റോഡിന്റെ വശങ്ങളിലായി പാതി മുറിച്ച ചുവപ്പ് തണ്ണിമത്തന്‍ കാണുമ്പോള്‍ ആരാണെങ്കിലും മേടിച്ചുപോകും. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ വാര്‍ത്തകള്‍ നിരവധി വരാറുണ്ടെങ്കിലും കഴിഞ്ഞ ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. നിറത്തിനായി കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പറ്റിക്കപ്പെടാതിരിക്കാം. കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. ടിഷ്യു പേപ്പറോ കോട്ടണ്‍ ബോളോ കൊണ്ട് തുടച്ചു നോക്കുമ്പോള്‍ നിറം പറ്റിപിടിക്കുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.
മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കാം
മങ്ങിയ തൊലികളുള്ള തണ്ണിമത്തനേക്കാള്‍ ഉചിതം നിറം ഏറെയുള്ളവയാണ്. തണ്ണിമത്തന്റെ പുറത്ത് കൊട്ടി നോക്കുമ്പോള്‍ നല്ല രീതിയില്‍ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ പഴിത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ പാടുകളോ ചതവുകളോ ഇല്ലാത്തതും കനത്തതും നോക്കിവാങ്ങാം. പുറത്ത് തട്ടിനോക്കിയാല്‍ ഏതാണ്ട് ഉള്ളിലെ ഘടനയെക്കുറിച്ച് രൂപംലഭിക്കും. നേരിയതും ഏതാണ്ട് പൊള്ളയായതുമായ ശബ്ദം വെള്ളവും പഴവും കേടില്ലാത്തതാണെന്ന് സൂചിപ്പിക്കുന്നു. അടിഭാഗത്തെ മഞ്ഞനിറത്തോടെയുള്ള പുള്ളികള്‍ നല്ല വിളവിനെ കാണിക്കുന്നു. എന്നാല്‍ വിളറിയോ വെളുത്തോ ആണ് കാണുന്നതെങ്കില്‍ പാകമാകുന്നതിന് മുമ്പ് പറിച്ചതാണെന്ന് മനസ്സിലാക്കാം.
വിപണിവാഴും ‘വത്തക്ക’യുടെ ഗുണങ്ങൾ
ദാഹം ശമിപ്പിക്കാന്‍ ഉത്തമമാണ് തണ്ണിമത്തന്‍. വത്തക്ക എന്നും അറിയപ്പെടുന്ന ഈ പഴത്തില്‍ 90-92 ശതമാനം വരെ ജലം അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തണ്ണിമത്തനില്‍ ഏകദേശം 16 കലോറി ഊര്‍ജം, 3.3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 7.9 ഗ്രാം ഇരുമ്പ്, വിറ്റാമിന്‍ സി, എ, വിറ്റാമിന്‍ ബി-6, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുമുണ്ട്. പൊട്ടാസ്യവും മഗ്‌നീഷ്യവും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തനിലെ ആന്റി ഓക്സിഡന്റായ വിറ്റാമിന്‍ സി രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തടയുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം ദഹനം സുഗമമാക്കുന്നു.
ഇരുമ്പ് ധാരാളമുള്ളതിനാല്‍ രക്തക്കുറവ് അഥവ അനീമിയ രോഗികള്‍ക്ക് ഉത്തമമാണ്. ചുവപ്പ് ഭാഗത്തിനാണ് രുചിയേറെയെങ്കിലും തൊലിയോട് ചേര്‍ന്നിരിക്കുന്ന ഇളം പച്ചനിറത്തിലുള്ള മാംസളമായ ഭാഗവും കഴിക്കുന്നതാണ് പോഷകലഭ്യതയ്ക്ക് നല്ലത്. കലോറി കുറഞ്ഞ പഴമായതിനാല്‍ അമിതവണ്ണമുള്ളവര്‍ക്കും ഉപയോഗിക്കാം. എന്നാല്‍ ജ്യൂസ് ഒഴിവാക്കുന്നതാണ് ഉത്തമം. രക്തത്തിലെ പഞ്ചസാരനില വര്‍ധിക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ തണ്ണിമത്തന്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ സാലഡും മറ്റുമായി കഴിക്കാം.