നിങ്ങളൊരു ഛോളെ കുൽച്ചെ ആരാധകനാണോ? പെട്ടന്നൊരു ഛോളെ കുൽച്ചെ കഴിക്കാൻ ആഗ്രഹം തോന്നിയാൽ എന്തു ചെയ്യും. ഉണ്ടാക്കി കഴിക്കാൻ സമയമില്ലെങ്കിൽ തൊട്ടടുത്ത കടയിലേക്ക് പോകുമായിരിക്കും. ഇഷ്ടാനുസൃതം രുചിയോടെയും വൃത്തിയോടെയും ഛോളെ കുൽച്ചെ കിട്ടുമോ എന്നത് അപ്പോഴും ചോദ്യമാണ്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഛോളെ കുൽച്ചെ ഇഷ്ടാനുസൃതം വൃത്തിയോടെ ഉണ്ടാക്കുന്നതിന് വേണ്ടി ഒരു വെൻഡിങ് മെഷീൻ തന്നെ നിർമ്മിച്ച വ്യക്തിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്.
കേംബ്രിഡ്ജ് ബിരുദധാരിയും മുൻ ബാങ്കറുമായ സാഗർ മൽഹോത്രയാണ് ഇന്ത്യയിലെ ആദ്യത്തെ ഛോളെ കുൽച്ചെ വെൻഡിങ് മെഷീൻ കണ്ടുപിടിച്ചത്. ഒരു മിനിറ്റിനുള്ളിൽ ഇഷ്ടാനുസൃതം വൃത്തിയോടെ ഛോളെ കുൽച്ചെ ഉപഭോക്താവിന്റെ കൈയിലെത്തുമെന്നതാണ് ഇതിന്റെ സവിശേഷത.
ഒരു ദശാബ്ദത്തിലേറെ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തതിന് ശേഷമാണ് തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹത്തിൽ മൽഹോത്ര പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ഛോളെ കുൽച്ചെയുടെ കടുത്ത ആരാധകനായ മൽഹോത്രയെ റോഡരികിലെ കടകളിലെ ശുചിത്വമില്ലായ്മയും രുചിയിലെ സ്ഥിരതയുടെ അഭാവവും നിരാശനാക്കി. അപ്പോഴാണ് ഒരു വെൻഡിങ് മെഷീൻ വഴി ഈ പ്രക്രിയ യാന്ത്രികമാക്കാമെന്ന ആശയം ഉദിച്ചത്.
ഒരു വർഷമെടുത്താണ് യന്ത്രം വികസിപ്പിച്ചെടുത്തത്. വെറും 60 സെക്കൻഡിനുള്ളിൽ ഛോളെ കുൽച്ചെ ഉപഭോക്താവിന് ലഭിക്കും. ഒരു ബട്ടൺ അമർത്തിയാൽ അധികം മസാല ചേർക്കാത്തത്, ഇടത്തരം, കൂടുതൽ മാസാല ചേർത്തത് എന്നിങ്ങനെ ഓരോരുത്തരുടെ രുചിക്കനുസൃതമായി ഛോളെ കുൽച്ചേ തിരഞ്ഞെടുക്കാൻ സാധിക്കും. വലിയ ജനപ്രിയത മെഷിനും മൽഹോത്രയ്ക്കും ലഭിക്കുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Sagar Malhotra creates India`s first Chole Kulche vending machine

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter