കൊച്ചി: മലയാളി വൈകുന്നേരങ്ങളിലെ ചായയോടൊപ്പം ‘കോംബോ’ ആയി കഴിക്കുന്ന പലഹാരങ്ങളാണ് പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട, നെയ്യപ്പം എന്നിവയൊക്കെ. ബേക്കറിയില്‍ കയറി ഇവ കഴിക്കാമെന്ന് വെച്ചാല്‍ വില കേട്ട് ഞെട്ടും. 12 രൂപ മുതല്‍ 20 രൂപയോളം വരും വില. പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയര്‍ന്നു. 24 മണിക്കൂര്‍ പോലും കാലാവധിയില്ലാത്ത ഇത്തരം പ്രാദേശിക ലഘുഭക്ഷണങ്ങള്‍ക്ക് 18 ശതമാനമാണ് ജി.എസ്.ടി.!
ഉയര്‍ന്ന ജി.എസ്.ടി. കാരണം കൂടിയ നിരക്കില്‍ പലഹാരങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയാണ് ബേക്കറി ഉടമകള്‍ക്ക്. ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് ജി.എസ്.ടി. എന്നാല്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്ന അതേ ചേരുവയിലുള്ള നെയ്യപ്പത്തിന് ജി.എസ്.ടി. 18 ശതമാനമാണ്. എച്ച്.എസ്.എന്‍. കോഡ് നിര്‍ണയിക്കാത്തതുകൊണ്ടാണ് ഇത്തരം പലഹാരങ്ങള്‍ക്ക് ഇപ്പോഴും 18 ശതമാനം ജി.എസ്.ടി. നിലനില്‍ക്കുന്നത്.
ഹോട്ടലുകളില്‍ ഇവയ്‌ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി.യാണ് ഈടാക്കുന്നത്. ഹോട്ടലില്‍ വില്‍ക്കുന്ന ഭക്ഷണങ്ങളുടെ എച്ച്.എസ്.എന്‍. കോഡ് സര്‍വീസ് വിഭാഗത്തില്‍ വരുന്നതിനാലാണിത്. ഉണ്ണിയപ്പത്തിന് എച്ച്.എസ്.എന്‍. കോഡ് ഉള്ളതിനാലാണ് ജി.എസ്.ടി. കുറവ് വന്നിരിക്കുന്നത്. അതേസമയം, ഉത്തരേന്ത്യന്‍ വിഭവമായ പാവ് ബജിക്ക് ഈടാക്കുന്നത് അഞ്ച് ശതമാനം ജി.എസ്.ടി.യാണ്.
കൂടാതെ കിലോയ്ക്ക് ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന മൈസൂര്‍പാക്ക്, ലഡു, ജിലേബി പോലുള്ള മധുരപലഹാരങ്ങളും അഞ്ച് ശതമാനം ജി.എസ്.ടി. പരിധിയിലാണ് വരുന്നത്. ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കെല്ലാം കുറഞ്ഞ ജി.എസ്.ടി. ഈടാക്കുമ്പോള്‍ കേരളത്തിന്റെ നാടന്‍ പലഹാരങ്ങളാണ് 18 ശതമാനം ജി.എസ്.ടി. കുരുക്കില്‍ പെട്ട് കിടക്കുന്നത്.
മറ്റ് പലഹാരങ്ങളിലുള്ള ആശങ്ക പരിഹരിക്കുന്നതിനായി ജി.എസ്.ടി. കൗണ്‍സിലിന്റെ അഡ്വാന്‍സ് റൂളിങ് സംവിധാനത്തെ സമീപിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ ജി.എസ്.ടി.യാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകീകരിച്ച് എല്ലാ ഉത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനമാക്കണം എന്നാണ് അസോസിയേഷന്റെ ആവശ്യം.