നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള പരമ്പരാഗത ഇന്ത്യന്‍ ലഘുഭക്ഷണമാണ് മഖാന. ഫോക്‌സ് നട്ട്‌സ്, താമര വിത്ത്, ഗോര്‍ഗോണ്‍ നട്ട്‌സ് ഇങ്ങനെ പല പേരുകളിലും മഖാന അറിയപ്പെടുന്നു. ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം ഇവ മികച്ചതാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഏല്ലാ ഭക്ഷണവും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല.
ഭാരം കുറഞ്ഞതും, ക്രിസ്പിയമായ മഖാന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കിടയിലുൾപ്പടെ വളരെ പ്രചാരമുള്ളതാണ്. മഖാനയെ പറ്റി അറിഞ്ഞിരിക്കേണ്ട മറ്റു ചില വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ന്യൂട്രീഷനിസ്റ്റ് നന്ദിനി അഗർവാൾ പങ്കുവെച്ച ഇസ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമാണ്. ഏറ്റവും ആരോഗ്യകരമായ ലഘുഭക്ഷണം പോലും ശരീരത്തിന് അനുയോജ്യമല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് ഇവർ പറയുന്നു.
ഉയർന്ന പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാണ് മഖാനയെ ആകർഷകമാക്കുന്നത്. എന്നാൽ ഇവ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പോഷണത്തിന്റെ കാര്യത്തിൽ, ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മഖാനയെ കുറഞ്ഞ കൊഴുപ്പും ക്രിസ്പി ഘടനയും പരിഗണിച്ച് തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ അമിതമായി കഴിക്കുന്നത് കലോറി കൂട്ടാനിടയുണ്ട്. പക്ഷേ അമിതമായാൽ അത് പ്രശ്നമാണ്- വീഡിയോയിൽ പറയുന്നു.
മഖാനയിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. വൃക്ക രോഗമുള്ളവരാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) ഉള്ളവർ. മഖാനയിൽ സ്വാഭാവികമായി ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് വൃക്ക രോഗികൾ നിയന്ത്രിക്കേണ്ട ഒരു ധാതുവാണ്. വൃക്ക രോഗം ഉണ്ടെങ്കിൽ, കുറഞ്ഞ പൊട്ടാസ്യം ഡയറ്റ് പിന്തുടരുന്നുണ്ടെങ്കിൽ, മഖാന പൂർണമായും ഒഴിവാക്കണം- നന്ദിനി പറയുന്നു. ഇത്തരം രോഗികൾക്ക്, ഒരു ചെറിയ അളവ് മഖാന പോലും ഹൈപ്പർകലീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകാം. രക്തത്തിൽ അമിത പൊട്ടാസ്യം മൂലം ഹൃദയതാളം തകരാറിലാകുന്ന അപകടകരമായ അവസ്ഥയാണ് ഹൈപ്പർകലീമിയ .
‘സൂപ്പർഫുഡ്’ ഡയറ്റിൽ ചേർക്കുന്നതിന് മുമ്പ് അംഗീകൃത ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ ഉപദേശം തേടണം. മഖാന പോലുള്ള പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾക്ക് പോലും പരിമിതികളുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാതെ വെൽനസ് ട്രെൻഡുകൾ പിന്തുടരുന്നത് അപകടകരമാകാം.
ആരോഗ്യഗുണങ്ങൾ
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്‌ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ സുലഭമായി ലഭിക്കും.
Content Highlights: Makhana: Health Benefits, Risks, and Dietary Considerations
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
