“അപ്പൊ ഇതൊക്കെ നീ മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ ആകുമല്ലേ ലോൺ എടുത്തതും അടയ്ക്കാതെ അച്ഛനെ കൊണ്ട് സ്ഥലം വിൽപ്പിച്ചതും” അടുത്തെത്തിയ രാജീവന്റെ ചോദ്യത്തിന് സുജിമ മറുപടി പറയുന്നതിന് പകരം രാജീവൻ എന്താണ് ഇവിടെ എന്നാലോചിക്കുകയായിരുന്നു. കൊറേ നാൾ തന്റെ ജോലിക്കാരനായി നിന്നത് കൊണ്ട് തന്നെ അത്രയേ വില കൽപ്പിച്ചിരുന്നുള്ളൂ. അതിനിടെ വിനോദ് സാർ വീടിന്റ പ്ലാനെടുത്ത് കാണിച്ചു. എല്ലാ ഭാഗവും അളവെടുത്ത് കുറ്റി അടിക്കുന്ന തിരക്കിൽ അവിടെ മറ്റു സംസാരങ്ങളൊന്നും ഉണ്ടായില്ല. അതിനിടെ വിനോദ് സാറിന്റെ വാട്സാപ്പ് വീഡിയോ കോളിലൂടെ കുറ്റിയടിക്കുന്നതൊക്കെ എന്തെന്നില്ലാത്ത സന്തോഷത്തോടെ വിദ്യ കണ്ടുകൊണ്ടിരുന്നു.
“സുജിമ ഇത് ഞങ്ങളുടെ സ്റ്റാഫാണ് പേര് രാജീവൻ. എന്ത് ആവിശ്യമുണ്ടെങ്കിലും സുജിമ രാജീവനെ വിളിച്ചാൽ മതി. എന്തെങ്കിലും കാര്യത്തിന് എന്നെ അറിയിക്കണമെങ്കിലും രാജീവനോട് പറഞ്ഞാൽ മതി.” വിനോദ് സാർ പറയുന്നത് ഒരു പാവയെ പോലെ അനുസരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല സുജിമയ്ക്ക്.
“സാറിത് എത്ര പൈസയ്ക്കാ സ്ഥലമെടുത്തത്?” സുജിമ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിച്ചു.
” അയ്യോ ഇത് ഞാൻ എടുത്തത് അല്ല ഞങ്ങളുടെ ഒരു കസ്റ്റമറാണ് ഈ സ്ഥലം എടുത്തത്. അവരുടെ പ്ലാനാണ് ഇത്” കാറിന്റെ ബോണറ്റിൽ നിവർത്തി വച്ച പ്ലാൻ പരിചയപ്പെടുത്തിക്കൊണ്ട് വിനോദ് സാർ പറഞ്ഞു.
ഹാൾ, രണ്ടു അറ്റാച്ച് ട് ബെഡ് റൂം സ്റ്റൈയർകെസ് അടുക്കള ഒരു വർക്ക് ഏറിയ വ്യത്യസ്തം എന്നു പറയാൻ വല്യ ഒരു പലകഊഞ്ഞാൽ ആണ് അധികമായിട്ടുള്ളത്. കാർ പാർക്ക് ചെയ്യാൻ വീടിനോട് ചേർന്ന് ഒരു പോർച്ചും. വിദ്യ പണ്ടെങ്ങോ പറഞ്ഞ് തന്നെ കാണിച്ച് തന്ന ഊഞ്ഞാലിന്റെ ഫോട്ടോ രാജീവൻ മനസിലോർത്തു.
“നമ്മൾക്ക് ഒരു വീട് വെക്കുംബോൾ ഇതുപോലൊരു ഉഞ്ഞാൽ വേണം കെട്ടോ അതിന്റെ പൈസ ഞാൻ എങ്ങനേലും ഉണ്ടാക്കിക്കൊളും” അവൾ ഇടയ്ക്ക് തന്നെ ഓർമ്മിപ്പിക്കുമായിരുന്നു.
“ആ രണ്ട് പെ, ഗൊക്കെ ഇട്ടു വന്ന് അതില് കിടന്ന് ആടാൻ നല്ല രസായിരിക്കും അല്ലേ” തമാശയോടെ താനത് പറയുംബോൾ ”നിങ്ങൾക്ക് വെള്ളമടിച്ച് കിടക്കാനല്ല മനുഷ്യാ എനിക്കും മോനും ഇരിക്കാനാണ്” എന്നു പറഞ്ഞ് ചിറി കോട്ടും. ഈ സ്ഥലത്ത് വീട് വെക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു അവൾക്ക്.
VN കൺസ്ട്രക്ഷന്റെ മിടുക്ക് എന്താണെന്ന് തെളിയിക്കും വിധമുള്ള സീപടായിരുന്നു വീട് പണിക്ക്. അതിനിടെ ഒന്ന് രണ്ട് തവണ രാജീവൻ വിനോദ് സാറിനെ കണ്ട് ആ സ്ഥലത്തിന്റെ ഇപ്പൊഴത്തെ ഉടമയെ പരിചയപ്പെടുത്തി തരാമോ എന്ന് ചോദിച്ചു.
“അവർ ഈ സ്ഥലം കൊടുക്കുമെങ്കിൽ എങ്ങനെ എങ്കിലും അടിമപ്പണി ചെയ്താലും വാങ്ങാൻ ആയിരുന്നു. എന്റെ അച്ഛൻ വിറ്റ സ്ഥലം ആയിരുന്നു ഇത്” രാജീവന്റെ മറുപടി കേട്ട് വിനോദ് സാർ ഇതൊക്കെ പുതിയ അറിവാണെന്ന ഭാവത്തിൽ നിന്നു.
