ഒരുപാട് ഭക്ഷണങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകാറുണ്ട്. പലതിന്റേയും പിന്നിലെ കഥകള്‍ രസകരമാണ്. അത്തരത്തിലൊരു വിഭവമാണ്
എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ്. പേര് തന്നെ അതെന്താണെന്ന സൂചന തരുന്നില്ലേ?
ടോസ്റ്റ് ചെയ്ത ബ്രഡിന് മുകളില്‍ ക്രീം ചീസും ബ്ലൂബറി ജാംമും പുരട്ടിയ വിഭവമാണ് എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ്. വളരെ ലളിതമായ റെസിപ്പിയാണ് ഇതിനുള്ളതെങ്കിലും ആ വിഭവത്തിന് പിന്നിലെ കഥ അല്പം വലുതാണ്.
2018-ല്‍ ഉത്തരകൊറിയയിലാണ് സംഭവം. തന്റെ മുന്‍ ആണ്‍സുഹൃത്ത് തയ്യാറാക്കാറുണ്ടായിരുന്ന ടോസ്റ്റ് കഴിക്കാന്‍ ഒരു പെണ്‍കുട്ടിക്ക് ആഗ്രഹം തോന്നി. അതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടി അയാള്‍ക്ക് മെസ്സേജ് അയച്ചു. തങ്ങളുടെ ബന്ധം പുതുക്കാനും വീണ്ടും ഒരുമിക്കാനും വേണ്ടിയല്ല താന്‍ സന്ദേശമയക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പെണ്‍കുട്ടി സന്ദേശമയച്ചത്.
അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അയാള്‍ മറുപടിയയച്ചു. അവള് ചോദിച്ച വിഭവം തയ്യാറാക്കുന്നതെങ്ങനെ എന്ന് ഘട്ടംഘട്ടമായി വിവരിച്ചുകൊണ്ടായിരുന്നു സന്ദേശം. ഈ സന്ദേശം പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും സംഗതി വളരെപെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.
തൊട്ടടുത്ത വര്‍ഷം കൊറിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ‘ബോയ്ഫ്രണ്ട് സാന്റ്വിച്ച്’എന്ന വിഭവത്തിന്റെ വില്പനയ്ക്ക് തുടക്കമിട്ടു. നേരത്തെ പറഞ്ഞ വൈറല്‍ റെസിപ്പി ഉപയോഗിച്ചുതന്നെയാണ് അവര്‍ ആ വിഭവം തയ്യാറാക്കിയിരുന്നത്.
വൈറലായതോടെ എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് ബ്രൂക്ലിനിലെ ഫില്കഫേയിലെ ബെസ്റ്റ് സെല്ലിങ് വിഭവങ്ങളുടെ പട്ടികയില്‍ ഇടംനേടി. യുഎസില്‍ 10 ഡോളറാണ് എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റിന്റെ വില. പിന്നീട് കൊറിയന്‍ ചാനലായ ടിവിഎന്‍-ലെ ‘എര്‍ത്ത് ആര്‍കേഡ്’ എന്ന പരിപാടിയിലൂടെ എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് വീണ്ടും ചര്‍ച്ചയായി. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഈ വൈറല്‍ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ബ്രഡ് -2
ക്രീം ചീസ് – 4 ടേബിള്‍ സ്പൂണ്‍
ബ്ലൂബെറി ജാം – രണ്ട് ടേബിള്‍ സ്പൂണ്‍
ബട്ടര്‍
എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് തയ്യാറാക്കുന്ന വിധം
ബട്ടര്‍ പുരട്ടിയ ബ്രഡ് ടോസ്റ്റ് ചെയ്തെടുക്കുക. ശേഷം ബ്രഡിന്മേല് ക്രീം ചീസ് പുരട്ടുക. അതിനു മുകളില്‍ ബ്ലൂബെറി ജാം ചേര്‍ക്കുക. അതിനുശേഷം ബ്രഡ് 15, 20 മിനിറ്റ് മൈക്രോവേവിലോ വെക്കുകയോ എയര്ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യാം. ചൂടുള്ള ബ്ലൂബെറി ജാം ബ്രഡിലേക്ക് കലര്‍ത്തി കഴിക്കാവുന്നതാണ്.
