ശീതകാല പച്ചക്കറികളിലൊന്നാണ് ഗ്രീന്‍ പീസ്. തൊണ്ടോട് കൂടിയ ഗ്രീന്‍ പീസ് കൂടുതലും വിലക്കുറവിലും ലഭിക്കുന്ന ശൈത്യകാലത്ത് ഇവയെ രുചികരമായ വിഭവങ്ങളുണ്ടാക്കി നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണം. അതീവ പോഷക ഗുണങ്ങളുള്ള ഇവ പ്രോട്ടീന്‍റെ കലവറയാണ്. വിലക്കുറവില്‍ ലഭിക്കുമ്പോള്‍ തോട് പൊളിച്ചെടുത്തു ഒരു സിപ്‌ലോക്ക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഉണക്ക പട്ടാണിയെക്കാളും പച്ച പട്ടാണി അല്ലെങ്കില്‍ ഗ്രീന്‍ പീസിന് ഒരിളം മധുരം കാണും. അത് തന്നെയാണ് ഇവകൊണ്ടുള്ള വിഭവങ്ങളുടെ രുചിയുടെ മാറ്റു കൂട്ടുന്നതും. കൊങ്കണി പാചകത്തില്‍ ഗ്രീന്‍ പീസ് കറികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചോറിനൊപ്പമുള്ള ഒഴിച്ചു കറിയായ ‘അമ്പട്ട്’ എന്ന കറിയായോ, നല്ല എരിവുള്ള ‘സോങ്ക്’ എന്നാ തൊടുകറിയായോ ഗ്രീന്‍പീസ് കൊങ്കണികള്‍ ഉപയോഗിക്കും. കൂടാതെ ഉരുളക്കിഴങ്ങും കോളിഫ്‌ലവറും ചേര്‍ത്തുണ്ടാക്കുന്ന ‘വാഗു’ എന്ന കറിയിലും ഗ്രീന്‍ പീസ് ചേര്‍ക്കാറുണ്ട്. ഇതുകൂടാതെ സാദാ റവ ഉപ്പുമാവിലും അവില്‍ കൊണ്ടുള്ള ഉപ്പുമാവിലുമൊക്കെ ഗ്രീന്‍ പീസ് ചേര്‍ക്കുന്നത് അവയുടെ രുചി കൂട്ടാന്‍ സഹായിക്കും.
ഗ്രീന്‍പീസ് കറികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗ്രീന്‍ പീസ് ‘അമ്പട്ട് ‘ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ശീതകാല പച്ചക്കറികളിലെ മറ്റൊരു പ്രധാനിയായ കോളിഫ്‌ലവര്‍ കൂടെ ഇതില്‍ ചേര്‍ക്കാറുണ്ട്. കടച്ചക്ക ലഭ്യമാണെങ്കില്‍ കോളിഫ്‌ലവറിന് പകരം കടച്ചക്ക കഷ്ണങ്ങളും ചേര്‍ക്കാം. ഇത് രണ്ടുമല്ലെങ്കില്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേര്‍ക്കാവുന്നതാണ്. പച്ചക്കറിയുടെ രുചിക്കനുസരിച്ചു കറിയുടെ രുചി മാറുമെന്ന് മാത്രം.
പാചകരീതിയിലേക്ക്
ചേരുവകള്‍:
1.ഗ്രീന്‍ പീസ് – അരക്കിലോ
2.കോളിഫ്ളവര്‍ -1/2 കിലോ
3.സവാള – 2 ഇടത്തരം
4.തേങ്ങ – ഒന്നര കപ്പ്
5.വറ്റല്‍ മുളക് – 10 – 12എണ്ണം
6.വാളന്‍ പുളി -ഒരു നെല്ലിക്കവലുപ്പം
7.വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
8.ഉപ്പ് – ആവശ്യത്തിന്
തോട് കളഞ്ഞ് പൊളിച്ചെടുത്ത ഗ്രീന്‍ പീസ് നന്നായി കഴുകി എടുക്കുക. കോളിഫ്‌ലവര്‍ ചെറു ഇതളുകളാക്കി വെയ്ക്കുക. ഒരു സവാള ചെറു ചതുര കഷ്ണങ്ങള്‍ ആക്കുക. ഇവ മൂന്നും ഒന്നര കപ്പ് വെള്ളമൊഴിച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരൊറ്റ വിസില്‍ വരുന്നതുവരെ വേവിയ്ക്കുക.
വറ്റല്‍ മുളക് അര ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക. തേങ്ങയും വറുത്ത വറ്റല്‍ മുളകും പുളിയും ചേര്‍ത്ത് നന്നായി മഷിപോലെ അരച്ചെടുക്കുക. വേവിച്ചുവെച്ച ഗ്രീന്‍പീസ് കൂട്ടില്‍ ഈ അരപ്പ് ചേര്‍ത്ത് ഒഴിച്ച് കറിയുടെ പാകത്തില്‍ വെള്ളം ആവശ്യമെങ്കില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കുക. ചാറ് ആവശ്യത്തിന് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കുക.
ഇനി ഒരു ചെറുപാനില്‍ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ സവാള വളരെ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ ചുവക്കെ വറുക്കുക. വറുത്തെടുത്ത ഈ സവാള കറിയുടെ മീതെ താളിച്ചൊഴിക്കുക. ചോറിനൊപ്പം ഒഴിച്ചു കറിയായി വിളമ്പാവുന്ന ഗ്രീന്‍ പീസ് അമ്പട്ട് തയ്യാര്‍.