ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഭൂമിയില്‍ തിരിച്ചെത്തിയ സുനിതാ വില്യംസിന് ‘മധുരം’ നല്‍കാനൊരുങ്ങി കോഴിക്കോട് കേന്ദ്രമായുള്ള പാരഗണ്‍ ഹോട്ടല്‍ ഗ്രൂപ്പ്. ആദ്യമായി രുചിച്ചപ്പോള്‍ത്തന്നെ സുനിതയുടെ മനംകവര്‍ന്ന ബീറ്റ്‌റൂട്ട് ഹല്‍വയും വാനില ഐസ്‌ക്രീമും ഒന്നിച്ചുള്ള ഡസര്‍ട്ടാണ് നല്‍കുക.
ഹോട്ടലിലെ ഒരു ഉദ്യോഗസ്ഥനെ സുനിതയ്ക്ക് ഇഷപ്പെട്ട വിഭവങ്ങളുമായി അവരുള്ളയിടത്തേക്ക് അയക്കാന്‍ ശ്രമിക്കുമെന്ന് പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സ് എംഡി സുമേഷ് ഗോവിന്ദ് ‘മാതൃഭൂമി’യോടു പറഞ്ഞു. 2023 നവംബറില്‍ ദുബായ് കരാമയിലെത്തിയപ്പോഴാണ് സുനിത പാരഗണിന്റെ രുചിയറിഞ്ഞത്.
അന്ന് ഒരുക്കിയ വിഭവങ്ങളില്‍ അവര്‍ക്ക് ഏറെ പ്രിയമായത് പിടിക്കോഴിയും ബീറ്റ്‌റൂട്ട് ഹല്‍വ-വാനില ഐസ്‌ക്രീമും ആയിരുന്നു. ഇത് ബഹിരാകാശയാത്രയ്ക്ക് ഒപ്പം കൊണ്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനായുള്ള ഗവേഷണങ്ങള്‍ക്ക് താന്‍ നേരിട്ട് ഏറെനേരം ചെലവിടേണ്ടിവരുമെന്നതുകൊണ്ട് അതില്‍ മടികാണിക്കുകയായിരുന്നുവെന്നും സുമേഷ് പറഞ്ഞു.