“അവർ ഈ സ്ഥലം കൊടുക്കില്ല രാജീവാ mമുക്ക് വേണമെങ്കിൽ വേറെ ഏതെങ്കിലും സ്ഥലം നോക്കാം രാജീവന്റെ കൈയ്യിൽ എത്ര പൈസ എടുക്കാനുണ്ടാകും?” സാറിന്റെ ചോദ്യം കേട്ട് രാജീവൻ ഒരു നിമിഷം ആലോചനയിൽ നിന്നു.
“സാർ എന്റെ കൈയ്യിൽ പൈസ ആയിട്ട് ഒരു രണ്ട് രണ്ടര ലക്ഷം കാണും ബാക്കി വീട്ടിലും പിന്നെ ഭാര്യയോടും സംസാരിച്ച് നോക്കണം” രാജീവൻ ആത്മ വിശ്വാസത്തോടെ പറഞ്ഞു. ഓട്ടോ ആക്സിഡന്റ് ആയതിനു ശേഷം ഒരു രൂപ ചിലവഴിക്കുംബോഴും രണ്ടു തവണ ആലോചിക്കുമായിരുന്നു അയാൾ. വെള്ളമടി പൂർണമായും നിർത്തിയിരുന്നു. കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞുമാറി പൂർണമായും വിനോദ് സാറിനു കീഴിലുള്ള ജോലിയിൽ മാത്രമായിരുന്നു ശ്രദ്ധ.
“എങ്കിൽ ആ പൈസ തൽക്കാലം എന്റെ കമ്പനിയിൽ നിക്ഷേപിച്ചോളു ബാക്കി പൈസ കൂടി ആകുംബോൾ കബനിയും സഹായിച്ച് നമുക്കൊരു വീട് വാങ്ങാം” വിനോദ് സാർ പറഞ്ഞതിന് രാജീവന് പൂർണ സമ്മതമായിരുന്നു. എങ്കിലും വിദ്യയോട് ചോദിച്ചിട്ട് കാര്യങ്ങൾ ചെയ്യാം എന്ന് തീരുമാനിച്ച് രാത്രി വിദ്യയെ വിളിച്ച് കാര്യങ്ങൾ മുഴുവൻ സംസാരിച്ചു. നടന്ന സംഭവങ്ങൾ എല്ലാം വിനോദ് സാറിൽ നിന്നും നേരത്തെ അറിഞ്ഞിരുന്ന വിദ്യ എല്ലാം മൂളി കേട്ടു.
“പിന്നെ എനിക്ക് തോനുന്നത് സ്ഥലം സാറിന്റെ കൈയിൽ തന്നെ ആണെന്നാ അല്ലാതെ വേറെ വല്ലോരുടേയും ആണെങ്കിൽ ഇങ്ങനെ പണി നടക്കുംബോൾ അവർ ഒന്ന് വന്ന് നോക്കുകയെങ്കിലും ചെയ്യില്ലേ? ഞാനിതുവരെ അവരെ കണ്ടിട്ടു കൂടി ഇല്ല. സാറിന്റെ കൈയ്യിൽ ആണെങ്കിൽ ഇപ്പൊഴേ പൈസ കുറച്ച് കുറച്ച് ആയി കൊടുത്താൽ നമുക്ക് ആ വീട് വാങ്ങാലോ? എന്താ നിന്റെ അഭിപ്രായം?” വിദ്യയ്ക്ക് തന്നെ അതിശയമായിരുന്നു രാജീവനിലുള്ള മാറ്റം. ഇഷ്ടം പോലെ ചെയ്തോ എന്നു പറഞ്ഞ് രാജീവന് സപ്പോർട്ട് കൊടുത്തിട്ടാണ് വിദ്യ ഫോൺ വെച്ചത്.
പൈസ കൊടുക്കുന്നതിനെ പറ്റി രാജീവന്റെ വീട്ടിൽ ഒരു സംസാരമായി. “നിന്റേൽ ഇത്രേം പൈസ ഉണ്ടായിരുന്നോ? എന്നാപ്പിന്നെ നമ്മുക്ക് ഈ വീടിന്റെ അടുക്കളയോട് ചേർന്ന് ഒരു ഗ്യാസ് അടുപ്പ് വെക്കാനും പിന്നെ ഒരു വാഷ്ബേസ് ഒക്കെ ആക്കിക്കൂടെ? ഞാൻ കൊറേ ആയി പറയണം എന്നു വിചാരിക്കുന്നു” അമ്മയുടെ സംസാരം രാജീവൻ മൈന്റ് ചെയ്തില്ല. അവൻ അച്ഛനോട് കാര്യങ്ങൾ സംസാരിച്ചു. അച്ഛന് ആകുന്ന പോലെ സഹായിക്കാം എന്ന് രാജീവന് വാക്ക് കൊടുത്തു. അങ്ങനെ അച്ഛൻ കൊടുത്ത അമ്പതിനായിരം കൂടി ചേർത്ത് രാജീവൻ സാറിന്റെ കൈയ്യിൽ കൊടുത്തു.
“സാറ് വിചാരിച്ചാൽ ഈ വീട് ഞങ്ങൾക്ക് വാങ്ങി തരാൻ കഴിയുമോ?” പ്രതീക്ഷയോടെ രാജീവൻ വിനോദ് സാറിന്റെ മുഖത്തേക്ക് നോക്കി.
” നമുക്ക് ശ്രമിക്കാം എന്തായാലും വീട് പണി കഴിയുംബോ അവർ വരും നമുക്ക് അവരോട് നേരിട്ട് സംസാരിക്കാം. അതുപോരെ?” സാറ് പറഞ്ഞ നിർദേശം രാജീവനും സമ്മതമായിരുന്നു.
അതിനിടെ ഇത്രേം പൈസ രാജീവന്റെ കൈയ്യിൽ എങ്ങനെ വന്നു എന്നത് വീട്ടിൽ ഒരു സംസാരവിഷയം ആയി മാറി. സുജിമയ്ക്കും രഞ്ചിക്കും അച്ഛൻ സ്ഥലം വിറ്റു കിട്ടിയ പൈസയിൽ നിന്നും ഒരു പങ്ക് രാജീവന് കൊടുത്തോ എന്നായിരുന്നു സംശയം. അതിനെ പറ്റി ചോദിക്കാൻ അവൻ അമ്മയോട് ആവിശ്യപ്പെട്ടു.
“വെള്ളമടിച്ച് നടക്കുന്ന ആൾടെ കൈയ്യിൽ എങ്ങനാ ഇത്രേം പൈസ വന്നത്?” സുജിമ തുടർച്ചയായി പലരോടും പറഞ്ഞുകൊണ്ടിരുന്നു.
“അവനിപ്പൊ വെള്ളമടി ഒന്നും ഇല്ല” അമ്മ പറയുന്നത് ആരും അത്ര കാര്യത്തിലെടുത്തില്ല. രാജീവൻ വെള്ളമടി ഉണ്ടോ ഇല്ലയോ എന്നൊന്നും ആയിരുന്നില്ല വിഷയം. ഇത്രേം പൈസ അത് അച്ഛൻ കൊടുത്തത് ആണോ എന്ന സംശയമായിരുന്നു അവർക്കെല്ലാം.
“ഞാൻ ആർക്കും പൈസ കൊടുത്തിട്ടും ഇല്ല കൊടുക്കാൻ എന്റെ കൈയ്യിൽ പൈസയും ഇല്ല, ഇനി കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് എന്റെ ഇഷ്ടമാണ് സ്ഥലം പണയപ്പെടുത്തി ലോൺ എടുത്തിട്ട് സ്ഥലം വിൽപ്പിച്ചത് നിങ്ങള് തന്നെയാണ് അതുകൊണ്ട് കൂടുതൽ വർത്താനൊന്നും ഇങ്ങോട്ട് പറയണ്ട” അച്ഛൻ പറയുന്നത് കേട്ട് മിണ്ടാതിരിക്കാൻ മാത്രമേ അവർക്കാകുമായിരുന്നുള്ളൂ. അതോടെ രാജീവൻ അച്ഛനെ പാട്ടിലാക്കി മൂന്ന് ലക്ഷം രൂപ വാങ്ങി ഏതോ വീടിന് അഡ്വാൻസ് കൊടുത്തു എന്ന് സുജിമ എല്ലാവരോടും പറഞ്ഞ് നടന്നു.
സുജിമ അതിനിടെ ഒന്ന് രണ്ട് തവണ നാട്ടിൽ വരികയും രഹസ്യമായി വീട് പണി നടക്കുന്ന സ്ഥലത്ത് സ്വന്തം ഏട്ടനെയും കൂട്ടി പോവുകയും ചെയ്തു. ചില നിർദേശങ്ങൾ പുതിയതായി കൊടുക്കുകയും അതിനനുസരിച്ചുള്ള മാറ്റം വരുത്തുകയും ചെയ്തു. അതിനിടെ മെറ്റീരിയലുകൾ ഇറക്കാൻ താമസം വന്നത് കാരണം ജോലിക്കാർ വെറുതെ നിൽക്കേണ്ടി വന്നു. ആ പേരിൽ രാജീവനും സുജിമയും തമ്മിൽ നല്ല സംസാരം തന്നെ ഉണ്ടായി.
“മൂന്ന് മണിക്കൂർ പണിക്കാരൊക്കെ വെറുതേ നിന്നിട്ടുണ്ട് ആ പൈസ കമ്പനി തരില്ല. അത് സ്വന്തം ചിലവിൽ ചെയ്തേക്കുക. ഇന്നലെ ഇറക്കേണ്ട മെറ്റീരിയൽ നീ ഒരാൾ കാരണമാണ് വൈകിയത്, അതിന്റെ ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കാൻ കബനിക്ക് പറ്റില്ല ഞാനിത് റിപ്പോർട്ട് ചെയ്യും” രാജീവൻ സ്ട്രോങ്ങായിട്ട് തന്നെ പറഞ്ഞു.
“അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല. നിങ്ങൾക്കെന്താ ഇതിലിത്ര ചൂടാകാൻ നിങ്ങളും കബനി ജോലിക്കാരനല്ലേ അല്ലാതെ ഇതിന്റ ഓണർ ഒന്നും അല്ലല്ലോ” സുജിമയും വിട്ടുകൊടുത്തില്ല. രാജീവനു കീഴിൽ ഓച്ചാനിച്ച് പല തവണ ആയി നിൽക്കേണ്ടി വന്നതിന്റെ അപകർഷതാ ബോധം മറ നീക്കി പുറത്തു വന്നു. അതിനിടെ മെറ്റീറിയൽ ഇറക്കിയതിന്റെ ബില്ലിലെ കണക്ക് അണുവിടാതെ രാജീവൻ പരിശോദിക്കുകയും മാർക്കറ്റ് വിലയേക്കാൾ കൂടുതൽ ഉള്ളത് എല്ലാം നോട്ട് ചെയ്യുകയും ചെയ്തു. ആ ബില്ലുകൾ പാസ്സാവാതെ പിടിച്ചു വെക്കാൻ രാജീവൻ മറന്നില്ല. അതിന്റെ പേരിൽ വലിയൊരു വാക്ക് തർക്കം തന്നെ ഉണ്ടാവുകയും വീട് പണി താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്യേണ്ടി വന്നു. ഒടുവിൽ വിനോദ് സാർ എത്തി ആ ബില്ലുകൾ തൽക്കാലം പെന്റിങ്ങിൽ വെച്ച് തന്നെ പണി തുടരാൻ സുജിമയോട് ആവിശ്യപ്പെടുകയും ചെയ്തു. അതോടെ പണിക്കാരുടെ മുന്നിലുൾപ്പെടേ നാണം കെട്ട സുജിമയ്ക്ക് രാജീവനോട് തീരാത്ത പക ആയി, എങ്കിലും അത് പുറത്ത് കാണിച്ചില്ല. കാണിച്ചാൽ അത് കമ്പനിയോടുള്ള വെല്ലുവിളി ആകും എന്ന പേടി അവൾക്ക് ഉണ്ടായിരുന്നു
അതിനിടെ ഒരു ചിട്ടി കിട്ടിയ പൈസ കൂടി രാജീവൻ സാറിനെ ഏൽപ്പിച്ചു.
“സാർ ഫ്ലോറിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. ടൈൽ ഒക്കെ.. ” രാജീവൻ പാതി പറഞ്ഞ് നിർത്തി.
“അതൊക്കെ രാജീവൻ തന്നെ നോക്കി കൈകാര്യം ചെയ്തോളൂ. ഞാൻ കസ്റ്റമറ്റോടും ചോദിക്കാം അത് പോരെ?” രാജീവനോട് തന്നെ ടൈൽ സെലെക്റ്റ് ചെയ്യാനും അതിന്റെ ഫോട്ടോ സാറിന് അയച്ച് കൊടുക്കാനും പറഞ്ഞു. വിദ്യയെ കാണിച്ച് ഏതാണ് വേണ്ടത് എന്നു വെച്ചാൽ അത് വാങ്ങാം എന്നാണ് പുള്ളി വിചാരിച്ചത്. എന്തായാലും രാജീവൻ അതിനു വേണ്ടി ആദ്യം തന്നെ വിദ്യയുടെ ഏട്ടന്റ അടുത്ത് പോയി. കാര്യങ്ങളൊക്കെ സംസാരിച്ചു. കൂട്ടത്തിൽ ആ ജോലി അവനോട് ചെയ്യാമോ എന്നും ചോദിച്ചു. കാര്യങ്ങളെല്ലാം അറിയുന്ന ശ്രീഹരി അതൊക്കെ താൻ തന്നെ ചെയ്തോളാം എന്ന് അറിയിച്ചു. ഫിനിഷിങ്ങ് വർക്ക് കൂടി കഴിഞ്ഞാണ് ശ്രീഹരി അവിടുന്നു മടങ്ങിയത്.
“സുജിമയുടെ ബാക്കി പൈസ നമുക്ക് ഇതിന്റെ ഓണർ വന്നിട്ട് എടുക്കാം എന്തേ?” വീടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് സാർ പറഞ്ഞു.
“എപ്പൊഴാണ് സാർ അവർ വരുന്നത്?” സുജിമ ചോദിച്ചു. ഇതു വരെ തനിക്ക് മുന്നിൽ വരാത്ത ആ ആൾ ആരാണെന്നറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു.
“ഇല്ല ഇനി അധികം വൈകില്ല. അവർ നാട്ടിലെത്തിയിട്ടുണ്ട് ഞാൻ പോയി അവരെയും കൊണ്ട് വരാം” അതും പറഞ്ഞ് പോയ സാറിന്റെ കാർ ഏറെ വൈകാതെ തിരികെ വന്നു. എല്ലാവരുടേയും നോട്ടം കാറിലേക്കായിരുന്നു.
കാറിൽ നിന്നും വന്ദന ഇറങ്ങി. വിദ്യ നാട്ടിൽ എത്തിയിരുന്നു കൂടെ വന്ദനയും. വരുന്ന വഴി വിദ്യ നേരെ സ്വന്തം വീട്ടിലേക്കാണ് പോയത് അപ്പൊഴാണ് വന്ദനക്ക് വിദ്യയുടെ വീട് കാണണമെന്ന് ആഗ്രഹം പറഞ്ഞത്. വിദ്യയ്ക്ക് പകരം താനാണ് വീടിന്റെ ഉടമ എന്ന് തൽക്കാലം അവർ വിശ്വസിച്ചോട്ടെ എന്നൊരു ലക്ഷ്യം കൂടി അതിന് ഉണ്ടായിരുന്നു.
“ഇവൾ വന്ദന , എന്റെ മരുമോൾ കൂടി ആണ്. ഇവള് പറഞ്ഞിട്ടാണ് ഞാൻ ഈ വിടെടുത്തത്” ആർക്ക് വേണ്ടിയാണ് വീടെടുത്തത് എന്നു പറയാതെ വാക്കുകളിൽ ഒരു ഒളിച്ചുകളി നടത്തുകയായിരുന്നു വിനോദ്.
” മേഡം എന്തു ചെയ്യുന്നു?” സുജിമ പരിചയപ്പെടാൻ വന്നു.
“ഞാൻ സെക്രട്ടറിയേറ്റിൽ ആണ് . സുജിമ അല്ലേ?” വിദ്യ പറഞ്ഞ അറിവ് വെച്ച് വന്ദന അവളെയും പരിചയപ്പെട്ടു. അതിനിടയിൽ രാജീവനും പരിചയപ്പെട്ടു. പക്ഷേ ആദ്യമായി കണ്ടൊരാളോട് അവരുടെ വീട് വിൽക്കുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ. എങ്കിലുംവിനോദ് സാറിനോട് രാജീവൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
” നമുക്ക് നോക്കാം രാജീവാ താൻ ടെൻഷനാകാതെ ” സാർ ചിരിച്ചു. സുജിമയുടെ മുന്നിൽ വെച്ച് തന്നെയാണ് രാജീവൻ അത് പറഞ്ഞത്.
