കോട്ടയം: ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു, ഒരു ഇഡ്ഡലിപ്പിള്ളേച്ചൻ. പൂപോലെയുള്ള ഇഡ്ഡലിയും സവാളയുടെ രുചിയിൽ വരട്ടിയെടുത്ത താറാവുമുട്ടക്കറിയും ചേർത്ത് വിളമ്പുന്ന കട നടത്തിയിരുന്ന പിള്ളേച്ചന്റെ പേരുപോലും ഇഡ്ഡലി മായ്ച്ചുകളഞ്ഞു. 22 വർഷംമുൻപ് ചെല്ലപ്പൻപിള്ളയെന്ന കടയുടമ വിടപറഞ്ഞെങ്കിലും, ‘ഇഡ്ഡലിപ്പിള്ളേച്ചന്റെ കട’ അടുത്ത തലമുറയിലൂടെ 105-ാംവർഷത്തിലേക്ക്.
ആറുവർഷം മുൻപുവരെ ചെല്ലപ്പൻപിള്ളയുടെ മകൻ ഓമനക്കുട്ടൻ ചിത്രക്കുളം കടവിനടുത്ത് നടത്തിയ കട നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ ശശികലാദേവിയും മകൻ ഗിരീഷും ഏറ്റെടുത്ത് നടത്തുന്നു. നാട്ടിൽ പൊറോട്ടപോലെയുളള ഭക്ഷണത്തിന് പ്രിയമേറുമ്പോഴും, പിള്ളേച്ചന്റെ ഇഡ്ഡലിക്കട തേടി വരുന്നവരുടെ എണ്ണം കുറയുന്നില്ല. ഓരോ പ്രഭാതത്തിലും നൂറുകണക്കിന് ഇഡ്ഡലി പുഷ്പംപോലെ ഇവിടെ ആവികയറുന്നു.
‘‘ഇപ്പോഴും പിള്ളേച്ചന്റെ കടയെന്നാണ് അറിയുന്നത്. 43 വർഷംമുൻപ് കല്യാണംകഴിച്ചുവന്ന കാലംമുതൽ ഞാൻ അച്ഛന്റെ ‘ഇഡ്ഡലിക്കൂട്ട്’ കണ്ടുപഠിച്ചതുകൊണ്ട് ആ രുചിയിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ആവി പറക്കുന്ന സോഫ്റ്റ് ഇഡ്ഡലിയും നാടൻ താറാവിൻമുട്ട റോസ്റ്റുമാണ് പണ്ടുമുതൽ ഇവിടെ സ്പെഷ്യൽ. ഇപ്പോൾ ചമ്മന്തിയും വടയുംകൂടിയുണ്ട്; കടല വേണ്ടവർക്ക് അതും.’’
ധാരാളം ഉള്ളിചേർത്ത്, പച്ചവെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന കുരുമുളകിന്റെ മണവും രുചിയുമുള്ള താറാവിൻമുട്ട റോസ്റ്റ് ഇഡ്ഡലിപ്പിള്ളേച്ചന്റെ സ്വന്തം പാചകവിധിയായിരുന്നു. കടയിലെ സ്ഥിരം സന്ദർശകർക്ക് വായിൽ വെള്ളമൂറുന്ന ഇഡ്ഡലി-മുട്ടറോസ്റ്റ് കോംബോയാണ് പ്രിയം. കേട്ടറിഞ്ഞ് അതുതേടി വരുന്നവരുണ്ട്. ‘‘കഴിഞ്ഞദിവസം മോഹൻലാലിന്റെ സിനിമയുടെ റിലീസ് ദിവസം ഫാൻസ് അസോസിയേഷൻ ഇവിടത്തെ ഈ കോംബോയാണ് വാങ്ങിപ്പോയത്’’ -ശശികലാദേവി പറയുന്നു.
ഇന്നും എത്ര ഇഡ്ഡലി ഉണ്ടാക്കുന്നെന്ന് കണക്കെടുക്കാറില്ല. ഒരളവുകണ്ട് അരിയും ഉഴുന്നും അരച്ചെടുക്കുന്നു. തീരുംവരെ വിളമ്പും. കൈയിൽ പണമില്ലാത്ത 10 പേർക്കെങ്കിലും ദിവസവും ഇഡ്ഡലിപ്പൊതി സൗജന്യമായി കൊടുക്കും.
ഇഡ്ഡലി ദിനാചരണം
ചെന്നൈയിലെ കാറ്ററിങ് കമ്പനി എം. ഇനിയവനാണ് ഇഡ്ഡലി ദിനാചരണം തുടങ്ങാൻ കാരണം. 2012-ൽ 1300 ഇനം ഇഡ്ഡലി ഉണ്ടാക്കിക്കൊണ്ട്, ഇനിയവൻ ശ്രദ്ധനേടി. തുടർച്ചയായി ഇത്തരം പ്രകടനങ്ങളുണ്ടായപ്പോൾ സമയാൾ സംഘം പ്രസിഡന്റ് രാജാമണി മാർച്ച് 30 ലോക ഇഡ്ഡലിദിനമായി പ്രഖ്യാപിച്ചു. 2023-ൽ ദുബായിലും സിംഗപ്പുരിലും 2500 ഇനം ഇഡ്ഡലി വിളമ്പി എം. ഇനിയവൻ ആഗോളശ്രദ്ധ നേടി. മായമില്ലാത്ത, എളുപ്പം ദഹിക്കുന്ന, ആരോഗ്യദായകമായ ഇഡ്ഡലി ഒരു തെക്കേ ഇന്ത്യൻ വിഭവമല്ല ലോകത്തിനുമുഴുവൻ പ്രിയപ്പെട്ട ഭക്ഷണമാണ്.