ചാവക്കാട് (തൃശ്ശൂർ): കേരളതീരത്തെ കടലിൽനിന്ന് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങൾക്ക് മുമ്പ് മത്തി കൂട്ടമായി കരയിലേക്ക് വന്നുകയറിയിരുന്നു. അന്നത്തെ വലുപ്പത്തിൽനിന്ന് ആറുമാസമായിട്ടും വലിയ വ്യത്യാസമുണ്ടായിട്ടില്ല. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ വലുപ്പം കൂടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇത്തരത്തിൽ ഒരേ വലുപ്പത്തിൽ മത്തി തുടരുന്നത് മുമ്പ് കണ്ടിട്ടില്ലെന്ന് ചേറ്റുവ ഹാർബറിലെ തരകൻ അസോസിയേഷൻ സെക്രട്ടറി പവിത്രൻ കല്ലുമഠത്തിൽ പറഞ്ഞു. നേരത്തേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിലഭ്യത കുറഞ്ഞതോടെ നിലവിൽ ട്രോളിങ് ബോട്ടുകാരാണ് മുഖ്യമായും പിടിക്കുന്നത്. ലഭ്യത കുറഞ്ഞെങ്കിലും വലുപ്പമില്ലാത്തതിനാൽ വില കൂടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ചെറുകിട കച്ചവടക്കാർപോലും കിലോഗ്രാമിന് നൂറുരൂപ നിരക്കിലാണ് വിൽപ്പന.
വലുതിന് കിലോഗ്രാമിന് 200 രൂപയ്ക്കു മുകളിൽ വില ലഭിക്കാറുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ചെറിയ തോതിൽ വലിയ മത്തി എത്തുന്നുണ്ടെങ്കിലും നാടൻ മത്തിയുടെ രുചി ഇതിനില്ലെന്നു പറയുന്നു.
കാരണം തേടി സിഎംഎഫ്ആർഐ
മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോർട്ട് പുറത്തുവിടുമെന്നും കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു. 2023 ഒക്ടോബർ മുതൽ 2024 ഏപ്രിൽവരെ ചൂടേറിയ കാലഘട്ടമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്രജനനസമയം നീണ്ടുപോകാൻ കാരണമാകാം. അശാസ്ത്രീയ മീൻപിടിത്തവും പ്രശ്നമാകാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററിൽ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. രണ്ടര വർഷമാണ് മത്തിയുടെ ശരാശരി ജീവിതദൈർഘ്യം. ഒരു വർഷമാവുന്നതോടെ പ്രത്യുത്പാദനശേഷി കൈവരും.