ലൈബ്രറിയിൽ നിന്നും താന്ത്രിക പുസ്തകങ്ങൾ വീട്ടിലേയ്ക്ക് കൊണ്ട് വരാൻ തുടങ്ങിയിരുന്നു.അവൻ രാത്രിയിൽ ഉണർന്നിരുന്ന് അതൊക്കെ വായിക്കാൻ തുടങ്ങി.അവന്റെ ദിനചര്യകളിൽ മാറ്റം വരാൻ തുടങ്ങി.പകൽ മുഴുവൻ ഉറക്കം തൂങ്ങി നടക്കാനും തുടങ്ങി.
അയൽക്കാരിയായ അമ്മു അവന്റെ ക്ലാസ്സ്‌മേറ്റായിരുന്നു .അവൻ കോളേജിൽ വരാത്തതിൽ ഏറ്റവും വിഷമം അവൾക്കായിരുന്നു. അമ്മുവിന് മഹാദേവനോട് പ്രണയമായിരുന്നു .അവനാകട്ടെ അവളെ ഗൗനിക്കുക പോലുമില്ലായിരുന്നു .അമ്മു അവനെ സന്തോഷിപ്പിക്കാനായി എപ്പോഴും അടുത്ത് കൂടും .പക്ഷെ അവൻ അവളോട് ഒരു താല്പര്യവും കാണിച്ചില്ല .
“അർഷൂ എന്താ നിന്റെ ചേട്ടൻ ഇങ്ങനെ ? മനുഷ്യരെ കണ്ടിട്ടില്ലേ ?”
“എന്റെ ഏട്ടൻ പാവമാണ് ,അമ്മുവേച്ചി “
പഠനം നിർത്തിയപ്പോൾ ചുറ്റിൽ നിന്നും ചോദ്യങ്ങളായി .ചോദ്യങ്ങളെ നേരിടാൻ വയ്യാതെ അച്ഛന്റെ കൂടെ ശാന്തി പണിക്കു പോയി തുടങ്ങി .അങ്ങനെ തല്ക്കാലം എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്നും ഓടി ഒളിക്കാൻ കഴിഞ്ഞു മഹാദേവന് .അധികമാരോടും അവൻ സംസാരിക്കാതെയായി .അച്ഛനും അമ്മയോടും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി മാത്രം നൽകും.ഏറ്റവും ഇഷ്ടം അർഷാദിനോടായിരുന്നു.എന്നും അവനെ ഉറക്കിയിട്ടേ മഹാദേവൻ ഉറങ്ങുകയുള്ളു .അവനെ ചേർന്ന് കിടന്നുറങ്ങുന്ന അർഷാദിന്റെ അവൻ വാത്സല്യത്തോടെ നോക്കും.എവിടെയോ ഏതോ ഒരു ഉമ്മയുടെ വയറ്റിൽ ജനിച്ചവൻ ഇന്ന് തന്റെ വീട്ടിൽ കഴിയുന്നത് വിധിയുടെ നിയോഗമാണെന്ന തിരിച്ചറിവ്.
ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും പുരുഷ ലക്ഷണമായ മീശ വളരാതെ, ഒരു കൗമാരക്കാരനെ പോലെ അതിസുന്ദരനായി ,ചുവന്ന ചുണ്ടും തുടുത്ത കവിളുകളും ആരുമൊന്ന് നോക്കി നിൽക്കുന്ന ,ഒരു പ്രത്യേകതരം വ്യക്തി പ്രഭാവം അവനുണ്ടായിരുന്നു .മഹാദേവനെ വേലിക്കരുകിൽ കാത്തുനിൽക്കുന്ന അമ്മുകുട്ടി .അവൻ പോയി കഴിയുമ്പോൾ അവൾ അർഷാദിനോട് പറയാറുണ്ട് .
“മഹാദേവൻ എനിക്കുള്ളതാണ് .വേറെയാർക്കും ഞാൻ ദേവനെ വിട്ടു കൊടുക്കില്ല .”
അർഷാദ് അവളെ സങ്കടത്തോടെ നോക്കും .അവനറിയാം ഏട്ടന്റെ മനസ്സിൽ അങ്ങനെയൊരു വികാരമേയില്ലെന്ന് .ഏട്ടൻ വേറെ ചിന്തകളിലാണ് ,എന്തൊക്കെയോ പഠനങ്ങളിലാണ്.ആ മനസിന്റെ ചൂട് പലപ്പോഴും അവൻ കണ്ടറിഞ്ഞിട്ടുണ്ട് .
ഒരിക്കൽ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നപ്പോൾ ഏട്ടൻ അടുത്തില്ല .അവൻ കിടക്കുന്നത് ഒറ്റയ്ക്കാണ് കട്ടിലിൽ ,ആദ്യമായാണ് അവൻ ഒറ്റയ്ക്കുറങ്ങുന്നത് .അവനു പേടി തോന്നി .നിലവിളിച്ചാൽ അച്ഛനും അമ്മയും അറിയും .ഏട്ടന് അപകടം വരുന്നതൊന്നും സംഭവിക്കാൻ പാടില്ല .
മഹാദേവനെ കാത്ത് കിടന്നു അവനെപ്പോഴോ ഉറങ്ങി പോയി .വെളുപ്പാൻ കാലത്തുണർന്നപ്പോൾ ഏട്ടൻ അടുത്തുണ്ട് .ഏട്ടന് ചുറ്റും കർപ്പൂരത്തിന്റെയും അഗർബത്തിയുടെയും കുന്തിരിക്കത്തിൻെറയും മണം.ശവത്തിന് ചുറ്റും കത്തിച്ച് വയ്ക്കുന്ന രൂക്ഷ സുഗന്ധമുള്ള സാമ്പ്രാണി വാസന മുറിയിൽ പരന്നു.
വെളുപ്പാൻ കാലമായപ്പോൾ അച്ഛൻ അമ്പലത്തിൽ പോകാൻ വന്നു വിളിച്ചു .ഏട്ടൻ ഉറക്കച്ചടവോടെ എഴുന്നേറ്റു പൂജാദി കർമങ്ങൾക്ക് പോകാനായി തയാറെടുത്തു .പിന്നെ പിന്നെ ശാന്തിപ്പണിക്ക് ഏട്ടൻ പോകാതെയായി .അതൊക്കെയിനി താൻ ചെയ്യാൻ പാടില്ലാത്തതാണെന്ന് അർഷാദിനോട് മാത്രം പറഞ്ഞു.അമ്മയുടെ കണ്ണീരും കരച്ചിലും ഒന്നും ഏട്ടൻ കേട്ടില്ലായെന്നും കണ്ടില്ലായെന്നും നടിച്ചു.
ഒരു രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ ഏട്ടൻ അടുത്തില്ല .ഇരുട്ടിൽ ഏട്ടന്റെ രൂപം ,ഒരു സഞ്ചിയിൽ എന്തൊക്കെയോ എടുത്തു വയ്ക്കുന്നു ,ഏതോ യാത്രയുടെ ഒരുക്കമാണെന്ന് തോന്നുന്നു .ഏട്ടാ …. എന്ന് വിളിക്കാൻ തുടങ്ങി ,പിന്നെ വേണ്ടെന്നു വച്ചു .നിഴലിനു ഏട്ടന്റെ രൂപമല്ല ,ഏതോ പെണ്ണിന്റെ രൂപം .ഏട്ടന്റെ വായിൽ നിന്നും കേട്ടിട്ടുള്ള അനവധി യക്ഷി കഥകൾ ഓർമ്മയിൽ വന്നു .പേടിച്ചു നാവു പൊങ്ങാതെയായി .ഏട്ടൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങുകയാണ് .അവനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി .അവൻ കണ്ണുകൾ ഇറുക്കിയടച്ചു.
തുറന്ന വാതിലിലൂടെ കടന്നു വന്ന നിലാവിൻ്റെ വെളിച്ചത്തിൽ അവൻ കണ്ടു.സാരിയുടുത്ത ഏട്ടന്റെ രൂപം .മുടിയിഴകൾ കെട്ടി വച്ചിരിക്കുന്നു ,അതിൽ മുല്ലമലർ മാല ചുറ്റി ,കൈകൾ നിറയെ കുപ്പിവളകൾ ,കാലിൽ പാദസരം ,പട്ടു സാരി ചുറ്റി നർത്തകീ രൂപത്തിൽ തന്റെ ഏട്ടൻ .മൂക്കിന്റെ ഇരുവശത്തും തിളങ്ങുന്ന മൂക്കുത്തികൾ .സുന്ദരീ രൂപത്തിൽ ഏട്ടൻ പുറത്തിറങ്ങി , മെല്ലെ വാതിൽ ചാരി ,പിന്നെ നടന്നു മുന്നോട്ട്….
ഏട്ടൻ നടന്നപ്പോൾ അവൻ എഴുന്നേറ്റു.ഇല്ലാ , ജീവിക്കാനായാലും മരിയ്ക്കാനായാലും ഏട്ടനെ താൻ ഒറ്റയ്ക്ക് വിടില്ല.ഏട്ടന്റെ പിറകെ അവനും വാതിൽ ചാരി ഇറങ്ങി.ചീവീടുകളുടെ കരച്ചിൽ ആയിരുന്നു ചുറ്റിനും.നല്ല നിലാവ് ,മുൻപിൽ ലാസ്യഭാവത്തിൽ നടന്നു പോകുന്ന ഏട്ടൻ ,രണ്ടടി പിറകിലായി അവനും .വീടിനു മുന്നിലെ ചെറിയ വഴി കടന്നു ഏട്ടൻ പൊതു നിരത്തിൽ പ്രവേശിച്ചു .പൊതു വിളക്കിന്റെ വെളിച്ചത്തിൽ അവൻ ഏട്ടനെ നല്ല പോലെ കണ്ടു.മഞ്ഞ കസവു ചേല ,വയലറ്റ് നിറമുള്ള ബ്ലൗസ് ,മെടഞ്ഞിട്ട തിരുപ്പൻ മുടിക്കെട്ട്.നീളത്തിൽ മുല്ലപ്പൂ കൂടിയിരിക്കുന്നു.എന്തൊരു ഭംഗി ,ഒരാണാണെന്ന് ആരും തിരിച്ചറിയില്ല.ചുറ്റും മുല്ല പൂവിന്റെ മാദക ഗന്ധം .
നിരത്തിലെ പ്രധാന വഴി വിട്ട് ഏട്ടൻ വലത്തേയ്ക്ക് തിരിഞ്ഞു.അവനു വല്ലാത്ത പേടി തോന്നി .ആ വഴി അവസാനിക്കുന്നത് പൊതു ശ്മശാനത്തിലാണ് .എട്ടനിതെങ്ങോട്ട് പോകുന്നു.ഏട്ടൻ ശ്മശാന കവാടം കടന്നുള്ളിൽ കയറി .ശ്മശാനത്തിന്റെ പുറകു വശത്തെ ഗേറ്റ് വഴിയാണ് കടന്നത് .അവിടെ ചെറിയ രീതിയിൽ കത്തി കൊണ്ടിരിക്കുന്ന ചിത കണ്ടു .ശ്മശാനം സൂക്ഷിപ്പുക്കാരൻ എവിടെയെങ്കിലും ഉണ്ടാകില്ലേ.മുഴുക്കുടിയനായ ഒരാളെയാണ് സൂക്ഷിപ്പ്കാരനായി നിയമിച്ചിരുക്കുന്നത്.
ചിതയുടെ അരികിലായി ഏട്ടൻ കയ്യിലിരുന്ന സഞ്ചി വച്ചു.നേരെ വിറകുപുരയിലേയ്ക്ക് നടന്നു ഒരു കൈ നിറയെ വിറകു കഷണങ്ങൾ എടുത്തു ചിതയിലേക്ക് അടുക്കി വച്ചു.ദുർബലമായ ചിതയിൽ നിന്നും വിറകു കഷണങ്ങളിലേയ്ക്ക് തീ പടർന്നു .മഞ്ഞ കലർന്ന ചുവപ്പു അഗ്‌നി മുകളിലേക്കു പടർന്നു കയറാൻ ശ്രമിയ്ക്കുന്നു.
ഏട്ടൻ ചിതയുടെ മുന്നിൽ പത്മാസനത്തിലിരുന്നു.മുന്നിൽ സഞ്ചിയിലുണ്ടായിരുന്ന തൂശനില വച്ചു .എള്ളും ചമതയും പൂക്കളും ഇലയിൽ നിരത്തി .കുന്തിരുക്കം പുകച്ചു .പത്മമിട്ട വിളക്ക് കത്തിച്ചു വച്ചു,മന്ത്രങ്ങളുരുവിട്ടു .പൂക്കൾ മന്ത്രത്തോടെ ഇലയിൽ അർപ്പിച്ചു .അന്തരീക്ഷം കൂടുതൽ രൗദ്രമായി .അഗ്നിയുടെ ചിറകുകൾ വിടർന്നു.
അർഷാദ് പേടിച്ചു വിറച്ചൊരു മരച്ചുവട്ടിൽ മറഞ്ഞിരുന്നു .മന്ത്രണങ്ങൾ നിന്നു, ഏട്ടൻ എഴുന്നേറ്റു .ചിതയ്ക്ക് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് കയ്യിലെ പൂക്കൾ അഗ്നിയിലേയ്ക്ക് എറിഞ്ഞു .അഗ്നിയുടെ രൗദ്രാവസ്ഥ വർദ്ധിച്ചു.ഏട്ടൻ നടത്തം നിർത്തി .അഗ്നിക്ക് ചുറ്റും രൗദ്രഭാവത്തിൽ നൃത്തം തുടങ്ങി .അർഷാദ് ഇത് വരെ കേൾക്കാത്ത സംഗീതം മുഴങ്ങി .ആരോ ആവേശിച്ചപോലെ, ചടുലമായ നടനം ഏട്ടൻ തുടർന്നു .ലാസ്യ ഭാവം മാറി മുഖം ഭയാനകമായി .അഗ്നി ചോപ്പിനുള്ളിലൂടെ കണ്ട മഹാദേവൻ്റെ ഭയാനക ഭാവങ്ങൾ അർഷാദിന്റെ പേടിപെടുത്തി .അവൻ വിയർത്തൊഴുകി,അവന്റെ ബോധം മെല്ലെ മറഞ്ഞു.
പാദസരത്തിന്റെ ശബ്ദം ,ആടിയുലയുന്ന ശരീരം.തലയുടെ ആന്ദോളന ചലനം.തലകീഴായ കാഴ്ചകൾ.ആരോ തന്നെ തോളിൽ എടുത്തു നടക്കുകയാണ് .മുല്ലപ്പൂ ഗന്ധം.വേറെയാരുമല്ല ഏട്ടനാണ്.പട്ടിന്റെ ഉലച്ചിൽ.വീടിൻ്റെ വാതിൽ തുറന്നു ,അവർ അകത്തു കടന്നു .ഏട്ടനെ അവനെ കട്ടിലിൽ കിടത്തി . കണ്ണുകൾ അവൻ മുറുക്കിയടച്ചു.അകന്നു പോകുന്ന രൂപം ,വേഷം മാറി അടുത്ത് വന്നു കിടക്കുന്ന ഏട്ടൻ ,ആണായി തിരികെ വന്നെങ്കിലും ഏട്ടന്റെ ചുറ്റിനും പെണ്ണിന്റെ മണം.പേടിപ്പെടുത്തുന്ന ഓർമ്മകളോടെയാണ് അവൻ പിറ്റേന്ന് ഉണർന്നത് .
ഏട്ടന് മുഖം കൊടുത്തില്ല.സ്നേഹവും പേടിയും ആശങ്കയും തോന്നി.എന്താണ് ഏട്ടന് സംഭവിച്ചത്.ശ്മശാനവും ചിതകളുമെന്തിന്.അവൻ്റെ മനസ്സ് വായിച്ചെടുക്കാൻ ഏട്ടന് കഴിയും.ഏട്ടനും അവനോട് എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.
അമ്പലക്കുളത്തിൻ്റെ കൽപ്പടവുകളിൽ ഇരിക്കുമ്പോഴാണ് ഏട്ടൻ്റെ കൈ തോളിൽ പതിഞ്ഞത്.ആ രാത്രിയിലെ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരുന്നു.അവർ പിന്നെ പരസ്പരം മിണ്ടിയിരുന്നില്ല.
“അർഷൂ, എനിക്ക് പറ്റുന്നില്ലെടാ.ഈ ലോകം,ഇവിടത്തെ നിയമങ്ങളും.ഞാൻ തോറ്റ് പോകുന്നെടാ.”
മഹാദേവൻ കരയാൻ തുടങ്ങി.
“എൻ്റേട്ടന് എന്താ സംഭവിച്ചത്.”
“ആണും പെണ്ണും കെട്ട ജന്മമാണെടാ എൻ്റേത്.നാണം കെട്ട ജന്മം.ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല എൻ്റെ വേദന.”
അവനേട്ടനെ ചേർത്ത് പിടിച്ചു.തനിക്ക് കോളേജിലൊരാൺകുട്ടിയോട് പ്രണയം തോന്നിയതും അകാരണമായി തോന്നിയ ഇഷ്ടം കോളേജ് കൗൺസലറോട് തുറന്ന് പറഞ്ഞതും, നിർബന്ധിച്ച് ഒരു മെഡിക്കൽ പരിശോധന നടത്തിയതും പരസ്യമായ ചില സത്യങ്ങൾ.തൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ പോലും തള്ളി പറഞ്ഞപ്പോഴാണ് പഠനം നിർത്തേണ്ടി വന്നത്.ആരോടും തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ.
കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അലഞ്ഞ് തിരിഞ്ഞ് നടന്നു.കാവുകളിലും ശ്മശാനങ്ങളിലും പോയി.അങ്ങനെ പരിചയപ്പെട്ട സിദ്ധനാണ് ഹിരൺമയൻ.അദ്ദേഹമാണ് രണ്ട് അസ്ഥിത്വങ്ങളിൽ നിലകൊള്ളുന്നവനെന്ന് വിളിച്ചത്.അങ്ങനെ തുടരാനാണ് ഹിരൺമയൻ പറഞ്ഞത്.ആണും പെണ്ണും ഒരാളിൽ സ്ഥിതി ചെയ്യുന്ന അവസ്ഥ.രണ്ട് കൂട്ടരോടും ലൈംഗിക ആകർഷണം.കുടുംബവും സമൂഹവും അംഗീകരിക്കുമോയെന്ന ഭയം,ഇല്ല നമ്മുടെ സമൂഹം അംഗീകരിക്കില്ലായെന്നറിവ്.
ഭൈരവ പൂജ ചെയ്താൽ,അത്തരത്തിലുള്ള പൂജാദി ക്രമങ്ങൾ കൊണ്ട് ജീവിതത്തിൽ മാറ്റമുണ്ടാകുമെന്ന് നിർദ്ദേശിച്ചത് കടൽത്തീരത്ത് വച്ച് പരിചയപ്പെട്ട മന്ത്രവാദിയായ സെന്തിൽ പൂജാരിയാണ്.അയാളുടെ ശിഷ്യത്വം സ്വീകരിച്ചു.അമ്പലത്തിലെ ശാന്തി പണി നിർത്തേണ്ടി വന്നു.മന്ത്രവാദങ്ങളിലും ശാക്തേയ മാർഗ്ഗങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തി.അങ്ങനെയാണ് ശ്മശാനത്തിൽ ഭൈരവ പൂജ നടത്തി തുടങ്ങിയത്.ആ സമയത്ത് ഭയാനകമായ ഒരു ശക്തി തന്നെ ആവേശിക്കുന്നതും താൻ മറ്റൊരാളായി തീരുന്നത് പോലെ തോന്നി.
സ്വയം ഭൈരവിയായി മാറുന്നു.ഭൈരവനെ പ്രീണിപ്പിക്കുന്നു.എല്ലാ അർത്ഥത്തിലും സ്വയം ഭൈരവന് സമർപ്പിക്കുന്നു.ഭൈരവന് ഇഷ്ടമായാൽ ജീവിതം മാറി മറിയും.ഇല്ലെങ്കിൽ ഒരു അപമൃത്യൂ ആയിരിക്കും ഫലം.വളരെ ശ്രദ്ധയോടെ ,സമർപ്പണത്തോടെ ചെയ്യേണ്ട പൂജ.ആരും അറിയാതെ സ്വകാര്യമായി വേണം ഭൈരവന് സ്വയം സമർപ്പിക്കാൻ.പിഴച്ചാൽ ജീവിതാന്ത്യം ഉറപ്പ്.
എല്ലാ പൗർണമി രാത്രികളിലും മൃതദേഹ ദഹനമുള്ള രാത്രികളിലും പൂജകൾ തുടർന്നു.പല രാത്രികളിലും അർഷാദ് അവനെ അനുഗമിക്കാൻ തുടങ്ങി.ഒരു നിബന്ധന മാത്രം മഹാദേവൻ വച്ചു.പൂജകൾ കാണാൻ പാടില്ല.അവൻ മരത്തണലിൽ മാറിയിരിയ്ക്കാൻ തുടങ്ങി.ഒരു മണിക്കൂറോളം തുടരുന്ന പൂജകളും നടനവും.
തിരികെ വീട്ടിലേക്ക് പോകുമ്പോൾ മഹാദേവൻ ഒന്നും സംസാരിയ്ക്കാറില്ല.വേറെ ആരോ ആണ് ആ സമയത്ത് അയാളുടെ ഉള്ളിൽ കയറിയിരിക്കുന്നത് എന്ന് തോന്നി പോകും.രാവിലെ ഉണരുമ്പോൾ പഴയ മഹാദേവനായി മാറുന്നു.
ഒരു പൗർണമി രാത്രിയിൽ, കൂടെ പോകാനൊരുങ്ങിയ അർഷാദിനെ മഹാദേവൻ തടഞ്ഞു.
“ഇന്ന് നീ വരണ്ട.”
“എന്തായേട്ടാ”
“എൻ്റെ കാലുകൾ കല്ലിൽ തട്ടി ,മുറിഞ്ഞു.ശകുനം ശരിയല്ല.മഴക്കോളുമുണ്ട്.മഴ പെയ്താൽ ചിത അണയും.പൂജ മുടങ്ങും.നീ വരണ്ട.എനിക്കിന്ന് പൂജ മുടക്കാൻ കഴിയില്ല.ഇനി പതിമൂന്ന് പൗർണമികൾ കൂടി.ഞാൻ മടങ്ങി വരാൻ വൈകിയാൽ അച്ഛനോട് മാത്രം സത്യം പറയുക.ഒരു കാരണവശാലും നീയൊറ്റയ്ക്ക് വരരുത്.അച്ഛന് കരുത്തായി എനിക്ക് പകരം നീയുണ്ടാകണം എന്നും.ഞാനും നീയും ഒന്നാണ്.
പതിവില്ലാതെ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.സാരിയുടെ ഉലച്ചിൽ ശബ്ദത്തിന്റെ അകമ്പടിയോടെ കയ്യിലെ സഞ്ചിയും തൂക്കി നടന്നകന്നു.പ്രധാന നിരത്തിലേയ്ക്ക് തിരിയുന്ന ഏട്ടനെ നോക്കി നിന്ന അർഷാദിൻ്റെ തോളത്ത് ഒരു കൈ പതിഞ്ഞു.അമ്മുവേച്ചി തൊട്ട് പിറകിൽ.
“അതാരാണ് പോയത്.”
അവളുടെ കണ്ണുകൾ ആ ഇരുട്ടിലും ദേഷ്യത്തിൽ തിളങ്ങി.അർഷാദ് ഇത് വരെ ആരോടും പറയാത്ത ചില രഹസ്യങ്ങൾ അവളോട് തുറന്ന് പറഞ്ഞു.അമ്മു മഹാദേവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അർഷാദിനറിയാം.
പരിപൂർണ്ണമായ ഒരു വ്യക്തിയായി തീരാനാണ് അവൻ്റെ കഷ്ടപ്പാടുകൾ എന്നറിഞ്ഞപ്പോൾ താനും ആ രഹസ്യം സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധയാണെന്നവൾ പറഞ്ഞു.
“അർഷൂ,ഞാനവനെ എന്ത് മാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമോ.?ആണും പെണ്ണുമായി അവൻ ?? വേണ്ട അങ്ങനെ വേണ്ട”
അവൾ കരയാൻ തുടങ്ങി.
“എല്ലാം ശരിയാകും ചേച്ചി.”
ഒന്നും ശരിയാകാൻ പോകുന്നില്ല എന്നവൻ്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
ഒരു പതിനാല് വയസ്സുകാരന് മനസ്സിലാകുന്നതിലും അപ്പുറമായിരുന്നു അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ.അമ്മു കുറെ നേരം അവനൊപ്പം ഇരുന്നിട്ട് പോയി.അർഷാദ് അവിടെയിരുന്ന് ഉറങ്ങിപ്പോയി.വെളുപ്പാൻ കാലത്ത് അച്ഛൻ വന്നപ്പോഴാണ് അവൻ ഞെട്ടിയുണർന്നത്.
“ദേവനെന്തേ കുട്ട്യേ.”
“രാത്രി പുറത്ത് പോയി.”
ഒന്നും തുറന്ന് പറഞ്ഞില്ല.എല്ലായിടത്തും അന്വേഷണം നടത്തി.ശ്മശാനത്തിലെ കത്തിക്കരിഞ്ഞ മൃ, തദേഹം,പൂജകളുടെ അവശേഷിപ്പുകൾ.നൃത്തത്തിനിടയിൽ സാരിയിലേയ്ക്ക് തീ പടർന്നുള്ള അസാധാരണമായ മരണം.ശ്മ, ശാനം സൂക്ഷിപ്പ്ക്കാരനെ ചോദ്യം ചെയ്തു.ദ്വിലിംഗിയായ , മന്ത്രവാദിയായ മഹാദേവൻ പൗർണമി രാത്രികളിൽ ദുർമന്ത്രവാദം ചെയ്യാറുണ്ട്.ആ സമയത്ത് സൂക്ഷിപ്പ്കാരനെ പൈസ കൊടുത്ത് അവിടെ നിന്നും ഒഴിവാക്കാറുണ്ട്.പേടിച്ച് അയാൾ വീട്ടിൽ പോകും.ദുരൂഹ മരണങ്ങളുടെ കണക്കിൽ ഒരു മരണം കൂടി.സെന്തിൽ പൂജാരിയിലേയ്ക്ക് അന്വേഷണം നീണ്ടു.അയാളുടെ സ്വാധീനം മൂലം ആത്മഹത്യയെന്ന നിഗമനത്തിലെത്തി തീർന്നു പോലീസ്.
അന്ന് രാത്രിയിൽ ശ്മശാനം സൂക്ഷിപ്പുകാരൻ വീട്ടിൽ പോയില്ല, അമിതമായി മ, ദ്യപിച്ച് അയാൾ അവിടെയുണ്ടായിരുന്നു.അയാൾ ഒളിഞ്ഞ് നിന്ന് പൂജകൾ വീക്ഷിച്ചു.പൂജയുടെ നിയമം ലംഘിക്കപ്പെട്ടു.അയാളുടെ കാലടി ശബ്ദങ്ങൾ മഹാദേവൻ വ്യക്തമായി കേട്ടു.ഞെട്ടിപ്പോയ മഹാദേവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,പൂജ പിഴച്ചു, പട്ട് സാരിയിലേക്ക് തീ ആളിപ്പടർന്നു.ദുർമരണമുണ്ടായി.
അച്ഛനും അമ്മയും തളർന്നു പോയി.എല്ലാവരും അർഷാദിനെ കുറ്റപ്പെടുത്തി.അച്ഛനോടെങ്കിലും നിനക്കെല്ലാം പറയാമായിരുന്നു.
അമ്മു ആകെ തകർന്ന് പോയി.കുട്ടിക്കാലം മുതൽ അവളവനെ സ്വപ്നം കാണുന്നു.മൂന്നാംപക്കം ഒതളങ്ങ കഴിച്ച നിലയിൽ അവളേയും കണ്ടു.
പ്രിയപ്പെട്ട രണ്ട് പേരുടെ മരണം അർഷാദിനെ തളർത്തി കളഞ്ഞു.നാട്ടുകാർക്ക് കേവലം കമിതാക്കളുടെ ആ, ത്മഹത്യ.
************************
ഏട്ടൻ്റെ മരണത്തോടെ , കുടുംബം താറുമാറായി ,പൂർണ്ണമായും ഇല്ലാതെയായി എന്ന് തന്നെ പറയാം.അമ്മ പിന്നെ ആരോടും മിണ്ടാതെയായി.ഒരേ കിടപ്പ് തന്നെ.ഒന്നിനോടും പ്രതികരിയ്ക്കാതെയായി.തൻ്റെ കുഴപ്പം കൊണ്ടാണ് തൻ്റെ മൂത്ത മകൻ ഒരു ഉഭയലിംഗത്തിൽ ജനിച്ചതെന്ന് അമ്മയ്ക്ക് ഒരു ധാരണയുണ്ടായി.
വർഷങ്ങളായി ആചാരങ്ങളും പൂജകളും നടക്കുന്ന പവിത്രമായൊരു ബ്രാഹ്മണ ഗൃഹത്തിൽ ഒരു അവിശ്വാസിയുടെ താമസമാണ് ഈ ആപത്തുകൾക്കൊക്കെ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.ചിലരെങ്കിലും അർഷാദ് കാരണമാണ് ഈ ദോഷങ്ങളെന്ന് അച്ഛനെ ധരിപ്പിച്ചു.
എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും അച്ഛൻ അവനെ പിന്തുണച്ചു.അവൻ്റെ കണ്ണുകൾ നിറയാതെ,പഠനം മുടങ്ങാതെ കാത്ത് സൂക്ഷിച്ചു.ഒടുവിൽ സാത്വികനായ ആ അച്ഛനെക്കുറിച്ചും കെട്ട്കഥകൾ പ്രചരിച്ചു.അർഷാദ് അദ്ദേഹത്തിൻ്റെ ജാ, രസന്തതിയാണത്രേ.
വർഷങ്ങൾ പിന്നെയും കടന്നു പോയി.അർഷാദ് അവനിപ്പോൾ പതിനാലു വയസ്സ് കഴിഞ്ഞിരുന്നു.ഒൻപതാം ക്ലാസിൽ ആയി.വീട്ടിൽ നിന്ന് മാറി നിൽക്കണം.നാടാണ് പ്രശ്നം,നാട്ടാർക്കാണ് പ്രശ്നം.രണ്ട് വർഷം, ദൂരെയെവിടെയെങ്കിലും പോയി നിന്ന് പഠനം നടത്താമെന്ന് അമ്മയോട് പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
“നീയും കൂടെ പോയാൽ എനിയ്ക്കും അവൾക്കും പിന്നെ ആരാ ഉള്ളത്.ആദി ഉള്ളതും ഇല്ലാത്തതും കണക്കാണ്.വീടിനും നാടിനും പ്രയോജനമില്ലാതെ വഴിതെറ്റി നടക്കുകയാണ്.”
അച്ഛൻ പറഞ്ഞതാ ശരി.മറ്റുള്ളവരുടെ വാക്കുകൾ കേട്ടും കൊണ്ട് തനിക്കവരെ ഉപേക്ഷിച്ച് പോകാൻ കഴിയുമോ.അച്ഛൻ പൂജയ്ക്ക് പോകുമ്പോൾ താൻ അടുക്കളയിൽ ചോറും കറിയും വയ്ക്കും.അച്ഛൻ മടങ്ങി വരുമ്പോൾ താൻ സ്കൂളിൽ പോകും.ഇടയ്ക്ക് അമ്മുവേച്ചിയുടെ അമ്മ ,അമ്മുവമ്മ എന്നാണ് അവരെ അർഷാദ് വിളിക്കുന്നത്,അമ്മുവമ്മ വന്ന് സഹായിക്കും.അമ്മയെ കുളിപ്പിക്കും , ഭക്ഷണം വാരി കൊടുക്കും.അവരിപ്പോൾ ഒറ്റയ്ക്കാണ്.ഭർത്താവ് ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയിരുന്നു.അവരുടെ ഒരേയൊരു മകളായിരുന്നു അമ്മു.
ഏക മകൾ നഷ്ടപ്പെട്ട ആ അമ്മ ,മകൻ നഷ്ടപ്പെട്ട അമ്മയുടെ പരിചരണം സസന്തോഷം ഏറ്റെടുത്തു.രണ്ടും തുല്യ ദുഃഖിതർ.മനക്കരുത്തിലുള്ള വ്യത്യാസം.അമ്മുവേച്ചിയുടെ അമ്മ കരുത്തയായ ഒരു സ്ത്രീയാണ്.ഭർത്താവ് പോയപ്പോഴും മകൾ മരിച്ചപ്പോഴും അത് തൻ്റെ വിധിയാണെന്ന് അവർ സമാധാനപ്പെട്ടു, പൊരുത്തപ്പെട്ടു.അർഷാദിനോടവർക്ക് മകനോടെന്ന പോലെ സ്നേഹമായിരുന്നു.
” മോനേ അടുത്ത വർഷം പത്താം ക്ലാസ്സിലാണ് നീ.നല്ലത് പോലെ പഠിയ്ക്കണം.സ്കൂളിൽ ഒന്നാമതാകണം.ദേവനും അമ്മുവിനും നീയെന്ന് വച്ചാൽ ജീവനായിരുന്നു.അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം നിന്റെ വിജയമാണ്.”
രാത്രിയും പകലും അവൻ പ്രയത്നിച്ചു.കഠിനമായ പരിശ്രമത്തിലൂടെ അവൻ സ്കൂളിൽ ഒന്നാമതായി എത്തി. അച്ഛനും അമ്മുവമ്മയും വളരെ സന്തോഷത്തിലായി.ഹെഡ് മാഷും മറ്റും മാസ്റ്റർമാരും ചേർന്ന് അവന് അടുത്തുള്ള കോളേജിൽ അഡ്മിഷൻ തരപ്പെടുത്തി.അമ്മയുടെ കാര്യം നോക്കണം,പണത്തിനായി അമ്മുവേച്ചിയുടെ അമ്മയോടൊപ്പം ചേർന്ന് പൂമാല കെട്ടി കൊടുക്കാനും തുടങ്ങി.
“മോൻ ഇവിടെ വന്ന് കഷ്ടപെടണ്ട,അമ്മു പോയി.എനിക്കിപ്പോൾ വേറെയാരാ ഉള്ളത്.നിങ്ങളൊക്കെ തന്നെയല്ലേ.”
ഒരു ദിവസം കോളേജിൽ നിന്നും മടങ്ങി വന്നപ്പോഴാണ് അറിയുന്നത് അമ്മ ര, ക്തം ശർ, ദിച്ചെന്ന്,അപ്പോൾ തന്നെ ആശുപത്രിയിലാക്കി.രക്താർബുദം അതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു.അമ്മക്ക് കൂടെ കൂടെ പനിയും നീർക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു.അന്നൊന്നും അതാരുമത്ര ഗൗരവമായി എടുത്തില്ല.അവസാനം വീട്ടിലേയ്ക്കു കൊണ്ട് പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു.
അർഷാദ് എപ്പോഴും അമ്മയുടെ കൂടെ തന്നെ കഴിഞ്ഞു.ആദിദേവൻ അമ്മയെ തിരിഞ്ഞു പോലും നോക്കിയില്ല. തന്റെ കട്ടിലിനടുത്തു ഉറക്കമൊഴിഞ്ഞിരിക്കുന്ന അച്ഛനോടും മകനോടും പോയി കിടന്നുറങ്ങാൻ അമ്മ പറയും.
“അച്ഛൻ കിടന്നോളൂ ,ഞാൻ അമ്മയ്ക്ക് കൂട്ടിരിയ്ക്കാം.”
“മോനും കിടന്നോളൂ, അമ്മ ആവശ്യമുണ്ടെങ്കിൽ നിന്നെ വിളിച്ചു കൊള്ളാം. നാളെ കോളേജിൽ പോകേണ്ടതല്ലേ.”
“അമ്മയ്ക്ക് സുഖമാകാതെ ഞാനിനി കോളേജിൽ പോകുന്നില്ല.”
അമ്മുവമ്മ പിന്നീട് പറഞ്ഞാണ് അവൻ അറിയുന്നത്.അമ്പലത്തിലെ ദേവന് അണിയേണ്ട പൂമാല കെട്ടാനായി അർഷാദിന്റെ കൈയിൽ കൊടുക്കുന്നതിനു അമ്മയും അച്ഛനുമായി ആദിദേവൻ വഴക്കുണ്ടാക്കി.അവൻ അമ്മയുടെ നേരെ കൈ ഉയർത്തി.ആ മനപ്രയാസം കൊണ്ടാകാം അമ്മയ്ക്ക് പെട്ടെന്ന് രോഗം മൂർച്ഛിച്ചത്.ഇഷ്ടമുള്ളവരുടെ കയ്യിൽ നിന്നും മാല വാങ്ങി ചാർത്തുന്നതാണ് ഭഗവാന് പത്ഥ്യം ,അല്ലാതെ ജാതിയും മതവും നോക്കി ,ഭക്തിയും വിശ്വാസവും തീണ്ടാത്തവരുടെ കയ്യിലെ നിവേദ്യങ്ങൾ ഭഗവാന് ഹിതമായിരിക്കില്ലയെന്ന് അമ്മ ആദിയെ അറിയിച്ചിരുന്നു.അവൻ അമ്മയെ പിടിച്ചു തള്ളിയിട്ടെന്ന്.
“ഞാൻ ജന്മം കൊടുത്തില്ലന്നേയുള്ളു.അവനാണ് എന്റെ മകൻ ,എന്റെ മാനസ പുത്രൻ.എന്റെ മനസ് നീറുന്നത് എല്ലാവരേക്കാളും വേഗത്തിൽ അവനു മനസിലാകും.അവനിപ്പോൾ ജീവിയ്ക്കുന്നത് തന്നെ ഞങ്ങൾക്ക് വേണ്ടിയാണ്.വേറെ പ്രശ്നമൊന്നുമില്ലെങ്കിൽ , സമുദായം സമ്മതിച്ചാൽ എന്റെ ചിതയ്ക്ക് അവൻ തന്നെ കൊള്ളി വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം.”
അമ്മ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ ഒരു രാത്രിയിൽ,തൻ്റെ അവസാനത്തെ യാത്ര പോയി.പോകുന്നതിനു മുൻപ് അവനെ അടുത്ത് വിളിച്ചു തലയിൽ തലോടുകയും പ്രാർത്ഥിക്കുകയും ചെയ്തു.പൂജാമുറിയിലെ ചെറിയ കുടത്തിൽ വച്ചിരുന്ന ഗംഗാജലം ആദി എടുത്തു കൊണ്ട് വന്നു.അർഷാദിനോട് തുളസിയില കൊണ്ട് വെള്ളം നാക്കിലിറ്റിക്കാൻ അച്ഛൻ ആവശ്യപ്പെട്ടു.
“ഞാനല്ലേ ഇതൊക്കെ ചെയ്യേണ്ടത്,ഞാനല്ലേ അമ്മയുടെ മകൻ .”
ആദി ദേഷ്യപ്പെട്ടു.
“അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭർത്താവെന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്.അവളുടെ ആത്മാവിനു മോക്ഷം കിട്ടട്ടെ .”
അമ്മുവമ്മ അമ്മയുടെ കണ്ണുകൾ മെല്ലെ അടച്ചു.അച്ഛൻ ഓടി നടന്നു മരണാനന്തര കർമ്മത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. അമ്മയുടെ വളയൂരി രഹസ്യമായി അർഷാദിന്റെ കയ്യിൽ കൊടുത്തു.
“മോൻ ഇത് എവിടെയെങ്കിലും കൊണ്ട് വിൽക്കണം.അവളുടെ കാര്യങ്ങൾക്കു ഒരു കുറവും വരാൻ പാടില്ല .”
“അച്ഛാ ,ആദി അറിഞ്ഞാൽ ? എന്നെ കള്ളനാക്കില്ലേ. നമുക്ക് വേറെ എന്തെങ്കിലും മാർഗം തൽക്കാലം നോക്കാം.”
അവരുടെ സംസാരം കേട്ട് കൊണ്ട് വന്ന അമ്മുവമ്മ കുറച്ചു പൈസ അർഷാദിന്റെ കയ്യിൽ വെച്ച് കൊടുത്തു.
“അമ്മുവിന്റെ കല്യാണത്തിന് വേണ്ടിയുള്ള എന്റെ സമ്പാദ്യമായിരുന്നു. ദേവന്റെ അമ്മയെ അവൾക്കു ജീവനായിരുന്നു.ആ അമ്മയ്ക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ മോനേ .”
അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല .ബ്രാഹ്മണരുടെ ശ്‌മശാനത്തിൽ അർഷാദിന് കൊള്ളി വയ്ക്കാൻ കഴിഞ്ഞില്ല.കർമ്മങ്ങളൊക്കെ ആദിദേവനാണ് ചെയ്തത്.
“അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ മോനെ .”
“അച്ഛൻ വിഷമിക്കരുത്.എൻ്റെ മനസ്സിൽ ഞാൻ അമ്മയ്ക്കുള്ള ഉദക ക്രിയകളൊക്കെ നടത്തി. അമ്മ സന്തോഷിച്ചിട്ടുണ്ടാകും.ഒരിക്കൽ ഞാൻ അമ്മയ്ക്ക് വേണ്ടി കാശിയിൽ പോകും.”
കരയുന്ന അച്ഛനെ അവൻ ചേർത്ത് പിടിച്ചു. അവനും അച്ഛനും മാത്രമായ അവസരങ്ങളിൽ അവിടെയൊക്കെ അമ്മയുണ്ടെന്നു രണ്ടാൾക്കും തോന്നിയിരുന്നു.അർഷാദ് കോളേജിൽ പോയി തുടങ്ങി.അമ്മുവമ്മയാണ് രണ്ടാൾക്കുമുള്ള ഭക്ഷണം തയാറാക്കിയത്.
അമ്മ പോയതോടെ ആദി വീട്ടിൽ വരുന്നത് തന്നെ വല്ലപ്പോഴുമായി.അവൻ്റെ ജീവിതം കുത്തഴിഞ്ഞതായി മാറി. ആവശ്യമില്ലാത്ത കൂട്ടുകളിലൊക്കെ പെട്ട അവൻ പത്താം ക്ലാസ്സിൽ തോറ്റു പോയി.അർഷാദാകട്ടെ ഓരോ ക്ലാസ്സിലും മിടുക്കനായി പഠിച്ച് അച്ഛൻ്റെയും നാടിൻ്റേയും അഭിമാനമായി വളർന്നു വന്നു.
******************
പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ പഠിക്കാൻ കൂടുതൽ സമയം വേണമെന്നായി, നല്ലത് പോലെ പഠിക്കണമെന്നും ,അച്ഛനെ സംരക്ഷിക്കണമെന്നുമുള്ള ആഗ്രഹം അർഷാദിന് ബലപ്പെട്ട് വന്നു.പക്ഷെ ട്യൂഷൻ ഒന്നും ഇല്ലാത്തത് കൊണ്ട് പല വിഷയങ്ങളിലും നല്ലത് പോലെ മാർക്ക് നേടാൻ കഴിഞ്ഞില്ല.ആദ്യ വർഷത്തെ പരീക്ഷാഫലം വന്നപ്പോൾ പഴയ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ സരസൻ മാഷാണ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് ,സംശയ നിവാരണത്തിന് അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് ചെന്നാൽ.അദ്ദേഹത്തിൻ്റെ ഡിഗ്രിയ്ക്ക് പഠിക്കുന്ന മകൾ അവന് ട്യൂഷൻ നൽകി കൊള്ളും.
അർഷാദിന് ആദ്യം താൽപ്പര്യമൊന്നും തോന്നിയില്ലയെങ്കിലും,മാഷിന്റെ മകൾ തുഷാരയെ കണ്ടത് മുതൽ ആ താൽപര്യക്കുറവ് മാറി കിട്ടി.അർഷാദിനേക്കാൾ രണ്ട് വയസ്സ് മുതിർന്ന ഒരു പെൺകുട്ടിയായിരുന്നു തുഷാര. ആത്മാർത്ഥമായി തന്നെ അവളവനെ പഠിപ്പിച്ചു.പരീക്ഷയ്ക്ക് നല്ലത് പോലെ മാർക്ക് കൂടിയെങ്കിലും, അവർക്ക് പരസ്പരം എന്തോ ഒരു ആകർഷണം തോന്നി തുടങ്ങി.ഒരു പെണ്ണിന് തൻ്റെ ഇഷ്ടം ആണിൽ നിന്നും മറച്ച് പിടിയ്ക്കാൻ എളുപ്പമാണ്.എന്നാൽ ആണിന് അങ്ങനെയല്ല, അറിയാതെ ഇഷ്ടം പരസ്യമാകും.ലക്ഷ്യത്തിൽ നിന്നും അവൻ്റെ മനസ്സ് വഴുതി പോകാൻ തുടങ്ങിയതോടെ പിന്നെ പഠിയ്ക്കാൻ അവൻ അങ്ങോട്ട് പോകാതെയായി.
ഒരു ദിവസം കോളേജ് വിട്ടു വരുമ്പോൾ തുഷാര വീട്ടിൽ കാത്തിരിപ്പുണ്ട്.അച്ഛൻ ഓട്ട് ടംബ്ലറിൽ കൊടുത്ത കാപ്പിയും ഊതി കുടിച്ച് അവളിരിക്കുന്നു.അർഷാദിനെ കണ്ടപ്പോൾ അച്ഛൻ നടക്കാനായി മുറ്റത്തേക്കിറങ്ങി .
“നീയെന്താ ഇപ്പോൾ പഠിക്കാൻ വരാത്തത്.”
കള്ളം പറയാനും ഒന്നും ഒളിപ്പിച്ചു വയ്ക്കാനും ഉമ്മയും അമ്മയും അച്ഛനും ആരും പഠിപ്പിച്ചിട്ടില്ല.അതുകൊണ്ടു അല്പം സങ്കോചത്തോട് കൂടി അവൻ ആ സത്യം അവളോട് തുറന്നു പറഞ്ഞു.
“എടാ മണ്ടാ നമ്മുടെ ഈ പ്രായത്തിൽ പരസ്പരം ഇഷ്ടവും ആകർഷണവും ഒക്കെ തോന്നുക സ്വാഭാവികമാണ് .പക്ഷെ നമ്മുടെ ലക്ഷ്യങ്ങൾ അത്രമേൽ ഉറച്ചതാണെങ്കിൽ ,ശക്തമാണെങ്കിൽ അതൊക്കെ നമ്മൾ എളുപ്പത്തിൽ മറി കടക്കും.
നീ പറഞ്ഞ അതേ ആകർഷണം എനിക്കും ഉണ്ടായിരുന്നു.അതിനെ മറി കടക്കാൻ ഞാൻ ഒരാഴ്ചയെടുത്തു.എന്റെ ലക്‌ഷ്യം ഒരു സിവിൽ സർവൻ്റ് ആകുക എന്നതാണ്.അത് കഴിഞ്ഞേ മറ്റെല്ലാം എനിക്കുള്ളൂ.നമ്മുടെ ഈ തുറന്നു പറച്ചിൽ തന്നെ എത്ര പോസിറ്റീവ് ആണെടോ .നാളെ മുതൽ നീ പഠിക്കാൻ വരണം.ഇനി മുതൽ നീ ആണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ.”
അവനു കൈ കൊടുത്തു അവൾ മടങ്ങി പോയി. ജീവിതത്തിലെ ഏറ്റവും വലിയൊരു പാഠം ആണ്,തുഷാര പഠിപ്പിച്ചത്.പ്രേമവും കാ, മവും ഒക്കെ ലക്ഷ്യത്തിനു മുന്നിൽ ഒന്നുമല്ലാതെയാകുന്നു.അന്ന് തുഷാരയോട് തോന്നിയത് പോലൊരു വികാരം പിന്നെയവന് ആരോടും ഉണ്ടായിട്ടില്ല.പഠനം മാത്രമായി ലക്‌ഷ്യം.
കൂടെ കൂടെ ഏട്ടനായ മഹാദേവനെ സ്വപ്നം കാണുമായിരുന്നു.ഏട്ടന്റെ സ്നേഹസ്പർശം അവൻ പലപ്പോഴും സ്വപ്നത്തിൽ അറിഞ്ഞിട്ടുണ്ട്.ഞെട്ടി ഉണരുമ്പോൾ അച്ഛൻ അടുത്തുള്ള കട്ടിലിൽ അവനെ നോക്കിയിരുപ്പുണ്ടാകും.
“ദേവൻ വന്നിരുന്നു അല്ലേ നിന്നെ കാണാൻ.”
അവൻ തലകുലുക്കി .
“അച്ഛാ ഏട്ടന് മോക്ഷം കിട്ടി കാണുമോ ,ഏട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടാകുമോ ,പാവം ഏട്ടൻ .”
അവനു കരച്ചിൽ വരും.
“നമുക്കൊന്ന് കാശി വരെ പോകണം മോനേ ,അമ്മയ്ക്കും ദേവനും മോക്ഷം കിട്ടാൻ വേണ്ടുന്ന കർമങ്ങൾ ചെയ്യണം.അമ്മയുടെ ചിതാ ഭസ്മം കാശിയിൽ ഒഴുക്കണം.എനിക്കും ഒരു ഗംഗാ സ്നാനത്തിന് ആശയുണ്ട്. “
പരീക്ഷ തീരുന്ന മെയ് മാസത്തിൽ, അച്ഛനും ആദിയും അർഷാദും കൂടെ കാശിയിൽ പോകാൻ തീരുമാനിക്കപ്പെട്ടു.അച്ഛൻ അമ്മയുടെ സ്വർണം വിറ്റ പണം യാത്രയ്ക്കായി കരുതി വച്ചു.പക്ഷെ തീരുമാനങ്ങളെ തകിടം മറിയ്ക്കുന്ന ചില സംഭവങ്ങൾ താമസിയാതെ ഉണ്ടായി.ആദിയ്ക്ക് സ്കൂളിൽ വച്ചേ ഒരു പെൺകുട്ടിയുമായി ഇടപാടുണ്ടായിരുന്നു,ഒരു തരം വൃത്തികെട്ട ബന്ധം.സ്ഥലത്തെ കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ മകൾ.അവർ ഒരേ ക്ലാസ്സിൽ പഠിച്ചവരായിരുന്നു.അവൻ കൂടെ കൂടെ പെൺകുട്ടിയെ കാണാൻ രാത്രിയിൽ അവളുടെ വീട്ടിൽ പോകുക പതിവുണ്ടായിരുന്നു.ഒരു ദിവസം ആ കുട്ടിയുടെ മുറിയിൽ അസമയത്ത് വെളിച്ചം കണ്ട വീട്ടുകാർ മുറി പുറത്ത് നിന്നും പൂട്ടി, നാട്ടുകാരെ വിളിച്ചു കൂട്ടി.എല്ലാവരും ചേർന്നു നല്ല പോലെ മർദ്ദിച്ചവനെ പോലീസിൽ ഏല്പിച്ചു,രണ്ടു പേരും മൈനർ ആയതു കൊണ്ട് അവനെ നല്ല നടപ്പിന് വിട്ടു.അവൻ വീട്ടിൽ കയറാതെയായി. കാശിയിൽ പോകാൻ തീരുമാനിച്ച സമയമടുത്തു വന്നു.
“അച്ഛാ കർമങ്ങൾ ചെയ്യാൻ ആദിയും വേണ്ടേ? “
“സ്നേഹമുള്ള മകൻ മതി.അതിനു നീയുണ്ടല്ലോ.കർമ്മങ്ങൾ നീ ചെയ്താൽ മതി അവർ രണ്ടു പേർക്കും തൃപ്തിയാകും.അത് മതി ,അത് മതി.”
ആദിയെ കൂടാതെ അർഷാദ് അച്ഛനെയും കൂട്ടി കാശിക്കു പോകാൻ തീരുമാനിച്ചു.കാശി ആത്മീയതയും ഭക്തിയും പഴമയും ഒത്ത് ചേർന്ന നാട്.അമ്മയുടെ ചിതാഭസ്മവുമായി അച്ഛനോടൊപ്പം യാത്ര തിരിച്ചു.
പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു ,കാശി എന്ന മഹാശ്മശാനം.കാളികയുടെ കാശി,മരണമായ,അവസാനമായ കാശി. ഈ നഗരത്തില്‍ പ്രവേശിക്കുന്നതിനൊപ്പം തന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്നു.
അവിടെയെത്തിയപ്പോൾ മുതൽ അച്ഛൻ്റെ മറ്റൊരു മുഖമാണ് കണ്ടത്.സദാ മൗനത്തിലായി, ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു.എപ്പോഴും ഒരേ ആലോചന, കണ്ണടച്ച് ധ്യാനിച്ചങ്ങനെയിരിക്കും.ഉദകക്രിയയൊക്കെ യഥാവിധി ചെയ്തു.ക്ഷേത്രത്തിലെ മംഗള ആരതിയിലും സന്ധ്യാ സമയത്തെ ഗംഗാ ആരതിയിലും സന്തോഷത്തോടെ പങ്കെടുത്തു .
മണികർണികയിലെ ഘാട്ടിലെത്തുമ്പാൾ ആ പ്രദേശത്തിന് മുഴുവൻ മൃ, തദേഹങ്ങൾ കരിയുന്ന ഗന്ധമാണെന്ന് തോന്നിപ്പോയി. സദാസമയവും ഒരു ശവമെങ്കിലും കത്തി എരിയുന്നുണ്ടാകും.കാശിയിൽ ഏകദേശം എൺപതിനാല് ഘാട്ടുകളുണ്ട്.
മണികർണിക ഘാട്ടിൽ വച്ച് അന്തരിച്ചാൽ പിന്നെ പുനർജന്മം ഇല്ലെന്നാണ് വിശ്വാസം.സംസാര ബന്ധനങ്ങളിൽ നിന്നും മോചനം ഉണ്ടാകുമെന്നാണ് വിശ്വാസം.
“മോനേ ,അച്ഛനിവിടെ വച്ച് മരിച്ചാൽ ….. എങ്കിൽ ഞാൻ ഭാഗ്യവാനാണ്. എന്നെ ഈ നാട്ടിൽ സംസ്കരിക്കണം.ഘാട്ട് എന്ന പദത്തിന് നദിയിലേയ്ക്കുള്ള കൽപ്പടവുകൾ എന്നാണർത്ഥം.നിന്നെ ആദ്യമായി കണ്ടത് അമ്പലക്കുളത്തിലെ കൽപ്പടവുകളിൽ വച്ചാണ്, അവസാനമായി കാണുന്നതും കൽപ്പടവുകളിൽ ആകട്ടെ.”
അവനച്ഛനെ കെട്ടിപ്പിടിച്ചു.
“പിന്നെയെനിക്ക് ആരാണച്ഛാ ഉള്ളത്.ആദിയുടെ കാര്യമോ.”
മണികർണിക ഘാട്ടിൽ മൃതദേഹം ദഹിപ്പിച്ചാൽ പുനർജന്മത്തിന്റെയും മരണത്തിന്റെയും ചക്രത്തിൽ നിന്ന് മോചനം നേടുകയും ശരീരം ശിവനിൽ ലയിക്കുകയും ചെയ്യുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.വിറക് കൂമ്പാരങ്ങളും വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങളും ഒരു സാധാരണ കാഴ്ചയാണ് അവിടെ.നമ്മൾ ഗർവോടെ കൊണ്ട് നടക്കുന്ന ശരീരത്തിന്റെ നിസ്സഹായത ക്ഷണനേരം കൊണ്ട് മനസ്സിലാക്കുന്ന കാഴ്ചകൾ.മരണം ഒരു നിസാരമായ കാഴ്ച.പുരോഹിതർ പരേതൻ്റെ ബന്ധുകളുമായി വിലപേശുന്നു.അവരുടെ ഇടയിലൂടെ ചായ വിറ്റു നടക്കുന്ന ചായാവാല,വിചിത്രങ്ങളായ കാഴ്ചകൾ.ജീവിതവും മരണവും ഒന്നിച്ച് സമാന്തരമായി ഓടുന്ന ട്രാക്കുകൾ പോലെ.
ഗംഗാ സ്നാനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അച്ഛന് വയ്യാതായത്,ഒരു നെഞ്ച് വേദന. പരിത്യാഗികളുടെ പുരാതന കുലമായ ദശനാമി സമ്പ്രദായത്തിൽപ്പെട്ട മഹാനായ ഒരു സന്യാസി വര്യനെ ഘാട്ടിൽ വച്ച് പരിചയപ്പെട്ടു.കാവി വസ്ത്രധാരി,കയ്യിലൊരു ദണ്ഡി.അദ്ദേഹത്തിൻ്റെ ശിഷ്യൻമാരുടെ സഹായത്തോടെ അച്ഛനെ ഒരു കുടിലിലേയ്ക്ക് മാറ്റി.അവിടെ വച്ച് സന്യാസി വര്യൻ അച്ഛന് വിശ്രമവും ചികിൽസയും വിധിച്ചു.
അവിടെ താമസിച്ച ആ നാളുകളിൽ ധ്യാനത്തിൻ്റേയും യോഗയുടേയും ആദ്യപാഠങ്ങൾ അദ്ദേഹത്തിൽ നിന്നും അർഷാദിന് ലഭിച്ചു.പരിപൂർണമായ സമാധാനം ലഭിയ്ക്കേണ്ട അന്തരീക്ഷം,എന്നിട്ടും അച്ഛനെയോർത്തവൻ വേദനിച്ചു.
“സ്വാമിൻ അച്ഛനെങ്ങനെയുണ്ട്? ഞങ്ങൾക്കു ഉടനെ മടങ്ങാൻ സാധിക്കുമോ? അച്ഛനില്ലാതെ ജീവിയ്ക്കുന്ന കാര്യം എനിക്കോർക്കാൻ കൂടി വയ്യ.”
“അച്ഛനിപ്പോൾ വിശ്രമമാണ് ആവശ്യം.ക്ഷീണമൊക്കെ മാറട്ടെ. പതിയെ മടങ്ങാം.”
“എനിക്ക് മടങ്ങേണ്ട സ്വാമീ.അങ്ങയുടെ ശിഷ്യനാക്കുമോ സ്വാമി എന്നെ.ഞാനങ്ങയുടെ പാദപൂജ ചെയ്തിവിടെ കഴിഞ്ഞോളാം.ഇവിടത്തെ ജീവിതം എനിയ്ക്കിഷ്ടമായി.അച്ഛൻ കൂടെയുള്ളത് കൊണ്ട് മനസ്സമാധാനം ഉണ്ട്.ഞങ്ങളൊന്നിച്ചിവിടെ കഴിഞ്ഞോളാം.”
“നിന്നെയെനിക്ക് ഇഷ്ടമായി.പക്ഷെ കാലാവസ്ഥ മാറുമ്പോൾ നിന്റെ അച്ഛനിവിടെ കഴിയാൻ പറ്റില്ല.നിങ്ങൾ മടങ്ങണം.നിനക്ക് പഠിയ്ക്കണ്ടേ,നിന്റെ ലക്ഷ്യങ്ങൾ മറന്നോ.നീ മനസ്സിൽ ഉദ്ദേശിച്ചത് ഒക്കെ നടന്നല്ലോ.എല്ലാം മംഗളമായി.പതിവായി ധ്യാനിക്കുക.എൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.”
“സർവകലാശാലയിലെ പഠിപ്പൊക്കെ വ്യർത്ഥമല്ലേ സ്വാമി.എല്ലാം മായക്കാഴ്ചകൾ മാത്രമല്ലേ.”
“നിന്റെ ജന്മോദ്ദേശം ഇതല്ല കുഞ്ഞേ.ഭൂതകാലത്തിലെ ചില കർമ്മങ്ങളുടെ ഫലമായി ചിലത് വീണ്ടും പഠിയ്ക്കുന്നതിന് വേണ്ടിയാണ് നീയീ ജന്മം കൈ കൊണ്ടത്.ഇത് നിന്റെ നിയോഗമാണ്.കൂടുതൽ കാര്യങ്ങൾ സമയമാകുമ്പോൾ പഠിയ്ക്കും.അത് വരെ ഞാൻ തന്ന ക്രിയകളും ധ്യാനങ്ങളും ശീലിക്കുക.ദുർഗുണ സംസർഗ്ഗം ഒഴിവാക്കുക.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.”
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സന്യാസി വര്യൻ്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും, ആരോഗ്യം വീണ്ടെടുത്ത അച്ഛനുമായി അർഷാദ് നാട്ടിലേക്ക് തിരിച്ചു.
ഗൃഹാതുരത്വം ആദ്യമായി അറിഞ്ഞ നാളുകൾ, അത്രമേൽ പ്രിയമായിരുന്നു ആ നാടും വീടും.കണ്ടപ്പോൾ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച അമ്മുവമ്മ,തൻ്റെ മകളെ നഷ്ടപ്പെട്ട വേദനകൾ മറികടന്നത് അർഷാദിനെ സ്നേഹിച്ചാണ്.ഏകാന്തത അമ്മുവമ്മയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു, അകാല വാർദ്ധക്യത്തിൻ്റെ ചിത്രപ്പണികൾ.ബാക്കിയൊന്നിലും ഒരു മാറ്റവും കണ്ടില്ല.
അച്ഛനും അവനും മാത്രമുള്ള അവരുടെ കൊച്ച് വീടിന് ജീവൻ നൽകിയത് അമ്മുവമ്മയുടെ സാന്നിധ്യമാണ്.
മടങ്ങി വന്നപ്പോഴേക്കും പ്രീഡിഗ്രി റിസൾട്ട് വന്നു.അച്ഛന്റെ അനുഗ്രഹം കൊണ്ട് നല്ലൊരു വിജയം നേടാൻ കഴിഞ്ഞു.തുടർ പഠനത്തിനുള്ള സാധ്യത മങ്ങി,കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു പ്രശ്നം.കോളേജിൽ ചേരാനുള്ള പണം സരസൻ മാഷ് തന്നു.
നഗരത്തിലുള്ള കോളേജിൽ പോകാനായി പാസഞ്ചർ ട്രെയിനിൽ പോകണം.ദിവസം രണ്ടു മൂന്നു മണിക്കൂർ യാത്ര ചെയ്യണം.എന്നാലും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് എന്തും സഹിക്കാൻ തയാറായി.രാവിലെ ഏഴരയ്ക്ക് സ്റ്റേഷനിൽ നിന്നും വണ്ടിയിൽ കയറും.ഇറങ്ങുമ്പോൾ അമ്മുവമ്മ കഴിക്കാൻ എന്തെങ്കിലും പൊതിയാക്കി നൽകും.മിക്കവാറും ദോശയോ ഇഡലിയോ ,അത് ഉച്ച ഭക്ഷണമാക്കും.തിരികെ അഞ്ചു മണിയുടെ ട്രെയിനിൽ മടങ്ങും .മിക്കവാറും പഠനമൊക്കെ ട്രെയിനിൽ വച്ച് നടത്തും.
അമ്പല മുറ്റത്തു അമ്മുവമ്മ പൂജ ദ്രവ്യങ്ങൾ വിൽക്കുന്ന ഒരു കട നടത്തിയിരുന്നു. മത്സരം വന്നപ്പോൾ കട നഷ്ടത്തിലായി.അതിൽ ആദിക്കും വലിയൊരു പങ്കുണ്ടായി.അമ്മുവമ്മയെ പൂമാല കെട്ടാൻ സഹായിക്കുന്നത് മുസൽമാനായ അർഷാദ് ആണെന്ന് അവൻ എല്ലാവരെയും അറിയിച്ചിരുന്നു .അത് യാഥാസ്ഥിക വിശ്വാസികളെ വളരെയധികം കോപാകുലരാക്കി.ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിൽക്കാൻ കഴിയുന്നത് മത വിശ്വാസമാണെന്നും അതിനാൽ പൂക്കച്ചവടം അവസാനിപ്പിക്കുകയാണെന്നും അമ്മുവമ്മ അർഷാദിനോടും അച്ഛനോടും അറിയിച്ചു.അങ്ങനെ അർഷാദിന്റെ ആവശ്യപ്രകാരം അമ്മുവമ്മ ഒരു തട്ടുകട തുടങ്ങി.അതിന്റെ സഹായിയായി അർഷാദും കൂടി.അതവന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ അച്ഛന് ആദിയോട് കടയിൽ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അവൻ ആ ആവശ്യം നിരാകരിക്കുകയും ചെയ്തു.
രണ്ടാം വർഷം ആയപ്പോൾ അവന്റെ അദ്ധ്യാപകരുടെ ആവശ്യ പ്രകാരം അവനെ ഹോസ്റ്റലിൽ ചേർക്കാൻ അച്ഛൻ നിർബന്ധിതനായി.പാർട്ട് ടൈം ആയി ജോലി ചെയ്തു പഠിക്കാമെന്നു അവനും തീരുമാനിച്ചു.പക്ഷെ അവനോടുള്ള ആദിയുടെ ഉപദ്രവവും വഴക്കും കൂടിയപ്പോൾ അവൻ ഹോസ്റ്റലിൽ പോകാൻ തയാറായി.അർഷാദ് അനാഥനാണെന്നും ,അവനു വേണ്ടി ഒരു നയാ പൈസ പോലും അച്ഛൻ ചിലവാക്കരുതെന്നും പറഞ്ഞു ആദി അച്ഛനോടും വഴക്കുണ്ടാക്കി. അച്ഛനെയും അമ്മുവമ്മയെയും പിരിയാനുള്ള വിഷമം ഉണ്ടായിരുന്നുവെങ്കിലും തത്കാലം വീട്ടിൽ നിന്നും മാറി നിൽക്കാൻ അവൻ തയാറായി.അവന്റെ പഠന ചെലവ് അമ്മുവമ്മ കൊടുക്കാൻ തയാറായി.
“എനിക്കാരുമില്ലല്ലോ മോനെ,നീയാണിപ്പോൾ എന്റെയെല്ലാം. “
അതിനിടയിൽ വീട്ടിൽ വീണ്ടുമൊരു പ്രശ്നം ആദിയുണ്ടാക്കി.അവനേതോ പെൺകുട്ടിയെ വീട്ടിലേയ്ക്കു വിളിച്ചു കൊണ്ട് വന്നു.അങ്ങനെ അർഷാദിനെ ആ വീട്ടിൽ നിന്നും പൂർണമായി ഒഴിവാക്കുകയായിരുന്നു അവന്റെ ലക്‌ഷ്യം.അതിലവൻ വിജയിക്കുകയും ചെയ്തു.അർഷാദിന്റെ സാധനങ്ങളൊക്കെ അവനെടുത്തു തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു.അമ്മുവമ്മ അത് പിടിച്ചു വാങ്ങി അവരുടെ വീട്ടിൽ കൊണ്ട് വച്ചു.
“എന്റെ കുടുംബത്തിൽ എങ്ങനെയാണ് ഇങ്ങനൊരു അസുര വിത്ത് ജനിച്ചതെന്നറിയില്ല അമ്മുവിൻ്റെ അമ്മേ.”
“അങ്ങുന്നു വിഷമിക്കണ്ട,അവൻ ഒരിക്കലും അനാഥനാകില്ല.അവനെ ഞാൻ നോക്കും ,എന്റെ പേരിലുള്ള മൂന്ന് സെൻറ് സ്ഥലം എൻ്റെ കാലശേഷം അവനു കൊടുക്കും ഞാൻ.അതിനുള്ള രേഖകളൊക്കെ ഞാൻ തയാറാക്കിയിട്ടുണ്ട്.ഇവിടെ എൻ്റെ വീട്ടിൽ അവൻ കഴിയും.”
“നന്ദിയുണ്ട്.ഇതൊന്നും അവൻ അറിയണ്ട .അവൻ പഠിക്കട്ടെ മിടുക്കനായി.ഞാൻ വിഷമിച്ചാൽ എന്റെ കുഞ്ഞു വിഷമിക്കും.ഇതാരും തൽക്കാലം അറിയണ്ട.”
അവൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തി.അച്ഛനും അമ്മുവമ്മയും സരസൻ മാഷും തുഷാരയും അവന്റെ പഠനത്തെ പ്രോത്സാഹിപ്പിച്ചു.അവന്റെ ബിരുദ പഠനം കഴിഞ്ഞപ്പോൾ അവനെ ഒരു സന്തോഷ വർത്തമാനം കാത്തിരുന്നു.
അവന്റെ മനസാക്ഷി സൂക്ഷിപ്പ്കാരിയായിരുന്ന, പഠിക്കാൻ മിടുക്കിയായിരുന്ന തുഷാരയ്ക്കു ഐ പി എസ് ലഭിച്ചു. അവനവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി ധാരാളം ആളുകളും മാധ്യമ പ്രവർത്തകരും അവിടെ കൂടിയിരുന്നു.അവളെ കാണാൻ കുറെ നേരം അവൻ കാത്തിരുന്നു .അവനെ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ സരസൻ മാഷ് വന്നവനെ കൂട്ടികൊണ്ടു പോയി.അവനെ കണ്ടപ്പോൾ തുഷാര ഓടി വന്നു. ചുറ്റുമുള്ളവരെയൊന്നും ഗൗനിക്കാതെ അവനെയവൾ കെട്ടിപിടിച്ചു കഴുത്തിൽ തൂങ്ങി.
“എനിക്കറിയാമായിരുന്നു നീ വരുമെന്ന്.ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.”
“നിനക്ക് ഐ എ എസ് അല്ലേ താല്പര്യം.ഒന്നും കൂടെ ശ്രമിച്ചു കൂടെ നിനക്ക് ? “
“എനിക്കിപ്പോൾ ഒരു പോലീസുകാരിയാകാനാണ് താല്പര്യം.എന്തായാലും എൻ്റെ ട്രെയിനിങ് കഴിയട്ടെ.ചിലപ്പോൾ തീരുമാനം മാറിയാലോ.”
മസൂറിയിലെ ട്രെയിനിങ്ങിന് പോകുന്നതിന് മുൻപായി തുഷാര അവനെ ഒരിക്കൽ കൂടി കാണാൻ വന്നു.അവനെയും കൂട്ടി അവൾ ബീച്ചിൽ പോയി.അന്നാദ്യമായി അവൻ അവളുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്നു.
“നിനക്കെന്റെ യഥാർത്ഥ കഥയറിയാമോ അർഷൂ? “
“ഞാനറിയാത്ത എന്ത് കഥയാണ് നിനക്കുള്ളത്.ഒരു ഇരുപത്തിമൂന്നുകാരിയായ നിനക്കെന്ത് കഥയാണ് തുഷാരേ ? നീയെന്റെ സരസൻ മാഷിന്റെ ഒരേയൊരു മകൾ.മിടുക്കി,സുന്ദരി അല്ലാതെന്താ.?”
“ഞാനെന്റെ അച്ഛന്റെ സ്വന്തം മകളല്ല.എന്റെ സ്വന്തം അച്ഛനല്ല മാഷ്, നിനക്കുള്ളത് പോലെയൊരു വളർത്തച്ഛൻ.ഞാൻ ഈ നാട്ടിൽ നിന്നും പോകുകയല്ലേ.എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് .പോകുന്നതിനു മുൻപ് നിന്നോടെല്ലാം തുറന്ന് പറയണമെന്ന് തോന്നി.”
അവളവനോട് കൂടുതൽ ചേർന്നിരുന്നു.
“നിന്റെ കഥയൊക്കെ അറിഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത്,ഞാനും നീയും തമ്മിലുള്ള സമാനതകളെക്കുറിച്ചാണ്. നിന്നെക്കാൾ ഒരു മൂന്ന് വർഷം മുൻപ് ജനിച്ചത് ഇപ്പോൾ ഒരു സങ്കടമായി തോന്നുന്നു.ഞാൻ നിന്നേക്കാൾ മുതിർന്നതായി പോയി.അത് കൊണ്ട് നീ എനിക്ക് നല്ല ബഹുമാനം നൽകുന്നു.നീ എന്നെ ലാളിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.”
അവൾ പുഞ്ചിരിച്ചു.ആ പുഞ്ചിരിയുടെ അർത്ഥം അവനു പെട്ടെന്ന് മനസിലാക്കുകയും ചെയ്തു.
“ഒരു അനാഥനായ എനിക്ക് ഒരു ഐ പി എസ് കാരി ആകുന്നത് മോഹിക്കാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിഞ്ഞല്ലോ.”
അവൾ അവന്റെ കയ്യിൽ അമർത്തിയൊരു നുള്ളു കൊടുത്തു.
“നിനക്കിഷ്ടമുള്ളതു വരെ നീ പഠിച്ചു കൊണ്ടേയിരിക്കണം.നിന്റെ പഠനത്തിനുള്ള പൈസ ഇനി ഞാൻ തരും.ഒരു പക്ഷേ നിനക്ക് മുൻപേ ഞാൻ ജനിച്ചതിന് കാരണം, നിന്നെ സംരക്ഷിക്കേണ്ടത് എൻ്റെ നിയോഗമായതിനാലാകും.”
“ഞാൻ അനാഥനാണെന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല .എല്ലാവരും എന്നെ സ്നേഹിക്കാൻ മത്സരിക്കുകയാണ്.അച്ഛൻ,അമ്മുവമ്മ,നീ,സരസൻ മാഷ്, കോളേജിലെ അദ്ധ്യാപകർ…. അങ്ങനെയെല്ലാവരും.ആദി മാത്രമേയുള്ളു എന്നോട് പിണങ്ങുന്നത്.പക്ഷെ അവനോടു എനിക്ക് ഒരു ദേഷ്യമില്ല. അവനെന്റെ അനിയനല്ലേ.”
അവളവൻ്റെ കയ്യിൽ ഉമ്മ വച്ചു.
“നിന്റെ ഈ മനസ്സാണ് എനിക്കേറ്റവും ഇഷ്ടവും.ഞാൻ ട്രെയിനിങ് കഴിഞ്ഞു വരട്ടെ ,നിന്റെ അനിയന് കുനിച്ചു നിർത്തി രണ്ട് ഇടി കൊടുക്കണം.”
“അയ്യോ അവൻ പാവമാ,ചെറുപ്പത്തിന്റെ ചാട്ടമാ. നീ അത് വിടൂ നിന്റെ കഥ പറയൂ.”
അവൾ ഗൗരവത്തിലായി.അവളുടെ മുഖം വലിഞ്ഞ് മുറുകി.കണ്ണുകൾ നിറഞ്ഞു.അവൾ വിദൂരതയിൽ നോക്കി കഥ പറയാൻ തുടങ്ങി.
“ഒൻപതു വയസ്സുകാരിയായ ഒരു പെൺകുട്ടി എന്നും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് കൊണ്ടിരുന്നത് അവളുടെ അമ്മയുടെ നിലവിളി കേട്ടിട്ടാണ്.പാതിരാത്രി കുടിച്ചു നാലുകാലിൽ കയറി വരുന്ന അച്ഛൻ്റെ മർദ്ദനമേറ്റ് കരയുന്ന അമ്മയാണവളുടെ പാതിരാക്കാഴ്ച.ഒരു രാത്രിയിൽ ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റപ്പോൾ ,കോണിപ്പടിയിലൂടെ ഉരുണ്ട് നിലത്ത് വീണ് കിടക്കുന്ന അമ്മ.അമ്മയിൽ നിന്നുയരുന്ന വേദനയുടെ വിലാപം.ഓടി അടുത്ത് ചെന്ന അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന അമ്മയുടെ ആ ദയനീയ രൂപം ,എൻ്റെ ഓർമ്മയിൽ നിന്നും മായുന്നില്ല.”
“മറ്റൊരു രാത്രിയിൽ അമ്മയുടെ വലിയ നിലവിളി കേട്ട് അവളുണർന്നു. ജീവനില്ലാത്ത അച്ഛന്റെ ദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ.അന്ന് വീട്ടിൽ അതിഥിയായി അമ്മയുടെ ചേട്ടന്റെ മകൻ മനോജേട്ടൻ ഉണ്ടായിരുന്നു.അച്ഛൻ മരിച്ചെന്നു വീട്ടിൽ വന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.കുടിച്ചു കുടിച്ചു അച്ഛൻ രക്തം ശർദ്ദിച്ചു മരിച്ചെന്നു എല്ലാവരും കരുതി.ആർക്കും സംശയമില്ലാത്തത് കൊണ്ട് സ്വാഭാവിക മരണമെന്ന് വിധിയെഴുതി.”
“ഓടിട്ട പഴയ തറവാടിലെ വലിയ ഹാളിൽ വെള്ള പുതച്ചു കിടത്തിയ അച്ഛന്റെ തലയ്ക്കൽ കത്തിച്ചു വച്ചിരിക്കുന്ന തേങ്ങാ മുറിയിലെ ദീപനാളങ്ങൾ അനിഷ്ടഭാവം പ്രകടിപ്പിക്കുന്ന പോലെ കാറ്റത്തു ആടിയാടി നില കൊണ്ടു.മനോജേട്ടന്റെ കൂടെ മുകളിലുള്ള അച്ഛന്റെ മുറിയിലേയ്ക്ക് അവൾ നടന്നു .ചുളിവ് വീണ കട്ടിലിലെ വിരിവുകൾ മനോജേട്ടൻ ശ്രദ്ധയോടെ വിരിച്ചു .കട്ടിലിന്റെ താഴെ ആരും കാണാതെ കിടന്ന വിഷക്കുപ്പി മനോജേട്ടൻ അടച്ചു പോക്കറ്റിൽ സുരക്ഷിതമാക്കി വച്ചു.”
“അമ്മ എല്ലാവരുടെയും മുൻപിൽ ദുഃഖഭാവത്തിൽ പെരുമാറി.പതിനാറാം അടിയന്തിരം വരെ ബന്ധുക്കളെ കൊണ്ട് വീട് നിറഞ്ഞിരുന്നു.എല്ലാവരും പിരിയുന്നത് വരെ അമ്മയെ ഒറ്റയ്ക്ക് അവൾക്കു കിട്ടിയില്ല.ആളൊഴിഞ്ഞ വീട്ടിലെ നിശബ്ദതയിൽ മനോജേട്ടൻ അമ്മയെ ഭീഷണിപ്പെടുത്തുന്നത് കണ്ടു.അമ്മയെ വട്ടം ചുറ്റി നിന്ന ഏട്ടനെ അമ്മ തള്ളി മാറ്റുന്നു.വിഷം ഇരുന്ന ചെറിയ കുപ്പി അമ്മയെ അയാൾ ഉയർത്തി കാണിക്കുന്നു,അയാൾ ഭീഷണിപ്പെടുത്തുന്നു.അമ്മ കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി നൽകുന്നു.മനോജേട്ടൻ കൂടെ കൂടെ കുടിച്ചു കൊണ്ട് വീട്ടിൽ വരാൻ തുടങ്ങി.അച്ഛൻ പോയിട്ടും മദ്യ ഗന്ധം വീട്ടിൽ തങ്ങി നിന്നു.”
ഒരു ദിവസം മനോജേട്ടന്റെ മുന്നിലിരുന്നു അമ്മ കരയുന്നു.അമ്മ പറയുന്നതൊന്നും ഏട്ടൻ സമ്മതിക്കുന്നില്ല.പിന്നെ ഏട്ടൻ ബഹളം വയ്ക്കുന്നു.
“അപ്പച്ചി ആ സത്യം എനിക്ക് മാത്രമേ അറിയൂ.ഇപ്പോൾ ഞാൻ പോകാം.പക്ഷെ ഞാൻ വരും.ഇപ്പോൾ ഞാൻ വന്നത് ആർക്കും അറിയില്ല .ഇനി എല്ലാവരെയും കൂട്ടി ഞാൻ വരും.”
“മനോജേ എന്നെ വെറുതെ വിട്ടുകൂടെ .എന്റെ കയ്യിലൊന്നും ബാക്കിയില്ല.എല്ലാം അയാൾ നശിപ്പിച്ചു.അന്ന് രാത്രി എന്റെ സ്വർണവും പണവും എല്ലാം കെട്ടി പൊതിഞ്ഞു അവൾക്കു ഒടുക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അങ്ങനെ ചെയ്തത്.എന്റെ മകൾ വളർന്നു വരികയല്ലേ.തീരെ സഹിക്കാൻ കഴിയാഞ്ഞല്ലേ ഞാനയാളെ……ഞങ്ങൾക്കും വേണ്ടേ ഒരു ജീവിതം.”
“നിങ്ങൾ അത്ര ശീലാവതി ചമയണ്ട.”
അമ്മ എന്റെ കഴുത്തിൽ കിടന്ന മാല ഊരി മനോജേട്ടന് നൽകുന്നു.അമ്മ കൊടുത്ത ചായയും കുടിച്ചു സന്തോഷത്തോടെ ബൈക്കുമെടുത്ത് മനോജേട്ടൻ പോയി.
രാത്രിയിൽ അമ്മാവന്റെ വീട്ടിൽ നിന്നും വിളി വന്നു.മനോജേട്ടൻ മരിച്ചെന്ന്.പോസ്റ്റുമാർട്ടം ചെയ്തു .മദ്യത്തിനൊപ്പം വിഷവും ഉള്ളിൽ ചെന്നിട്ടുണ്ട്.പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടെ ബാറിൽ മദ്യപിച്ചവരെ അന്വേഷിക്കുന്നു.കയ്യിൽ ധാരാളം പണം ഉണ്ടായിരുന്നു.
അച്ഛന്റെ കൊലപാതകം സമയത്ത് അമ്മ പിടിക്കപ്പെതാതെ രക്ഷപ്പെട്ടിരുന്നു.ആ ധൈര്യമാണ് വീണ്ടും അമ്മയെ ഒരു കൊലപാതകിയാക്കിയത്.
അമ്മാവൻ പെങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനായ സരസൻ മാഷിന്റെ ആലോചന കൊണ്ട് വന്നു.എനിക്കങ്ങനെ നല്ലൊരു അച്ഛനെ കിട്ടി.പക്ഷെ അമ്മ അധിക സമയം ഞങ്ങളുടെ കൂടെ ഉണ്ടായില്ല .
വീടിന്റെ തട്ടിൻപുറത്തു അമ്മ കൂടെ കൂടെ കാണുന്ന നിഴലുകൾ,അമ്മയെ പിന്തുടരുന്ന ആ നിഴലുകൾ അമ്മയുടെ മനസ്സിന്റെ സമനില തെറ്റിച്ചു.കുറ്റബോധം താങ്ങാനാകാതെ ആയപ്പോൾ അമ്മ അച്ഛനോട് എല്ലാം ഏറ്റു പറഞ്ഞു.സ്വന്തം മകളുടെ ജീവിതം സംരക്ഷിക്കാൻ വേണ്ടി,വീട്ടിൽ വേശ്യകൾ കയറി നിരങ്ങാതിരിക്കാൻ വേണ്ടി ഞാനത് ചെയ്തുവെന്ന്.അച്ഛൻ അമ്മയെ ചികിൽസിക്കാൻ തീരുമാനമെടുത്തിരുന്നു .
ഒരു ദിവസം നേരം പുലരുമ്പോൾ അമ്മയെ കാണാനില്ല. മുറ്റത്തെ കിണറ്റിൽ അമ്മയുടെ ശരീരം കിടക്കുന്നുണ്ടായിരുന്നു.പിന്നെയെനിക്ക് എല്ലാം എന്റെ അച്ഛനായിരുന്നു.ഇപ്പോൾ ഞാൻ അച്ഛന്റെ മകളെന്ന അഭിമാനത്തോടെ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നില്ക്കുന്നു.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞ് പോയി.
“എൻ്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു.ആരേയും ഉപദ്രവിക്കാത്ത അമ്മയ്ക്ക് എങ്ങനെ അച്ഛനെ കൊല്ലാനുള്ള ധൈര്യം വന്നു.അമ്മയുടെ അനുഭവങ്ങളാകും അമ്മയെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചത്.അമ്മ അത്ര മാത്രം അനുഭവിച്ചിരുന്നു.എങ്ങനെ സഹജീവികളെ സ്നേഹിക്കാമെന്ന് എന്നെ പഠിപ്പിച്ചത് എൻ്റെ അച്ഛനാണ്,സരസൻ മാഷ്.”
അവൻ എഴുന്നേറ്റു നിന്നു കയ്യിലെ മണൽത്തരികളെ തട്ടി കളഞ്ഞു.തുഷാരയെ പിടിച്ചു എഴുന്നേൽപ്പിച്ചു.അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ ചേർത്ത് പിടിക്കുമ്പോൾ അവനിങ്ങനെ പറഞ്ഞു.
“ജീവിതത്തിൽ കിട്ടിയ സൗഭാഗ്യങ്ങളെയോർത്ത് നമുക്ക് അഭിമാനിയ്ക്കാം.ഇല്ലാത്തതിനെക്കുറിച്ച് ഓർത്തിട്ട് ആർക്കും ഒരു പ്രയോജനവുമില്ല.ഒരർത്ഥത്തിൽ നമ്മളും ഭാഗ്യം ചെയ്തവരാണ്.”
ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ പോയി.ഇനി ട്രെയിനിംഗ് കഴിഞ്ഞേ തുഷാര മടങ്ങി വരൂ.ആദിയെ പേടിച്ചു അമ്മുവമ്മയുടെ വീട്ടിലായി അർഷാദിൻ്റെ താമസം.
തുഷാരയാണ് ഉപരി പഠനത്തിന് കേരളത്തിന് പുറത്തു പോകണമെന്ന് അവനോട് നിർദേശിച്ചത്.പക്ഷെ വീട്ടിലെ അവസ്ഥ മൂലം പഠനം നിർത്തിയാലോയെന്നവൻ ആലോചിച്ചു.സാമ്പത്തികമായി വളരെ പരിതാപകരമാണ്,അച്ഛന് വരുമാനമില്ല ,കൂടാതെ പ്രമേഹ രോഗിയുമായി .അമ്മുവമ്മയ്ക്കും പ്രായമായി വരുന്നു,അവരെ രണ്ടു പേരെയും സംരക്ഷിക്കേണ്ടത് അവനാണ്.അതിനായി അവൻ പല പല ജോലികൾക്കു ശ്രമിച്ചു കൊണ്ടേയിരുന്നു.
സരസൻ മാഷാണ് അവനെ മൈസൂരിലെ കോളേജിലേക്ക് അഡ്മിഷന് കൂട്ടി കൊണ്ട് പോയത്.കൂടെ അച്ഛനും ഉണ്ടായിരുന്നു.മാഷ് തന്നെയാണ് ഒരു വർഷത്തേയ്ക്കുള്ള ഫീസ് കെട്ടി വച്ചത് .അവനു താമസിക്കാനായി മാഷിന്റെ പരിചയക്കാരനായ ഒരു മലയാളിയുടെ പഴയ ലോഡ്ജിൽ സൗകര്യം ഏർപ്പെടുത്തി.പഴമയുടെ മണമുള്ള മുറികൾ.വാടക കുറവായിരുന്നെങ്കിലും പഠിക്കാനുള്ള സൗകര്യം അപര്യാപ്തമായിരുന്നു.
ചരിത്രം ആയിരുന്നു അവന്റെ പ്രിയപ്പെട്ട വിഷയം. വീട്ടിൽ നിന്നും മാറി നിന്നതു അവൻ്റെ പഠനത്തെ ബാധിച്ചു.ഒരു വിഷാദ മൂകമായ അവസ്ഥയിലാണവൻ.അമ്മുവമ്മയുടെ ഫോൺ വിളികളിലൂടെ അച്ഛനോട് എന്നും സംസാരിക്കാം.സരസൻ മാഷും തുഷാരയും വിളിക്കും.എല്ലാവരും പഠിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.
തുടർഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
