തൃശ്ശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ വൈന്‍ നിര്‍മാണ യൂണിറ്റില്‍നിന്നുള്ള ‘നിള’ രുചിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടാ. കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിന്റെ തനത് പഴങ്ങളില്‍നിന്നുള്ള ഈ വൈനുകളൊരുക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ് വൈനുകള്‍. എക്സൈസ് വകുപ്പിന്റെ ലേബല്‍ ലൈസന്‍സ് ലഭിച്ചതോടെയാണ് നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവ വിപണിയിലെത്തുന്നത്. 750 മില്ലീലിറ്റര്‍ കുപ്പിക്ക് 1000 രൂപയില്‍ താഴെയാകും വില.
ഓരോ മാസവും 125 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനുള്ള ഉത്പാദനശേഷിയാണുള്ളത്. ഒരുബാച്ച് വൈന്‍ ഉണ്ടാക്കാന്‍ ഏഴുമാസമെടുക്കും. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറുമാസം പാകപ്പെടുത്തുന്നതിനും വേണ്ടിവരും.
ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യു ആപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. മണ്ണാര്‍ക്കാട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ നിന്നാണു വൈനിന് കശുമാങ്ങ എത്തിക്കുന്നത്.
കേരളത്തില്‍ കൂടുതലായി ലഭിക്കുന്ന പാളയംകോടന്‍ വാഴപ്പഴത്തില്‍നിന്നാണ് നിള ബനാന വൈന്‍ ഒരുക്കുന്നത്. അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതായതിനാലാണ് വൈന്‍ ഉത്പാദനത്തിന് പാളയംകോടന്‍ പഴം തിരഞ്ഞെടുത്തത്.
12.5 ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച മൗറീഷ്യസ് ഇനത്തില്‍പ്പെട്ട കൈതച്ചക്കയില്‍നിന്നാണ് നിള പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്.
ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉല്‍പാദകരായ സുലെ വിന്‍യാഡിന്റെയും വൈന്‍ പോളിസിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ് ആന്‍ഡ് വൈന്‍ ബോര്‍ഡിന്റെയും അംഗീകാരം നേരത്തെ നിളക്ക് ലഭിച്ചിരുന്നു.
സംസ്ഥാനത്ത് വൈന്‍ ഉല്‍പാദനത്തിന് നാല് അപേക്ഷകളാണ് എക്സൈസിന് കിട്ടിയത്. അതില്‍ ആദ്യത്തെ എക്സൈസ് ലൈസന്‍സ് ലഭിച്ചത് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിനാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യബാച്ചില്‍ 500 കുപ്പി വൈനാണ് നിര്‍മിച്ചത്.
സംസ്ഥാനത്ത് നിലവില്‍ വൈന്‍ നിര്‍മാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് വൈന്‍ പോളിസിയുള്ളത്.
Content Highlights: Kerala Agricultural University launches Nila – fruit wines made from cashew apple, pineapple & banan

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter