രാമശ്ശേരി ഇഡ്ഡലി, റാഗി ഇഡ്ഡലി, കാരറ്റ് ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി, ചോളം ഇഡ്ഡലി, റവ ഇഡ്ഡലി തുടങ്ങി ഇഡ്ഡലി രുചിയിൽ വ്യത്യസ്തത പരീക്ഷിക്കുന്നവർ നിരവധിയാണ്. പ്രാതലിൽ ദക്ഷിണേന്ത്യക്കാർക്ക് പ്രിയം കൂടുതലുള്ള ഇഡ്ഡലിക്ക് വലിയ ആരാധകനിരതന്നെയുണ്ട്.
ചിരട്ടയിൽ ഇഡ്ഡലി തയാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. നടി കരിഷ്മ തന്നയാണ് ചിരട്ടയിൽ ഇഡ്ഡലി തയാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘പരീക്ഷിച്ചു നോക്കൂ.. യമ്മീ…’എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വൃത്തിയുള്ള തേങ്ങാ ചിരട്ടയിൽ എണ്ണ പുരട്ടി അതിൽ പകുതിവരെ മാവ് ഒഴിച്ച് ആവിയിൽ വേവിക്കുന്നത് വീഡിയോയിൽ കാണാം. പാകമായതിന് ശേഷം അതിൽ നെയ് ഒഴിച്ച് പൊടി ചട്ണി വിതറുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ചിരട്ടയിൽ ഇഡ്ഡലി തയാറാക്കുന്നതുക്കൊണ്ട് ആരോഗ്യപരമായ എന്തെങ്കിലും നേട്ടമുണ്ടോയെന്ന തരത്തിലുള്ള കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.