വെണ്ടയ്ക്ക – അടുക്കളയിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത പച്ചക്കറികളില്‍ പ്രമാണി. സാമ്പാറിനും മെഴുകുപുരട്ടിയ്ക്കും പച്ചടിക്കും തോരനും മറ്റുമായി എന്നുമെന്ന പോലെ നമ്മള്‍ ആശ്രയിക്കുന്നതാണ് വെണ്ടയ്ക്കയെ. അടുക്കത്തോട്ടങ്ങളില്‍ ഒരു വെണ്ടയ്ക്ക ചെടിയെങ്കിലും നമ്മള്‍ നട്ടു പിടിപ്പിക്കും.
ഇന്ന് വെണ്ടയ്ക്ക കൊണ്ടുള്ള ഒരു വ്യത്യസ്ത കറി ആയാലോ? ഇത് വെണ്ടയ്ക്ക കൊണ്ടുള്ള തളാസിനി എന്ന കൊങ്കണികളുടെ ഒരു രുചിക്കൂട്ട്. തളാസിനികളില്‍ പ്രധാനമായും വെളുത്തുള്ളിയുടെ ഉപയോഗം കാണും. പല പച്ചക്കറികള്‍ കൊണ്ടും തളാസിനി എന്നാ വിഭവം കൊങ്കണികള്‍ ഉണ്ടാക്കാറുണ്ട്.
എന്നാല്‍ വെണ്ടയ്ക്ക തളാസിനിയെ ഒരു പടി മേലെ നിര്‍ത്തുന്നത് ഇതിലേ മറ്റൊരു ചേരുവയായ ഇരുമ്പന്‍ പുളിയെന്നും പുളിഞ്ചിക്കയെന്ന് വിളിക്കുന്ന ബിലുമ്പിപ്പുളിയാണ്. അല്പം എരിവും പുളിയും നിറഞ്ഞ, വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഈ തൊടുകറി വെണ്ടയ്ക്ക പ്രേമികള്‍ തീര്‍ച്ചയായും തയ്യാറാക്കേണ്ടതാണ്.
ചേരുവകള്‍ :
1.വെണ്ടയ്ക്ക 250 ഗ്രാം
2.വെളുത്തുള്ളി 10- 12 അല്ലികള്‍
3.ഇരുമ്പന്‍ പുളി 4 – 5 എണ്ണം
4.കാശ്മീരി മുളകുപൊടി 2 – 3 ടീസ്പൂണ്‍
5.കടുക് 1 ടീസ്പൂണ്‍
6.വെളിച്ചെണ്ണ 2- 3 ടീസ്പൂണ്‍
7.ഉപ്പ് ആവശ്യത്തിന്
പാചക രീതിയിലേക്ക്
വെണ്ടയ്ക്ക കഴുകി സാമ്പാറിനൊക്കെ മുറിക്കുന്ന പോലെ കഷ്ണങ്ങളാക്കുക.
വെളുത്തുള്ളി അല്ലികള്‍ തൊലി നീക്കി വെയ്ക്കുക.
ഇരുമ്പന്‍ പുളി നീളത്തില്‍ അരിയുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇതിലേക്ക് വെളുത്തുള്ളി അല്ലികള്‍ ചേര്‍ത്തു ചെറുതീയില്‍ വറുക്കുക.
വെളുത്തുള്ളി ചുവന്നു വരുമ്പോള്‍ വെണ്ടയ്ക്ക ചേര്‍ത്ത് അഞ്ചു മിനിറ്റുകളോളം വഴറ്റുക.
ഇനി ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക
ശേഷം അരിഞ്ഞു വെച്ച പുളിയും ചേര്‍ത്ത് നന്നായി വഴറ്റി അരക്കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് പാകം ചെയ്യുക.
വെണ്ടയ്ക്ക പാകത്തിന് വെന്തു ചാറ് നന്നായി കുറുകി വരുമ്പോള്‍ കറി അടുപ്പില്‍ നിന്നും മാറ്റാം. വെണ്ടയ്ക്ക തളാസിനി തയ്യാര്‍.
ശ്രദ്ധിക്കുക : ഇരുമ്പന്‍ പുളിക്ക് പകരം പച്ചമാങ്ങയും ചേര്‍ക്കാം.