Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ഭർത്താവ് – ഭാഗം 02, എഴുത്ത്: അനി പ്രസാദ്
Malayalam Stories

ഭർത്താവ് – ഭാഗം 02, എഴുത്ത്: അനി പ്രസാദ്

Admin kcfwatfordBy Admin kcfwatfordJuly 28, 2025No Comments7 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
ഭർത്താവ് – ഭാഗം 02, എഴുത്ത്: അനി പ്രസാദ്
Share
Facebook Twitter LinkedIn Pinterest Email


സരോജിനിയമ്മ അടുക്കളയിലേക്ക് വന്ന് ഫ്രിഡ്ജിൽ നിന്നും ഒരു നാരങ്ങാ എടുത്ത്‌ മുറിച്ച് രണ്ടാക്കി ഒരു കപ്പിലേക്ക് പിഴിഞ്ഞെടുക്കാൻ നോക്കി. അതിൽ നിന്നും നാലോ അഞ്ചോ തുള്ളി നീര് മാത്രംവളരെ ബുദ്ധിമുട്ടിയിട്ടേന്നോണം പുറത്തേയ്ക്ക് വരുന്നത് കണ്ടപ്പോൾ ആ നാരങ്ങാ അവർ സുനിതയ്ക്ക് നേരെ നീട്ടി.

“ഒന്ന് പിഴിഞ്ഞേ മോളേ.. എനിയ്ക്ക് ഇതിൽക്കൂടുതൽ ശക്തിയെടുത്ത്‌ ഞെക്കാൻ വയ്യ..”

സുനിത അത് കേട്ടെങ്കിലും അവൾ കേൾക്കാത്ത ഭാവത്തിൽ നിന്നു.

“എടീ നിന്നോടാ പറഞ്ഞത് ഇതൊന്ന് പിഴിഞ്ഞു തരാൻ..ഒരു നാരങ്ങാ പിഴിഞ്ഞു വീട്ടിൽ വരുന്ന അതിഥികൾക്ക് ഇറ്റ് വെള്ളം കൊടുക്കാൻ ഞാനിനി ആരുടെയൊക്കെ കാല് പിടിച്ചാൽ പറ്റും തമ്പുരാനേ…”

അവർ സുനിതയെ ദേഷ്യത്തോടെ നോക്കി.

സുനിത പെട്ടന്ന് അവരുടെ കയ്യിൽ നിന്ന് നാരങ്ങാ വാങ്ങി രണ്ട് മുറിയും ആ കപ്പിലേക്ക് പിഴിഞ്ഞു വച്ചു.

“അതിലിത്തിരി പഞ്ചസാര ഇട്ട് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ചൊന്നു അടിച്ചെടുത്തേ മോളേ.. ഞാൻ ആ ഞാലിപ്പൂവൻ കുലയിൽ നിന്ന് രണ്ട് കാ ഇരിഞ്ഞെടുക്കട്ടെ. അതുകൂടി കൃഷ്ണേട്ടന് കൊടുക്കാം…”

അവർ പഴക്കുലയിൽ നിന്നും പഴം ഇരിഞ്ഞെടുക്കാൻ ഒരു പ്ളേറ്റും എടുത്ത്‌ കൊണ്ട് പോകവേ സുനിത പാകത്തിന് പഞ്ചസാര ചേർത്ത്‌ വെള്ളം തയ്യാറാക്കി വച്ചു.

സരോജിനിയമ്മ വന്ന് ഒരു കയ്യിൽ പഴം ഇരിഞ്ഞു വച്ച പ്ളേറ്റും, മറു കയ്യിൽ നാരങ്ങാ വെള്ളവുമായി സിറ്റൗട്ടിൽ ഇരിയ്ക്കുന്ന കൃഷ്ണൻ കുട്ടിയ്ക്ക് അരികിലേക്ക് ചെന്നു

“എന്നെക്കൊണ്ട് ഈ മധുരമായ മധുരമെല്ലാം തീറ്റിച്ചേ അടങ്ങൂ നിങ്ങൾ അമ്മയും മകളുമെന്നു ശപഥം എടുത്തിരിയ്ക്കയാണോ സരോജിനിയമ്മേ…”

അയാൾ സരോജിനിയമ്മ കൊണ്ട് കൊടുത്ത നാരങ്ങാവെള്ളം ഒരിറക്ക് കുടിച്ച ശേഷം ഒരു ഞാലിപ്പൂവൻ പഴം കയ്യിൽ എടുത്തു.. “

“ഇവിടുത്തെ പറമ്പിലെ ഉൽപ്പന്നമാണെന്ന് തോന്നുന്നല്ലോ സരോജിനിയമ്മേ ഇത് കണ്ടിട്ട്…”

അയാൾ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒക്കെ അവളുടെ പണിയാണേ.. ശ്രീലേഖയുടെ. കൊ, ല വെട്ടിയ ശേഷം തൈ പിരിച്ചു വയ്ക്കുന്നതും, തടമെടുത്ത്‌ വളം വയ്ക്കുന്നതുമെല്ലാം ഒറ്റയ്ക്ക് ചെയ്തോളും.. ഇളയവൻ ശ്രീക്കുട്ടൻ അവളെ ചുറ്റി പറ്റി നടക്കുമെന്നല്ലാതെ ഒരു വക ചെയ്യില്ല..
അല്ല..അവൻ എന്തെങ്കിലും ചെയ്യാൻ ശ്രീ സമ്മതിയ്ക്കത്തും ഇല്ലേ..”

“അതിന്റെ കാലിനല്ലിയോ സരോജിനിയമ്മേ ഒരു വയ്യായ്ക ഉള്ളത്… പോളിയോ വന്നതിന്റെയോ മറ്റോ…”

“ആം..” സരോജിനിയമ്മ ഒരു നെടുവീർപ്പിട്ടു.

“അതാ കൃഷ്ണേട്ടാ എന്റെ മറ്റൊരു ദുഃഖം.. നടക്കുമ്പോ ഒരു കാലിന് ചെറിയൊരു സ്വാധീനകുറവുണ്ടെന്ന് മാത്രം…”

“അവനിപ്പോ എത്രാം ക്ലാസിലാ പഠിയ്ക്കുന്നത്…”

“ഹൈ സ്കൂളിലാ.. ഇത് അവസാന വർഷം..”

“അപ്പോൾ നമ്മൾ ഇപ്പോൾ കണ്ട മോളാ പ്ലസ് ടുവിനു പഠിയ്ക്കുന്നത്. അല്ലേ..”

“ഉം.. അവൾക്കിന്ന് ക്ലാസ് ഇല്ലാരുന്നു..
ശ്രീക്കുട്ടനും ക്ലാസില്ലേ. അവൻ ട്യൂഷന് പോയിരിയ്ക്കുവാ…”

കൃഷ്ണൻ കുട്ടി വെള്ളം കുടിച്ചശേഷം ഗ്ലാസ് മാറ്റി വച്ചു.

“നമ്മൾ കാര്യം വിശദമായിട്ട് പറഞ്ഞില്ലല്ലോ.. ചെക്കന്റെ ഫോട്ടോ മാത്രം കണ്ടതെല്ലാ ഉള്ളോ നിങ്ങൾ..”

അയാൾ അവരെ നോക്കി പറഞ്ഞുകൊണ്ട് ഒന്ന് നിർത്തി.

സരോജിനിയമ്മ അയാൾ പറയുന്നത് കേൾക്കാൻ കാതോർത്ത്‌ നിൽക്കുകയായിരുന്നു.

“ശ്യാം സുന്ദർ എന്നാ ചെക്കന്റെ പേര്. ശ്യാമെന്ന് വീട്ടിൽ വിളിയ്ക്കും..വയസ്സ് ഇരുപത്തെട്ട്..നമ്മുടെ കൊച്ചിന്റെ പ്രായം ഇരുപത്തിമൂന്നല്ലേ.. അപ്പോൾ പ്രായം ചേരും…”

“പയ്യനെന്താ ജോലിയെന്ന് പറഞ്ഞില്ലല്ലോ കൃഷ്ണേട്ടൻ…”

“ശ്യാം അഞ്ച് വർഷം ഗൾഫിൽ ആയിരുന്നു..അവിടെ വലിയൊരു കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്തു വരുന്നതിനിടെ നാട്ടിലേക്ക് ലീവിന് വന്നതാ…തിരിച്ചു ഇനി ആ കമ്പനിയിലേക്ക് പോകാൻ അവന് താൽപ്പര്യമില്ല..അവന്റെ രണ്ട് കൂട്ടുകാർ അവർ ജോലി ചെയ്യുന്ന കമ്പനിയിൽ അവന് ഒരു വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്..അവിടെ നല്ല അവസരം ഉള്ളതിനാൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിസ കിട്ടും.. ആദ്യം കിട്ടുന്നത് ഏത് കമ്പനിയിൽ നിന്നാണോ അവൻ അങ്ങോട്ട് പോകും…”

“അപ്പോൾ നിലവിൽ ശ്യാമിന് ജോലിയൊന്നും ഇല്ലെന്നാണോ കൃഷ്ണേട്ടൻ പറഞ്ഞു വരുന്നത്…”

സരോജിനിയമ്മ ഇടയ്ക്ക് കയറി തിരക്കി.

“ഞാനൊന്ന് പറഞ്ഞു പൂർത്തിയാക്കിക്കോട്ടെ സരോജിനിയമ്മേ..ശ്യാമിന് വീട്ടിൽ അച്ഛനും, അമ്മയും ഒരു ഇളയ സഹോദരിയും,സഹോദരനുമാണ് ഉള്ളത്…

ഞാൻ പറഞ്ഞില്ലേ അയാൾ അഞ്ച് വർഷം ഗൾഫിൽ ആയിരുന്നു എന്ന്..
ഈ അഞ്ച് വർഷം കൊണ്ട് അവനുണ്ടാക്കിയ സമ്പാദ്യത്തിന്റെ കണക്കെടുത്താൽ അതിൽ നിന്ന് മനസിലാക്കാം അവന്റെ സ്വഭാവം..

പഴയ തറവാട്ടു വീട് ഇടിച്ചു കളഞ്ഞു നല്ല ഒന്നാന്തരം ഒരു രണ്ട് നില വീട് വച്ചു.
അനിയത്തിപ്പെണ്ണിന്റെ കല്യാണം അമ്പതു പവൻ പൊന്നും, അതിനൊത്ത പണവും കൊടുത്ത്‌ അവൾക്കിഷ്ടപ്പെട്ട ചെക്കന്റെ കൂടെ കല്യാണം നടത്തി വിട്ടു..

അതിന്റെ കൂടെ രണ്ടേക്കർ റബ്ബർ പുരയിടവും, റോഡ് സൈഡിൽ കൃഷി ചെയ്തുകൊണ്ടിരിയ്ക്കുന്ന അരയേക്കർ പാടവും അവൻ സ്വന്തമാക്കി..അഞ്ച് വർഷവും സ്വന്തം കുടുംബത്തെ യാതൊരു അല്ലലും ഇല്ലാതെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കികൊണ്ട് വന്നവനാ ശ്യാം സുന്ദർ..ഇളയ ചെക്കൻ എഞ്ചിനീയറാവാൻ ഏതോ കോളേജിൽ പഠിച്ചോണ്ടിരിയ്ക്കുവാ.. അത് കൂടി കഴിഞ്ഞു മതി കല്യാണമെന്നാ ശ്യാം പറഞ്ഞതെങ്കിലും അവന്റെ അച്ഛനും അമ്മയ്ക്കും ആധി..ചെക്കന്റെ നല്ല പ്രായം കഴിഞ്ഞു പോവാണല്ലോ എന്ന സങ്കടം..

അതുകൊണ്ടാ അവർ നിർദേശിച്ചത് ഇനി കല്യാണം കഴിഞ്ഞിട്ട് തിരിച്ചു ഗൾഫിലേക്ക് പോയാൽ മതിയെന്ന്..

എന്ന് കരുതി നിലവിൽ അവൻ ജോലിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുവല്ലേ..ദിവസം പത്തുനാലായിരം രൂപേടെ വണ്ടിയോടുന്നുണ്ട് അവൻ… “

“നാലായിരം രൂപയ്ക്കോ…” സരോജിനിയമ്മ അമ്പരന്ന് പോയി.

“അതുകൊണ്ട് കൂടിയാ അവൻ തിരിച്ചു പോകാൻ അത്ര ധൃതി കൂട്ടാത്തതും..ഈ റോഡ് പണിയൊക്കെ കരാർ അടിസ്ഥാനത്തിൽ എടുത്ത്‌ നടത്തുന്ന മുതലാളിമാരില്ലേ… അതിൽ ഒരാളുടെ ടിപ്പർ ലോറിയുടെ ഡ്രൈവറാണ് ശ്യാം സുന്ദർ.

കോന്നിയിൽ പോയി മെറ്റലും, എം സാന്റും, ചിപ്സും ഒക്കെ ലോഡ് കണക്കിന് എടുത്തുകൊണ്ട് വന്ന് പണി നടക്കുന്ന സൈറ്റിൽ ഇറക്കി കൊടുക്കുന്ന ജോലിയാണ് അവൻ ചെയ്യുന്നത്..ഓരോ തവണ പോയി ലോഡുമായി വരുന്നതിന് കമ്മീഷൻ ഇനത്തിലും, ബാറ്റ ഇനത്തിലും നല്ലൊരു തുകയാണ് ശമ്പളത്തിന് പുറമെ അവൻ ഉണ്ടാക്കുന്നത്…

പിന്നെ ഒരു കാര്യത്തിൽ ശ്യാമിനെ സമ്മതിച്ചു കൊടുക്കാതെ വയ്യ.
സാധാരണ ഡ്രൈവർമാർക്കുള്ളത് പോലുള്ള ഒരു ദുസ്വഭാവവും ശ്യാമിന് ഇല്ല..പു, കവലിയില്ല..മ, ദ്യപാനമില്ല..മറ്റ് ലഹരി പാദാർത്ഥങ്ങൾ ഇരിയ്ക്കുന്ന കടയിലേക്ക് പോലും അവൻ കയറില്ല…അക്കാര്യത്തിൽ നമ്മുടെ ചെക്കന് ഞാൻ ഗ്യാരന്റി…

അല്ല.. നമ്മൾ ഈ പറഞ്ഞ എന്തെങ്കിലും ദുസ്വഭാവം ഉള്ള ആളായിരുന്നു അവനെങ്കിൽ ഇതിന്റെ നാലിലൊന്ന് പോലും അവന് സാമ്പാദിയ്ക്കാനും പറ്റത്തില്ലായിരുന്നേ…ഇക്കാലത്ത്‌ ഇതിന്റെ പത്തിലൊന്നു നന്മയുള്ള ചെക്കന്മാരെ മഷിയിട്ട് നോക്കിയാൽ കിട്ടാൻ പോകുന്നില്ല..എല്ലാം നോക്കണമല്ലോ നമ്മൾ…”

ഇനി സരോജിനിയമ്മയുടെ മറുപടി കേൾക്കട്ടെ എന്ന മട്ടിൽ അയാൾ പറഞ്ഞു നിർത്തി.

താൻ പറഞ്ഞതിന് മറുപടി തരാതെ സരോജിനിയമ്മ എന്തോ ചിന്തിച്ചിരിയ്ക്കുന്നത് കണ്ടതോടെ കൃഷ്ണൻ കുട്ടിയ്ക്ക് ആശങ്കയായി..

“സരോജിനിയമ്മേ ഞാൻ ഈ കൊണ്ട് വന്ന ആലോചന നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഉണ്ടെങ്കിൽ നിങ്ങള് വെറുതേ ഓരോന്ന് ഓർത്തിരുന്നു മനസ്സ് വിഷമിപ്പിയ്ക്കുവൊന്നും വേണ്ട കേട്ടോ…നമുക്ക് പറ്റിയ ആലോചന വരുമ്പോ വേറേ നോക്കാമെന്നേ..ഇതിപ്പോൾ ചെറുക്കൻ നാട്ടിൽ ഡ്രൈവർ പണി ചെയ്യുകയാണെന്ന് കേട്ടപ്പോഴല്ലേ നിങ്ങൾക്കൊരു മടുപ്പുണ്ടായത്..
വേണ്ടെങ്കിൽ ഇത് വിട്ടേക്കാം സരോജിനിയമ്മേ..”

“ഞാൻ അതൊന്നുമല്ല കൃഷ്ണേട്ടാ ഓർത്തത്…വീട്ടിൽ ഇത്രയൊക്കെ ബാധ്യതകളുള്ള ആളാകുമ്പോൾ കല്യാണം കഴിഞ്ഞാൽ ഇവിടെ വന്ന് ജീവിയ്ക്കാൻ തയ്യാറാകുമോ…അവന് മാതാ പിതാക്കളും, ഇനി ഒരു സഹോദരനും, അവരോടുള്ള കടമകളും ഒക്കെ ബാക്കിയല്ലേ..അപ്പോൾ നമ്മൾ ഇവിടെ വന്ന് താമസിയ്‌ക്കണമെന്ന് ശ്യാമിനോട് നിർബന്ധം പിടിയ്ക്കുന്നതിൽ എന്തർത്ഥമാ ഉള്ളത്…”

“സരോജിനിയമ്മ ചിന്തിയ്ക്കുന്നത് പോലെ അവര് കഴിയുന്നത് ശ്യാമിന്റെ സാമ്പാദ്യത്തിൽ നിന്നോ, അവന്റെ ശമ്പളം കൊണ്ടോ അല്ല…ശ്യാമിന്റെ അച്ഛൻ ജനാർദ്ദനൻ ഒരു റിട്ടയേഡ് പട്ടാളക്കാരനാണ്..അവർക്ക് ഭാര്യയ്ക്കും ഭർത്താവിനും സുഖമായിട്ട് കഴിയാനുള്ളതും, എന്തെങ്കിലും അസുഖം വന്നാൽ ചികിൽസിയ്ക്കാൻ ഉള്ളതുമെല്ലാം സർക്കാർ കൊടുക്കുന്നുണ്ട്…പിന്നെ ഉള്ളത് ഇളയ ചെറുക്കന്റെ പഠിത്തതിന്റെ കാശാ..

അത് കല്യാണം കഴിഞ്ഞു ശ്യാം ഇവിടെ നിന്നാലും അവന്റെ ആവശ്യങ്ങളെല്ലാം മുറ തെറ്റാതെ നടത്തിയ്ക്കോളും..

ങാ പിന്നൊരു ആവശ്യം ശ്യാമിന്റെ മാതാ പിതാക്കൾ വച്ചിട്ടുള്ളത് എന്താണെന്ന് വച്ചാൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും രണ്ട് പേരും കൂടെ അവിടെ ചെന്ന് ഒന്ന് നിൽക്കേണ്ടി വരും എന്നുള്ളതാ…അവർക്കും കൊതി കാണുമല്ലോ സരോജിനിയമ്മേ മകനും മരുമകൾക്കും ഒപ്പം രണ്ട് ദിവസമെങ്കിലും കഴിയാൻ… ആ ആവശ്യം ഒരു ന്യായമുള്ളതാണെന്നേ ഞാൻ പറയൂ.”

“അതൊന്നും സാരമില്ല കൃഷ്ണേട്ടാ…മാതാ പിതാക്കൾ എന്ന നിലയ്ക്ക് അത് അവരുടെ അവകാശമല്ലേ.”

“എന്നാൽ പിന്നെ ഈ ആലോചന നമുക്ക് മുമ്പോട്ട് കൊണ്ടുപോകാം.. അല്ലേ.. ഞാൻ എന്നാൽ അവരോടൊന്നു സംസാരിച്ചോട്ടെ സരോജിനിയമ്മേ…”

അയാൾ പ്രതീക്ഷയോടെ അവരെ നോക്കി.

“ശ്രീലേഖ വന്ന് ഫോട്ടോ എങ്കിലും കണ്ട ശേഷം പോരേ കൃഷ്ണേട്ടാ നമ്മൾ അവരോട് സംസാരിയ്ക്കുന്നത്…”

“അതും ശരിയാ. പെങ്കൊച്ചിന്റെ സമ്മതം കൂടി നോക്കി വേണമല്ലോ കാര്യങ്ങൾ മുമ്പോട്ട് നീക്കാൻ..

ഒരു കാര്യം ചെയ്യ് സരോജിനിയമ്മേ..വൈകിട്ട് ശ്രീലേഖ വരുമ്പോ ഈ കാര്യം സംസാരിച്ച ശേഷം എന്നെ ഒന്ന് വിളിയ്ക്ക്.. എന്റെ നമ്പർ ഞാൻ നിങ്ങൾക്ക് തന്നിട്ടില്ലേ.. ആ നമ്പറിലേക്ക് വിളിച്ചാൽ മതി..നാളെയോ മറ്റന്നാളോ..എപ്പോഴാ സമയം കിട്ടുന്നതെന്ന് വച്ചാൽ അപ്പോൾ വിളിച്ചോ…

അവർക്കും പെങ്കൊച്ചിന്റെ ഫോട്ടോ കണ്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടിരിയ്ക്കുവാ..നമ്മുടെ ഇഷ്ടമോ, ഇഷ്ടക്കേടോ അറിഞ്ഞിട്ടേ അവർ ഇനി മറ്റൊരു ആലോചനയിലേക്ക് പോകൂ.”

ശ്യാമിനെയും, ശ്യാമിന്റെ വീട്ടുകാരെയും പറ്റി ബാക്കി എന്തെല്ലാം അറിയാനുണ്ടോ അതെല്ലാം തിരക്കിയറിഞ്ഞ ശേഷമാണ് സരോജിനിയമ്മ അയാളെ അവിടെ നിന്ന് പറഞ്ഞു വിട്ടത്.

അയാൾ പോയിക്കഴിഞ്ഞും സരോജിനിയമ്മ അവിടെ അൽപ്പ നേരം ആ നിപ്പ് തുടർന്നു. സുനിത അകത്ത് നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്ക് എത്തുവോളം

സുനിത വന്ന് അയാൾ കുടിച്ചിട്ട് വച്ചു പോയ ഗ്ലാസും പാത്രവും എടുത്തുകൊണ്ട് അകത്തേയ്ക്ക് നടക്കുമ്പോൾ സരോജിനിയമ്മയും അവളുടെ കൂടെ ചെന്നു.

“കേട്ടിട്ട് കൊള്ളാവുന്ന ബന്ധമാണെന്ന് തോന്നുന്നു. അല്ലേ മോളേ…”

സുനിത ആ വിഷയത്തെ കുറിച്ച് ഒന്നും ചോദിയ്ക്കുന്നില്ലെന്ന് കണ്ടപ്പോൾ സരോജിനിയമ്മ തുടക്കമിട്ടു.

”കേട്ടിട്ടോ… എന്തോ കേട്ടിട്ട്… ” സുനിത അമ്മയ്ക്ക് മുമ്പിലേക്ക് തിരിഞ്ഞു നിന്നു.

“കൃഷ്ണേട്ടൻ ആ പയ്യനെ കുറിച്ച് പറയുന്നതെല്ലാം നീയും കേട്ടതല്ലേ മോളേ… എല്ലാം കൊണ്ടും നമുക്ക് ചേരുന്ന ബന്ധമാ ഇതെന്ന് എനിയ്ക്കൊരു തോന്നൽ..”

“അത് അമ്മയ്ക്കാണോ അമ്മേ തോന്നേണ്ടത്…തോന്നേണ്ടയാൾ ചേച്ചിയല്ലേ.. ചേച്ചി വരുമ്പോ അമ്മ ചേച്ചിയോട് സംസാരിയ്ക്ക്. എന്നിട്ട് ചേച്ചി തീരുമാനിയ്ക്കട്ടെ എല്ലാം കൊണ്ടും ഇത് ചേച്ചിയ്ക്ക് ചേരുന്ന ബന്ധമാണോ അല്ലയോ എന്ന്…”

“അവള് അനുസരിച്ചോളും. നീ അതിനിടയിൽ കയറി കന്നം തിരിവ് കാട്ടാതിരുന്നാൽ മതി..അവള് ആരെ കല്യാണം കഴിയ്ക്കണമെന്ന് തീരുമാനിയ്ക്കുന്നത് ഞാനാ. അല്ലാതെ അവളല്ല. അവൾക്കറിയാം ഏതൊരമ്മയും തന്റെ മകൾക്ക് ഈ ലോകത്ത്‌ കിട്ടാവുന്നതിൽ വച്ചു ഏറ്റവും നല്ല ബന്ധമേ തിരഞ്ഞെടുത്തു കൊടുക്കുകയൊള്ളു എന്ന്.”

“അമ്മ ആ അവസാനം പറഞ്ഞത് നേര്. പക്ഷേ അതിന് മുമ്പൊരു വാചകം പറഞ്ഞല്ലോ…എന്താ അത്…”സുനിത ഒട്ട് നേരം എന്തോ ഓർത്തെടുക്കും മട്ടിൽ നിന്നു.

“ങാ കിട്ടിപ്പോയി…ചേച്ചി ആരെ കല്യാണം കഴിയ്ക്കണം എന്ന് തീരുമാനിയ്ക്കുന്നത് അമ്മയാണെന്ന്. അല്ലേ…അത് തെറ്റാണല്ലോ അമ്മേ…അമ്മയ്ക്ക് അമ്മയുടെ കാര്യം തീരുമാനിയ്ക്കാനുള്ള അവകാശം മാത്രമെല്ലാ ഉള്ളോ..ചേച്ചിയുടെ ജീവിതത്തിൽ ചേച്ചി ആരോടൊപ്പം ജീവിയ്ക്കണം എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം ചേച്ചിയ്ക്കല്ലേ ഉള്ളത് അമ്മേ.”

“മതിയെടീ. നിർത്ത്‌ നിന്റെ ന്യായം പറച്ചിൽ..നിന്റെയീ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ ഈ സരോജിനിയ്ക്കുണ്ട്.. അത് കൊണ്ട് കൂടുതൽ ഒന്നും പാടാൻ നിൽക്കല്ലേ നീ എന്റെ മുമ്പിൽ…

അവന്റെ കാര്യവും പറഞ്ഞു കൊണ്ട് ചേച്ചിയും അനിയത്തിയും എന്തെങ്കിലും പരിപ്പെടുത്ത്‌ കലത്തിലിട്ട് വേവാൻ വച്ചിട്ടുണ്ടെങ്കിൽ അത് അടുപ്പിൽ നിന്നെടുത്തങ്ങു വാങ്ങി വച്ചാൽ മതി. മനസിലായല്ലോ… ചേച്ചിയും അനിയത്തിയും കൂടി പൊതിഞ്ഞു പിടിച്ച് കൊണ്ട് നടക്കുന്നു ആ നെറി കെട്ടവനെ. അവന്റെ കാര്യം ഇനി ഈ വീട്ടിൽ നീ മിണ്ടി പോയേക്കരുത് കേട്ടല്ലോ…”

“സുകുവേട്ടന് എന്താ അമ്മേ ഒരു കുഴപ്പം… ആ ബ്രോക്കർ കൊണ്ട് വന്ന് കാണിച്ച ഫോട്ടോയിൽ കാണുന്ന മനുഷ്യനേക്കാൾ എത്രയോ സുന്ദരനാ സുകുവേട്ടൻ..”

“സൗന്ദര്യമൊന്നും കോരി അടുപ്പിലിട്ട് വേവിച്ചാൽ ചോറാകത്തില്ലെടീ. അതറിയില്ലേ നിനക്ക്. അവടെയൊരു ചൗന്ദര്യ വാനായ ചുകുവേട്ടൻ… പൊക്കോണം എന്റെ മുമ്പിൽ നിന്ന്…”

“ഏതായാലും ഈ വന്ന ലോറിക്കാരനെ ക്കാൾ എന്തും കൊണ്ടും യോഗ്യൻ തന്നാ അമ്മേ സുകുവേട്ടൻ..”

“ഓ.. അവനിൽ നീ കണ്ട യോഗ്യത ഇതായിരിയ്ക്കും… അപ്പൻ മരം കേറി കൊണ്ടുവരുന്നതിന്റെ പങ്ക് വീട്ടിലിരുന്ന് വെട്ടിവിഴുങ്ങുക… ഇതാണോടീ ഒരാണിന്റെ യോഗ്യത…

നിന്റെ ചുകുവേട്ടനും അവന്റെ തന്തയെന്ന ആളും കൂടി നേരം വെളുക്കുമ്പം ഈ വീടിന്റെ മുറ്റത്ത്‌ വന്നു നിൽക്കുമായിരുന്നു.. പറമ്പിലെ തേങ്ങാ വെട്ടാൻ. അപ്പൻ മരം കയറി തേങ്ങ ഇടുമ്പോ മോൻ ഓടി നടന്നു പെറുക്കി കൂട്ടും…ഈ വീട്ടു മുറ്റത്ത്‌ നിൽക്കാനല്ലാതെ ഈ വീടിനുള്ളിൽ കയറാൻ ഒരു യോഗ്യതയുമില്ലാത്ത അവന്റെ കൂടെയാ കൂടപ്പിറപ്പ് പോയി പൊറുക്കണമെന്ന് അവൾ വാശി പിടിയ്ക്കുന്നത്.. മനസാക്ഷി എന്നൊരു സാധനമുണ്ടോടീ നിനക്ക്…”

സരോജിനിയമ്മ വിരൽ ചൂണ്ടി ചീറി.അവരുടെ കണ്ണിൽ രോഷം കനലുകളായി എരിയുന്നുണ്ടായിരുന്നു.

“ഓ.. ഇതാണോ അമ്മ സുകുവേട്ടനിൽ കണ്ട അയോഗ്യത.. അമ്മയ്ക്ക് നാണമില്ലേ അമ്മേ ഇക്കാലത്തും ജാതിയും, മതവും പറഞ്ഞു ബന്ധങ്ങളെ വിലയിരുത്താൻ.”

“അതേടീ.. അത് അവന്റെ അയോഗ്യത തന്നെയാ.. അവനെന്താടീ, പ്രേമിയ്ക്കാനും, കല്യാണം കഴിയ്ക്കാനും അവന്റെ ജാതിയിൽ പെട്ട ഒരു പെണ്ണിനെ കിട്ടിയില്ലേ… അതോ അതുപോലൊരു പെണ്ണ് ഈ ലോകത്തിലെങ്ങും ഇല്ലിയോ…”

“അത് അമ്മ ചോദിയ്ക്കേണ്ടത് എന്നോടോ സുകുവേട്ടനോടോ അല്ല.. അമ്മയുടെ മോളോടാ.. അത് മറന്നു പോവല്ലേ അമ്മ… അമ്മ ഇപ്പോൾ അയിത്തം കൽപ്പിച്ചു മാറ്റി നിർത്തുന്ന ഈ മനുഷ്യന്റെ സഹായം ഒരുപാട് പറ്റിയിട്ടുള്ളവരാ അമ്മയുൾപ്പെടെ ഈ വീട്ടിലുള്ള എല്ലാവരും…അമ്മ അത് മറന്നാലും അമ്മയുടെ മക്കൾ അത് മറന്നു പോയെന്ന് വരില്ല.”

അത്രയും പറഞ്ഞു നിർത്തിയിട്ട് സുനിത അവരുടെ മുമ്പിൽ നിന്നും നടന്നുപോയി.
സുനിത പോകുന്ന വഴിയേ തന്നെ കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി നിന്നു സരോജിനിയമ്മയും.

തുടരും….





Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleആപ്പിളോ വാഴപ്പഴമോ അല്ല, പഴങ്ങളില്‍ കേമന്‍ ചെറുനാരങ്ങ തന്നെ; കാരണം വ്യക്തമാക്കി പഠനം
Next Article ആദ്യാനുരാഗം – ഭാഗം 96, എഴുത്ത് – റിൻസി പ്രിൻസ്
Admin kcfwatford

Related Posts

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 20259
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024

50+ No Onion No Garlic Indian Recipes

January 22, 2025
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.