പറമ്പിക്കുളം: റാഗികൊണ്ടുള്ള ലഡ്ഡുവും പത്തിരിയും പൊക്കവടയും. പിന്നെ മുളയരിയും ചാമയും കൊണ്ടുണ്ടാക്കിയ പായസം. പറമ്പിക്കുളത്തെ ‘എത്നിക് കഫെ’ പറമ്പിയാര്‍ ശ്രദ്ധേയമാകുന്നു.
വനംവകുപ്പിന്റെ കീഴിലുള്ള എര്‍ത്ത്ഡാം ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ ഏഴ് പെണ്‍കുട്ടികളാണ് നടത്തിപ്പുകാര്‍. ജനുവരി പത്തിനാണ് കഫെ തുടങ്ങിയത്. എര്‍ത്ത്ഡാം ഇ.ഡി.സി.യിലെ അഞ്ജു, നിധിമോള്‍, കാര്‍ത്തിക, പ്രമീള, ജയ എന്നിവരും കടവ് കോളനിയിലെ അശ്വതിയും ദേവിപ്രിയയുമാണ് കഫെ നടത്തുന്നത്. ഇതില്‍ അഞ്ചുപേര്‍ പ്ലസ്ടു കഴിഞ്ഞവരാണ്. വനംവകുപ്പിന്റെ കെട്ടിടത്തില്‍ നേരത്തേയുണ്ടായിരുന്ന ഹോട്ടല്‍ ഇ.ഡി.സി. ഏറ്റെടുക്കയായിരുന്നു.
ഏഴുപേര്‍ക്കും പരമ്പരാഗത ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇടുക്കി ചിന്നാറില്‍ പരിശീലനം നല്‍കി. റാഗികൊണ്ടുള്ള പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഇ.ഡി.സി. സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രവി പറഞ്ഞു. പൊങ്കല്‍ സമയത്ത് തമിഴ്നാട്ടില്‍നിന്നുള്ള സഞ്ചാരികളുടെ നല്ല തിരക്കായിരുന്നു. മുളയരി പായസവും ചാമകൊണ്ടുള്ള പായസവും ആളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

രാവിലെ പുട്ടുംകടലയും ദോശയും ഉള്‍പ്പെടെ പലഹാരങ്ങളും ഉച്ചയ്ക്ക് ചോറും ഇവിടെ കിട്ടും. പറമ്പിക്കുളത്തിന്റെ തനതായ കുയില്‍മീന്‍ ഉള്‍പ്പെടെ മീന്‍വിഭവങ്ങളും ഒരുക്കുന്നുണ്ട്. നന്നാരിയും ഇഞ്ചിയും ചേര്‍ത്ത എത്നിക് ചായയും ലഭ്യമാണ്. രാവിലെ എട്ടുമുതല്‍ രാത്രിവരെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം.
പറമ്പിക്കുളം ടൗണ്‍മേഖലയില്‍ താസമിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ഓര്‍ഡറുകളും എടുക്കുന്നുണ്ട്. സഞ്ചാരികള്‍ കൂടുതലായെത്തുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല തിരക്കുണ്ട്. വരുംമാസങ്ങളില്‍ സീസണ്‍ സജീവമാകുന്നതോടെ കുടുതല്‍ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാര്‍.