ഫോൺ നോക്കിയിരിക്കുമ്പോൾ ചില റെസിപ്പികൾ കണ്ട് കൊതിയൂറിയാലും അത് തയ്യാറാക്കാനെടുക്കുന്ന മണിക്കൂറുകൾ ഓർത്ത് പരീക്ഷിക്കാൻ മടിച്ചേക്കാം, ഉച്ചനേരത്താണെങ്കിൽ പിന്നെ പറയേണ്ട. വിശന്നിരിക്കുമ്പോൾ വയറും മനസ്സും നിറയുന്നബീറ്റ്റൂട്ട് റൈസും മുട്ട മസാല ഫ്രൈയും പരീക്ഷിച്ചാലോ…
ബീറ്റ്റൂട്ട് റൈസ്
ബസ്മതി അരി – 1 കപ്പ്
ബീറ്റ്റൂട്ട് – 1 വലുത്
സവാള – 1 വലുത്
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
പച്ചമുളക് – 1-2 എണ്ണം
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
ഗ്രാമ്പു – 5
ഏലക്ക – 5
കറുവപട്ട – 2 ചെറിയ കഷ്ണം
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ/ നെയ്യ് – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി കഴുകി ഉപ്പ് ചേർത്ത് വേവിച്ച് വെക്കുക. ഒരു കടായിയിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
സവാള നിറം മാറി ചുവന്നു വരുമ്പോൾ ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് യോജിപ്പിക്കുക. ബീറ്റ്റൂട്ട് വാടി വരുമ്പോൾ കുരുമുളക് പൊടി, ഗരംമസാലപ്പൊടി, ജീരകപ്പൊടി എന്നിവകൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ബീറ്റ്റൂട്ട് വെന്ത് വരുമ്പോൾ വേവിച്ചുവച്ച ചോറ് ചേർത്ത് യോജിപ്പിക്കുക.
അൽപസമയം ചെറുതീയിൽ അടച്ച് വച്ച ശേഷം നാരങ്ങാനീരും അരിഞ്ഞ മല്ലിയിലയും ചേർത്ത് കൊടുക്കുക. ചൂടോടെ വിളമ്പാം.

മുട്ട മസാല ഫ്രൈ
പുഴുങ്ങിയ മുട്ട – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളക്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ 3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് കലക്കി വെക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇട്ട് അതിലേക്ക് കലക്കി വച്ച മസാല ഒഴിച്ച് മൂപ്പിക്കുക. അതിലേക്ക് രണ്ടായി മുറിച്ച മുട്ട നിരത്തി വച്ച് ചെറുതീയിൽ പാകം ചെയ്യുക. മസാല മുട്ടയിൽ പൊതിഞ്ഞു വരുന്ന രീതിയിൽ പാകം ചെയ്തെടുക്കുക.

