കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്ന് പറയുന്നതുപോലെയാണ് ചക്കയുടെ കാര്യം. നഗരപ്രദേശങ്ങളിലെ വീടുകളും ഫ്ളാറ്റുകളും മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് സ്വന്തമായി ഒരു ദിവസം തന്നെയുണ്ടെന്ന് പലർക്കുമറിയില്ല. ജുലായ് നാലാണ് അന്താരാഷ്ട്ര ചക്കദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ശ്രീലങ്കയുടേയും ബംഗ്ലാദേശിന്റെയും ദേശീയ പഴമായ ചക്ക, കേരളത്തിന്റേയും തമിഴ്നാടിന്റെയും സംസ്ഥാന പഴമെന്ന പദവിയും വഹിക്കുന്നുണ്ട്. 60 മുതല്‍ 70 വര്‍ഷം വരെ ആയുസുള്ള ചക്കയ്ക്ക് സ്വന്തമായൊരു ദിവസം ലഭിക്കുന്നത് 2016-ലാണ്. 2018-ലാണ് കേരളം ചക്കയെ സംസ്ഥാന പഴമായി തിരഞ്ഞെടുക്കുന്നത്.
ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപ്പായസം, ചക്ക വരട്ടി എന്തിനുപറയുന്നു ചക്ക ബിരിയാണി, ചക്ക അച്ചാര്‍, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ ചക്ക എത്താത്ത ഇടങ്ങളില്ല. ഈ കാരണങ്ങള്‍ കൊണ്ടൊകാം ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് വിളിക്കുന്നത്.
പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമായ ചക്കയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍, സിങ്ക്, മ?ഗ്‌നീഷ്യം മുതലായ മിനറലുകളും അടങ്ങിയ ഫലമാണ് ചക്ക. ധാരാളം ആന്റി ഓക്‌സിഡന്റ് ഇവയിലുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നത് ചക്കയുടെ പ്രത്യേകതയാണ്.
മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം തന്നെ രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളുടെ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. അന്താരാഷ്ട്ര ചക്കദിനത്തില്‍ ചക്കയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം.
രോഗപ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ വിറ്റാമിൻ എ,സി എന്നിവ സഹായിക്കുന്നു. കൂടാതെ ആൻറി ഓക്സിഡന്റുകൾ ആയ Carotinoid, polyphenols, flavanoid, Vitamin C എന്നിവയുടെ സാന്നിധ്യം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നു. ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിയുന്നു.
ഹൃദയാരോഗ്യം
ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകള്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്തുവാനും സഹായിക്കുന്നു.
അനീമിയ/വിളര്‍ച്ച എല്ലുകളുടെ ആരോഗ്യം
ചക്കയില്‍ അടങ്ങിയിരിക്കുന്ന അയണ്‍, വിറ്റാമിന്‍ ബി,ബി3,ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച മാറ്റുന്നതിനും നല്ലതാണ്. മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു.
പച്ചചക്കയുടെ glycemic index (GI score) കുറവായതിനാലും, നാരുകള്‍ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തുവാനും ചക്കയ്ക്ക് കഴിവുണ്ട് എന്നത് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ചക്ക കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം മാറ്റാം എന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ എത്തിക്കാം എന്നതോ ഒരു തെറ്റിദ്ധാരണയാണ്. അതിനാല്‍ അമിത അളവില്‍ കഴിക്കുന്നത് ഒഴിവാക്കുക.
ദഹന വ്യവസ്ഥ
ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകള്‍ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ പ്രീബയോട്ടിക്‌സ്, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവയെല്ലാം കുടലിന്റെ പോഷക ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. കുടല്‍ കാന്‍സറിന്റെ സാധ്യതയും കുറയ്ക്കുന്നു.
കാഴ്ചശക്തി, ത്വക് സംരക്ഷണം
ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യുന്നു.
മുറിവുകളെ ഉണക്കുവാനും ത്വക്ക്, മുടി, മസില്‍, ചെറു ഞരമ്പുകള്‍ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങള്‍ക്ക് കഴിവുണ്ട്.
ഉറക്കം മെച്ചപ്പെടുത്തുന്നു
ചക്കയിലെ മഗ്‌നീഷ്യം സുഖനിദ്ര പ്രധാനം ചെയ്യാന്‍ സഹായിക്കുന്നു.
മുന്‍ കരുതലുകള്‍/ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൃക്കരോഗികള്‍ ചക്ക ഉപയോഗം മിതപ്പെടുത്തണം. കാരണം ചക്കയില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യം രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുകയും ഹൈപ്പര്‍ കലീമിയ എന്ന അവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ട് . ഇത് ശ്വാസതടസ്സം, തളര്‍ച്ച ഹൃദയാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.
ഗര്‍ഭിണികള്‍ മുലയൂട്ടുന്ന അമ്മമാര്‍ പ്രായമായവര്‍ എന്നിവര്‍ ചക്ക അമിതമായി ഉപയോഗിച്ചാല്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഉപയോഗം മിതമായ അളവില്‍ ആക്കുക.
പ്രമേഹ രോഗികള്‍: പഴുത്ത ചക്കയുടെ ഉപയോഗം മിതപ്പെടുത്തണം. ചക്കപ്പഴത്തില്‍ പ്രകൃതിദത്തമായ മധുരം അടങ്ങിയതിനാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തുന്നു. അതേസമയം ഇടിച്ചക്ക അധികം മൂപ്പെത്താത്തതുമായ പച്ചചക്ക എന്നിവ മിതമായി ഉപയോഗിച്ചാല്‍ ഫലപ്രദവും ആണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
