പിറന്നാള്‍ ദിനത്തില്‍ ചീസ് ബര്‍ഗര്‍ ആസ്വദിച്ചു കഴിക്കുന്ന ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെ രസകരമായ വീഡിയോ പങ്കുവെച്ച് നടനും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാല്‍. ഭക്ഷണത്തോടുള്ള തന്റെ ഭാര്യയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന വീഡിയോയാണ് സഹീര്‍ പങ്കുവെച്ചത്. സൊനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സന്തോഷത്തോടെ ചീസ് ബര്‍ഗര്‍ വളരെയധികം ആസ്വദിച്ചു കഴിക്കുന്ന സൊനാക്ഷിയെയാണ് വീഡിയോയിലുടനീളം കാണാനാവുക. ബര്‍ഗര്‍ കഴിക്കുന്നതിനിടെ മുഖത്തു പുരണ്ട ഭക്ഷണം പെട്ടെന്ന് തുടച്ചുമാറ്റുന്നതില്‍ ശ്രദ്ധിക്കാതെ താരം ബര്‍ഗര്‍ കഴിക്കുന്നത് തുടരുന്നതും കാണാം. ബര്‍ഗറിനൊപ്പം പ്ലേറ്റില്‍ ക്രിങ്കിള്‍ഡ് ഫ്രൈസും ഡിപ്പുകളുമാണ് ഭക്ഷണം.
ഹാപ്പി ബര്‍ത്ത് ഡേ മൈ ജാനാ, ഇതുപോലുള്ള നിമിഷങ്ങളിലാണ് ഞാന്‍ നിന്നെ ഏറെ ഇഷ്ടപ്പെടുന്നത്. നിനക്കെപ്പോഴും സന്തോഷത്തോടെയിരിക്കാനാകട്ടെ, നിന്റെ വയറെപ്പോഴും നിറഞ്ഞിരിക്കട്ടെ. നീയിങ്ങനെ ഡാന്‍സ് ചെയ്യുന്നത് കാണാനായി നിനക്ക് ഞാന്‍ ഭക്ഷണം തരും. നിന്റെ മുഖത്താകെ ഭക്ഷണമായിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ ഞാന്‍ എപ്പോഴും കൂടെയുണ്ടാകും. എന്റെ ജീവനേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, സഹീര്‍ കുറിച്ചു.
ഇതിന് രണ്ട് മണിക്കൂര്‍ ശേഷമാണ് തന്നെ വിവാഹം ചെയ്യാമോ എന്ന് സൊനാക്ഷിയോട് ചോദിച്ചതെന്ന് കുറിപ്പിനൊടുവില്‍ സഹീര്‍ പറയുന്നു. 30/12/22 -ലെ വീഡിയോയാണ് പങ്കുവെച്ചത്. മോതിരം ധരിക്കാത്ത, അവളുടെ അവസാനത്തെ ഭക്ഷണമായിരുന്നു അതെന്നും നടന്‍ കുറിച്ചു. നിരവധിപേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്.
അതേസമയം തന്റെ പിറന്നാള്‍ ദിനമായതിനാല്‍ ആരും രാത്രി 12 മണിക്ക് തന്നെ ആശംസയറിയിക്കാന്‍ വിളിക്കരുതെന്നും അപ്പോള്‍ താന്‍ ഉറങ്ങുകയായിരിക്കുമെന്നും സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ച് മണിമുതല്‍ ആറുവരെ തന്നെ വിളിക്കാവുന്നതാണെന്നും അതുകൊണ്ട് തന്നോട് സ്‌നേഹമുണ്ടെങ്കില്‍, ഉറങ്ങാനനുവദിക്കണമെന്നുമാണ് സൊനാക്ഷി കുറിച്ചത്. ബിരിയാണി ഇഷ്ടമുള്ള തനിക്ക് സഹീര്‍ ബിരിയാണി സമ്മാനിച്ചെന്ന് താരം മറ്റൊരു സ്‌റ്റോറിയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
കഴിഞ്ഞ ജൂണിലാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും വിവാഹിതരായത്.
