ഓമയ്ക്ക, കപ്പളങ്ങ, കര്‍മൂസ എന്നെല്ലാം വിളിപ്പേരുകളുള്ള പപ്പായ പോഷകസമ്പന്നമായ പഴമാണ്. കടയില്‍നിന്നോ വഴിയോരക്കച്ചവടക്കാരില്‍ നിന്നോ പപ്പായ വാങ്ങുമ്പോള്‍ നല്ലത് നോക്കി തിരിച്ചറിയാനാകാതെ നമ്മളില്‍ പലരും പപ്പായ വാങ്ങി നിരാശരാകാറില്ലേ? പഴുത്തതോ പഴുപ്പേറിയതോ മധുരമില്ലാത്തതോ ആയ പപ്പായയാവും പലപ്പോഴും അറിവില്ലായ്മ കാരണം വാങ്ങുക. എങ്ങനെയാണ് കടയില്‍നിന്ന് നല്ല പപ്പായ തിരഞ്ഞെടുക്കുക? അതിനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം…
പപ്പായയുടെ നിറം ശ്രദ്ധിക്കുക
നല്ല പപ്പായ തിരഞ്ഞെടുക്കാന്‍ ആദ്യംതന്നെ പപ്പായയുടെ നിറം ശ്രദ്ധിക്കുക. ഓറഞ്ച് പാടുകളോടുകൂടിയ മഞ്ഞനിറത്തിലുള്ള പപ്പായയാണ് പഴുത്ത് പാകമായവ. അത് നോക്കിയെടുക്കുക.
പപ്പായ മണത്തുനോക്കി തിരഞ്ഞെടുക്കാം
പപ്പായ വാങ്ങുമ്പോള്‍ നിറം നോക്കുന്നതുപോലെ അത് മണത്തുനോക്കി, പഴുത്ത് പാകമായതാണോ എന്ന് മനസ്സിലാക്കാം. പുളിച്ച മണമുള്ളതോ ദുര്‍ഗന്ധമുള്ളതോ ആയ പപ്പായ കേടായവയായിരിക്കും.
മൃദുവായ പപ്പായ നോക്കിയെടുക്കാം
നല്ല പപ്പായയാണോ എന്നറിയാന്‍ പപ്പായ ചെറുതായി ഞെക്കി നോക്കാവുന്നതാണ്. ചെറുതായി അമര്‍ത്തി നോക്കുമ്പോള്‍ മൃദുവായ പപ്പായയാണെങ്കില്‍ അത് തിരഞ്ഞെടുക്കാം.
പപ്പായയ്ക്ക് മുകളിലെ അടയാളങ്ങള്‍ ശ്രദ്ധിക്കാം
നല്ല പപ്പായയ്ക്ക് മുകളില്‍ പാടുകള്‍ ഉണ്ടാകില്ല. വെള്ളയോ കറുത്തതോ ആയ വരകളോ പാടുകളോ ഉള്ള പപ്പായകള്‍ പഴത്തിനകത്തെ കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്.
പപ്പായയുടെ തണ്ട് പരിശോധിക്കാം
പപ്പായയുടെ തണ്ട് പച്ചനിറത്തിലാണെങ്കില്‍ പഴം പാകമായതല്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇളം തവിട്ട് നിറത്തോടുകൂടിയ പപ്പായയുടെ തണ്ട്, പഴം പഴുത്ത് പാകമായതാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.
പപ്പായയുടെ ഗുണങ്ങള്‍
പഴുത്ത പപ്പായയും പച്ച പപ്പായയും ഒരുപോലെ നാം ഉപയോഗിക്കാറുണ്ട്. ജ്യൂസും ഐസ്‌ക്രീമും ഉപ്പേരിയും കറിയും എല്ലാം പപ്പായകൊണ്ടുണ്ടാക്കാം. പപ്പായ കഴിക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ഒരുഗ്രാം പപ്പായയില്‍ ഏകദേശം 32 കലോറി ഊര്‍ജം, 7.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ വിറ്റമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. പഴുത്ത പപ്പായയില്‍ പച്ച പപ്പായയെക്കാള്‍ പൊട്ടാസ്യം അളവ് കുറവാണ്. അതിനാല്‍ കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും ഉപയോഗിക്കാം.
- പപ്പായയില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതിലെ വിറ്റമിന്‍ സി, എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ സഹായിക്കും.
- ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ തടഞ്ഞ് കാന്‍സര്‍ പ്രതിരോധിക്കും. പച്ച പപ്പായയില്‍ അടങ്ങിയ പപ്പെയ്ന്‍ എന്‍സൈമും നാരുകളും ദഹനത്തെ സുഗമമാക്കുന്നതോടൊപ്പം മലബന്ധം തടയുകയും ചെയ്യുന്നു. രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, കുടല്‍സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍നിന്ന് സംരക്ഷിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കുന്നു.
- കലോറി കുറവായതിനാല്‍ ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്താം.
- ഹൃദയത്തിനും ചര്‍മത്തിനും പപ്പായയിലെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍ കൊളസ്‌ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ജലാശം നിലനിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും പപ്പായ സഹായിക്കും.
