കാർഷിക കേരളത്തിന്റെ ഭക്ഷണ ശീലത്തെതന്നെ ബാധിച്ചിരുന്ന തോരാമഴയുള്ള മിഥുനം-കർക്കട മാസങ്ങളിൽ അമ്മ തൊടിയിൽ നിന്നും പറിച്ചെടുക്കുന്ന പല തരം ചെടികളുടെ ഇലകൾ കൊണ്ടാണ് പലപ്പോഴും കറികൾ ഉണ്ടാക്കിയിരുന്നത്. അവയിൽ നടാതെ നനയ്ക്കാതെ തൊടിയിലും വെളിയിടങ്ങളിലും വളർന്നിരുന്ന, പലപ്പോഴും ഒരു കള സസ്യമായി പരിഗണിച്ചിരുന്ന തകരയും കാട്ടുതാളും ഉൾപ്പെട്ടിരുന്നു.. നാട്ടിൽ വെളിയിടങ്ങൾ (ഒഴിഞ്ഞ പറമ്പുകൾ) ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതു കാലത്ത് ഇന്നത്തെ തലമുറക്ക് കാട്ടു താളിന്റെയോ തകരയുടെയോ തഴുതാമയുടെയോ രുചി അറിവുണ്ടായേക്കില്ല.
അത്തരം ഇല കറികൾ അതിരുചികരമായിരുന്നു എന്നുമാത്രമല്ല അവ പോഷക സമ്പുഷ്ടവുമാണെന്നും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സഹായിച്ചിരുന്നെന്നും ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു കാണാറുണ്ട്. അതെന്തായാലും വർഷാവസാനത്തിലെ, മഴയുള്ള മാസങ്ങളിൽ, പ്രത്യേകിച്ചും അവസാന മാസമായ കർക്കിടകത്തിൽ, താളും, തകരയും, തഴുതാമയും പോലുള്ള ഇലകൾ ഉപ്പ്, കാന്താരി മുളക്, ഉള്ളി, തേങ്ങ, മഞ്ഞൾ, വെളുത്തുള്ളി, ജീരകം മുതലായവ ചേർത്ത് തോരൻ വച്ചു കഴിക്കുവാൻ നല്ലതാണെന്നാണ് അനുഭവം.
പണ്ട് മിഥുനം – കർക്കിടകം മാസത്തിൽ ഒരു ദിവസത്തിലെങ്കിലും അമ്മ ഉണ്ടാക്കി തന്നിരുന്ന പത്തിനം ചെടികളുടെ ഇലകൾ അടങ്ങിയ പത്തില തോരനിലെ ഇലകൾ ഇവയായിരുന്നു എന്നാണോർമ്മ.
(1) താൾ (2) തകര (3) തഴുതാമ (4) കുമ്പളം (5) മത്തൻ (6) പച്ച ചീര (7) മുള്ളൻ ചീര (8) ചേന (9) പയർ (10) കൊടുത്തൂവ.
ഇവയിൽ പ്രധാനിയും എപ്പോഴും തൊടിയിൽ ഉണ്ടാകാറുള്ളതുമായ ഇല താൾ തന്നെ. കാട്ടു താളിനും ശീമ ചേമ്പിന്റെ താളിനും ചെറിയ തോതിൽ ചൊറിച്ചിൽ ഉള്ളതിനാൽ അവയുടെ ചൊറിച്ചിൽ മാറാനാണ് പുളി ചേർക്കുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നാട്ടിൽ വ്യാപകമായി കണ്ടു വരുന്ന ചീര താളിന് ചൊറിച്ചിൽ ഇല്ലാത്തതിനാൽ അതു കൊണ്ട് അവിയലും പുളിങ്കറിയും മാത്രമല്ല തോരനും ഉണ്ടാക്കാം.
കഴിഞ്ഞ വർഷം അയൽവാസിയായ മേഴ്സി തന്ന കുറച്ച് ചീര താൾ വിത്ത് നട്ടത് മുറ്റത്തിനോരത്ത് പൊടിച്ചു നിൽക്കുന്നത് കണ്ട സന്തോഷത്തിൽ പണ്ട് മഴക്കാലത്ത് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും അമ്മ ഉണ്ടാക്കാറുള്ള കാട്ടു താൾ അവിയലിന്റെ രുചി ഓർമ്മയിൽ ഇന്നൊരു ചീര താൾ അവിയൽ ഉണ്ടാക്കിയത് ഇങ്ങനെയാണ്.
ചേരുവകൾ (നാലു പേർക്ക്)
ഇളം ചീരച്ചേമ്പ് താൾ – 4 തണ്ട് (ഇലകൾ സഹിതം)
ചക്കക്കുരു – 20 എണ്ണം
മാങ്ങ – 1 (നല്ല പുളിയുള്ളതാണെങ്കിൽ പകുതി)
പച്ചമുളക് – 4 എണ്ണം
തേങ്ങ ചുരണ്ടിയത് – അര മുറി
ചുവന്നുള്ളി – 4 എണ്ണം
ജീരകം, മഞ്ഞൾപൊടി, ഉപ്പ് പാകത്തിന്
പാചകക്രമം
ചട്ടിയിൽ ഉപ്പും പച്ചമുളകും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ച (നീളത്തിൽ നാലായി അരിഞ്ഞ) ചക്കക്കുരുവിലേക്ക് (ഏതാണ്ട് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞ) ചീരച്ചേമ്പ് താളും പിച്ചി കീറിയ ഇലകളും മാങ്ങയും ചേർത്ത് വേവിച്ച ശേഷം പച്ച വെളിച്ചെണ്ണ തൂവി കറിവേപ്പിലയിട്ട് ഇളക്കി യോജിപ്പിച്ച് വാങ്ങുക.
