വ്യത്യസ്ത രുചിയുള്ള വിവിധ തരം ചമ്മന്തികൾ ഇഷ്ടമാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം വടക്കേ ഇന്ത്യൻ, തെലുങ്ക്, തമിഴ് ചമ്മന്തി രുചികൾ പരീക്ഷിച്ചു നോക്കാറുണ്ട്. കറിവേപ്പിലയുടെ രുചി ഇഷ്ടമാണെങ്കിലും മല്ലി, പുതിന ഇലകളുടെ രുചിയോട് വലിയ പ്രിയം തോന്നിയിട്ടില്ല എന്നതിനാൽ അവ ചേർത്ത ചമ്മന്തി വളരെ അപൂർവ്വമായേ ഉപയോഗിക്കാറുള്ളൂ. പൊതുവെ ചമ്മന്തിയ്ക്കായി ചെറു നാരകത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. എരിവിനായി പച്ച കുരുമുളകോ കാന്താരി മുളകോ (ലഭ്യത അനുസരിച്ച്) ആണ് പഥ്യം.
പണ്ടൊരുനാൾ വയനാടൻ കാടിനരികെ കബനീ നദിയോരത്ത് താമസിച്ചിരുന്ന ഒരു സുഹൃത്തിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് കഞ്ഞി കലവും കറി ചട്ടിയും കഴുകി തുടങ്ങിയപ്പോഴാണ് ഞങ്ങൾ വീട്ടിലെത്തിയത്. അന്നാണ് ആദ്യമായി ഇത്തരം ഒരു ചമ്മന്തി കഴിക്കുന്നത്. കനലിൽ ചുട്ട ചക്കക്കുരുവും വറ്റൽ മുളകും മാങ്ങയും ഉള്ളിയും ചേർത്ത് സുഹൃത്തിന്റെ അമ്മ അമ്മിക്കല്ലിൽ അരച്ചുണ്ടാക്കി തന്ന ചക്കക്കുരു ചമ്മന്തിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.
കുട്ടിക്കാലത്ത്, അമ്മ ചക്കക്കുരു കൊണ്ട് അനേകതരം കറികൾ ഉണ്ടാക്കി തരാറുണ്ട്. ചക്ക, മാങ്ങാ കാലത്ത് അവിയലിലും സാമ്പാറിലും പുളിങ്കറിയിലും വിവിധ തരം തോരനുകളിലും അമ്മ ചക്കക്കുരു ചേർക്കാറുണ്ട്. “ചക്കക്കുരുവും മാങ്ങയും കറി” എന്നറിയപ്പെടുന്ന രുചികരമായ പുളിങ്കറി നാട്ടിൻപുറത്തെ ഒരു സ്ഥിരം വിഭവമാണല്ലോ. അന്ന് ആ വയനാടൻ സുഹൃത്തിന്റെ അമ്മ ഉണ്ടാക്കി തന്ന, അതിനു മുൻപ് ഒരിക്കലും കഴിച്ചിട്ടില്ലാത്ത ചമ്മന്തിയുടെ രുചിയോർമ്മയിൽ ഇന്നൊരു ചക്കക്കുരു മാങ്ങാ ചമ്മന്തി ഉണ്ടാക്കിയത് ഇങ്ങനെയാണ്. തേങ്ങ വില കുതിച്ചുയരുന്ന, ചക്കക്കുരു ധാരാളമായി ഉള്ള ഇക്കാലത്ത് പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ചമ്മന്തി രുചി.
ചേരുവകൾ ( നാലു പേർക്ക്)
പുറം തൊലി കളഞ്ഞ് രണ്ടായി മുറിച്ച് പുഴുങ്ങിയ ചക്കക്കുരു – 1 കപ്പ്
വറുത്ത നിലക്കടല – അര കപ്പ്
പുറം തൊലി നീക്കി അരിഞ്ഞ മാങ്ങ – 2 പൂള് (മാങ്ങയുടെ വലുപ്പവും പുളിയും അനുസരിച്ച്)
വറ്റൽ മുളക് – 4
ചുവന്നുള്ളി – 10
ഇഞ്ചി – അര ഇഞ്ചു നീളമുള്ള ഒരു ചെറു കഷണം
കറിവേപ്പില – 2 തണ്ട്
കുരുമുളക് – 20
ജാതി പത്രി – ഒരു ചെറു ചീന്ത് (ജാതി പത്രി ഇല്ലെങ്കിൽ/ അതിന്റെ രുചി ഇഷ്ടമില്ലെങ്കിൽ അത് ഒഴിവാക്കാം)
ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധം
ചക്കക്കുരു ഒരുക്കി രണ്ടായി മുറിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ കേൾക്കും വരെ വേവിച്ച് തണുക്കാൻ വയ്ക്കുക. വേവിച്ച വെള്ളം കളയണ്ട. അത് അരയ്ക്കുമ്പോൾ ചേർക്കാം. ചീന ചട്ടിയിൽ ലേശം എണ്ണ ചൂടാക്കി വറ്റൽ മുളകും ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചെറുതായൊന്നു മൂപ്പിച്ച് ചൂടാറാൻ വയ്ക്കുക.
ചൂടാറിയ ശേഷം വെന്ത ചക്കക്കുരുവും (വെള്ളം അടക്കം), നിലക്കടലയും, എണ്ണയിൽ മൂപ്പിച്ച വറ്റൽ മുളകും ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും, കുരുമുളകും, ജാതിപത്രിയും ഉപ്പും (ആവശ്യമെങ്കിൽ ലേശം വെള്ളം കൂടി) ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. വിവിധ തരം ചമ്മന്തികൾ ഇഷ്ടമുള്ള ചമ്മന്തി പ്രേമികൾ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കേണ്ട ഒരു രുചിക്കൂട്ടാണിത്.
Content Highlights: Jackfruit Seed and Mango Chutney: A Delicious and Economical Recipe for Chutney Lovers
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
