പുതിയ കോളേജ് ,പുതിയ ക്യാമ്പസ് നല്ല അദ്ധ്യാപകർ ,ആദ്യമുണ്ടായ മാനസിക പ്രശ്നമൊക്കെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു .പഠിക്കാൻ ഉത്സാഹം തോന്നി,തന്നെ സഹായിക്കുന്നത് ,അവനാത്മാർത്ഥമായി പ്രണയിക്കുന്ന തുഷാരയാണ്.നല്ല പോലെ പഠിക്കണം രക്ഷപ്പെടണം ഇതായിരുന്നു അവൻ്റെ ലക്ഷ്യം.തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ വളർച്ചയിൽ അഭിമാനവും നേട്ടവും ഉണ്ടാകണം എന്ന തോന്നൽ അവനിൽ ശക്തമായിരുന്നു.
ചരിത്രം പഠിക്കാനായി മലയാളി കുട്ടികളാരും ഇല്ലായിരുന്നു.രണ്ടു മൂന്നു നോർത്ത് ഇന്ത്യൻ പിള്ളേരും പിന്നെ കന്നഡിഗകരും .അതിൽ അവന്റെ ബെഞ്ചിൽ എന്നും വന്നിരിക്കുന്ന ഒരു കുട്ടിയുണ്ട്,മൃണാളിനി .ആദ്യമവൻ പരിചയപ്പെട്ടത് അവളെയായിരുന്നു.
ബെല്ലാരിയ്ക്കടുത്താണ് അവളുടെ വീട്.അവളവിടെ ട്രൈബൽ ഹോസ്റ്റലിൽ ആയിരുന്നു താമസം.വീട്ടിലെ ദാരിദ്യം കാരണം രണ്ടു പെൺമക്കളും ഹോസ്റ്റലിൽ ആണ്.അമ്മ കൂലി പണിയ്ക്കു പോകും.അച്ഛൻ തളർന്നു കിടപ്പാണ്.ആകെയുള്ളൊരു ചേട്ടനെ കാണ്മാനില്ല.
അവളായിരുന്നു അർഷാദിന്റെ ശത്രുവും മിത്രവും.പഠിക്കുന്ന കാര്യത്തിൽ അവരുടെ ഇടയിൽ ശത്രുതയുണ്ടായിരുന്നു.അല്ലാത്ത സമയത്തൊക്കെ അവർ നല്ല സുഹൃത്തുക്കളായിരുന്നു. മറ്റു കൂട്ടുകാരൊന്നും അവരെ രണ്ടുപേരെയും വക വച്ചതേയില്ല.ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ അവർ വൈകുവോളം ലൈബ്രറിയിൽ കഴിച്ചു കൂട്ടി. അവളായിരുന്നു അവൻ്റെ ആത്മാർത്ഥ സുഹൃത്ത്.
ദസ്സറയുടെ അവധി അടുത്തു.ക്യാംപസ് ഒരാഴ്ചത്തേക്ക് അടച്ചു. കുട്ടികളൊക്കെ നാട്ടിലേയ്ക്ക് പോയി.അർഷാദിന് പോകാനൊരിടമില്ല.നാട്ടിൽ പോയി വരണമെങ്കിൽ നല്ലൊരു തുക ചെലവാകും.അതിന് അമ്മുവമ്മയെ ബുദ്ധിമുട്ടിയ്ക്കണം.അത് കൊണ്ട് ആ പരിപാടി അവൻ വേണ്ടെന്നു വച്ചു.അപ്പോഴാണ് മൃണാളിനി അവനെ അവളുടെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നത്.ആദിവാസികളുടെ ഊരുകൂട്ടത്തിലേയ്ക്ക്.അവളുടെ ക്ഷണം ആത്മാർത്ഥമായിട്ടായിരുന്നു,അത് മാത്രമല്ല ആ നാട്ടിൽ പോകണമെന്ന ഒരു ഉൾവിളി അവനുണ്ടായി.
അങ്ങനെയാണ് മൈസൂരിലെ ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ അവളുടെയൊപ്പം അവൻ ബസ് കയറിയത്.അവൾ ബെല്ലാരിയിലേക്കാണ് രണ്ട് ടിക്കറ്റ് എടുത്തത്.അവിടെ ഇറങ്ങിയപ്പോൾ കാട്ടിലൂടെ യാത്ര ചെയ്യാനൊരു ജീപ്പ് കിട്ടി.പലപ്പോഴും ജീപ്പിന്റെ നാലു ടയറുകളിൽ രണ്ടെണ്ണം എയറിലായിരുന്നു.അത് കണ്ടു പേടിച്ച അർഷാദിന്റെ കയ്യിൽ മൃണാളിനി തടവി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
ജീപ്പ് നിർത്തിയത് ഒരു നാൽക്കവലയിലായിരുന്നു.അവിടെ കുറെ വൃദ്ധരായ പുരുഷന്മാർ ബീഡി വലിച്ചിരിക്കുന്നുണ്ടായിരുന്നു.അവരോടു യാത്ര പറഞ്ഞു അവൾ അർഷാദിനെ ഒരു നദീ തീരത്തേക്ക് കൂട്ടി കൊണ്ട് പോയി.അപ്പോഴേക്കും ഇരുട്ടായി തുടങ്ങി.അവളേതോ ശബ്ദത്തിൽ കൂവാൻ തുടങ്ങി.അപ്പോൾ മറുകരയിൽ നിന്നും ആരോ കൂവി വിളിച്ചു.അവിടെ നിന്നൊരാൾ കൊട്ട വഞ്ചി തുഴഞ്ഞു എത്തി.ഒറ്റ മുണ്ടുടുത്ത അയാളോടൊപ്പം അവരും ആ വഞ്ചിയിൽ കയറി.
വഞ്ചിയിൽ നിന്നിറങ്ങി കുറച്ച് നടന്നപ്പോൾ ഒരു കോളനിയിൽ എത്തി.ഒരു ട്രൈബൽ സെറ്റിൽമെന്റ് ഏരിയ.മൃണാളിനിയുടെ പിറകിൽ അവനും ഒരു വീട്ടിലേയ്ക്ക് കയറി ചെന്നു.രണ്ട് മൂക്കിലും മൂക്കുത്തിയണിഞ്ഞ മെലിഞ്ഞ സ്ത്രീയായിരുന്നു അവളുടെ അമ്മ.വീട്ടിലെ മങ്ങിയ വെളിച്ചമുള്ള ബൾബുകൾ അവൻ്റെ കണ്ണിന് അസ്വാരസ്യം ഉണ്ടാക്കി.
അകത്തെ മുറിയിലെ കയറ് കട്ടിലിൽ മൃണാളിനിയുടെ അച്ഛൻ തളർന്ന് കിടന്നിരുന്നു.രാത്രി ഭക്ഷണം റാഗി മുദ്ദേ ആയിരുന്നു.ഇപ്പോളത് കഴിക്കാനും രാവിലെ രുചികരമായ മറ്റൊരു ഭക്ഷണം തരാമെന്നും സ്നേഹത്തോടെ ആ അമ്മ വാഗ്ദാനം ചെയ്തു.
അച്ഛന്റെ മുറിയിൽ മറ്റൊരു കട്ടിൽ കൂടിയുണ്ടായിരുന്നു, അവളുടെ ചേട്ടൻ്റെ കട്ടിൽ ,അവളുടെ ചേട്ടൻ രാത്രിയിൽ എന്തോ കണ്ട് പേടിച്ച് മാനസിക നില തെറ്റിയതാണ്.ഒരു നാൾ ചേട്ടനെ കാണാതായി.എവിടെയെന്ന് ആർക്കുമറിയില്ല.മന്ത്രവാദിയായ ആദിവാസി മൂപ്പൻ പറഞ്ഞത് പ്രകാരം നാട് മുഴുവൻ തെണ്ടി നടന്ന് ഒരു സംവത്സരം കഴിയുമ്പോൾ അവൻ മടങ്ങി വരും.ഒരു സംവൽസരം കഴിയാൻ കാത്തിരിക്കുകയാണ് ആ അമ്മ.
അവന് ആ നാട് വളരെ വിരസമായി തോന്നി.അകത്തെ മുറിയിൽ മൃണാളിനിയും അമ്മയും അനിയത്തിയും കിടന്നു.ചേട്ടൻ്റെ കട്ടിലിൽ അവന് കിടക്ക വിരിച്ചു കൊടുത്തു.
“എന്ത് പ്രശ്നമുണ്ടായാലും രാത്രിയിൽ പുറത്തിറങ്ങരുത്.മൂത്രശങ്ക ഉണ്ടായാൽ ഇതിലങ്ങ് സാധിച്ചേക്കണം.ഇങ്കെ പേയ് ഉണ്ട്.”
ഒരു തുരുമ്പിച്ച ഇരുമ്പിന്റെ മഗ് അമ്മ കട്ടിലിനടിയിലേക്ക് നീക്കി വച്ചു.
ഉറക്കത്തിൽ ഒന്ന് തിരിഞ്ഞു കിടന്നപ്പോഴാണ് മുറിയിൽ നല്ല വെളിച്ചം.പുറത്തു നിന്നുള്ള നിലാവെളിച്ചം മുറിയിൽ പടർന്നിരുന്നു.അവൻ തല പൊക്കി നോക്കി.മുറിയുടെ വാതിൽ തുറന്നു കിടന്നിരുന്നു.പുറത്താരോ സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.മൃണാളിനിയും അമ്മയും കിടന്ന മുറി അടഞ്ഞു കിടന്നിരുന്നു.അവൻ മെല്ലെ എഴുന്നേറ്റു.
മൃണാളിനിയുടെ അമ്മ പറഞ്ഞത് ഓർമ്മ വന്നു .
“ഒരു കാരണവശാലും വീടിനു പുറത്തു പോകരുത് .”
ആകാംഷ കൊണ്ട് അവൻ എഴുന്നേറ്റു .അച്ഛൻ വീടിന്റെ വരാന്തയിൽ കുന്തിച്ചിരുന്നു ആരോടോ സംസാരിക്കുന്നു.കയ്യിൽ പുകയുന്ന ചുരുട്ട്.എതിർവശത്തും വായുവിൽ ഒരു പുകയുന്ന ചുരുട്ട് ചലിച്ചിരുന്നു.അവൻ ഞെട്ടി പിന്തിരിഞ്ഞു.നടക്കാൻ പറ്റിയില്ല ,കാലുകൾ ചലിച്ചില്ല .തല ചുറ്റി വീണത് ഓർക്കുന്നു .
മൃണാളിനിയുടെ അമ്മയാണ് കുലുക്കി വിളിച്ചത് .കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരുന്നു.പകുതി ശരീരം വരാന്തയിലും പകുതി മുറ്റത്തുമായിട്ടായിരുന്നു അവന്റെ കിടപ്പ്.
“ഞാൻ പറഞ്ഞതല്ലേ പുള്ളേ പുറത്തിറങ്ങരുത് സൂക്ഷിക്കണമെന്ന് .ഭാഗ്യം,ഒന്നും പറ്റിയില്ലല്ലോ .”
“അച്ഛൻ അച്ഛനെവിടെ .”
അവൻ മൃണാളിനിയോട് ചോദിച്ചു .
“അച്ഛൻ അകത്തുണ്ട്.അത്ഭുതം എന്താണെന്നു വച്ചാൽ നീ പുറത്തും വാതിൽ അകത്തു നിന്ന് കുറ്റിയിട്ടുണ്ടായിരുന്നു.”
ആ അമ്മ എവിടെയോ പോയി ഒരു തകിട് ജപിച്ചു കൊണ്ട് വന്നു അവന്റെ കയ്യിൽ കെട്ടി.
“ഇനി പേടിയ്ക്കണ്ട.ഇത് നിന്നെ സംരക്ഷിച്ചോളും.പണ്ട് എന്റെ മകൻ ചക്രപാണിയ്ക്കും ഞാൻ ഇത് പോലെയാണ് കെട്ടി കൊടുത്തതാണ് .അവൻ അതഴിച്ചു കളഞ്ഞു.മോൻ അങ്ങനെ ചെയ്യരുത്.”
അന്ന് രാത്രി പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല .അമ്മയുടെ തകിടും ഹിമാലയൻ സാമിയുടെ രുദ്രാക്ഷമാലയും അണിഞ്ഞാണ് അന്ന് നേരം വെളുപ്പിച്ചത് .
പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോൾ മൃണാളിനിയെ കണ്ടില്ല.അമ്മയോട് ചോദിച്ചപ്പോൾ അവൾ തീണ്ടാരി ആയെന്നും തീണ്ടാരി തുണികളുമായി പുഴയിൽ കുളിക്കാൻ പോയെന്നും പറഞ്ഞു. അവളെ തിരക്കി അവൻ പുഴയോരത്ത് കൂടെ നടന്നു.ദൂരെ ഒരു വലിയ പാറയിൽ നിന്നും താഴേക്ക് ചാടാനായി ഒരു സ്ത്രീരൂപം മുതിരുന്നത് കണ്ടു.അവൻ ബഹളം വച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല.അവർ വെള്ളത്തിലേക്ക് ചാടാനായി കുതിച്ചു.വെള്ളം നാലു വശത്തേയ്ക്കും തെറിച്ചു.അടുത്ത് ചെന്നപ്പോഴേയ്ക്കും അവരെ കാണാനില്ല.പാറക്കഷണങ്ങൾക്ക് മുകളിലൂടെ കുതിച്ച് പതഞ്ഞൊഴുകുന്ന പുഴ.
അവന് വിഷമം തോന്നി.ഒരു ജീവനാണ് നഷ്ടപ്പെട്ടത്.അതും കണ്ണിന്റെ മുന്നിലൂടെ.അവൻ പുഴയിൽ നോക്കി വിളിച്ചു കൊണ്ടേയിരുന്നു.
“അക്കാ അക്കാ…..”
വീണ്ടും മുന്നിലൊരു കൂറ്റൻ പാറ.അതിന് മുകളിൽ ഒരു സ്ത്രീ, അല്ല അതേ സ്ത്രീ.വീണ്ടും ചാടുന്നു.കാഴ്ചകൾ ആവർത്തിക്കുന്നു.ഒരിക്കൽ പോലും ആ സ്ത്രീ തിരിഞ്ഞ് നോക്കിയില്ല.അവന് എന്തോ പന്തികേട് തോന്നി.അവൻ തിരിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു.മുന്നിലൊരു പെൺകുട്ടി.ദാവണി അണിഞ്ഞ പെൺകുട്ടി.അവളുടെ അടിവയർ വീർത്തിരുന്നു.അവൾ നടക്കാൻ പ്രയാസപ്പെട്ടു.അടുത്തെത്തിയപ്പോൾ അവനെ തലയുയർത്തി നോക്കി.വല്ലാത്തൊരു നോട്ടം.
“അർഷൂ,അർഷൂ,നീയെന്താ ഇവിടെ?. എങ്ങനെ ബോധം പോയി?.”
മുന്നിൽ മൃണാളിനിയും അനിയത്തിയും.കയ്യിൽ അലക്കിയെടുത്ത തുണികൾ.
“ബോറടിച്ചപ്പോൾ നിന്നെ തേടി വന്നതാണ്.”
അവനവളോട് കണ്ടതെല്ലാം പറഞ്ഞു.
“ഭാഗ്യം നീ രക്ഷപ്പെട്ടത്.അത് പേയ്,പിശാച്.കണ്ണമ്മയുടെ പേയ്.അവൾക്ക് കന്നി പയ്യൻ റൊമ്പ റൊമ്പ പിടിക്കും.അവൾ മരിക്കുമ്പോൾ കർപ്പിണി പെണ്ണ്.നാണക്കേട് കൊണ്ട് തർക്കൊലയ് പണ്ണിട്ടാ.അൻപ് കാട്ടി പയ്യൻമാരെ കൊല പണ്ണ പോറേൻ.”
അവളുടെ അനിയത്തി പറഞ്ഞു.
“ശ്ശ് സുമ്മാതിരി.”
“അന്ത പൂജാരി ചരടിനാലെ നീ രക്ഷപ്പെട്ടു.വാ പെട്ടെന്ന് പോകാം.നിലവിളി ശബ്ദം കേട്ടു ഓടി വരാൻ തോന്നിയത് ഭാഗ്യം.ഇശക്കിയമ്മൻ കോവിലിൽ പോയി കുമ്പിടണം.ഇശക്കി കാപ്പാത്തുവാർ.”
പുതിയ സംഭവം അറിഞ്ഞതോടെ അമ്മയ്ക്ക് വിഷമം ആയി.
“ചക്രപാണിയ്ക്ക് സംഭവിച്ചത് പോലെ , ആവർത്തനമാണല്ലോ എല്ലാം.സൂക്ഷിക്കണം.നിന്നെ സുരക്ഷിതമായി പുറത്തെത്തിയ്ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.”
മൂന്നാമത്തെ രാത്രിയിൽ അവൻ ഞെട്ടി എഴുന്നേറ്റു.കൊട്ടവഞ്ചിയിൽ അവനും ഒരു പെൺകുട്ടിയും.ദാവണിയുടുത്ത പെൺകുട്ടി.പെട്ടെന്നായിരുന്നു അവൾ വഞ്ചി മറിച്ചിട്ടത്.അവൻ മുങ്ങി താണു പോയി.
“പേടിച്ച് പോയോ.”
അവൻ ഞെട്ടി തിരിഞ്ഞു.മൃണാളിനിയുടെ അച്ഛനാണ്,അയാൾ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു.അയാൾ എഴുന്നേറ്റു അടുത്തേയ്ക്കു വന്നു.തളർന്ന് കിടന്ന അയാൾ നടക്കുന്നത് കണ്ട് അവന് അത്ഭുതവും പേടിയും തോന്നി.
“ഞാൻ നാരായണ, പണ്ട് ഞാനൊരു മന്ത്രവാദിയുടെ സഹായി ആയിരുന്നു.അദ്ദേഹത്തിൽ നിന്നും ഞാൻ മന്ത്രങ്ങളും ആഭിചാര ക്രിയകളും സ്വന്തമാക്കിയിരുന്നു.എത്ര കടുകട്ടി യുള്ള ബാധയേയും അദ്ദേഹം ഒഴിപ്പിക്കുമായിരുന്നു.അങ്ങനെയിരിക്കേ ഒരു ദിവസം ഒരു മന്നാഡിയാരുടെ ഗർഭിണിയായ ഭാര്യയ്ക്ക് സന്ധ്യാ നേരത്ത് കൂസലും ബഹളവും തുടങ്ങി.ആ സമയത്ത് അവർ വൻമരങ്ങളിലൊക്കെ വലിഞ്ഞ് കയറുകയും താഴേക്ക് ചാടുകയും പതിവായി.മക്കളില്ലാത്ത അവരുടെ ഏഴാമത്തെ ഗർഭമാണിത്.ഗർഭം അലസുന്നത് വരെ ബാധ ശരീരത്തിൽ കൂടുകയും ഗർഭം അലസുമ്പോൾ ബാധ ഒഴിഞ്ഞു പോകുകയും ചെയ്യും.”
“മുൻപ് ആറു തവണയും ഇതൊക്കെ തന്നെ സംഭവിച്ചു.അങ്ങനെയാണ് ആ ബാധ ഒഴിപ്പിക്കാൻ ഞങ്ങൾ ആ വീട്ടിൽ ചെല്ലുന്നത്.ആ സ്ത്രീയുടെ കൗമാര പ്രായത്തിൽ കന്യകയായ അവരെ മോഹിച്ചു ഒപ്പം കൂടിയ ഒരു ഗന്ധർവനായിരുന്നു ആ ബാധ.അവരോടൊപ്പം ഒരു കറുത്ത നിഴലിനെ കണ്ട കാരണവർ ഗന്ധർവനെ ബന്ധിച്ചു വച്ചു.പക്ഷേ കല്യാണം കഴിഞ്ഞതോടെ ഗന്ധർവൻ എങ്ങനെയോ മോചിതനായി.”
“വൈരാഗ്യത്താൽ ഗന്ധർവൻ കാരണവരെ കുളത്തിൽ മുക്കി കൊല്ലുകയും കന്യകാത്വം നഷ്ടപ്പെട്ടെവളെങ്കിലും ആ സ്ത്രീയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയും ചെയ്തു.”
“മാന്ത്രികൻ ചെന്ന ഉടനെ തന്നെ ആ സ്ത്രീയെ മായാ ബന്ധത്തിലാക്കി.അവർ ഒരേ കിടപ്പ് തന്നെ.മാന്ത്രിക വലയത്തിൽ അവരെ ഒൻപത് മാസം കിടത്തുകയും അവർ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.”
“കുഞ്ഞിനെ മാറ്റിയെങ്കിലും ഗന്ധർവൻ തരം കിട്ടുമ്പോഴൊക്കെ ആ സ്ത്രീയെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു.കഠിനമായ ആവാഹന കർമ്മത്തിനാൽ ഗന്ധർവനെ ഒരു ശംഖിനുള്ളിൽ ബന്ധിച്ചു.ഒരു രാത്രിയിൽ കർമ്മങ്ങൾ കഴിഞ്ഞു,വിളക്കുമായി ഞാൻ മുന്നിലും ശംഖിൽ ബന്ധിച്ച ഗന്ധർവനുമായി മാന്ത്രികൻ പിറകേയും.ശബ്ദം കേട്ടാൽ തിരിഞ്ഞ് നോക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നിലൊരു അട്ടഹാസം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.”
“ഒരു അഗ്നി ഗോളം,അതിനുള്ളിൽ എൻ്റെ ഗുരു നിന്ന് ആളി കത്തുകയാണ്.ഞാൻ മുന്നോട്ട് ഓടി.എന്നെ ആരോ ചുഴറ്റി വലിച്ചെറിഞ്ഞു.അന്ന് വീണതാ,അന്ന് കിടന്ന കിടപ്പാണ്.ശരീരം അനങ്ങുന്നില്ല.ഇനി മരണമാണൊരു പ്രതീക്ഷ.”
“ഇപ്പോൾ നിങ്ങൾക്ക് നടക്കാമല്ലോ ,സംസാരിക്കാമല്ലോ.”
അദ്ദേഹം കട്ടിലേയ്ക്ക് വിരൽ ചൂണ്ടി.ഉണങ്ങി മെലിഞ്ഞ നിർജ്ജീവമായ ശരീരം, അതായിരുന്നു കട്ടിലിൽ കിടന്നത്.
“അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരും.ഇന്ന് പൗർണമിയാണ്. നിന്നോടെല്ലാം പറഞ്ഞിട്ട് പോകാമെന്ന് കരുതി.ഈ വീടിന് നീ സംരക്ഷണം കൊടുക്കണം . ഞാൻ ജീവിച്ചിരുന്നപ്പോൾ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി ഒന്നും ചെയ്തില്ല.നിനക്കതിന് പറ്റും.ഗുരു മൃണാളിനിയെ ഉപയോഗിച്ച് നിന്നെയിവിടെ വരുത്തിച്ചതാണ്.നിൻ്റെ കൂടെ ഒരു അ, ർദ്ധനാരീശ്വര രൂപത്തെ ഞാൻ കണ്ടു.”
“എൻ്റെ ഏട്ടനാണത്.”
“ആ, ത്മഹത്യ ആയിരുന്നില്ലേ,നിന്നെ പ്രാണനാണ് അയാൾക്ക്.ആപത്തിൽ നിന്നും നിന്നെ കാത്ത് കൊള്ളും.ഞാൻ നിനക്കൊന്ന് ഉപദേശിച്ചു തരും.പുഴയിൽ കുളിച്ച് വന്ന് പതിനായിരത്തെട്ട് ആവൃത്തി നീയത് ചൊല്ലി പഠിക്കണം.അത് ചെമ്പ് തകിടിൽ എഴുതി ഈ വീടിന് നാലു മൂലയ്ക്കും കുഴിച്ചിടണം.അത് മതി ഇവർക്കുള്ള രക്ഷ.അത് കഴിയുമ്പോൾ എൻ്റെ മകൻ തിരിച്ച് വരും.
തകിടൊക്കെ എൻ്റെ കട്ടിലിനടിയിൽ ഉള്ള തടിപ്പെട്ടിയിലുണ്ട്.എൻ്റെ മകന്റെ സ്ഥാനത്താണ് ഞാൻ നിന്നെ കാണുന്നത്.നീയെനിക്ക് മകനാണ്.നിനക്കിപ്പോൾ പുഴയിൽ മുങ്ങി വരാൻ പേടിയുണ്ടോ?.”
“ഇല്ല, പക്ഷേ എനിക്കിതിലൊന്നും വിശ്വാസമില്ല.അവർക്ക് നല്ലത് വരുമെങ്കിൽ ഞാൻ ചെയ്യാം.”
“ചെയ്യണം, ഇത് നിന്റെ നിയോഗമാണ്.”
അവൻ പുറത്തിറങ്ങി വാതിൽ ചാരി.പുഴയൊഴുകുന്ന ദിക്ക് നോക്കി നടന്നു.നല്ല നിലാവ്,തണുത്ത കാറ്റ്, ചീവിടുകളുടെ കരച്ചിൽ.ദൂരെ ഉയർന്ന് നിൽക്കുന്ന പാറ.കുപ്പിവളകളുടെ കിലുക്കം,ശരീരത്തിലൂടെ ഒരു വൈദ്യുത തരംഗം കടന്ന് പോയി.പിൻതിരിയാൻ തുടങ്ങിയതാണ്, പെട്ടെന്ന് അന്തരീക്ഷത്തിൽ കത്തി തിളങ്ങുന്ന ഒരു ചുരുട്ട് ചലിക്കുന്നു.ഒരിടത്തെത്തിയപ്പോൾ അത് ചലിക്കാതെയായി.
അച്ഛനെ മനസ്സിലോർത്ത് ആ ഒഴുക്കിൽ അവൻ മുങ്ങി നിവർന്നു.അങ്ങനെ മൂന്ന് പ്രാവശ്യം,ചുരുട്ടിൻ്റെ പിറകേ ,തിരിഞ്ഞ് നോക്കാതെ നടന്നു.
********************
വീടിൻ്റെ വരാന്തയിൽ നാരായണ ഇരിക്കുന്നു. നാരായണയുടെ നേരെ നോക്കിയിരുന്നു.മറ്റേ ചെവിയിൽ മുഴങ്ങുന്ന മന്ത്രം,മഹാമാന്ത്രികൻ്റെ ശബ്ദം.
“പതിനായിരത്തെട്ട് തവണ ഉരുക്കഴിക്കണം.ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്.ഏത് ആപത്തിലും നിനക്ക് അത് ഉപയോഗിക്കാം .നിനക്ക് നന്മ വരും.” രണ്ടാത്മാക്കളുടെ നടുക്കിരുന്ന് മന്ത്രം ജപിച്ച് സിദ്ധി നേടി.അപ്പോഴേക്കും നേരം വെളുക്കാറായി.തകിടിലെഴുതി നാലു മൂലയ്ക്കും കുഴിച്ചിട്ടപ്പോഴേക്കും നേരം പര പരാ വെളുത്തു.
അവനൊന്ന് മയങ്ങിയപ്പോഴേക്കും അച്ഛനെ സ്വപ്നം കണ്ടു.ശുഭ്രവസ്ത്രം ധരിച്ച അച്ഛൻ.
തലയിൽ തഴുകി “മോനെ സൂക്ഷിക്കണേ ” എന്ന് മാത്രം പറഞ്ഞ് ഒരു മിന്നായം പോലെ മറഞ്ഞ് പോയി.
അടുത്ത മുറിയിൽ നിന്നും നിലവിളി കേട്ടുണർന്നു.
“അപ്പാ അപ്പാ.”
തണുത്ത് മരവിച്ച് കിടക്കുന്ന നാരായണയുടെ ശരീരം,ശാന്തമായ മുഖഭാവം.ഈ ജന്മത്തിലെ നിയോഗം കഴിഞ്ഞിരിക്കുന്നു
നാരായണയുടെ മൃതദേഹം കുളിപ്പിക്കാനും ഒരുക്കാനുമൊക്കെ ഊര് മുഴുവൻ കൂടെ നിന്നു.കർമ്മങ്ങൾ ചെയ്യാൻ മൂപ്പന്റെ നേതൃത്വത്തിൽ ആളുകളെത്തി.ഏഴു ദിവസം നീണ്ടു നിൽക്കുന്ന ദുഃഖാചരണമാണ് ഊരിൽ.പെണ്ണുങ്ങളൊക്കെ അകത്തെ മുറിയിൽ കരച്ചിലാണ്.
ഇടക്കെപ്പോഴോ മൃണാളിനി അടുത്ത് വന്നിരുന്നു.അവളോട് എന്താണ് പറയേണ്ടത് എന്നോർത്ത് അവൻ വിഷമത്തിലായി.
“അപ്പാ കിടപ്പായിരുന്നെങ്കിലും ജീവനോടെ ഉള്ളത് ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു.ഇനി ഞങ്ങൾക്ക് ആരുണ്ട് ? താങ്ങും തണലുമായി നിൽക്കേണ്ട ഏട്ടനെക്കുറിച്ചൊരു വിവരവുമില്ല.അച്ഛന്റെ കർമങ്ങൾ ആര് ചെയ്യും.ഞങ്ങളുടെ ഗോത്ര ആചാരത്തിൽ, പെണ്ണിനെ കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കില്ല.”
“നിന്റെ അപ്പായ്ക്ക് ,ഇവൻ മകനെ പോലെയായിരുന്നു.ഇവന് സമ്മതമാണെങ്കിൽ കർമ്മങ്ങൾ ഇവൻ തന്നെ ചെയ്യട്ടെ.”
പിറകിൽ മൂപ്പനും ഊരിലെ ചില പ്രമുഖരും.ചില മുറുമുറുപ്പുകൾ പിറകിൽ നിന്നുണ്ടായി.
“സ്വന്തം ജേഷ്ഠന്റെ പുത്രൻ ഉണ്ടല്ലോ.എന്നിട്ടും ഒരു അന്യകുല ജാതൻ.”
“ആര്,കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവനോ,ഗോത്രവും കുലവും നോക്കണ്ട.മരിച്ചയാളുടെ ഇഷ്ടമാണ് പ്രധാനം.”
മൂപ്പൻ അടുത്ത് വന്നു മെല്ലെ ചെവിയിൽ പറഞ്ഞു.
“ആത്മാവിനെ സ്വതന്ത്രമാക്കാൻ വേണ്ടത് ചെയ്തുവല്ലേ.അയാളുടെ പ്രശ്നം കുടുംബത്തോടുള്ള പാശമായിരുന്നു.ആയ കാലത്തു കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ആ ചെക്കൻ താമസിയാതെ മടങ്ങി വരും.അവൻ അമ്മയ്ക്ക് തുണയാകട്ടെ.ഏഴാം നാൾ കർമ്മം മുടിച്ചു നീയും ഈ നാട് വിടുക.ഈ നാടിനോടുള്ള കർമബന്ധം നിനക്ക് കഴിഞ്ഞു ,ഇനി നിനക്ക് വേറെ നിയോഗമാണ് .പാതി വഴിയിൽ പലരേയും നഷ്ടപ്പെടും ഒരു കാരണവശാലും പഠിപ്പ് മുടക്കരുത്.ജീവിക്കാനൊരു പണി വേണം.ഏകാന്ത ജീവിതമാണ് നിനക്ക് വിധിച്ചത്.താങ്ങായി വേണ്ടപ്പെട്ടവർ കൂടെയുണ്ടാകും.”
ഏഴു ദിവസമാണ് അവിടെ തങ്ങിയത് ,ആ വീട്ടിലെ ഒരംഗത്തെ പോലെ.ആ വീടുമായി ഒരു അദൃശ്യ ബന്ധനം ഉള്ളത് പോലെയായിരുന്നു. ആ ദിവസങ്ങളിൽ,പകൽ സമയങ്ങളിൽ പുഴയരികിൽ പോയി ധ്യാനത്തിൽ മുഴുകി.ഇപ്പോൾ ഒന്നും പേടിപ്പെടുത്തുന്നില്ല.പഴയ പോലെ മായക്കാഴ്ചകളൊന്നും കാണുന്നില്ല.ആകെ മനസിന് ഒരു സമാധാനം.കണ്ണുകളടക്കുമ്പോൾ അച്ഛൻ അടുത്തുള്ള പോലെ.മോനെയെന്നു സ്നേഹത്തോടെ വിളിക്കുന്നത് പോലെ…..
എട്ടാം ദിവസം എല്ലാവരോടും യാത്ര പറഞ്ഞു ആ നാട് വിട്ടു.മൃണാളിനി കൂടെ വരുന്നില്ല.കൊട്ടവഞ്ചി തുഴയുന്ന ചേട്ടൻ പോലും വളരെ സ്നേഹത്തോടെ ഭയഭക്തി ബഹുമാനത്തോടെ പെരുമാറി.
വൈകുന്നേരത്തോടെയാണ് ലോഡ്ജിൽ എത്തിയത്.ചെന്ന് കയറുമ്പോൾ ലോഡ്ജ് ഉടമയായ രാഘവൻ ചേട്ടൻ വന്നു പറഞ്ഞു.
“സരസൻ മാഷ് വിളിച്ചിരുന്നു.നിന്റെ അച്ഛൻ പോയി.ഇന്നേക്ക് ഒൻപതു ദിവസം മുൻപ്.നിന്നെ അറിയിക്കാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.രാത്രിയിലെ ബസിൽ പോയാൽ രാവിലെ നാട്ടിലെത്താം.”
“എൻ്റെ അച്ഛൻ മരിച്ചുവോ ,എന്നെ വിട്ടു പോയോ.?”
അവൻ വാവിട്ട് കരഞ്ഞു.
അപ്പോൾ തന്നെ പുറപ്പെട്ടു നാട്ടിലേയ്ക്ക് .രാഘവേട്ടൻ പോക്കറ്റിൽ വച്ച് തന്ന നൂറിന്റെ കുറെ നോട്ടുകൾ.ദസ്സറ ആഘോഷം വേറൊരു നാട്ടിലെത്തിച്ചു. ബെല്ലാരിക്ക് പകരം നാട്ടിൽ പോയിരുന്നേൽ അവസാന നിമിഷം അച്ഛന്റെ കൂടെ ഉണ്ടായേനെ .വിധി അനുവദിച്ചില്ല.ഇനിയെന്തിനാണ് പോകുന്നത്. ആരെ കാണാനാണ്.
വീട്ടിൽ കാലുകുത്തിയതും ആദി പാഞ്ഞടുത്തു.ഓടി കൂടിയ അയൽക്കാർ പിടിച്ചു മാറ്റിയില്ലെങ്കിൽ അവൻ കൈ വയ്ക്കുമായിരുന്നു.
“ഇവനെന്തിനു ഇവിടെ വരണം.അവന്റെ സ്വന്തം തന്തയല്ലല്ലോ മരിച്ചത്.പിന്നെ അവനെങ്ങനെ നോവും.അവനെ സ്വന്തം മക്കളെക്കാൾ സ്നേഹിച്ച മനുഷ്യനെ ആണവൻ അവഗണിച്ചത്.ഇന്ന് മരണം നടന്നിട്ടു പത്താം ദിവസമായി. ഇപ്പോൾ അവൻ വന്നിരിക്കുന്നു.ഇറങ്ങി പൊയ്ക്കോണം ഇവിടെ നിന്ന് ,ഈ നാട്ടിൽ നിന്നെ കണ്ടു പോകരുത്.”
“തൊട്ട് പോകരുത് നീയവനെ, ഞാൻ പോലീസിനെ വിളിക്കും. വന്നിരുന്നെങ്കിലോ നീ അവനെ സ്വീകരിക്കുമായിരുന്നോ.”
അയൽവാസിയായ ഒരാൾ ഇടപെട്ടു.അത് കൊണ്ട് ആദി പിന്തിരിഞ്ഞു.മറ്റൊരാളും അർഷാദിനെ പിന്തുണച്ചു.
“അതെന്തു വർത്തമാനമാണ് ആദി ,ഈ നാട് നിന്റെ വകയല്ലല്ലോ .അർഷാദ് അറിയാത്തതിന്റെ കാരണം പറഞ്ഞല്ലോ. നമ്പൂതിരിയച്ചൻ പോയെങ്കിലും അമ്മുവമ്മയും സരസൻ മാഷും ഉള്ളിടത്തോളം അർഷാദിനും ഈ നാട്ടിൽ ഇടമുണ്ട്.”
ആളുകൾ പിരിഞ്ഞു പോയി.അമ്മുവമ്മ അവനെ തൻ്റെ വീട്ടിൽ കൂട്ടി കൊണ്ട് പോയി.അച്ഛന്റെ ഓർമ്മകൾ മാത്രമായി കൂട്ടിന്.അച്ഛന്റെ ഒരു ഷർട്ട് അമ്മുവമ്മ മാറ്റി വച്ചിരുന്നു ആ ഷർട്ട് ധരിച്ചപ്പോൾ അവനു അച്ഛന്റെ സാമീപ്യം അനുഭവപ്പെടാൻ തോന്നിയിരുന്നു.രണ്ടു ദിവസം വീട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി.എല്ലാവരും ഒന്ന് തന്നെ പറയുന്നു,മടങ്ങണം,പഠിക്കണം ജോലി നേടണം.അപരിചിതനായ മൂപ്പൻ പോലും അതാണ് പറഞ്ഞത്.നാളെ മടങ്ങണം.സരസൻ മാഷിനോടും അമ്മുവമ്മയോടും യാത്ര പറഞ്ഞു
*********************
വെളുപ്പിനുള്ള വണ്ടിയിൽ മടങ്ങാമെന്ന് കരുതി.ഇപ്പോൾ തന്നെ കുറെ ക്ലാസുകൾ നഷ്ടപ്പെട്ടു.
ഉറങ്ങുന്നതിനു മുൻപ് മുറ്റത്ത് മൂത്ര ശങ്ക തീർക്കാൻ ഇറങ്ങിയതാണ്, ഇരുട്ടത്തൊരു നിഴലനക്കം.അമ്മുവേച്ചിയെ പോലെ മെലിഞ്ഞിട്ട് ,ആദ്യമൊന്നു ഞെട്ടി.പഴയ സ്വഭാവം മാറി,ഈയിടെയായി കുറച്ചു ധൈര്യ വന്നിട്ടുണ്ട്.
“ആരാ അത്.” ഉച്ചത്തിൽ ചോദിച്ചു.
“ശ്ശ് ശ്ശ് …ഏട്ടാ ഇത് ഞാനാണ് ,അനഘ .”
അനഘ ആദിയുടെ ഭാര്യയാണ് , ഇത് വരെ മിണ്ടിയിട്ടില്ല .ദൂരെ നിന്ന് കണ്ടിട്ടേയുള്ളു.അവൾ വെളിച്ചത്തേയ്ക്കു നീങ്ങി നിന്നു.അവളെ കണ്ടു അമ്മുവമ്മയും മുറ്റത്തേക്ക് ഇറങ്ങി വന്നു.
“ആദിയില്ലേ മോളെ ,നിന്നെ ഇവിടെ കണ്ടാൽ മതി .അവന് ദേഷ്യം വരും,അവൻ നിന്നെ തല്ലി കൊല്ലും മോളേ…”
“വന്നിട്ടുണ്ട്,കുടിച്ചു നാലു കാലിലാണ് മടങ്ങിയത്.ഇനി രാവിലെയേ ബോധം വരൂ,ഉണർന്നു വരൂ.ഏട്ടൻ നാളെ പോവുകയാണല്ലേ ,ഇത് ഏട്ടന് തരാനായി.”
അവളൊരു പഴയ റാഡോ വാച്ചും ഒരു നോട്ട് ബുക്കും അവനു വച്ച് നീട്ടി.
“ഇത് രണ്ടും ഏട്ടനെ ഏൽപ്പിക്കണമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.ആദി കാണാതെ ഞാനിത് ഒളിപ്പിച്ചു വച്ചതാണ്.ഏട്ടൻ ആദിയോട് പൊറുക്കണം.ആദിക്ക് ഏട്ടനോട് അസൂയയാണ് .എന്നോടൊരികൽ പറഞ്ഞതാണ്, അവരുടെ ലോകത്തേയ്ക്ക് ഇടിച്ചു കയറി ചെന്നു അവർക്കു കിട്ടേണ്ട സ്നേഹം ,അച്ഛൻ്റേം അമ്മയുടേം പക്കൽ നിന്നും കവർന്നെടുത്തെന്ന്.ആദിയുടെ വിവരമില്ലായ്മയാണ് ,പൊറുക്കണം.”
പാവം പെൺകുട്ടി അവളെ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല.അവളോട് മിണ്ടാൻ ശ്രമിച്ചിട്ടില്ല.അവളുടെ അമ്മയുടെ ദുർനടത്തം അവൾക്കും ഉണ്ടെന്ന് കരുതിയിരുന്നു.അവൾ അങ്ങനെയല്ലായിരുന്നു.
“അവനെന്റെ അനിയനല്ലേ മോളെ .വെറുക്കില്ലൊരിക്കലും….
അവനോട് എനിക്കെന്നും സ്നേഹമേയുള്ളു.”
“ഏട്ടൻ മടങ്ങി വരുമ്പോൾ കാത്തിരിക്കാൻ ഇനി ഒരു അനിയത്തി കൂടെ ഇവിടെയുണ്ടെന്ന് ഓർക്കണം.”
അവൻ ആ ഓടാത്ത പഴയ വാച്ച് കയ്യിൽ ധരിച്ചു.അവൾ തന്ന പഴയ നോട്ട്ബുക്ക് തുറന്ന് നോക്കി.അതിൽ നിറയെ കുഞ്ഞുനാളിലെ അവൻ്റെ വരകളായിരുന്നു.ഉമ്മയോടൊത്തുള്ള ജീവിതം, ദാരിദ്ര്യം, ഉമ്മയുടെ രോഗാവസ്ഥ.അമ്പലക്കുളക്കടവിൽ വച്ച് അച്ഛനെ കണ്ട് മുട്ടിയത്.ഏട്ടനെ നോക്കി നിൽക്കുന്ന അമ്മുവേച്ചി.പഴയകാല ജീവിതം കുറച്ച് പെൻസിൽ ഡ്രോയിംഗിലൂടെ മനസ്സിലേക്ക് എത്തി നോക്കി.ഒരു മിന്നൽ വേഗതയിലുള്ള ഫ്ലാഷ് ബാക്ക്.
നോട്ട്ബുക്കിൽ നിന്നും ഒരു കത്ത് ഊർന്നു വീണു.അച്ഛൻ അവസാനമായി എഴുതിയ കത്താണ്. അവനത് തുറന്ന് വായിച്ചു.കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ അവൻ തുടച്ചു. അത് ചുരുട്ടി നോട്ട്ബുക്കിൽ വച്ചു.
രാവിലത്തെ ട്രെയിനിൽ മടങ്ങി .സഹമുറിയനായ അഖിൽ മുറിയിലുണ്ടായിരുന്നു.അവൻ പുറത്തു പോയി രണ്ടു പേർക്കുമുള്ള ഭക്ഷണം വാങ്ങി വന്നു .
“എന്റെ ഇക്കാ നിങ്ങളില്ലാതെ ഞാൻ വല്ലാണ്ട് ബോറടിച്ചു.ആരോടും ഒന്നും പറയാനില്ലാതെ ഈ കുടുസ്സു മുറിയിൽ വിരസത മാത്രം.”
“ഇനി ഞാൻ എങ്ങോട്ടുമില്ലെടാ .ഇവിടെ ഈ മുറിയിൽ നിന്നോടൊപ്പം അങ്ങ് കൂടുകയാണ് .എത്രയും പെട്ടെന്നൊരു ജോലി അതാണെൻ്റെ ലക്‌ഷ്യം.”
“നിങ്ങൾക്കൊക്കെ ജോലി കിട്ടിയില്ലേൽ പിന്നെയാർക്കാണ് ഈ ഇന്ത്യാ മഹാരാജ്യത്തിൽ ജോലിക്ക് അർഹത.ആയിരം തലയല്ലേ ഈ ബുദ്ധി രാക്ഷസന്.”
ഒരാഴ്ച കൂടി കഴിഞ്ഞാണ് മൃണാളിനി ക്യാമ്പസ്സിൽ എത്തുന്നത്.അവൻ്റെ അച്ഛനും ആ സമയത്ത് മരിച്ച വിവരം അറിഞ്ഞു അവൾക്കു സങ്കടമായി.അവൾക്കു പറയാനുണ്ടായിരുന്നത് ഒരു സന്തോഷ വർത്തമാനമായിരുന്നു.അവളുടെ ചേട്ടന്റെ മടക്ക വിവരം.പഴയ പോലെ മാനസിക പ്രശ്നമൊന്നുമില്ല. ആള് നോർമലാണ്.ഒരു നാടോടി സംഘത്തിലകപ്പെട്ടു പോയി എന്ന് മാത്രം പറഞ്ഞു.
സരസൻ മാഷ് ഹാർട്ട് അറ്റാക്കിൽ മരണപെട്ടു.ഒന്ന് നാട്ടിൽ പോയി അവസാനമായി കണ്ടു വന്നു.തിരക്കിനിടയിൽ നിന്നും തുഷാരയും അച്ഛനെ ഒന്ന് വന്ന് കണ്ട് പോയി.അവനെ പോലെ തുഷാരയും ഒറ്റക്കായി.അവളുടെ വിളികളും കത്തും കുറവാണെങ്കിലും അവൾ മനസ്സിൽ നിറഞ്ഞ് നിന്നു.
സ്വകാര്യ ആവശ്യങ്ങൾക്ക് പണമില്ലാതെയായപ്പോൾ തുഷാരയോട് ചോദിയ്ക്കാൻ മടി തോന്നി.മാഷുണ്ടായിരുന്നപ്പോൾ മാഷ് തന്റെ പെൻഷൻ തുകയിൽ നിന്നും എല്ലാ മാസവും ഒരു തുക വച്ച് അയച്ചു തരുമായിരുന്നു.അപ്പോഴാണ് ട്യൂഷനെ പറ്റി ആലോചിച്ചത്.ലോഡ്ജിലെ രാഘവേട്ടന്റെ സമ്മതത്തോടെ കുറച്ചു കുട്ടികളെ ട്യൂഷന് സംഘടിപ്പിക്കുകയും വരുമാനമുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു.
നല്ല മാർക്കോടെ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ പ്രൊഫസർ ആണ് അവിടെ തന്നെ റിസർച്ച് ചെയ്യാൻ ഉപദേശിച്ചത് .പാർട്ട് ടൈം ആയി യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ധ്യാപക വേഷവും കെട്ടി തുടങ്ങി.മൃണാളിനിയും കൂടെ ഗവേഷണത്തിനുണ്ട്.അവൾ അവനെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നത്.അവളുടെ ഊരിലെ ഒരു പഠിച്ച ചെറുക്കനുമായി അവളുടെ കല്യാണം തീരുമാനിച്ചു .പഴയവർ പോയി പുതിയവർ ജീവിതത്തിലേയ്ക്ക് വന്നു കൊണ്ടിരുന്നു.ജീവിതത്തിലെ ആകെ മാറ്റം ആൾക്കാരുടെ വരവും പോക്കുമായിരുന്നു.
നാലഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ മാത്രം നാട്ടിൽ പോയി.അമ്മുവമ്മയ്ക്കു വയ്യെന്ന് പറഞ്ഞപ്പോൾ മാത്രം.മാഷിന്റെ മരണശേഷം വീട് പൂട്ടിയിട്ടിരുന്നു.രണ്ടു ദിവസത്തെ താമസത്തിനിടയിൽ ആദിയെ കണ്ടതേയില്ല.കുടിച്ചു കുടിച്ചു അവനൊരു രോഗിയായി മാറിയിരുന്നു എന്നാണ് അനഘ പറഞ്ഞത്.മെലിഞ്ഞുണങ്ങി കോലം കെട്ട അനഘയുടെ രൂപം. ആരുമറിയാതെ കുറച്ച് പണം അവളെ ഏൽപ്പിച്ചു.അവളുടെ മൂത്ത മകൾക്കു നാലു വയസ്സ് കഴിഞ്ഞിരുന്നു. വീണ്ടും ഗർഭിണിയായ അവളെ കണ്ടപ്പോൾ സങ്കടം തോന്നി.
യൂണിവേഴ്സിറ്റിയിൽ അവനെ കാണാൻ തുഷാര വന്നു.രണ്ടു മാസത്തിനുള്ളിൽ യു എൻ പീസ് ട്രെയിനിങ്ങിനു പോകുന്ന ഐ പി എസ് ഓഫീസേഴ്സിന്റെ ലിസ്റ്റിൽ തുഷാരയുടെ പേരുമുണ്ട്.അവൾക്കു വിവാഹത്തിനുള്ള പ്രായം വൈകി തുടങ്ങിയിരുന്നു.മടങ്ങി വരുമ്പോൾ വിവാഹം നടത്തണമെന്ന് തീരുമാനിച്ചതായിരുന്നു അവൾ പോയത്.പോകുന്നതിനു മുൻപ് അവൾ വന്നത് അവന്റെ കയ്യിലൊരു മോതിരമണിയിക്കാനാണ്.
“സാധാരണ പുരുഷന്മാർ സ്ത്രീകളെ മോതിരമണിയിച്ചാണ് പ്രൊപ്പോസ് ചെയ്യാറ്,ഇതിപ്പോൾ? തുഷാരേ എനിക്കൊരു ചമ്മലുണ്ട് ഉള്ളിൽ.”
“നിനക്കും…? പുരുഷന്റെ ഈഗോ തികട്ടി വരുന്നുണ്ടോ.എൻ്റെ അർഷൂ,എന്റെയൊരു ഉറപ്പിന്,നീ എൻ്റേതാണെന്ന ഉറപ്പിലാണ് ഞാൻ ഈ രാജ്യം വിടുന്നത്.ബോംബുകളും മൈനുകളുമുള്ള നാട്ടിലേയ്ക്കാണ് യാത്ര.തിരികെ വരുമ്പോൾ കാത്തിരിക്കാൻ നീയുണ്ടെന്ന ഉറപ്പിനാണ്.നിനക്ക് എന്നെയല്ലേ, എനിക്ക് നിന്നെയാണ് ആവശ്യം.”
അങ്ങനെ ആദ്യമായി അവന്റെ മനസ്സിൽ വിവാഹത്തെക്കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ ഉണ്ടായി.അവൻ്റെ മനസ്സിലെ ഓരോ അണുവിലും തുഷാര നിറഞ്ഞു നിന്നു.
“എനിയ്ക്കും വേണം സ്വന്തമായി ഒരു ജീവിതം, കുടുംബം.സ്നേഹിക്കാൻ മാത്രം അറിയാവുന്ന എൻ്റെ തുഷാര.ഞങ്ങളുടെ കുട്ടികൾ. ജാതിയും മതവും ഒന്നും ഇല്ലാതെ അവർ വളരണം.”
അതായിരുന്നു അവൻ്റെ സ്വപ്നം.
അർഷാദ് നാട്ടിൽ ഒരിക്കൽ കൂടി പോയി.അനഘയോടും കുട്ടിയോടും അർഷാദ് അടുക്കുന്നത് ആദിയ്ക്ക് തീരെ ഇഷ്ടമായില്ല. ആദിക്ക് രണ്ടാമതൊരു കുഞ്ഞു കൂടി പിറന്നു ,അതും ഒരു മോൾ.കാണാൻ പോയെങ്കിലും കുഞ്ഞിനെ കാണാൻ അനുവാദം കിട്ടിയില്ല.
മൂത്ത മകൾ ഐശ്വര്യ മിടുക്കിയായിരുന്നു.അവൾക്ക് കുഞ്ഞിലേ തന്നെ വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നു .അവൾ അമ്മുവമ്മയുടെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ട്.അഞ്ചു വയസ്സ് കഴിഞ്ഞിട്ടും അവൾക്കു കാത് കുത്തുകയോ കമ്മലിടുകയോ ചെയ്തിരുന്നില്ല.അനഘയുടെ ശരീരത്തിലും പൊന്നിന്റെ ഒരു പൊട്ടു പോലും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കല്യാണത്തിന് സമ്പാദിച്ചു വച്ച തുകയിൽ നിന്നും കുറച്ചു പണമെടുത്തു ഐശ്വര്യ മോൾക്ക് ഒരു കമ്മൽ വാങ്ങി കാതു കുതിച്ചത്.
ആദി മടങ്ങി വന്നപ്പോൾ കുഞ്ഞിന്റെ കമ്മൽ കണ്ടു അവൻ കുഞ്ഞിനെ അടിക്കുകയും കമ്മൽ ഊരി നിലത്ത് എറിയുകയും ചെയ്തു.
“ആദി നിർത്തൂ, കുഞ്ഞിനെ അടിക്കരുത്.ഞാൻ അവളുടെ വല്യച്ഛനാണ്. എനിക്കതിനുള്ള അവകാശമുണ്ട്.”
“പ്ഫാ ഒരു വലിയച്ഛൻ വന്നിരിക്കുന്നു.നീയാരാടാ , നിനക്കെന്താടാ എന്റെ കുടുംബവുമായി ബന്ധം.”
“ബന്ധമൊന്നുമില്ലെങ്കിൽ നീയെന്നെ തല്ലെടാ .അത്രയ്ക്ക് വെറുപ്പാണെങ്കിൽ നീയെന്നെ തല്ലിക്കോ, ഞാൻ തല്ല് കൊള്ളാം.ഞാനിപ്പോൾ നമ്മുടെ വീട്ടിൽ കയറാൻ പോകുകയാണ്.എന്നെ അച്ഛൻ ആദ്യമായി കൂട്ടി കൊണ്ട് വന്ന ഈ വീട്ടിൽ.നീയെന്നെ ഇവിടെ നിന്ന് അടിച്ചിറക്കി വിടൂ.കാണട്ടെ നിന്റെ സാമർത്ഥ്യം.”
ആദി തലയിൽ കൈ വച്ച് തറയിൽ ഇരുന്നു പോയി.അടുത്ത് തന്നെ ഐശ്വര്യയും വന്നിരുന്നു.
“അവളെന്റെ കൂടി മോളല്ലേടാ ആദി .എന്റെ കുഞ്ഞാണ്.”
അർഷാദ് പൊട്ടിക്കരഞ്ഞു.
ആദി ഒന്ന് മയപ്പെട്ടു വന്നു .പിന്നെ ഭയങ്കര കരച്ചിലും മാപ്പു പറച്ചിലുമായി.അവൻ അമ്മുവമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്ന് കരയാൻ തുടങ്ങി.അർഷാദിൻ്റെ മുന്നിൽ തൊഴുതു കൊണ്ട് നിന്നു.
എല്ലാം ഒന്ന് മയപ്പെട്ട് വന്നപ്പോഴാണ് ആദിയുടെ രക്തം ശർദ്ദിക്കുന്ന ചുമയുടെ കാര്യം അനഘ അർഷാദിനോട് പറഞ്ഞത്.അവളെ തല്ലാൻ ആദി കയ്യോങ്ങി.
“നീ അകത്ത് പോടി,എൻ്റെ ഏട്ടനാണിത്.ഏട്ടൻ ചികിത്സിച്ചാൽ മാറാത്ത ഒരു അസുഖവും എനിക്കില്ല.”
“ആദി നമുക്ക് നാളെ തന്നെ ഒരു ഡോക്ടറെ കാണണം.”
അവൻ്റെ മൗനം സമ്മതമായിരുന്നു.
ആദിയുമായി ഡോക്ടറെ കാണാൻ പോയി.വിശദമായ പരിശോധനകൾക്ക് ശേഷമാണ് അറിയുന്നത് ഗുരുതരമായ കരൾ വീക്കമാണ് അവന്റെ പ്രശ്നമെന്ന്.ചികിത്സയില്ല.മദ്യവും മയക്കുമരുന്നും കാരണം നശിച്ച് പോയ ആന്തരിക അവയവങ്ങൾ ആണ് ആ ചെറുപ്പക്കാരനുള്ളത്.ഇനി അവൻ അധികകാലം ഉണ്ടാകില്ല.രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരാകും.
***************************
തുഷാര പോയിട്ട് ഒൻപത് മാസം പിന്നിട്ടു.രണ്ടു മാസത്തിനുള്ളിൽ തുഷാര മടങ്ങി വരും.ഉടൻ വിവാഹം,വളരെ ചെറിയ രീതിയിൽ, നാട്ടിൽ വച്ച് നടത്തണമെന്നാണ് രണ്ട് പേരുടെയും ആഗ്രഹം. അർഷാദിന് വളരെ കുറച്ച് പേരെ മാത്രമേ വിവാഹത്തിന് ക്ഷണിക്കാനുള്ളൂ. ആദിദേവൻ, അനഘ, അമ്മുവമ്മ എന്നിവർ വീട്ടുകാർ.അതിഥികളുടെ ലിസ്റ്റ് ഉണ്ടാക്കി നോക്കി ചന്ദ്രൻ ചേട്ടൻ,അഖിൽ, മൃണാളിനി,പിന്നെ കുറെ സഹപ്രവർത്തകർ
അർഷാദിനെ ഏറ്റവും കൂടുതൽ വെറുത്ത,അവൻ തന്റെ ആരുമല്ലെന്ന് ഒരിക്കൽ തള്ളി പറഞ്ഞ ആദിയോടൊപ്പമാണ് അവനിപ്പോൾ.ആദിയുടെ മക്കളാണ് അവന്റെ കൂട്ടുകാർ.അവനെ കാണാൻ പഴയ ചില സുഹൃത്തുക്കൾ കൂടെ കൂടെയെത്തും.പക്ഷേ ഇപ്പോൾ ഏറ്റവും അടുപ്പം ആദിയോടാണ്.
മടങ്ങി വന്നാലും തുഷാരയ്ക്ക് ജാർഖണ്ഡ് കേഡറിൽ തന്നെയാകും ജോലി.മൈസൂരിലെ ജോലി രാജി വച്ച് ജാർഖണ്ഡിൽ ഏതെങ്കിലും കോളേജിൽ ഒരു ജോലിക്കു ശ്രമിക്കാമെന്നു അവൾ പറഞ്ഞിരുന്നു.മൈസൂറുമായുള്ള വർഷങ്ങളായുള്ള ബന്ധം കല്യാണത്തോടെ അവസാനിക്കും.അതാണ് അർഷാദിൻ്റെ സങ്കടം.
തുഷാര ജോലി ചെയ്യുന്ന ,ജാർഖണ്ഡിലെ നക്സൽ ഏരിയയെക്കുറിച്ച് അവൾ പറഞ്ഞ കാര്യങ്ങൾ ആദിയോട് പങ്കു വച്ചിരുന്നു.
“നക്സലുകളുടെ ഏരിയയിലേയ്ക്ക് ഏട്ടന് അറിഞ്ഞ് കൊണ്ട് പോകണോ. ഈ ലോകത്ത് ഏട്ടൻ മാത്രമേ ഞങ്ങൾക്കുള്ളൂ.എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവർക്ക് ഏട്ടൻ മാത്രമേയുള്ളൂ.ഞാനെന്ത് മഹാപാപിയാണ്.എൻ്റെ ഏട്ടനെ ഞാൻ എത്ര അപമാനിച്ചിരുന്നു,ഉപദ്രവിച്ചിരുന്നു.”
“ഞാൻ തുഷാരയുടെ കൂടെ എന്നും ഉണ്ടാകണ്ടേ.നക്സൽ, മാവോയിസ്റ്റ് , അതൊന്നും സാരമില്ല.ഞങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ ഉണ്ട്.അവൾ ഐ പി എസ് കേഡറായത് കൊണ്ട് കുടുംബത്തിനും സംരക്ഷണമുണ്ട്.പക്ഷേ പാർക്കിലും ഷോപ്പിംഗിനുമൊക്കെ ,അല്ല സദാസമയവും അവർ കൂടെയുണ്ടാകും.സ്വകാര്യത നഷ്ടമാകും.ഒന്നോ രണ്ടോ വർഷത്തെ കാര്യം, പിന്നെ കേരള കേഡറിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്.”
“എനിക്ക് സർവീസ് കാര്യങ്ങളൊന്നും അറിയില്ല.ഏട്ടൻ സൂക്ഷിക്കണം.”
“കല്യാണത്തിനുള്ള തയാറെടുപ്പുകൾ താമസിയാതെ തുടങ്ങണം.എല്ലാത്തിനും ഒരു പ്ലാനിംഗ് വേണ്ടേ.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.നിൻ്റെ ഏട്ടത്തിയമ്മയിപ്പോൾ നിസാരക്കാരിയല്ലല്ലോ.”
“അതേ ഏട്ടാ,അച്ഛനും അമ്മയ്ക്കും ഒന്നിനും ഭാഗ്യമുണ്ടായില്ല.ഏട്ടനോട് ഒരു കാര്യം പറയണമെന്ന് കുറെയായി ആലോചിക്കുന്നു.ഏട്ടന് സങ്കടമായാലോ എന്ന് കരുതിയിട്ടാണ്.”
“നീ പറ.”
“കഴിഞ്ഞയാഴ്ച കുട്ടികൾ സ്ക്കൂളിൽ നിന്നും മടങ്ങി വന്നപ്പോൾ അമ്പലക്കടവിൽ ഒരു ഭ്രാന്തിയായ ഒരു സ്ത്രീയെ കണ്ടിരുന്നെന്ന് പറഞ്ഞു.സ്വന്തം മകനെ അന്വേഷിച്ച് നടക്കുന്ന ഒരുമ്മ.മോള് വന്ന് പറഞ്ഞപ്പോൾ ഞാൻ അവിടെ, അവരെ തെരെഞ്ഞ് പോയിരുന്നു.അവിടെ ആരെയും കണ്ടില്ല.അതൊരു പക്ഷേ ഏട്ടൻ്റെ ഉമ്മ ആണെങ്കിലോ.”
“ആകാൻ വഴിയില്ല.ഒരിക്കൽ ഞാനും അച്ഛനും കൂടെ ജയിലിൽ പോയിരുന്നു. അപ്പോൾ ഉമ്മ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് കുറെയായിരുന്നു.ഇങ്ങോട്ടല്ലെ അവർ ആദ്യം വരേണ്ടത്,എന്നെ തേടി ,അന്ന് വന്നില്ലല്ലോ.ഞങ്ങൾ കുറെ അന്വേഷിച്ചു.എനിക്കുറപ്പാണ് ഇനി ഇങ്ങോട്ട് വരില്ല എന്നെ തേടി.”
“നമുക്ക് ഒന്ന് കൂടെ അന്വേഷിക്കാം.”
ആദി കൂട്ടുകാരുടെ സഹായത്തോടെ ജില്ലയിലെ പലഭാഗത്തും ആ ഉമ്മയെ തേടി പോയി.
അതിനിടയിൽ വീണ്ടുമൊരു മരണം….അമ്മുവമ്മയുട മരണം അവിചാരിതമായിരുന്നു.റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വണ്ടി ഇടിച്ചതാണ്.പുറമെ ശരീരത്തിൽ മുറിവൊന്നും കണ്ടില്ല, ഒന്ന് വീണു.അപ്പോൾ തന്നെ ആരോ അമ്മുവമ്മയെ പിടിച്ചുയർത്തി.എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടവർ കുഴപ്പമൊന്നുമില്ലായെന്ന് പറഞ്ഞു.തൽക്ഷണം പിറകോട്ട് മലർന്ന് വീഴുകയും മരിക്കുകയും ചെയ്തു.തലയിടിച്ചാണ് വീണത്. പത്ത് പോസ്റ്റ് മോർട്ടത്തിൽ ആന്തരികമായ മുറിവ് കണ്ടെത്തിയിരുന്നു.
അങ്ങനെ അർഷാദിന്റെ ശക്തമായ ഒരു നെടുംതൂൺ കൂടി നഷ്ടപ്പെട്ടു.വീട് പൊട്ടി പൊളിഞ്ഞു തുടങ്ങിയപ്പോൾ ആദിയേയും കുടുംബത്തെയും അമ്മുവമ്മയുടെ വീട്ടിലേയ്ക്കു അവൻ കൂട്ടി കൊണ്ട് വന്നു.
ആദി തന്നെ മുൻകൈ എടുത്തു ഉമ്മയെ തേടി വീണ്ടും നടന്നു.ഒടുവിൽ ഒരു വൃദ്ധ സദനത്തിൽ നിന്നും ആദിയുടെ കൂട്ടുകാർ ഉമ്മയെ കണ്ടെത്തി.മാനസികമായി അസ്വസ്ഥത കാണിച്ചിരുന്ന ഉമ്മയെ സെൽ പോലൊരു മുറിയിലാണ് ഇട്ടിരുന്നത്.
ഉമ്മയെ കൂട്ടി കൊണ്ട് വന്ന് ചികിൽസിക്കാൻ തുടങ്ങിയതോടെ ഉമ്മയിൽ നല്ല മാറ്റം കണ്ടു.ആരെയും തിരിച്ചറിയുന്നില്ല.ഇടയ്ക്ക് അച്ഛൻ്റെ മാലയിട്ട ഛായാ ചിത്രത്തിന് മുൻപിൽ പോയി കൈ കൂപ്പി നിൽക്കുന്നത് കാണാം.എല്ലാവരും പറയുന്നതൊക്കെ അനുസരിച്ച് നല്ല കുട്ടിയായി വീട്ടിലൊതുങ്ങി കൂടി.
വീട്ടുജോലിക്കാരിയെ പോലെ വീട്ടിലെ പണികളൊക്കെ ഉമ്മ ഒന്നൊന്നായി ചെയ്തു കൂട്ടി.കഴുകിയുണക്കിയ വസ്ത്രങ്ങൾ വീണ്ടും കഴുകുക,വീടെപ്പോഴും തുടച്ച് മിനുക്കുക,കിണറ്റിൽ നിന്നും വെള്ളം കോരി എല്ലാം പാത്രങ്ങളിലും നിറച്ച് വയ്ക്കുക അതൊക്കെയായിരുന്നു ഉമ്മയുടെ വിനോദങ്ങൾ.
ഒരാഴ്ചയായി ആദിക്ക് ഒന്നിനും കഴിയുന്നില്ല.ഇപ്പോൾ എപ്പോഴും ഒരേ കിടപ്പാണ് .ശരീരം തീരെ അനക്കാൻ മേല ,അപ്പോൾ തുടങ്ങും കടുത്ത ചുമ.ഉറങ്ങുമ്പോൾ പോലും വേദന കൊണ്ട് ഞെരങ്ങാറുണ്ട്.ജോലിക്കു പോകാൻ വയ്യാതായി.ഇപ്പോൾ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അർഷാദ് ആണ് നോക്കുന്നത്.
തുഷാര മടങ്ങി വരാൻ ആഴ്ചകൾ മാത്രം ബാക്കി.കല്യാണം പ്രമാണിച്ചു ജോലി രാജിവെച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ച രാത്രി.അർഷാദ് സഹമുറിയൻ അഖിലുമായി പുറത്തു പോയി ആഹാരം കഴിച്ചു ,അവൻ കേരളത്തിലേക്കുള്ള ബസിൽ കടന്നിരുന്നപ്പോഴാണ് അഖിലിന്റെ ഫോണിലേക്കു മൃണാളിനിയുടെ വിളി വന്നത്.അവൻ ഫോണിൽ സംസാരിച്ചു ,അവന്റെ മുഖം മങ്ങുന്നത് അർഷാദ് കണ്ടു.
“എന്താടാ അവൾക്ക് പ്രശ്നം,കല്യാണത്തിന് ഒരാഴ്ച മുൻപ് അങ്ങ് വന്നേക്കണം.അറിയാമല്ലോ എന്റെ അനിയന് തീരെ വയ്യെന്ന്.അനഘയ്ക്ക് ഉമ്മയുടെ കാര്യം കൂടി നോക്കണം.എനിക്ക് വേറെ ആരുമില്ല. നിങ്ങളൊക്കെയുള്ളൂ.മൃണാളിനിയെയും അമ്മയെയും കൂട്ടി നീ അങ്ങ് വരണം.”
“പിന്നെന്താ ഇക്കാ വന്നേക്കാമെന്നേ ,ആ പോലീസ് ചേച്ചിയുടെ പേരെന്താന്നാ നിങ്ങൾ പറഞ്ഞത്.”
“തുഷാര ,ഇനി അങ്ങോട്ട് തുഷാര അർഷാദ് ഐ പി എസ്,എങ്ങനെയുണ്ട്.”
“നിങ്ങൾ സൂപ്പർ അല്ലേ മനുഷ്യാ.”
അപ്പോഴേക്കും ഡ്രൈവർ കയറി ബസ് സ്റ്റാർട്ടാക്കിയിരുന്നു.ബസ് നീങ്ങി പോകുന്നത് കണ്ടപ്പോഴാണ് അഖിൽ മൃണാളിനിയെ തിരികെ വിളിച്ചത്.
“എന്താ ചേച്ചി.”
“തുഷാര മരിച്ചു.അങ്ങ് ആഫ്രിക്കയിൽ.യു എൻ സമാധാന സേന സഞ്ചരിച്ച ജീപ്പ് ഒരു മൈനിലൂടെ കയറിയതാണ്.ബോക്കോഹറാം പോലെയുള്ള ഏതോ തീവ്രവാദി സംഘടനാ ഉത്തരവാദിത്വം ഏറ്റെടുത്തു.അതിൽ രണ്ടു ഇന്ത്യക്കാരുണ്ട്.തുഷാരയും,പിന്നെയൊരു അജയ് സിങ്ങും ,ആർമി ഉദ്യോഗസ്ഥനാണ് അയാള് രാജസ്ഥാനിയാണ്.അർഷാദ് പോയോ? നാട്ടിലെത്തുന്നതുവരെ ഈ വിവരം പാവം അറിയാതിരുന്നെങ്കിൽ……. .”
“പാവം ഇക്ക കല്യാണത്തെക്കുറിച്ച് കുറെ സ്വപ്നങ്ങൾ കണ്ടതാണ്,അനിയന്റേയും ഉമ്മയുടേയും രോഗം മൂലം പാവം തളർന്നിരിക്കുകയാണ്.ഇനി ഇത് കൂടി.എന്തൊരു പരീക്ഷണങ്ങളാണ്.”
അർഷാദ് പെട്ടിയും തൂക്കി നടക്കുകയാണ്.തെരുവിൻ്റെ ഇരു വശവും നിന്ന് ആളികത്തുന്നു.എങ്ങോട്ട് പോകണം ? വഴിയറിയില്ല,മുന്നിലാരോ നടക്കുന്നുണ്ട്.അയാൾ നല്ല വേഗതയിലാണ്.ഓടിയാൽഅയാൾക്കൊപ്പം എത്തിച്ചേരാം.പിറകിൽ നിന്നും കൂവി വിളിച്ചപ്പോൾ അയാൾ തിരിഞ്ഞ് നോക്കി.
ചുരുട്ട് വലിച്ചും കൊണ്ട് നാരായണ നടക്കുകയാണ്.
“തമ്പി മറന്തുവിട്ടായ.”
“ആഹ് നീങ്കളാ പെരിയവരേ.”
പെട്ടെന്ന് അവർ നിന്ന സ്ഥലത്ത് മുകളിൽ നിന്നും എന്തോ വന്ന് വീണു.ഒരു തീഗോളം,കഠിനമായ ചൂട്,അവൻ്റെ കൈകാലുകൾ നിന്ന് കത്തുകയാണ്.നാരായണയെ കാണുന്നില്ല.പൊള്ളലിൻ്റെ വേദനയിൽ അവൻ നിലവിളിച്ചു.
കണ്ണു തുറന്നപ്പോൾ കണ്ടക്ടറും സഹയാത്രികരും തുറിച്ച് നോക്കുന്നു.ബസ് നിർത്തിയിട്ടിരുക്കകയാണ്.ഡ്രൈവർ അവനെ ഉറ്റ് നോക്കുന്നു.അവർ കുടിക്കാൻ അവന് വെള്ളം നൽകി.ആശുപത്രിയിൽ പോകണമോയെന്നന്വേഷിച്ചു.സ്വപ്നമാണെന്ന് പറഞ്ഞാല് ,വേണ്ട അവനത് മാറ്റി പറഞ്ഞു.
“ഇന്നലെ കടുത്ത പനിയായിരുന്നു.പനി വിട്ടതിന്റെയാണ്.”
നാട്ടിലെ കവലയിൽ ബസിറങ്ങുമ്പോൾ വഴിയരികിൽ പോലീസുകാരുടെ വാഹനം കണ്ടു.നാട്ടുകാരിൽ പലരും സഹതാപത്തോടെ അവനെ നോക്കുന്നു.വീട്ടിലേയ്ക്കുള്ള വഴിയ്ക്ക് ഇരു വശത്തും കറുപ്പ് കൊടികൾ കെട്ടി വച്ചിരുന്നു.
“ആരാണ് എന്നെ വിട്ട് പോയത്?ഉമ്മയോ ആദിയോ.?”
അവൻ ഒരു ഉത്തരത്തിന് വേണ്ടി സ്വയം ചോദിച്ചു.
മുറ്റത്ത് പന്തലോ ആൾക്കൂട്ടമോ ഇല്ല.മുറ്റത്തെ കസേരയിൽ ആദിയും കൂട്ടുകാരും ഇരിക്കുന്നു.ആദിയല്ല…
അർഷാദിനെ കണ്ടതും ആദി പൊട്ടിക്കരഞ്ഞു.ഉമ്മ പോയോ, ഒന്നിച്ച് ജീവിക്കാൻ വിധി സമ്മതിച്ചിട്ടില്ല.
“ഏട്ടാ, ഏട്ടത്തിയമ്മ പോയല്ലോ.”
“തുഷാരയോ,അവൾക്കെന്ത് പറ്റിയെന്നാ.”
ആദിയുടെ കൂട്ടുകാർ കാട്ടി കൊടുത്ത പത്രവാർത്ത.ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വന്ന ടെലിഗ്രാം വാർത്ത.
അവൻ മുന്നിൽ കണ്ട കസേരയിലേക്ക് വീണു പോയി.
“അവൾ പോയല്ലേ.കത്തി കരിഞ്ഞ് കിടക്കുന്ന അവളെ എനിക്ക് കാണണ്ട.”
അവനാകെ തകർന്നു പോയിരുന്നു .അർഷാദ് മുറിക്ക് പുറത്തിറങ്ങാതെയായി.മുറിയിലെ നിഴലുകൾ അവനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.അച്ഛൻ, മഹാദേവൻ,നാരായണ അവരൊക്കെ ചുറ്റും കൂടി നിൽക്കുന്നു.നിഴലുകൾക്കിടയിൽ അർഷാദ് തുഷാരയെ തെരഞ്ഞു.ഇനി അവളും വരും അവരോടൊപ്പം…
അവൾ അണിയിച്ച മോതിരത്തിൽ നോക്കി അവൻ മണിക്കൂറുകളോളം ഇരിക്കും.
പോസ്റ്റ്മോർട്ടവും ഔപചാരിതകളുമൊക്കെ കഴിഞ്ഞു തുഷാരയുടെ ശരീരം നാട്ടിലെത്താൻ രണ്ടാഴ്ച എടുത്തു.ആ നാട് മുഴുവൻ ആ വീട്ട് മുറ്റത്ത് ഒത്തു ചേർന്നു.പോലീസും രാഷ്ട്രീയക്കാരും, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവൾ എല്ലാവരുടേയും ആദരവ് ഏറ്റു വാങ്ങി.
ഇനി യാത്ര പറയാൻ അവളുടെ പ്രിയതമൻ മാത്രമേ ബാക്കിയുള്ളൂ.
എല്ലാവരും അക്ഷമയോടെ നോക്കി നിന്നു.ആളുകളുടെ കണ്ണുകൾ ആ വീട്ടിനുള്ളിലേക്ക് നീണ്ടു.അയാളുടെ സങ്കടം , ഇച്ഛാഭംഗം അയാളെങ്ങനെ പ്രകടിപ്പിക്കും.അതൊരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വരുമോ?
അർഷാദ് കല്യാണത്തിന് വേണ്ടി വാങ്ങിയ പുതിയ കോട്ടൺ ഷർട്ട് ധരിച്ച് മുറ്റത്ത് പ്രത്യക്ഷനായി.
**********************
തുഷാരയുടെ മുഖത്തിൻ്റെ ഒരു ഭാഗം മാത്രമേ സുതാര്യമായ ശവപ്പെട്ടിയിലൂടെ കാണാൻ കഴിഞ്ഞുള്ളൂ.അത്രയും ഭാഗം മാത്രമേ പൊള്ളലേൽക്കാതെ അവശേഷിച്ചിരുന്നുള്ളൂ.അവളുടെ അവസാനത്തെ ഭാവം, മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു .അതൊരിക്കലും ഭയത്തിന്റേതായിരുന്നില്ല.ഗൗരവം കലർന്ന പുഞ്ചിരി ആ ചുണ്ടിൽ വിടർന്നിരുന്നു.
അർഷാദിന്റെ പൊട്ടിക്കരച്ചിൽ കാണാൻ കാത്തിരുന്നവരെ അത്ഭുതപ്പെടുത്തി കൊണ്ട് അവൻ അവൾക്ക് അവസാനമായി ഒരു സല്യൂട്ട് നൽകി.
ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട്,അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.ആരൊക്കെയോ ചേർന്നവനെ പിടിച്ച് മാറ്റി കൊണ്ട് പോയി.
ദിവസങ്ങൾക്ക് ശേഷം മൃണാളിനിയുടെ മുന്നിൽ മാത്രമാണവൻ ഹൃദയം തുറന്ന് കരഞ്ഞത്.
“ഓരോരുത്തർക്കും ഓരോരോ ജന്മ നിയോഗങ്ങൾ .അവളുടേത് കഴിഞ്ഞു അവള് മടങ്ങി പോയി.താമസിയാതെ ആദിയും മടങ്ങും.ഇനി ആദിയുടെ മക്കൾക്ക് ആരുണ്ട്? ആ മക്കളുടെ കാര്യം ഞാനല്ലേ നോക്കേണ്ടത്.”
“നിനക്കിനിയെങ്കിലും ആ മോതിരം വിരലിൽ നിന്നും ഊരി കൂടെ.”
മൃണാളിനി ചോദിച്ചു.
“അതിനി ഊരില്ല.മരിക്കുന്നത് വരെ അത് എന്റെ കയ്യിൽ കിടന്നോട്ടെ .ഞാൻ അവൾക്കു കൊടുത്ത വാക്കാണ് അത്.കടമകൾ ഉണ്ട്,അത് കഴിയുമ്പോൾ ഞാൻ ഹിമവാന്റെ മടിത്തട്ടിലേക്ക് ഒരിക്കൽ കൂടി യാത്രയാകും.അവസാനത്തെ ജീവിതം അവിടെയാകണം എന്നാണ് ആഗ്രഹം.”
“പിന്നേ, സന്യാസിയാകാനാണോ നിന്റെ തീരുമാനം.”
“ഏകാന്തമായ ജീവിതമാണ് എനിക്ക് വിധിച്ചത്.താങ്ങായി വേണ്ടപ്പെട്ടവർ എന്നും കൂടെയുണ്ടാകും ഇതൊക്കെ പറഞ്ഞത് വേറെയാരുമല്ല, നിങ്ങളുടെ നാട്ടുമൂപ്പൻ പറഞ്ഞതാണ്.”
“മൂപ്പനാരാണ്,ദൈവമൊന്നുമല്ലല്ലോ.ആ വാക്ക് അവസാന വാക്കുമല്ല.”
“ചില കാര്യങ്ങൾ,ചില തീരുമാനങ്ങൾ,ചില വ്യക്തികളുമായുള്ള കണ്ടു മുട്ടൽ ,അതൊക്കെ നേരത്തെ തീരുമാനിച്ചതാണ്.അത് അങ്ങനെയേ നടക്കൂ.എന്റെ അച്ഛൻ,എന്റെ ഏട്ടൻ,നിന്റെ അപ്പൻ നാരായണ,ഇപ്പോൾ തുഷാര ,ചിലപ്പോൾ ഇവരൊക്കെ കൂടെയുള്ളത് പോലെയൊരു തോന്നലാണ് എനിക്ക്.എനിക്കിപ്പോൾ എന്റെ അനിയന്റെ കുടുംബമുണ്ട്.അവന്റെ കുഞ്ഞുങ്ങളുണ്ട്.ഇപ്പോൾ അതാണെന്റെ ലോകം.”
അർഷാദിന്റെ പിടിവാശി നല്ല പോലെ അറിയാമായിരുന്ന മൃണാളിനി പിന്നെയവനെ ഉപദേശിച്ചില്ല.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞ് വീണു.അർഷാദ് എപ്പോഴും ഒരേ ചിന്തകളിലാണ്.ഊണും ഉറക്കവുമില്ല,ഒരേ കിടപ്പ് തന്നെ.
“കുഞ്ഞോനെ നീ ഈയിടെ ഒന്നും കഴിക്കാറില്ലല്ലോ.”
അർഷാദ് തിരിഞ്ഞ് നോക്കി.തൊട്ട് പിറകിൽ ഉമ്മ, കണ്ണുകളിൽ സ്നേഹത്തിൻ്റെ അലയടികൾ കാണാൻ കഴിഞ്ഞു.ഉമ്മയുടെ ഹൃദയമിടിപ്പ് അവൻ വ്യക്തമായി കേട്ടു.
“ഉമ്മയ്ക്ക് ഞാനാരാണെന്ന് മനസ്സിലായോ.”
“നീ എൻ്റെ അർഷൂ,എൻ്റെ കുഞ്ഞോൻ.”
അവൻ പൊട്ടിക്കരഞ്ഞു.ഉമ്മയെ ചേർത്ത് പിടിച്ചവൻ ഏങ്ങി ഏങ്ങി കരഞ്ഞു.
“കുഞ്ഞോനേ ചില സമയത്ത് ഉമ്മാടെ തലേൽ കടന്നൽ കൂടിളകി വരും.തല വേദനിച്ചു പൊട്ടും.ഞാൻ കൂവി വിളിക്കും.എല്ലാവരേം ഉപദ്രവിക്കും.എല്ലാം കഴിയുമ്പോൾ മനസ്സ് കുളത്തിലെ വെള്ളം പോലെ തെളിയും.അപ്പോൾ ഉമ്മാടെ മനസ്സിൽ അമ്പലക്കുളവും എൻ്റെ കുഞ്ഞോനും മാത്രമാകും.എൻ്റെ കുഞ്ഞോൻ വളർന്ന് പോയി.”
ആദിയും അനഘയും അവനേയും ഉമ്മായേയും സ്നേഹത്തോടെ നോക്കിയിരുന്നു.ഐശ്വര്യയും ഇളയ കുട്ടി അപർണ്ണയും ഓടി വന്നു അർഷാദിന്റെ മടിയിൽ വന്നിരുന്നു.
അവർക്ക് അച്ഛനേക്കാൾ പ്രിയം വല്യച്ഛനോടായിരുന്നു.
ആദിയുടെ അവസാന രണ്ട് മാസങ്ങൾ ആശുപത്രിയിലായിരുന്നു.അനഘയുടെ ഒറ്റയ്ക്കുള്ള കഷ്ടപ്പാട് കണ്ടിട്ടാണ് അർഷാദ് വീടിന് പുറത്തിറങ്ങി തുടങ്ങിയത്.
ആദിയുടെ മരണശേഷം ഒരു ജോലിക്ക് ശ്രമിച്ചു.പഴയ കൂട്ടുകാരുടെ സഹായത്തോടെ ഒരു പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായി ചേർന്നു.വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരം മാത്രമേയുള്ളൂ.അതും അവനൊരു സൗകര്യമായി.
ഉമ്മയും കൂട്ടുകാരും അനഘയെ വിവാഹം ചെയ്യാൻ പ്രേരിപ്പിച്ചപ്പോഴൊക്കെ അവൻ കൈയിലെ മോതിരം കറക്കി കൊണ്ട്, ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് ഭാവത്തിൽ വിദൂരതയിലേക്ക് നോക്കിയിരുന്നു.
വിധവയായപ്പോൾ കേവലം ഇരുപത്തിയാറ് വയസ്സ് മാത്രമേ അനഘയ്ക്ക് ഉണ്ടായിരുന്നുള്ളൂ.ഒരു വശത്ത് ഭർത്താവിന്റെ ഓർമ്മകളിൽ ആ വീട്ടിൽ തന്നെ ജീവിയ്ക്കാനുള്ള അവളുടെ തീരുമാനം.മറുവശത്ത് അവളെ തിരികെ വിളിച്ചു കൊണ്ട് പോകാൻ ശ്രമിയ്ക്കുന്ന അവളുടെ അമ്മ വീട്ടുകാർ.
അവളുടെ ആരുമല്ലാത്ത ആ ഉമ്മയ്ക്കും മകനുമൊപ്പം ജീവിയ്ക്കാനുമുള്ള അവളുടെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു.അവൾ സങ്കടമെല്ലാം ആരോടും പറയാതെ ഉള്ളിലൊതുക്കി.അവളുടെ പ്രശ്നങ്ങളൊന്നും അർഷാദ് അറിഞ്ഞതേയില്ല.
സ്വന്തമായി ഒരു വരുമാനമില്ല. സ്വന്തം വീട്ടിലേക്കു മടങ്ങി പോകാൻ അവൾക്ക് സാധിക്കില്ല.കാരണം അവൾക്ക് രണ്ട് പെൺകുട്ടികളാണ്.സ്വന്തം അമ്മയുടെ പഴയകാല ചരിത്രം അവളെ പേടിപ്പിക്കുന്നു.കുട്ടികളുടെ ഭാവിയോർത്താണ് അവളുടെ ആകുലത.
ഉറങ്ങാതെ കിടന്ന ഒരു രാത്രിയിൽ മുറ്റത്തൊരു ശബ്ദം കേട്ടാണ് അർഷാദ് ഉണർന്നത്.മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നു.അനഘയും കുട്ടികളും കിടന്നു ഉറങ്ങുന്നു.ഉമ്മയെ കിടക്കയിൽ കാണാനില്ല.
വീടിന് ചുറ്റും നോക്കി ഉമ്മ അടുത്തെങ്ങുമില്ല.നടന്നവൻ അമ്പലക്കുളത്തിനടുത്തെത്തി.ദൂരെ നിന്നും തലയിലെ വെളുത്ത തട്ടം കണ്ടു.
“ഉമ്മാ,….എന്താ ഇവിടെ.”
“എനിക്ക് ആ മോളുടെ സങ്കടം കാണാൻ വയ്യ.അവരവളെ അവിടെ നിന്നും കൊണ്ട് പോകും.”
“ആര്?”
“അവളുടെ വീട്ടുകാര്.”
“ഇല്ല എൻ്റെ ആദിയുടെ മക്കളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല.”
“നിനക്ക് അവരിൽ എന്ത് അധികാരം.അവര് കോടതി വഴി അവളേയും കുട്ടികളേയും കൊണ്ട് പോകും.,നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല മോനേ.കുട്ടികളുടെ കളിചിരിയില്ലാതെ എനിക്കിനി അവിടെ പറ്റില്ല.”
“എന്താ ഉമ്മാ പ്രതിവിധി?.”
“ഒരു മാർഗ്ഗമേയുള്ളൂ.നീ അവളെ വിവാഹം ചെയ്യുക.”
“അതൊന്നും നടക്കില്ല ഉമ്മാ, അത് ആദിയോട് ചെയ്യുന്ന ചതിയാകില്ലേ .”
“അങ്ങനെ ചെയ്യാതിരുന്നാലാണ് കഷ്ടം.അവരവളെ കൂട്ടി കൊണ്ട് പോകും.കുടുബ ചരിത്രം അറിയാമല്ലോ.അവൾ രണ്ട് കുട്ടികളേയും കൊന്ന് ജീവൻ അവസാനിപ്പിക്കും.”
“ഉമ്മാ.”
ഉമ്മ മറുപടി പറയാതെ വീട്ടിലേക്ക് നടന്നു.
“പ്രിയപ്പെട്ടവർക്ക് വേണ്ടി ചില വാശികൾ വേണ്ടെന്ന് വച്ചൂടെ കുഞ്ഞോനേ.”
പതിവായി ഉണരുന്ന സമയം കഴിഞ്ഞിട്ടും അർഷാദ് കിടക്കയിൽ നിന്നും എഴുന്നേറ്റില്ല.
“എന്താ തീരുമാനം.” അവൻ സ്വയം ചോദിച്ചു.
ഉത്തരം കിട്ടിയില്ല.ചായ ഗ്ലാസുമായി അനഘ മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ അവൻ കണ്ണുകളടച്ചു.അവൾ ഗ്ലാസ് മേശമേൽ വച്ച് തിരിഞ്ഞ് നടന്നപ്പോൾ അവനവളുടെ കൈത്തുമ്പിൽ പിടിച്ചു വലിച്ചു.
“ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ മോളേ.”
അവളൊന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.
ഉമ്മയും കുട്ടികളും മുറ്റത്ത് കളിയിലാണ്.അനഘയെ അവിടെയെങ്ങും കണ്ടില്ല.
അർഷാദ് അടുക്കളയിലെത്തി നോക്കി.അവൾ അടുപ്പിനരികിൽ നിൽക്കുകയാണ്.
“ഒരു ഉത്തരം വേണമെനിക്കിന്ന്.താൽപര്യമുണ്ടെന്നോ,ഇല്ലെന്നോ, എന്തായാലും തുറന്ന് പറയൂ.”
അനഘ വിതുമ്പുന്നുണ്ടായിരുന്നു.അവളുടെ പിറകിൽ ചേർന്ന് നിന്നവളെ തന്നോട് ചേർത്തു പിടിച്ചു.അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ
ചുടു കണ്ണീർ അവൻ്റെ കൈകളെ പൊള്ളിച്ചു.
“നിന്നേയും എൻ്റെ കുട്ടികളേയും ഞാനാർക്കും വിട്ട് നൽകില്ല.”
അവനവളുടെ മുടി വകഞ്ഞ് മാറ്റി അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു.അവൾ മെല്ലെ തിരിയുന്നതും തന്നിലേക്ക് കൂടുതൽ അമരുന്നതും അവൻ ആസ്വദിച്ചു.
“ഏട്ടാ ,ഏന്നെയവർക്ക് വിട്ടു കൊടുക്കരുതേ.”
ആദ്യമായിട്ടാണ് ഒരു സ്ത്രീയുമായി അവനിത്ര അടുത്ത് ഇടപെടുന്നത്.
“ഇല്ല മോളേ,നീയിനി എന്റേത് മാത്രമാണ്.”
അവളേയും ചേർത്ത് പിടിച്ച് ഉമ്മറത്തെത്തുമ്പോൾ ഉമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം.
“നീ ഇന്ന് കോളേജിൽ പോകുന്നില്ലേ.”
“ഇല്ല ഉമ്മാ,ഞങ്ങളൊന്ന് സബ് രജിസ്ട്രാർ ഓഫീസിൽ പോയി വരാം.കേസൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.”
അർഷാദ് രണ്ട് കുട്ടികളേയും ഇരു കൈകളും കൊണ്ട് എടുത്തു പൊക്കി വട്ടം കറക്കുമ്പോൾ ,തൻ്റെ മകന് നഷ്ടമായ ബാല്യകാലത്തെക്കുറിച്ച് ആ ഉമ്മ ആലോചിക്കുകയായിരുന്നു.
“ഇനിയാർക്കാണ് കറങ്ങേണ്ടത്.ഉമ്മായ്ക്കാണോ?അതോ അനഘയ്ക്കോ.”
“അമ്മയെ എടുത്ത് കറക്കൂ വല്യച്ഛാ.”
ഇളയവൾ അപർണ ബഹളം വച്ചു.
സ്നേഹമൊരു പുഴപോലെയാണ്.അതിങ്ങനെ ഒഴുകി കൊണ്ടിരിക്കും. അർഷാദിൻ്റെ ജീവിതം പോലെ.മറ്റുള്ളവരുടെ വരവും പോക്കും ഒക്കെ ഒരു നിയോഗം പോലെ……
അവസാനിച്ചു .
