ജോലിക്കിടെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് സാധാരണമാണ്, അല്ലേ? വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍(വര്‍ക്ക് ഫ്രം ഹോം)ജോലിയുമായി ബന്ധപ്പെട്ട മീറ്റിങ്ങിനിടയിലോ വീഡിയോ കോളിനിടയിലോ എല്ലാം മൈക്ക് ഓഫ് ചെയ്ത് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. ഇത്തരത്തില്‍ വര്‍ക്ക് കോളിനിടെ ബിസ്‌കറ്റ് കഴിച്ചപ്പോഴുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവതി. പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. പുണെ സ്വദേശിയായ യുവതി എക്‌സിലാണ് രസകരമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്.
ഓണ്‍ലൈന്‍ മീറ്റിങിനിടെ തനിക്കിഷ്ടപ്പെട്ട കുക്കീസ് എടുത്ത് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ധിമാഹി ജെയ്ന്‍. ഭക്ഷണം ചവയ്ക്കുന്ന ശബ്ദം മൈക്കിലൂടെ കേള്‍ക്കില്ലെന്നാണ് യുവതി കരുതിയത്. എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ബിസ്‌കറ്റ് കഴിക്കുന്ന ശബ്ദംകേട്ട മാനേജര്‍ അക്കാര്യം ധിമാഹിക്ക് സന്ദേശമായി അയച്ചു.
‘ധിമാഹി, ദയവായി മ്യൂട്ട് ചെയ്യൂ, ബിസ്‌ക്കറ്റിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്’ എന്നാണ് മാനേജര്‍ മെസ്സേജയച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട്
യുവതി പങ്കുവെച്ചിട്ടുണ്ട്.
‘ഇന്ന് വര്‍ക്ക് കോളിനിടെ സ്വയം നിയന്ത്രിക്കാനാകാതെ ഞാന്‍ എനിക്കിഷ്ടപ്പെട്ട കുക്കീസ് എടുത്ത് കഴിച്ചു. മൈക്കിലൂടെ ശബ്ദം കേള്‍ക്കില്ലെന്ന് കരുതി. ഇങ്ങനെയാണ് എന്റെ മാനേജര്‍ പ്രതികരിച്ചത്’ എന്ന് പറഞ്ഞാണ് മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. സമാന അനുഭവങ്ങളുള്ള നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്.
