രാവിലെയായാല്‍ പിന്നെ വീടുകളില്‍ തിരക്കാണ്. സ്‌കൂളിലേക്കും ഓഫീസിലേക്കുമെല്ലാമായി കുട്ടികളും മാതാപിതാക്കളും തിരക്കിട്ട് ഓടുന്ന സമയം. എത്ര നേരത്തേ എണീറ്റാലും അടുക്കളയിലെ പണികള്‍ കൃത്യസമയത്ത് തീര്‍ക്കാനായി പല മാതാപിതാക്കളും, ചില സാഹചര്യങ്ങളില്‍ കുട്ടികളും പെടാപാടു പെടുന്നത് കാണാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ചില പ്രഭാതഭക്ഷണങ്ങള്‍ നോക്കാം…
ഓവര്‍നൈറ്റ് ഓട്‌സ്
ഒട്ടേറപ്പേര്‍ പരിശീലിക്കുന്നൊരു വിഭവമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാമെന്നതുതന്നെയാണ് ഓവര്‍നൈറ്റ് ഓട്‌സിനെ ജനപ്രിയമാക്കുന്ന പ്രധാനകാര്യം. ഒരു രാത്രിമുഴുവന്‍ ഓട്‌സ് യോഗട്ടിലോ, പാലിലോ കുതിര്‍ക്കാന്‍ ഇട്ടുവെക്കുക. ഇതില്‍ ചിയാ സീഡ്, വാഴപ്പഴം, ബെറീസ്, ആപ്പിള്‍ എന്നിവപോലുള്ള പഴങ്ങള്‍ ചേര്‍ക്കാവുന്നതാണ്. മധുരം ആവശ്യമായി വന്നാല്‍ തേനോ മേപ്പിള്‍ സിറപ്പോ ചേര്‍ക്കാം.
രാവിലെയായാല്‍ നല്ലപോലെ കുതിര്‍ന്ന ഈ ഓട്‌സ് എടുത്ത് കഴിക്കാം. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കിടിലന്‍ പ്രഭാതഭക്ഷണമാണിത്.
സ്മൂത്തി
ഒരൊറ്റ ഗ്ലാസ് സ്മൂത്തി പ്രഭാതഭക്ഷണമായി കഴിച്ച് ഉന്മേഷത്തോടെയിരിക്കുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുമില്ലേ? വാഴപ്പഴം, ചീര, ബെറീസ്, നട്ട് ബട്ടര്‍, പാല്‍, ഫ്‌ളാക്‌സ് സീഡ്, ഓട്‌സ് എന്നിവ അരച്ചെടുത്താണ് സ്മൂത്തി തയ്യാറാക്കുന്നത്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന സ്മൂത്തികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഉച്ചഭക്ഷണത്തിന് മുമ്പേ വിശപ്പ് തോന്നുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
പീനട്ട് ബട്ടര്‍ ടോസ്റ്റ്
സ്ലൈസ്ഡ് ബ്രഡ്ഡില്‍ പീനട്ട് ബട്ടര്‍ പുരട്ടി അതില്‍ വാഴപ്പഴവും സ്‌ട്രോബറിയും ചേര്‍ത്ത് പ്രഭാതഭക്ഷണം തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് ഫ്‌ളാക്‌സ് സീഡും കറുവപ്പട്ടയുമെല്ലാം ചേര്‍ക്കാം.
എഗ്ഗ് മഗ് ബ്രേക്ക്ഫാസ്റ്റ്
ഏറെപ്പേര്‍ക്കും ഈ ഭക്ഷണം സുപരിചിതമായിരിക്കും. ഒരു കപ്പില്‍ ആവശ്യത്തിനുള്ള മുട്ട പൊട്ടിച്ച് അതിലേക്ക് ഉപ്പ്, കാപ്‌സിക്കം, ചീല, ഉള്ളി, രണ്ട് സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ക്കുക. ഇവ നന്നായി ഇളക്കിയ ശേഷം 90 സെക്കറ്റ് നേരത്തേക്ക് കപ്പ് മൈക്രേവേവില്‍ വെക്കുക. എഗ്ഗ് മഗ് ബ്രേക്ക്ഫാസ്റ്റ് റെഡി. വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന എഗ്ഗ് മഗ് ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീന്റെ കലവറയാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
