ന്യൂയോര്‍ക്ക്: വെസ്റ്റ് 37-ാം സ്ട്രീറ്റിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് സാലഡില്‍നിന്ന് ചത്ത എലിയെ കിട്ടിയതായി പരാതി. ഗ്രില്‍ഡ് സാല്‍മണും ബീഫ് ബുള്‍ഗോഗിയുമുള്ള സാലഡ് ഓര്‍ഡര്‍ ചെയ്ത ഹാനാ റാസ്ബക് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.
സാലഡിലെ ലെറ്റസ് മാറ്റിയപ്പോള്‍ തന്നെ എനിക്ക് പ്ലേറ്റിലെന്താണുള്ളതെന്ന് മനസ്സിലായി. എലിയെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, ഹാനാ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ യുവതിയുടെ ആരോപണം റസ്റ്ററന്റ് നിഷേധിച്ചു. ഭക്ഷണം തയ്യാറാക്കുമ്പോള്‍ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇത് തെളിയിക്കുന്നത് എന്നവകാശപ്പെടുന്ന വീഡിയോ ചൂണ്ടിക്കാട്ടി സ്ഥാപനം അറിയിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് റസ്റ്ററന്റില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ആരോഗ്യവകുപ്പ് അന്വേഷണം അന്വേഷണം നടത്തിയെന്നും റസ്റ്ററന്റിന്റെ ‘എ’ റേറ്റിങില്‍ അവര്‍ മാറ്റമൊന്നും വരുത്തിയില്ലെന്നും സ്ഥാപനം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണത്തില്‍ ഭക്ഷണശാലയില്‍ മോശപ്പെട്ട സാഹചര്യമില്ലെന്നാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണത്തിന്റെ പണം തനിക്ക് തിരികെ നല്‍കിയെന്നും സ്ഥാപനയുടമ തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്നും ഹാനാ പറഞ്ഞു. ഈ സംഭവത്തിന് ശേഷം മാനസികാഘാതം ഉണ്ടായെന്നും ഇപ്പോള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
