എബി പി. ജോയ്
എണ്ണയുടെ പുനരുപയോഗം ക്യാൻസറിന് വരെ കാരണമായേക്കാം
.jpg?$p=f0903b6&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഉപയോഗിച്ച എണ്ണ നിശ്ചിത ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ കൂടുതൽ എണ്ണ പുനരുപയോഗം നടത്തുന്നവർക്കെതിരേ ഒരു ലക്ഷം രൂപ പിഴചുമത്തും.
ഉപയോഗിച്ച എണ്ണ ലിറ്ററിന് 50-60 രൂപ വിലയ്ക്കാണ് ഏജൻസികൾ വാങ്ങുന്നത്. ഇവ കേന്ദ്രസർക്കാരിന്റെ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം ബയോ ഡീസൽ ഉത്‌പാദനത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഉപയോഗിച്ച എണ്ണ ഭക്ഷ്യാവശ്യത്തിന് വീണ്ടും ഉപയോഗിച്ചാൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാവും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് 30-ഓളം ഏജൻസികൾ മുഖേന ഭക്ഷ്യവകുപ്പ് എണ്ണ ശേഖരിക്കുന്നത്. ചില സ്ഥാപനങ്ങൾ ഉപയോഗിച്ച എണ്ണ വിൽക്കാനാവുമെന്നതറിയാതെ പാഴാക്കിക്കളയുന്നുണ്ട്.
50 ലിറ്ററിൽ കൂടുതൽ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകൾ, ചിപ്‌സ്-മിക്‌സ്ചർ നിർമാണയൂണിറ്റുകൾ, മറ്റു ബേക്കറി സാധനങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിച്ച എണ്ണ കൈമാറിയിരിക്കണം. ഇതിനായി സ്ഥാപനത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. അംഗീകൃതമായ ഏത് കമ്പനിക്കുവേണമെങ്കിലും എണ്ണ നൽകാം. 20 ശതമാനത്തിൽ കൂടുതൽ മൊത്തം പോളാർ കോമ്പൗണ്ടുകൾ ഇല്ലാത്ത എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയിൽ ബോധ്യപ്പെടുകയും വേണം. പാചകത്തിനുള്ള എണ്ണ അന്നന്നുതന്നെ ഉപയോഗിച്ചുതീർക്കുന്നതാണ് ഉത്തമം.
കോഴിക്കോട് ജില്ലയിൽ നിലവിൽ നൂറിലേറെ സ്ഥാപനങ്ങൾ ഉപയോഗിച്ച എണ്ണ കൈമാറുന്നുണ്ട്. പ്രതിമാസം ശരാശരി 10,000 ലിറ്ററോളം എണ്ണയാണ് ജില്ലയിൽ ഇപ്പോൾ കൈമാറ്റംചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം 7,30,000 ലിറ്റർ എണ്ണ ജില്ലയിൽനിന്ന് ഏജൻസികൾ സംഭരിച്ചു. ഇത് മൊത്തം ഉപയോഗിച്ച എണ്ണയുടെ 30 ശതമാനത്തോളംമാത്രമേ വരുന്നുള്ളൂ എന്നാണ് കണക്ക്. ഭക്ഷ്യസംരംഭകർക്കായി തുടർന്നും ബോധവത്കരണ പരിപാടികൾ നടത്താൻ ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചിട്ടുണ്ട്.
Content Highlights: used oil to be handed over to prescribed agencies, State Food Safety Department to step up action

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter