തിരക്കു നിറഞ്ഞ ജീവിത രീതിയിൽ പ്രഭാത ഭക്ഷണം എളുപ്പമാക്കാനുള്ള ശ്രമങ്ങളിലാണ് ഒട്ടുമിക്ക ആളുകളും. അങ്ങനെ ബ്രെഡ് പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിട്ട് നാളുകളേറെയായി. കുറച്ച് ആരോഗ്യകരമാക്കാമെന്ന ചിന്തയിൽ ഹോൾമീൽ, ഹോൾഗ്രെയ്ൻ ബ്രെഡിലേക്കും മാറ്റം വന്നിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇവ രണ്ടും ഒന്നാണെന്നും അല്ല ഇവ തമ്മിൽ വ്യതാസമുണ്ടെന്നുമുള്ള ചർച്ചകളും ഉണ്ടാകാറുണ്ട്.
എല്ലാ ധാന്യമണികളിലും മൂന്ന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. തവിട്, ജേം, എന്‍ഡോസ്പേം എന്നിങ്ങനെ. പുറം തൊലി പാളിയാണ് തവിട് ( Bran) . ഇത് ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ജേം (Germ) വിറ്റാമിനുകൾ, ചില പ്രോട്ടീൻ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയടങ്ങിയ മധ്യ പാളിയാണ് എന്‍ഡോസ്പേം. ഗോതമ്പ്, തവിട്ട് അരി, ചോളം, ഓട്സ് എന്നിവയുൾപ്പെടെ എല്ലാ ധാന്യമണികളിലും ഈ മൂന്നു ഭാഗങ്ങളുമടങ്ങിയിരിക്കുന്നു.യഥാർത്ഥ ധാന്യത്തിൻ്റെ എല്ലാ ഭാഗങ്ങളും (എന്‍ഡോസ്പേം, ജേം, തവിട്) അവയുടെ യഥാർത്ഥ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന മാവിൽ നിന്നാണ് ഹോൾമീൽ ബ്രെഡ് നിർമ്മിക്കുന്നതെന്നാണ് ഓസ്ട്രേലിയൻ, ന്യൂസിലൻഡ് ഫുഡ് സ്റ്റാൻഡേർഡ് വ്യക്തമാക്കുന്നത്.
കേടില്ലാത്ത, പൊടിക്കാത്ത ധാന്യങ്ങൾ അടങ്ങിയിരിക്കുന്ന, ധാന്യത്തിന്റെ എല്ലാ ഭാഗങ്ങളും അവയുടെ യഥാർത്ഥ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന സംസ്കരിച്ച ധാന്യപ്പൊടിയുടെ മാവുകൊണ്ട് നിർമ്മിക്കുന്നവയാണ് ഹോൾഗ്രെയ്ൻ ബ്രെഡ്. വൈറ്റ് ബ്രെഡുകളെ അപേക്ഷിച്ച് കുറച്ചുകൂടി ഇരുണ്ട നിറമായിരിക്കും ഹോള്‍മീല്‍ ബ്രെഡുകള്ക്കുണ്ടാകുക. എല്ലാ ഹോള്‍ഗ്രെയ്ന്‍ ബ്രെഡുകളും ഒരുതരത്തില്‍ ഹോള്‍മീല്‍ ബ്രെഡുകള്‍ തന്നെയാണ്. ഇവയില്‍ ഏതാണ് മികച്ചത് എന്നതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല.
ഇവതമ്മില്‍ പോഷകങ്ങളിലുള്ള വ്യത്യാസവും തുലോം കുറവാണ്. ഹോൾഗ്രെയിൻ ബ്രെഡിൽ നാരുകൾ, പ്രോട്ടീൻ, നിയാസിൻ (വിറ്റാമിൻ ബി3), ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഹോൾമീൽ ബ്രെഡിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്. എന്നാൽ ഹോൾഗ്രെയിൻ ബ്രെഡിൽ കാർബോഹൈഡ്രേറ്റ്, തയാമിൻ (വിറ്റാമിൻ ബി1), ഫോളേറ്റ് (വിറ്റാമിൻ ബി9) എന്നിവ അല്പം കുറവാണ്.