ലബുബു ഡോള്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഭക്ഷണത്തിലും കടന്നുവന്നിരിക്കുകയാണ് ജനപ്രിയമായി മാറിക്കഴിഞ്ഞ ഈ പാവകള്‍. ലബുബുവിന്റെ ആകൃതിയില്‍ ബ്രഡ്ഡുകൊണ്ടൊരു ടോസ്റ്റ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിജിറ്റല്‍ ക്രിയേറ്ററായ കാതറിന്‍ ഹെല്ലിങ്‌സ്. ലബുബു ടോസ്റ്റ് തയ്യാറാക്കാതിരിക്കാന്‍ ആകുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തന്റെ അടുക്കളയില്‍ നിന്ന് കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മാഷറുകൊണ്ട് ചെവി, പല്ലിന് കുക്കീ സ്റ്റാമ്പിന്റെ പിന്‍ഭാഗം, കണ്ണിന് ബ്ലാക്ക് ഒലീവുകള്‍, ഒരു തുള്ളി തൈര്, ചെവിക്കും മൂക്കിനും സലാമി, രോമങ്ങള്‍ക്ക് ചീസ് എന്നിവയെടുത്താണ് ലബുബു ടോസ്റ്റ് ഉണ്ടാക്കിയതെന്ന് അവര്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. അത് രസകരമായിരുന്നുവെന്നും കാതറിന്‍ കുറിച്ചു.
ഒട്ടേറെപ്പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. രസകരമായ ക്രാഫ്റ്റായാണ് ലബുബു ടോസ്റ്റിനെ ആളുകള്‍ സ്വീകരിച്ചത്.
കെ പോപ്പ് ആര്‍ട്ടിസ്റ്റായ ലലിസ മനോബാന്‍ തന്റെ ലുബുബു കളക്ഷന്‍ പുറംലോകത്തെ പരിചയപ്പെടുത്തിയതോടെയാണ് ലബുബു പാവകള്‍ ശ്രദ്ധനേടിയത്. 2015-ല്‍ ഹോങ്കോങ് ആര്‍ട്ടിസ്റ്റ് കാസിങ് ലങ് ഉണ്ടാക്കിയ പാവയാണിത്. 2019-ല്‍ ചൈനക്കാരനായ വാങ് നിങ്ങിന്റെ പോപ്പ്മാര്‍ട്ട് വന്‍തോതില്‍ ഈ പാവകള്‍ നിര്‍മിക്കാന്‍ തുടങ്ങുകയായിരുന്നു.
