പലർക്കും വികാരങ്ങളും ഓർമ്മകളും സമ്മാനിക്കുന്ന ഒന്നാണ് ഭക്ഷണം. ചിലപ്പോൾ അവ സന്തോഷം നൽകാം ചിലപ്പോൾ സങ്കടവും. അത്തരത്തിൽ വളരെ വികാരനിർഭരമായ ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ ഭര്‍ത്താവുണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണിത്.
മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് ടോണി അവസാനമായുണ്ടാക്കിയ കറിയാണ് ഭാര്യ സബ്റീന കേടുവരാതെ സൂക്ഷിച്ച് വെച്ചത്. കറി ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു യുവതി. ടോണിയുണ്ടാക്കിയ കറി എന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാനായിരുന്നു ആദ്യം സബ്റീനയുടെ തീരുമാനം. എന്നാൽ ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്നും സബ്റീന മാറി താമസിക്കാന്‍ പോവുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
വീഡിയോയിൽ, തന്റെ ഭർത്താവ് ടോണി നന്നായി പാചകം ചെയ്യുമായിരുന്നുവെന്ന് സബ്റീന പറയുന്നുണ്ട്. “ഞാൻ എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോഴെല്ലാം, അദ്ദേഹം എനിക്കായി അത് ഉണ്ടാക്കിത്തരും, ഈ വീട്ടിലെ എന്റെ അവസാനത്തെ ഭക്ഷണത്തിന് നന്ദി ടോണി”, അവർ വീഡിയോയിൽ പറയുന്നു. അഞ്ച് ദശലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.