നമ്മുടെ മാനസികാവസ്ഥയ്ക്ക് നാം കഴിക്കുന്ന ഭക്ഷണങ്ങളുമായി നേരിട്ടുബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോഷക സമൃദ്ധവും വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും മറ്റ് അവശ്യഘടകങ്ങളും അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ന്യൂറോട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുകയും വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യംവേണ്ടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ഇവ ധാരാളമായി അടങ്ങിയിട്ടുള്ള വാള്‍നട്ടും ഫ്ലാക്സീഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ഓര്മ, ശ്രദ്ധ എന്നിവ വര്‍ധിപ്പിക്കാന്‍ സഹായകമാകും.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് ആന്റി ഇന്‍ഫല്‍മേറ്ററി, ആന്റി ഓക്സിഡന്റ് സവിശേഷതകളുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടില്നിന്ന് സംരക്ഷിക്കും. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സെറോടോണിന്റെയും ഡോപാമൈന്റെയും നില ഉയര്‍ത്തുകയും അതിലൂടെ ഉത്കണ്ഠ, വിഷാദം തുടങ്ങിയവയുടെ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
70 ശതമാനത്തോളം കൊക്കോ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്കലേറ്റും മൂഡ് നല്ലതാകാനും സമ്മര്‍ദത്തെ ഒഴിവാക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡ്സ്, മഗ്നീഷ്യം, ട്രിപ്റ്റോഫാനുമാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല, തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനും ഡാര്‍ക്ക് ചോക്കലേറ്റ് സഹായിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയും സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാണ്.
മഗ്നീഷ്യം, സിങ്ക്, ട്രിപ്റ്റോഫാന്‍ എന്നിവ ഉയര്‍ന്ന അളവിലുള്ള മത്തങ്ങക്കുരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്കണ്ഠയും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല മൂഡുണ്ടാകാനും മഗ്നീഷ്യം അത്യാവശ്യമാണ്. ഹാപ്പിനസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോടോണിന്റെ ഉത്പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ ബി6 ആവോളമുണ്ട് നമ്മുടെ വാഴപ്പഴത്തില്‍. അതിനാല്‍ വാഴപ്പഴവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന് മൂടിക്കെട്ടിയ മാനസികാവസ്ഥ മാറാന്‍ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)