വടകര: ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ പാമോയിലിന് കാലിടറുമ്പോള്‍ സോയാബീന്‍, സൂര്യകാന്തി എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്. 2023 നവംബര്‍, ഡിസംബര്‍ മാസത്തെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് പാമോയിലിന് 2024-ല്‍ ഉണ്ടായത്. അന്ന് 72 ശതമാനമായിരുന്നു പാമോയിലിന്റെ ഇറക്കുമതിവിഹിതമെങ്കില്‍ 2024 നവംബര്‍, ഡിസംബര്‍ മാസത്തില്‍ അത് 48 ശതമാനത്തിലേക്ക് കൂപ്പുകുത്തി. സൂര്യകാന്തി, സോയാബീന്‍ എണ്ണ ഇറക്കുമതിവിഹിതം 28 ശതമാനത്തില്‍നിന്ന് 52-ലേക്ക് കുതിച്ചു. ജനുവരിയിലും പാമോയില്‍ ഇറക്കുമതി കുറയുമെന്നുതന്നെയാണ് വിപണിയില്‍നിന്നുള്ള സൂചന.
പാമോയില്‍ ഇറക്കുമതി കുറയുന്നത് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിത്തീരുവ കേന്ദ്രം കൂട്ടിയശേഷമാണ് വെളിച്ചെണ്ണ വില തലയുയര്‍ത്തിയത്. വെളിച്ചെണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന സമയമാണിത്. എന്നാല്‍, വെളിച്ചെണ്ണയെക്കാള്‍ വിലക്കുറവുള്ള സോയാ, സൂര്യകാന്തി എണ്ണ ഇറക്കുമതി കൂടിയിട്ടും വെളിച്ചെണ്ണവിലയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒരുമാസം കുറഞ്ഞത് 3.41 ലക്ഷം ടണ്‍
സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനുവരിയില്‍ പുറത്തിറക്കിയ കണക്കുപ്രകാരം 2024 നവംബറില്‍ 8.41 ലക്ഷം ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. ഡിസംബറില്‍ ഇത് അഞ്ചുലക്ഷമായി കുറഞ്ഞു. 2023 നവംബര്‍, ഡിസംബര്‍ മാസത്തില്‍ 17.63 ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്‌തെങ്കില്‍ 2024-ല്‍ ഇതേ കാലയളവില്‍ 13.42 ടണ്ണായി കുറഞ്ഞു. സൂര്യകാന്തി, സോയ എണ്ണ ഇറക്കുമതി 6.92 ലക്ഷം ടണ്ണില്‍നിന്ന് 14.33 ടണ്ണായി കുതിച്ചു.
സോയാഎണ്ണയുടെ ഇറക്കുമതിയാണ് കൂടുതല്‍. രണ്ടുമാസംകൊണ്ട് 8.28 ലക്ഷം ടണ്‍ ഇന്ത്യയിലെത്തി. 2023-ല്‍ ഇതേമാസങ്ങളില്‍ ഇറക്കിയത് 3.02 ലക്ഷം ടണ്‍ മാത്രം. 6.05 ലക്ഷം ടണ്‍ സൂര്യകാന്തിഎണ്ണ കഴിഞ്ഞ രണ്ടുമാസം ഇറക്കി.
2024 സെപ്റ്റംബറില്‍ കേന്ദ്രം രാജ്യത്തെ എണ്ണക്കുരുകര്‍ഷകരെ സഹായിക്കാനായി ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിത്തീരുവ വലിയതോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറഞ്ഞു. പ്രത്യേകിച്ച് വ്യാപകമായി ഉപയോഗിച്ചിരുന്ന പാമോയിലിന്റേത്. എന്നാല്‍, അടുത്തിടെ മറ്റ് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി കൂടുന്നത് ആഭ്യന്തരവിപണിയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഒരുടണ്‍ ശുദ്ധീകരിച്ച പാമോയിലിന് 1236 ഡോളറാണ് വില. ക്രൂഡ് പാമോയിലിന് 1270 ഡോളറും. അതേസമയം, സോയ എണ്ണയ്ക്ക് 1123 ഡോളറും സൂര്യകാന്തി എണ്ണയ്ക്ക് 1206 ഡോളറുമാണ് ഡിസംബറിലെ വില.
Content Highlights: palmolein oil import-soybean sunflower oil

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter