ഭക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ നാടിനും അതിന്റേതുമാത്രമായ സംസ്കാരങ്ങളുണ്ട്. ഓരോ നാടുകളിലും വ്യത്യസ്തങ്ങളായ പല വിഭവങ്ങളും ഇത്തരത്തിലുണ്ട്. ഒരു നാട്ടിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ ഒരുപക്ഷേ മറ്റൊരു നാട്ടിലുള്ളവര്‍ക്ക് അറപ്പുളവാക്കുന്നതാകും. വിശപ്പകറ്റുന്നതിനൊപ്പം ഇത്തരം ധാരാളം കൗതുകങ്ങളും ഒളിഞ്ഞിരിപ്പുണ്ട് ഭക്ഷണപ്പാത്രങ്ങളില്‍.
ഭക്ഷണവൈവിധ്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് ചൈന. അറപ്പുളവാക്കുന്നതും വിചിത്രവുമെല്ലാമായ പല ഭക്ഷണങ്ങളും ചൈനയിലുണ്ട്. നമ്മുടെ നാട്ടിലെ റെസ്റ്ററന്റുകളില്‍ ചൈനീസ് എന്ന പേരില്‍ ലഭിക്കുന്ന പല ഭക്ഷണ വിഭവങ്ങളും ചൈനയുമായി ബന്ധമില്ലാത്തവയാണ്. അതിനാല്‍ തന്നെ ചൈനയുടെ യഥാര്‍ഥ രുചിഭേദങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല.
ചൈനക്കാര്‍ക്ക് പ്രിയപ്പെട്ട നാല് വ്യത്യസ്തങ്ങളായ വിഭവങ്ങളെ ഇവിടെ പരിചയപ്പെടാം.
മുയല് തല
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ളവര്‍ക്ക് മുയലിറച്ചിയെന്നാല് ജീവനാണ്. സിചുവാന്‍ പ്രവിശ്യക്കാരാണ് ചൈനയിലെ മുയലുകളില്‍ 95 ശതമാനത്തേയും അകത്താക്കുന്നത്. സിചുവാന്‍ ജീവനോടെ മറികടക്കാന്‍ ഒറ്റ മുയലിനും കഴിയില്ല എന്നൊരു തമാശ പോലും ചൈനയിലുണ്ട്.
അതേസമയം മുയലിന്റെ ഇറച്ചിയേക്കാള്‍ തലയാണ് ഇവിടുത്തുകാര്‍ക്ക് പ്രിയം. എരിവുള്ള എണ്ണയും വറ്റല്‍ മുളകും ചേര്‍ത്ത് പാചകം ചെയ്തെടുക്കുന്ന മുയല് തലകള്‍ സിചുവാനിലെ തെരുവുകളില്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. 10 മുതല്‍ 20 യുവാന്‍ വരെ (120-240 രൂപ) ആണ് ഒരു മുയല് തലയുടെ വില. ബിയറിനൊപ്പമാണ് പൊതുവേ ചൈനക്കാര്‍ ഇത് ആസ്വദിച്ച് കഴിക്കുക.
എല്ലുകള്‍ കാരണം മുയല്തല മുഴുവനായി കഴിക്കാന്‍ കഴിയുന്നില്ല എന്ന് അടുത്തിടെ പലരും പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ വിഭവം ശരിയായ രീതിയില്‍ എങ്ങനെ കഴിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഉറുമ്പ് മുട്ട
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ന്യൂനപക്ഷമായ ദായ് വംശത്തില്‍ പെട്ടവരുടെ പാരമ്പര്യ ഭക്ഷണങ്ങളിലൊന്നാണ് ഉറുമ്പ് മുട്ട. വീട്ടിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് മാത്രം വിളമ്പുന്ന വിശിഷ്ടമായ ഭക്ഷണമാണ് ദായ് വംശക്കാര്‍ക്ക് ഉറുമ്പ് മുട്ട.
ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും വിറ്റാമിനുകളും കൊഴുപ്പുമെല്ലാം ഉണ്ടെന്നാണ് ദായ് വംശജരുടെ വിശ്വാസം. പ്രകൃതിദത്തമായ പ്രോട്ടീന്‍ പൗഡര്‍ എന്നാണ് ഉറുമ്പ് മുട്ടയെ ഇവര്‍ വിശേഷിപ്പിക്കുന്നത്.
ഉറുമ്പുമുട്ട ചൂടുവെള്ളത്തിലിട്ട് വേവിച്ചെടുത്തശേഷം വറ്റല്‍ മുളകും സോസും വിനാഗിരിയും ചേര്‍ത്ത് വാഴയിലയില്‍ പൊതിഞ്ഞ് ആവിയിലോ തക്കാളി സൂപ്പിലിട്ടോ വീണ്ടും വേവിച്ചാണ് പാചകം. ഉറുമ്പ് മുട്ട പാചകം ചെയ്യാന്‍ വേറെയും ചില രീതികളുണ്ട്. പാലിന്റേത് പോലുള്ള സുഗന്ധമാണ് ഈ വിഭവത്തിനെന്നാണ് കഴിച്ചവര്‍ പറയുന്നത്.
പുഴുക്കാപ്പി
ചൈനയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് പുഴു. ഭക്ഷണമാക്കുന്നതിന് പുറമെ കാപ്പിയുണ്ടാക്കാനും ചൈനക്കാര്‍ പുഴുവിനെ ഉപയോഗിക്കും. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാനിലുള്ള ഒരു കഫേയാണ് കാപ്പിയില്‍ പുതിയ പരീക്ഷണം നടത്തിയത്.
ബാംബൂ വേം അമേരിക്കാനോ, ലോക്കസ്റ്റ് ലാറ്റേ, ബീ ലാറ്റെ എന്നിവയാണ് കഫേ മെനുവിലെ പുതിയ വിഭവങ്ങള്‍. വറുത്തെടുത്ത പുഴുക്കളെ കാപ്പിയില്‍ ചേര്‍ത്തായിരുന്നു പുതിയ പരീക്ഷണം.
നന്നായി വറുത്തെടുക്കുന്നതിനാല്‍ തങ്ങളുടെ പുഴുക്കള്‍ ക്രിസ്പിയും സുഗന്ധമുള്ളതുമാണെന്നാണ് കഫേ ഉടമ പറയുന്നത്. ആവശ്യപ്പെട്ടാല്‍ പുഴുക്കാപ്പിക്കൊപ്പം അല്‍പ്പം ഉപ്പും തരും. ഒരേസമയം നിങ്ങള്‍ക്ക് കുടിക്കാനും കഴിക്കാനും കഴിയുന്ന വിഭവമാണ് ഇതെന്നും ഉടമ പ്രാദേശിക പത്രത്തോട് പറഞ്ഞു.
കാളച്ചാണക സൂപ്പ്
കേള്‍ക്കുമ്പോള്‍ തന്നെ പലർക്കും അറപ്പുളവാക്കാന്‍ സാധ്യതയുള്ള വിഭവമാണ് ഇത്. എന്നാല്‍ കാളയുടെ ചാണകം അതുപോലെ കഴിക്കുകയല്ല ഇവിടെ ചെയ്യുന്നത്. കാളച്ചാണകത്തില്‍ നിന്നുള്ള ദ്രാവകമാണ് ഈ വിഭവത്തിന്റെ പ്രധാന ചേരുവ.
കാളച്ചാണകത്തില്‍ നിന്നുള്ള ഈ ദ്രാവകത്തിന് രൂക്ഷമായ ഗന്ധമാണ്. ഇതിനൊപ്പം വെള്ളവും രൂക്ഷഗന്ധം മാറ്റാനായി മസാലകളും ചേര്‍ത്താണ് പാചകം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ, ഗ്വാങ്സി പ്രവിശ്യകളിലെ വംശീയ ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ ആഘോഷവേളകളില്‍ വിളമ്പുന്നതാണ് കാളച്ചാണകത്തില്‍ നിന്നുള്ള സൂപ്പ്. ഈ സൂപ്പ് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണെന്നാണ് ഇവരുടെ വിശ്വാസം. പാചകം ചെയ്യുമ്പോള്‍ കടുത്ത ദുര്ഗന്ധമാണെങ്കിലും സൂപ്പ് തയ്യാറായിക്കഴിയുമ്പോള്‍ അത് ഇല്ലാതാകും.