സ്‌കൂള്‍ പഠനകാലത്തെ ഉച്ചഭക്ഷണം പലര്‍ക്കും സുഖകരമായ ഒരോര്‍മയാണ്. ഇപ്പോഴിതാ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
പക്ഷേ ഈ വീഡിയോ കേരളത്തിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍സംസ്ഥാനങ്ങളില്‍നിന്നോ ഉള്ളതല്ല. ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്.
ഉച്ചഭക്ഷണത്തിന് വെജിറ്റബിള്‍ ചിക്കന്‍ മീറ്റ്‌ബോള്‍ സൂപ്പ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വൃത്തിയായി കഴുകുന്നതും മുറിക്കുന്നതു അരിയുന്നതുമെല്ലാം വീഡിയോയിലുണ്ട്. മീറ്റ് ബോളുകള്‍ തയ്യാറാക്കുന്നതും കാണാം. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ജപ്പാനില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ കൃത്യമായ പോഷക നിലവാരവും ശുചിത്വവും പാലിക്കണം എന്നത് നിര്‍ബന്ധമാണെന്നും വീഡിയോയില്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്നവര്‍ മാസ്‌കും കയ്യുറയും മറ്റും ധരിച്ചിട്ടുമുണ്ട്.