ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. ബഹിരാകാശയാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ചില ഭക്ഷണങ്ങള്‍ അദ്ദേഹം കൊണ്ടുപോകുമെന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) നേരത്തെ പുറത്തുവിട്ട വിവരം. മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാല്‍ ഹല്‍വ എന്നീ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഉന്മേഷം നല്‍കുന്ന മാമ്പഴപാനീയം മൈക്രോഗ്രാവിറ്റിയില്‍ ഒരു സിപ്പര്‍ ഉപയോഗിച്ചാണ് കുടിക്കുക, ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാല്‍ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം. കൂടുതല്‍ മധുരമേറിയ മൂങ് ദാല്‍ ഹല്‍വ നന്നായി പാക്ക് ചെയ്താണ് ബഹിരാകാശനിലയത്തിലേക്ക് കൊണ്ടുപോകുന്നത്.
ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തേയും പാചകപൈതൃകത്തേയും പ്രതിനിധാനം ചെയ്യാനാണ് രാജ്യത്തുനിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്.
വിഭവങ്ങളുടെ സുരക്ഷിതത്വം, പോഷകം, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ ബഹിരാകാശത്തെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കിയതും പാക്ക് ചെയ്തിരിക്കുന്നതും.
ആഗോള ബഹിരാകാശ പര്യവേഷണത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാന്നിധ്യത്തിന്റെ പ്രതീകമാണ് ദൗത്യത്തില്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ യാത്ര.
