വ്യവസായ ഗ്രൂപ്പായ ബ്രിട്ടീഷ് കോഫി അസോസിയേഷന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും ജനപ്രിയ പാനീയം കാപ്പിയാണ്. ലോകത്താകമാനമായി ഒരു ദിവസം രണ്ട് ബില്യണ്‍ കപ്പ് കാപ്പി കുടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അമിതമായാല്‍ വിപരീതഫലം ചെയ്യുകയും ചെയ്യും. കാപ്പിയുമായി ബന്ധപ്പെട്ട് പുതിയൊരു പഠനം പുറത്ത് വന്നിട്ടുണ്ട്.
രാവിലെ കാപ്പി കുടിക്കുന്നവര്‍ക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം വന്നു മരണപ്പെടാന്‍ 31 ശതമാനം സാധ്യത കുറവും മറ്റ് അസുഖങ്ങള്‍ വന്നു മരണപ്പെടാന്‍ 16 ശതമാനം സാധ്യത കുറവുമാണെന്നാന്നാണ് പഠനം വ്യക്തമാക്കുന്നത്. ദി യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച കോഫി ഡ്രിങ്കിങ് ടൈമിങ്ങ് ഇന്‍ യുഎസ് അഡള്‍ട്ട്സ് എന്ന പഠനത്തിലാണ് കാപ്പി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ മെഡിക്കല്‍ റെക്കോഡുകള്‍ ഇത് സംബന്ധിച്ച് സൂചനകള്‍ ഒന്നും നല്‍കുന്നില്ല.
കോഫിയുടെ അളവിനേക്കാളുപരി കുടിക്കുന്ന സമയമാണ് ബാധകം. 1999-നും 2018-നുമിടയില്‍ 40,725 പേരിലാണ് പഠനം നടത്തിയത്. രാവിലെ കാപ്പി കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുമെന്നും ഇത് ഹൃദായാരോഗ്യത്തിന് ഗുണകരമാകുന്നുവെന്നും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുമെന്നും പഠനം പറയുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)