“സാർ വെറുതേ തലവേദന എടുത്ത് തലേൽ വെക്കണ്ട. എന്റെ ബന്ധു ഒക്കെ തന്നെയാണ് പക്ഷേ വെള്ളമടിച്ച് ഓട്ടോ ഇടിച്ചതിനു ശേഷാണ് ഈ പണിക്കൊക്കെ ഇറങ്ങിയത്. ആദ്യം എന്റെ കൂടെ ആയിരുന്നു അവിടുന്ന് വെള്ളമടിച്ചിട്ട് ഞാൻ പുറത്താക്കിയതാണ്. ഇത്രേം പൈസയുടെ വീടു വാങ്ങാനൊന്നും അയാൾക്ക് പറ്റില്ല വെറുതേ പൈസേടെ കാര്യത്തിൽ സാറ് നാണം കെടണ്ട ” രാജീവൻ അവിടുന്നു മാറിയതോടെ സുജിമ വിനോദ്നോട് പറഞ്ഞു.
“അല്ലെങ്കിലും ഇത് വിൽപ്പനയ്ക്ക് വെച്ച വീടൊന്നും അല്ലെടോ പിന്നെ അയാൾ ചോദിക്കുംബൊ ഞാനങ്ങനെയൊക്കെ പറയുന്നു എന്നേ ഉള്ളൂ” ഗൂഡമായ ഒരു ചിരിയോടെ വിനോദ് പറഞ്ഞു . സുജിമയുടെ മുഖത്ത് ഒരു തൃപ്തി കാണുന്നുണ്ടായിരുന്നു. വന്ദനയുടെ അടുത്തും ഈ കാര്യം രഹസ്യമായി സൂചിപ്പിക്കാൻ സുജിമ മറന്നില്ല.
***********
“വല്ലാതെ ക്ഷീണം പിടിച്ചിട്ടുണ്ട് കെട്ടോ” രാജീവേട്ടനെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു. ഉച്ച ആയപ്പോഴാണ് രാജീവേട്ടൻ വീട്ടിൽ വന്നത്. അതിന് പ്രത്യേകിച്ച് ഒരു മറുപടിയും പുള്ളി പറഞ്ഞില്ല.
“ഞാനിന്നലയേ വരണം എന്നു വിചാരിച്ചതാ കുറച്ച് പൈസേം കൂടി ശെരിയാക്കാൻ പറ്റുമോന്ന് നോക്കാൻ വേണ്ടി ഒന്ന് രണ്ടിടത്ത് പോയി” രാജീവേട്ടൻ സംസാരിക്കുന്നതിനിടയിൽ തന്നെ അമ്മയും രേഷ്മയും അവിടേക്ക് വന്നു. ഞാൻ വേഗം തന്നെ ചോറെടുത്ത് വെച്ചു. ഏട്ടൻ ഉണ്ണിക്ക് ഒരു പുതിയ സൈക്കിൽ വാങ്ങിയിരുന്നു വീട്ടിൽ വന്നതിൽ പിന്നെ അവനതിൽ നിന്നും നിലത്തിറങ്ങിയിട്ടില്ല.
“ഇപ്പൊ എത്ര പൈസ കൊടുത്തു?” ഞാൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.
“എല്ലാം കൂടി ആറ് ആയി” രാജീവേട്ടനിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
“അച്ഛനും കുറച്ച് പൈസ തന്നിരുന്നു കെട്ടോ” രാജീവേട്ടൻ പറയുന്നതൊക്കെ ഞാൻ മൂളി കേട്ടു. അച്ഛൻ വന്ന ശേഷം ഞാൻ രാജീവേട്ടനൊപ്പം വീട്ടിലേക്ക് വന്നു. സാധാരണ ഞാൻ ഇങ്ങനുള്ള അവസരങ്ങളിൽ പല ഒഴിവു കഴിവുകൾ പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്നതിനു തൊട്ടു മുന്നേയൊക്കെയേ പോകാറുള്ളായിരുന്നു പക്ഷേ ഈ തവണ അങ്ങനെ പറ്റില്ല. അച്ഛനെ കാണണം വീടിന്റെ കാര്യങ്ങളൊക്കെ സംസാരിക്കണം പിന്നെ കുറച്ച് പൈസയും കൊടുക്കണം. എന്തൊക്കെയോ ആലോചിച്ച് വീട് എത്തിയത് അറിഞ്ഞില്ല. ഉണ്ണി ഇറങ്ങുംബോൾ തന്നെ രാജീവേട്ടന്റെ അമ്മ എന്തോ പറഞ്ഞു അത് ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഉമ്മറത്തേക്ക് കേറുംബോൾ “നിനക്കിങ്ങോട്ടുള്ള വഴിയൊക്കെ അറിയുമോ?” എന്ന് ഉണ്ണിയോട് ചോദിച്ചത് അമ്മ ആയിരുന്നു. ചോദ്യം ഉണ്ണിയോട് ആണെങ്കിലും നോട്ടം എന്നെ ആയിരുന്നു. ഞാനത് അത്ര കാര്യമാക്കിയില്ല.
“അമ്മേന്റ കാലിന് എന്താ പറ്റിയത്?” കാലിൽ ബാൻേജ് കണ്ടതോടെ ഞാൻ കാര്യം തിരക്കി.മുട്ട് വേദന കൂടിയിട്ട് ആണ് ബാൻേജ് ഇട്ടതെന്നു രാജീവേട്ടൻ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നെങ്കിലും ഞാൻ എന്തേലും ഒന്ന് ചോദിക്കണ്ടേ ന്ന് വിചാരിച്ചു ചോദിച്ചതായിരുന്നു.അതിന് അമ്മയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇല്ലാതായതോടെ ഞാൻ അകത്തേക്ക് കേറി.
” അമ്മേ അച്ഛനെവിടെ പോയതാ?” അകത്തും അച്ഛനെ കാണാതായതോടെ ഞാൻ ചോദിച്ചു.
” പശുനെ അഴിക്കാൻ ആകും. പശൂനെ പോറ്റിയിട്ടോ ചാണകം വാരീട്ടോ ഞങ്ങൾക്കും ജീവിക്കണ്ടേ.” ചോദ്യത്തിനേക്കാൾ വലിയ ഉത്തരമായിരുന്നു. വെറുതേ ഒരു സംസാരം ആകണ്ട എന്നു കരുതി ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും എന്റെ മനസിൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലായിരുന്നു. എനിക്കൊരു ജോലി ആയതിൽ പലരും അസ്വസ്ഥരാണെന്ന് എനിക്കും അറിയാവുന്നതാണ്. പണ്ട് താനും ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുംബോൾ ആരും കൂടെ ഉണ്ടായിരുന്നില്ല. ഓരോ എക്സാമിനു പോകുംബോഴും പൈസ കളയാൻ വേണ്ടി പോകുന്നതാണ് എന്ന് എത്രയോ തവണ പറഞ്ഞിരിക്കുന്നു. പിന്നെ പിന്നെ ഞാൻ ആരോടും കൈനീട്ടാതെ തയ്ക്കുന്ന പൈസ ഒക്കെ എടുത്തായിരുന്നു പോയത്.
കുറച്ച് ദിവസം ലീവ് ഉണ്ടായിരുന്നു. അപ്പൊഴേക്കും ട്രാൻസ്ഫറും കിട്ടും. പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഇവിടെ ജോയിൻ ചെയ്യാനാണ് തീരുമാനിച്ചത്. പക്ഷേ രാജീവേട്ടന്റെ അച്ഛനുൾപ്പെടെ എല്ലാവരും അതിനെ എതിർത്തു. ഇനിയും വൈകിക്കാതെ താമസം മാറണം എന്ന് എല്ലാവരും പറഞ്ഞു. അതു പ്രകാരം അടുത്ത രണ്ടാമത്തെ ഞായറാഴ്ച തന്നെ ഡേറ്റ് കണ്ടു. അത് ഞാൻ സാറിനെ അറിയിക്കുകയും ചെയ്തു.
“അതൊന്നും എനിക്ക് അറിയണ്ട. അമ്മയാണ് അന്ന് ആ മാല പണയം വെച്ചത് ഒന്നുകിൽ ആ മാല എനിക്ക് വേണം അല്ലെങ്കിൽ അതിന്റെ പൈസ.” അകത്ത് ബഹളം നടക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. അമ്മയും രാജീവേട്ടനും ആണ്. പണ്ട് എന്റെ ഒരു മാല അമ്മ പണയം വെച്ചിരുന്നു. അതിനെ ചൊല്ലിയാണ് ബഹളം.
“എനിക്ക് ആ വീടിന് അഡ്വാൻസ് കൊടുക്കാൻ പൈസ വേണം നിങ്ങളൊക്കെ കാരണമാണ് ആ സ്ഥലം പോയത് രഞ്ചിക്ക് ലോൺ അടയ്ക്കാൻ പറ്റാത്തത് കൊണ്ടല്ലല്ലോ?” അധികം ഒച്ച എടുക്കാതെ കാര്യങ്ങൾ പറയുകയാണ് രാജീവേട്ടൻ. അമ്മയാണെങ്കിൽ ഞാൻ വന്നു കേറിയത് കൊണ്ട് ഞാനാണ് മാലയുടെ കാര്യം ഓർമ്മിപ്പിച്ചത് എന്ന നിലയ്ക്കായിരുന്നു സംസാരം.
“ഇത്രേം കൊല്ലായിട്ട് ഇല്ലാത്തൊരു പ്രശ്നം നീ വന്നു കേറിയപ്പൊഴാ തുടങ്ങിയെ. കുടുംബത്തിലെ സമാധാനം കളയാൻ” അമ്മ എനിക്ക് നേരെ തിരിഞ്ഞെങ്കിലും “നിങ്ങള് വെറുതേ അവളെ പറയണ്ട അവള് പറഞ്ഞിട്ടൊന്നും അല്ല ഞാൻ.. എനിക്ക് പൈസ വേണം എങ്ങനെ എങ്കിലും കുറച്ച് കൂടി പൈസ ആയിട്ട് വേണം എനിക്ക് വീടിന്റെ കാര്യം തീരുമാനിക്കാൻ” രാജീവേട്ടൻ എനിക്കു വേണ്ടിയും സംസാരിച്ചു തുടങ്ങിയതിൽ എനിക്കെന്തോ വല്ലാത്തൊരു സന്തോഷം തന്നെ ആയിരുന്നു.
അമ്മ സുജിമയോട് തൽക്കാലം കുറച്ച് പൈസ തരാമോ എന്നു ചോദിക്കുകയും അവൾ അത് പറ്റില്ല എന്ന് അറിയിക്കുകയും ചെയ്തു.
“ആ പൈസ കൂടി കൊടുത്താൽ എവിടെ എങ്കിലും പോയി വീടെടുക്കുകയോ എന്തെങ്കിലും ചെയ്തോട്ടെ. വിദ്യ ഒറ്റ ആളു കാരണമാ ഇതൊക്കെ. ഇത്രേം കൊല്ലം ആയിട്ട് ഇല്ലാത്ത കാര്യാരുന്നു ഇത്” അമ്മ സുജിമയോട് പിന്നെയും നിർബന്ധിച്ചു അതോടെ കുറച്ച് പൈസ കൊടുക്കാം എന്ന് അവൾ സമ്മതിച്ചു. പക്ഷേ ആ പൈസ അമ്മ തരികയോ ആ സ്ഥലം വിറ്റ് അച്ഛനു കിട്ടിയ പൈസയിൽ കുറച്ച് വാങ്ങിക്കൊടുക്കുകയോ വേണം എന്ന് അവൾ ഡിമാന്റ് വെച്ചു. അത് അമ്മ സമ്മതിക്കുകയും ചെയ്തപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു. സ്ഥലം വിറ്റ പൈസയേ ..
******************
വിദ്യയ്ക്ക് വേണ്ടി വന്ദനയാണ് സുജിമയെ ക്ഷണിച്ചത്. അവിടെ ജോലി ചെയ്ത ഒട്ടുമിക്ക ആൾക്കാരെയും അവരുടെ ഫാമിലിയേയും ക്ഷണിച്ചു കൊണ്ടുള്ള ഒരു ഗൃഹപ്രവേശമാണ് വിദ്യ ആവിശ്യപ്പെട്ടത്. അതിനു കാരണവും ഉണ്ടായിരുന്നു. സുജിമയ്ക്കൊപ്പം രാജീവേട്ടന്റ അമ്മയേയും പുതിയ വീട് കാണിക്കുക. താനവിടെ വന്നിറങ്ങുംബോൾ അവരും വേണം അവിടെ.
” അത്രയെങ്കിലും ഞാൻ ചെയ്യണ്ടെടീ” വിദ്യ വന്ദനയോട് പ്ലാൻ പറഞ്ഞപ്പോൾ അവൾക്കും സമ്മതമായിരുന്നു. അത് കൊണ്ട് തന്നെ വന്ദന സുജിമയേയും രാജീവനേയും വീട്ടിൽ വന്നാണ് ക്ഷണിച്ചത്. അമ്മയോടൊക്കെ നിർബന്ധമായും വരണം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അതു കൊണ്ട് അവരെല്ലാവരും രഞ്ചിത്തിന്റെ കാറിൽ തന്നെ അവിടേക്ക് പുറപ്പെടാം എന്നു തീരുമാനിച്ചു. അതിനിടെ വിദ്യ രജിതേച്ചിയെ വിളിച്ച് ഞായറാഴ്ച തന്നോടൊപ്പം ഒരു സ്ഥലം വരെ വരണം എന്നു പറഞ്ഞിരുന്നു. പുതിയ വീട്ടിലേക്ക് ആണെന്നു മാത്രം പറഞ്ഞില്ല.
വിദ്യയുടെ വീട്ടുകാർ ഫർണിച്ചറും കാര്യങ്ങളും ഒക്കെ നേരത്തെ അവിടെ എത്തിച്ചു. എല്ലാറ്റിനും മുന്നിൽ വിനോദ് സാറും ഉണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ തന്നെ രാജീവൻ സാറിനെ കണ്ട് ആ വീടിന്റെ കാര്യം ഓർമ്മിപ്പിച്ചു. “നമുക്ക് ശെരിയാക്കാം നീ ടെൻഷനാവാതിരിക്ക് ” സാറ് അയാളെ സമാധാനിപ്പിച്ചു. വന്ദന എല്ലാറ്റിനും മുന്നിൽ അവിടെ തന്നെ ഉണ്ടായിരുന്നു. അതിനിടെ വിദ്യ രാജീവനെ വിളിക്കുകയും തന്റെ കൂടെ അംബലത്തിൽ വരാൻ ആവിശ്യപ്പെടുകയും ചെയ്തു.
“വിദ്യേ ഞാനിവിടെ സാറിന്റെ കൂടെയാ ഉള്ളത്. ആ വീടിന്റെ കാര്യം സംസാരിച്ചു നോക്കാം എന്ന് സാറ് പറഞ്ഞിരുന്നു”
“അവിടുന്നു എന്തെങ്കിലും പറഞ്ഞിട്ട് വാ ഞാനും മോനും രജിതേച്ചിയും ഉണ്ട്. എനിക്കെന്തായാലും അബലത്തിൽ പോയേ പറ്റുള്ളൂ” അത് കേട്ടതോടെ രാജീവൻ വേഗം സാറിന്റെ അടുത്തു പോയി കാര്യം പറഞ്ഞു.
“വൈഫും മോനുമല്ലേ. താൻ അബലത്തിലും പോയി അവരെയും കൊണ്ട് ഇങ്ങോട്ട് വാ. നമുക്കെല്ലാവർക്കും കൂടി വീടിന്റെ കാര്യം സംസാരിക്കാം. ദാ ആ കാറും എടുത്തോ” താക്കോൽ നീട്ടിക്കൊണ്ട് സാറ് രാജീവനെ പറഞ്ഞയച്ചു. അധികദൂരമില്ല അംബലത്തിലേക്ക്. രജിതേച്ചി പുറത്ത് നിന്നും വേഗം തൊഴുതിറങ്ങി.
“രാജീവേട്ടന് എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?” വലം വെക്കുന്നതിനിടയിൽ വിദ്യ ചോദിച്ചു. അതിനു മറുപടി ഒന്നും പറയാതെ രാജീവൻ തൊഴുതു.
“നീ ചോദിച്ചത് ദേഷ്യമുണ്ടോ എന്നല്ലേ?” നടക്കുന്നതിനിടയിൽ രാജീവൻ വിദ്യയെ നോക്കി.
”മനസ് കൊണ്ട് എത്രയോ തവണ നിന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ഒരു ആണാണ് ഇപ്പൊ നിന്റെ മുന്നിൽ നിൽക്കുന്നത്. നീ പോയതിൽ പിന്നെയാണ് ജീവിതം എന്താണെന്നും നീ എനിക്ക് എത്ര പ്രീയപ്പെട്ടതാണെന്നും മനസിലായത്. മനപൂർവമായിരുന്നില്ല ഒന്നും. അന്നത്തെ സാഹചര്യം, ചില കൂട്ടുകാർ ചില അവസ്ഥകൾ അതൊന്നും മനസിലാക്കാത്ത ഞാനും. ഇഷ്ടമാണ് നിന്നെ അന്നും ഇന്നും എല്ലാം പക്ഷേ,.. പക്ഷേ പറ്റിപ്പോയി പലപ്പോഴും. നിനക്ക് പറ്റുമെങ്കിൽ എന്നോടൊന്ന് ക്ഷമിക്കു.” രാജീവൻ പറയുന്നതൊക്കെയും അവൾ കണ്ണടച്ച് കേട്ടു. തൊഴുത് നിന്നിടത്തു നിന്നും അനങ്ങാതെ ഏറെ നേരം. നിറഞ്ഞൊഴുകുന്ന കണ്ണുകൾ. മുഖം കഴുകി ആൽമരത്തിന്റെ ചുവട്ടിലിരിക്കുംബോഴും ആരും ഒന്നും സംസാരിച്ചില്ല.
