ഏറെ പ്രചാരമുള്ളതും വലിയ ആരാധകനിരയുള്ളതുമായ ഒരു ഇറ്റാലിയൻ വിഭവമാണ് പിസ. വെജ്, നോൺ വെജ് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അവരവരുടെ ഇഷ്ടങ്ങൾക്കനുസൃതമായി പിസയുടെ ടോപ്പിങ്‌സ് തിരഞ്ഞെടുക്കാൻ കഴിയും. ഓരോരുത്തർക്കും ഓരോ രീതിയിലാവും പിസ പ്രിയപ്പെട്ടതാകുന്നത്. ക്രിസ്പി ബേസിൽ ചീസ് അധികമായുള്ള പിസയാണ് ചിലർക്ക് ഇഷ്ടം. മറ്റു ചിലർക്കാകട്ടെ പച്ചക്കറികൾ ഇല്ലാതെയുള്ള പിസ, ചിലർക്ക് ഒറിഗാനോ ചേർത്ത പിസ. പിസ വീട്ടിൽ തയ്യാറാക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ പിസ ഉണ്ടാക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
അമ്മയോടൊപ്പമാണ് കുട്ടി പിസ തയ്യാറാക്കുന്നത്. അടുക്കളയില്‍ നിന്ന് കുട്ടി മേശയുടെ സമീപമെത്തി കൈ വീശുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. പിന്നാലെ അമ്മയുടെ സഹായത്തോടെ പിസയുണ്ടാക്കാന്‍ തുടങ്ങി. ഏപ്രണ്‍ ധരിച്ചാണ് കുട്ടി ഇതെല്ലാം ചെയ്യുന്നത്. വീഡിയോയുടെ അവസാനം തയ്യാറാക്കിയ പിസ കഴിക്കുന്നതും കാണാം. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വന്‍ വൈറലാണ്.
വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ കമന്റിട്ടുണ്ട്. കുട്ടി ഭക്ഷണം തയ്യാറാക്കുന്ന രീതി രസകരമായി തോന്നിയെന്ന് പലരും അഭിപ്രായപ്പെട്ടു. ലിറ്റില്‍ പിസ ബോയ്, ലിറ്റില്‍ ഷെഫ് എന്നിങ്ങനെ കുട്ടിക്ക് വിശേഷണങ്ങളും ചാര്‍ത്തി. ക്യാമറ കാണുമ്പോഴെല്ലാം കുട്ടി ചിരിക്കുന്നതായും വീഡിയോ ഇഷ്ടപ്പെട്ടതായും കമന്റുകളെത്തി.