അതിശയിപ്പിക്കുന്ന രൂപമാറ്റത്തേക്കുറിച്ച് ബോളിവുഡ് താരം ജയ്ദീപ് അഹ്ലാവത്ത് പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. അഞ്ചുമാസങ്ങള്‍ക്കിടിയില്‍ ഇരുപത്തിയാറു കിലോയാണ് താന്‍ കുറച്ചതെന്ന് അന്ന് ജയ്ദീപ് പറഞ്ഞിരുന്നു. ഇപ്പോൾ ബാല്യകാല ഭക്ഷണശീലങ്ങളെക്കുറിച്ചും ശരീരം എങ്ങനെ ഇതിനോട് പ്രതികരിച്ചിരുന്നതെന്നും മനസ്സുതുറക്കുകയാണ് ജയ്ദീപ്.
യൂട്യൂബറും ഫുഡ് റൈറ്ററുമായ കുനാൽ വിജയകറിന്റെ ‘ഖാനേ മേ കോൻ ഹൈ’ എന്ന പരിപാടിയിൽ നടന്ന അഭിമുഖത്തിലാണ് ജയ്ദീപ് സംസാരിച്ചത്. ‘2008 വരെ എന്റെ ശരീരഭാരം ഉയരം ഉണ്ടായിരുന്നിട്ടും 70 കിലോയിൽ കൂടിയിരുന്നില്ല. ഞാൻ ഒരു ദിവസം കുറഞ്ഞത് 40 റൊട്ടികളെങ്കിലും കഴിക്കുമായിരുന്നു, കാരണം കഴിക്കുന്നതെല്ലാം ശാരീരിക പ്രവർത്തനങ്ങളിലൂടെ കത്തിച്ചുകളയും’- ജയ്ദീപ് പറയുന്നു.
ഹരിയാനയിലെ ഒരു ഗ്രാമത്തിൽ വളർന്നതുകൊണ്ട്, ഉച്ചഭക്ഷണം ഒഴിവാക്കി നേരിട്ട് കൃഷിയിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് ജയ്ദീപ് ഓർക്കുന്നു. കരിമ്പ്, കാരറ്റ്, പേരക്ക, അല്ലെങ്കിൽ ആ സീസണിലെ മറ്റ് വിളകൾ എന്താണോ ലഭ്യമായിരുന്നത് അത് കഴിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘രാവിലെ ഞങ്ങൾ ചന, ബാജ്‌ര കൊണ്ടുണ്ടാക്കിയ റൊട്ടി, അല്ലെങ്കിൽ മിസ്സി റൊട്ടി, ലസ്സി, വെണ്ണ, ചട്ണി എന്നിവ കഴിക്കുമായിരുന്നു. അതിനുശേഷം രാത്രിയിലാണ് ഭക്ഷണം. ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും, വിശക്കുന്നവർക്ക് കഴിക്കാൻ വേണ്ടി മാത്രമായിരുന്നു അത്’- ജയ്ദീപ് കൂട്ടിച്ചേർത്തു.
.jpg?$p=e1499f9&w=852&q=0.8)
പാൽ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകം
പാൽ ജയ്ദീപിന്റെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ‘പാൽ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ദിവസവും കുറഞ്ഞത് മൂന്ന് തവണ അര ലിറ്റർ വീതം പാൽ കുടിക്കുമായിരുന്നു. ഞങ്ങൾ വളർന്ന കാലത്ത്, ഗ്ലാസിൽ പാൽ കുടിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ജഗ്ഗിൽ മാത്രമേ കുടിക്കാവൂ. ഇത് വളരെ സാധാരണമായിരുന്നു,’ അദ്ദേഹം ഓർക്കുന്നു.
നിലവിലെ ഭക്ഷണ മുൻഗണനകൾ
മുംബൈയിൽ 15-16 വർഷമായി താമസിക്കുന്ന ജയ്ദീപ്, ഇപ്പോഴും വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനാണ് മുൻഗണന നൽകുന്നത്. ‘പാർട്ടികൾക്ക് പോയാലും, ഞാൻ വീട്ടിൽ തിരിച്ചെത്തി വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കും,’ അദ്ദേഹം പറഞ്ഞു.