“രാജീവേട്ടാ” വിദ്യയാണ് സംസാരിച്ച് തുടങ്ങിയത്. ആ വീടിന്റെ അവകാശി അവർ രണ്ടുപേർ തന്നെ ആണെന്നതും അച്ഛൻ ആ സ്ഥലം അവൾക്ക് കൊടുത്തതും വിട് വെക്കാൻ മറ്റു സഹായങ്ങൾ ചെയ്തതും രാജീവനെ താൻ തന്നെ വിനോദ് സാറിന്റ കംബനിയിൽ ജോലിക്ക് എടുക്കാൻ റെക്കമെന്റ് ചെയ്തതും എല്ലാം. എല്ലാം കേട്ട് രാജീവൻ സ്തംഭിച്ചിരുന്നു പോയി. തന്റെ മുന്നിലിരിക്കുന്ന വിദ്യ എത്രത്തോളം വളർന്നെന്ന കാര്യം പുള്ളിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഏറെ നേരത്തെ സംസാരത്തിനും കുറച്ച് കരച്ചിലിനും ശേഷം അവർ തങ്ങളുടെ വീട്ടിലേക്ക് പുറപ്പെട്ടു.
വീടിന്റെ മുന്നിൽ തന്നെ ഉള്ള പാർക്കിങ്ങിൽ കാർ വന്നു നിൽക്കുന്നത് സാർ കണ്ടിരുന്നു. വന്ദനയും പെട്ടെന്ന് മുറ്റത്തേക്കിറങ്ങി. വിദ്യ കാറിൽ നിന്നു തന്നെ ഒന്ന് കണ്ണോടിച്ചു. സുജിമയും രഞ്ചിയും അമ്മയും അച്ഛനും പിന്നെ അവളുടെ വീടുകാർ എല്ലാവരും അവിടവിടായിട്ട് ഉണ്ട്.
“ഞങ്ങളുടെ പ്രീയപ്പെട്ട അഥിദി വരുന്നുണ്ട്. VN ഗ്രൂപ്പ് ആർക്ക് വേണ്ടിയാണോ ഈ വീട് പണി കഴിപ്പിച്ചത് അവർ വന്നിട്ടുണ്ട്.” രണ്ടു തവണ കൈ അടിച്ചു കൊണ്ട് വിനോദ് സാർ കുറച്ചുറക്കെ പറഞ്ഞതോടുകൂടി എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി. പെട്ടെന്ന് ആകെ ഒരു നിശബ്ദത. കാറിൽ നിന്നും ഇറങ്ങുന്നതും അവിടേക്ക് നടന്നു കയറുന്നതും വിദ്യ ആണെന്ന് കണ്ടതോടെ പലർക്കും അതൊരു ഷോക്കായിരുന്നു. സുജിമയുടെ കണ്ണുകളിൽ ഒരു അന്ധാളിപ്പ് ആയിരുന്നു. രഞ്ചിയൊക്കെ ആകെ അമ്പരന്നു പോയി.
“രാജീവാ താനിത്ര നാളും പറഞ്ഞില്ലേ ഈ വീട് വേണം എന്നു. താനിവളോട് ചോദിച്ച് ഇനി വാങ്ങിക്കോ. തന്റെ ഭാര്യ തന്നെയാണെടോ ഈ വീട് എടുത്തത്” ചുമലിൽ തട്ടി പറഞ്ഞത് കേട്ട് രാജീവൻ ചിരിച്ചു. “ഭാര്യ തന്നെയാണ്” വീടെടുത്തത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് പലരും കേൾക്കാൻ തന്നെ ആയിരുന്നു.
തീയിൽ ചവിട്ടി നിൽക്കും പോലെ ആയിരുന്നു പലരും പിന്നെ അവിടെ നിന്നത്. തങ്ങൾക്കും ഒരുപാട് മേലെ വളർന്ന വിദ്യയുടെ മുന്നിൽ അവരുടെ ദുഷിപ്പ് ഒന്നുമല്ലാതായി മാറി. എല്ലാം കണ്ടു കൊണ്ട് രാജീവന്റെ അച്ഛൻ അവിടെ ഇരുന്നു. അച്ഛന്റെ അടുത്തുചെന്ന് കാലിൽ വീഴാനായിരുന്നു രാജീവൻ ശ്രമിച്ചത്.
“ആരോടും ദേഷ്യമില്ല എനിക്ക് , ഒട്ടുമില്ല പക്ഷേ ഇതെന്റെ ഒരു വാശി ആയിരുന്നു. വാശി തന്നെ ആയിരുന്നു. എനിക്കും ജയിക്കണായിരുന്നു. ഒറ്റയ്ക്ക് ജയിക്കാനല്ല എന്റെ മോൻ ,രാജീവേട്ടൻ ,അച്ഛൻ ,അമ്മ, ഏട്ടൻ,, എല്ലാരും .. എല്ലാരും വേണം എനിക്ക് ” വിദ്യ അതു പറയുംബോഴേക്കും തളർന്നും വീഴുമെന്ന് തോന്നിയത് കൊണ്ടവണം അവളുടെ അച്ഛൻ അവളെ ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു. കൊറേ കരച്ചിലിനും പരിഭവങ്ങൾക്കുമിടയിൽ അവർ പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
അവസാനിച്ചു.
