രുചികരമായ ചെമ്മീൻ തേങ്ങാചാറും കോവയ്ക്ക – ഉരുളകിഴങ്ങ് ഉള്ളീം മുളകും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചെമ്മീൻ തേങ്ങാചാർ

ചെമ്മീൻ – കാൽ കിലോ
മുരിങ്ങക്കോൽ – 1 ഇടത്തരം
ചുവന്നുള്ളി – 6-7 എണ്ണം
വെളുത്തുള്ളി – 3-4 അല്ലി
പച്ചമുളക് – 2 എണ്ണം
തേങ്ങ ചിരകിയത് – ഒരു കപ്പ്
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീൻ, ചെറുതായി മുറിച്ച മുരിങ്ങാക്കോൽ, നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ചെമ്മീൻ വെന്ത് കഴിഞ്ഞാൽ അതിലേക്ക് ചിരകിയ തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി എന്നിവ നല്ല പോലെ അരച്ചത് ചേർത്ത് കൊടുക്കുക. ചെറുതീയിൽ വച്ച് പച്ചമണം മാറി വരുന്ന വരെ തുടരെ ഇളക്കി പാകം ചെയ്യുക. (കറി തിള വരാതെ ശ്രദ്ധിക്കണം, തിളച്ചാൽ പിരിഞ്ഞു പോകാൻ സാധ്യത ഉണ്ട്). ശേഷം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ച് അരിഞ്ഞ ഒരു ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് താളിച്ചൊഴിക്കുക. ചോറിനൊപ്പം വിളമ്പാം.
കോവയ്ക്ക – ഉരുളകിഴങ്ങ് ഉള്ളീം മുളകും

കോവയ്ക്ക (നീളത്തിൽ അരിഞ്ഞത്) – 1 1/4 കപ്പ്
ഉരുളക്കിഴങ്ങ് (നീളത്തിൽ അരിഞ്ഞത്) – 1 കപ്പ്
ചുവന്നുള്ളി – 100 ഗ്രാം
(സവാള ആണെങ്കിൽ 2 എണ്ണം വലുത്)
വെളുത്തുള്ളി – 3 അല്ലി
ചതച്ച വറ്റൽമുളക് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചതച്ച് വെക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, ചതച്ച് വച്ച ഉള്ളി വെളുത്തുള്ളി കൂട്ട് ചേർത്ത് വഴറ്റുക. ചുവന്നുള്ളിയുടെ പച്ചമണം മാറി വരുമ്പോൾ ചതച്ച വറ്റൽമുളക്, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് കൂടെ ചേർത്ത് ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. (ആവശ്യമെങ്കിൽ അൽപം വെള്ളം കുടഞ്ഞ് കൊടുക്കാം.)