ബ്ലോട്ടിങ്ങും വയറിലെ കൊഴുപ്പും കാരണം ബുദ്ധിമുട്ടുന്നവരാണ് പലരും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതു കാരണം ദഹനപ്രശ്‌നം വരുന്നതും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതും ഇതിനുള്ള കാരണങ്ങളാണ്.
രാവിലെ എണീറ്റ ഉടനെ ഈ പ്രയാസം നേരിടാം. ഇക്കാരണത്താല്‍ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഊര്‍ജം കുറഞ്ഞപോലെ അനുഭവപ്പെടാം. രാവിലെയുണ്ടാകുന്ന ബ്ലോട്ടിങ്ങും വയറിലെ കൊഴുപ്പും ഇല്ലാതാക്കാന്‍ ന്യുട്രീഷ്യനിസ്റ്റുകള്‍ ചില കാര്യങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. അടുക്കളയില്‍ എളുപ്പം ലഭ്യമാകുന്ന ചില പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡീ-ബ്ലോട്ട് പൊടികള്‍ പലരും ഉപയോഗിക്കുന്നു.
രാവിലെ ബ്ലോട്ടിങ് ഉണ്ടാകാന്‍ കാരണം
നമ്മളെന്ത് കഴിക്കുന്നു എന്നതുമാത്രമല്ല ബ്ലോട്ടിങ്ങിന് കാരണമാകുന്നത്. കുടലിന്റെ ആരോഗ്യവും അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ആമാശയത്തില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കുന്ന ഭക്ഷണം, കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ, ദഹനസമയത്ത് രൂപപ്പെട്ട ഗ്യാസ് എന്നിവയെല്ലാം ബ്ലോട്ടിങ്ങിനും വീര്‍പ്പുമുട്ടലിനും കാരണമാകും.
ബ്ലോട്ടിങ് തടയാനായി ജീരകം, കടുക്, ഉലുവ, അയമോദകം എന്നിവ ചേര്‍ത്തുള്ള പാനീയം കുടിക്കാമെന്നാണ് ഡയറ്റീഷ്യനായ ആര്‍സു സേതി പറയുന്നത്.
ഒരു കപ്പ് ജീരകം, കടുക്, ഉലുവ, കാരം, അയമോദകം എന്നിവയെടുത്ത് ഒരു പാനിലിട്ട് വറുക്കുക. ഒന്നു തണുത്തശേഷം എല്ലാം ഒരുമിച്ച് പൊടിച്ചെടുക്കുക. ഈ പൊടി ഒരു ടീ സ്പൂണ്‍ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുമെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡയറ്റീഷ്യന്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
