ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍ അമേരിക്കയില്‍ കിട്ടുന്നതിനെക്കാള്‍ രുചിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട് വിദേശ വനിത. ക്രിസ്റ്റന്‍ ഫിഷ എന്ന അമേരിക്കന്‍ യുവതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പാല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന് ഇരുരാജ്യങ്ങളേയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് എത്തിയശേഷമാണ് രണ്ട് രാജ്യങ്ങളിലും കിട്ടുന്ന പാല്‍ വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായത്. ലോകത്തിലെ ആകെ പാല്‍ ഉപഭോഗത്തിന്റെ നാലിലൊന്നും ഇന്ത്യയിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇന്ത്യയിലെ പാല്‍ എനിക്കിഷ്ടമാണ്. ഇവിടുത്തെ പാലില്‍ ക്രീമിന്റെ അംശം കൂടുതലാണ്. ഉയര്‍ന്നയളവില്‍ ക്രീമുള്ള പാലുപയോഗിച്ച് നല്ല രുചികരമായ പലഹാരമോ ചായയോ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇവിടെയുള്ളവര്‍ക്കറിയാം, യുവതി വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അമേരിക്കക്കാര്‍ രുചിയേക്കാള്‍ കൊഴുപ്പ് കുറഞ്ഞവയ്ക്കാണ് പരിഗണനനല്‍കുന്നത്. കൊഴുപ്പില്ലാത്ത സ്‌കിമ്മ്ഡ് മില്‍ക്കും ഒന്നും രണ്ടും ശതമാനം ഫാറ്റുള്ള പാലും ഇന്ത്യയില്‍ ലഭിക്കുന്ന പാലും അതിലെ കൊഴുപ്പും അവര്‍ വീഡിയോയില്‍ വിവരിച്ചു.
ഇന്ത്യയില്‍ ലഭിക്കുന്ന പാലുകളായ ഡബിള്‍ ടോണ്‍ഡ് മില്‍ക്കില്‍ 1.5% ഫാറ്റും ടോണ്‍ഡ് മില്‍ക്കില്‍ മൂന്നും സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്കില്‍ 4.5 ഉം ഫുള്‍ ക്രീമില്‍ 6 ശതമാനവും കൊഴുപ്പാണ് അടങ്ങിയത്. ഇരുരാജ്യങ്ങളിലേയും പാല്‍ താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യയിലെ പാലാണ് രുചികരമായത്, യുവതി അഭിപ്രാപ്പെട്ടു.
2021-മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ് ക്രിസ്റ്റന്‍. ഇവര്‍ ഇന്ത്യയിലെ തന്റെ അനുഭവങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
