ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും കെയ്ര് സ്റ്റാമറും ചായകുടിക്കാനെത്തിയതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചെക്കേഴ്സില്‍ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറുമായി ‘ചായ് പേ ചര്‍ച്ച’… ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു! എന്ന് കുറിച്ചുകൊണ്ട് നരേന്ദ്രമോദി എക്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അവിടെവെച്ചുണ്ടായ നര്മമുഹൂര്ത്തങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്സില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറും ഒരു കപ്പ് ചായ പങ്കിട്ടത്. അമലാ ചായ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇന്ത്യന്‍ വംശജനായ സംരംഭകന് അഖില്‍ പട്ടേലിന്റേതായിരുന്നു ആ ടീ സ്റ്റാള്‍.
അസമിലെ ചായപ്പൊടിയും കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ന്ന ചായ നരേന്ദ്രമോദിക്ക് കൈമാറവേ ഒരു ചായക്കടക്കാരനില്‍നിന്ന് മറ്റൊരു ചായവില്പനക്കാരന് എന്ന് അഖില്‍ പട്ടേല്‍ പറഞ്ഞതാണ് വീഡിയോ വൈറലാക്കിയത്.
ഇരു പ്രധാനമന്ത്രിമാരും ടീസ്റ്റാളിലേക്ക് എത്തിയപ്പോള്‍ പട്ടേല്‍ മസാല ചായയെ കുറിച്ച് വിവരിച്ചു. ഇന്ത്യയില്‍ നിന്ന് ശേഖരിച്ച സാധനങ്ങള്‍ ഉപയോഗിച്ച് ലണ്ടനിലുണ്ടാക്കിയ ചായയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയുടെ രുചി ആസ്വദിക്കാമെന്ന് കെയ്ര് സ്റ്റാര്‍മറോട് നരേന്ദ്ര മോദി പറഞ്ഞു.
സ്റ്റാര്‍മര്‍ക്ക് ഒരു കപ്പ് ചായ കൈമാറിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായ നല്‍കവേയാണ് പട്ടേലിന്റെ രസകരമായ പരാമര്‍ശം. വീഡിയോയില്‍ ‘ഒരു ചായ്വാലയില് നിന്ന് മറ്റൊരാളിലേക്ക്,’ എന്ന് പട്ടേല്‍ പറയുന്നത് കേള്‍ക്കാം. ഈ തമാശ ആസ്വദിച്ച പ്രധാനമന്ത്രിയും കെയ്ര് സ്റ്റാര്‍മറും ചുറ്റിലുള്ളവരും ചിരിച്ചു. ചായ കുടിച്ചശേഷം തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് കെയ്ര് സ്റ്റാര്‍മര്‍ പ്രതികരിച്ചു. അമലാ ചായയുടെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
