താമരശ്ശേരി: അനുവദനീയമല്ലാത്ത കൃത്രിമനിറമായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത ശര്‍ക്കര വില്‍പ്പന നടത്തിയ സ്ഥാപനത്തിന് പിഴചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് ഒരു ലക്ഷം രൂപ പിഴയും നടത്തിപ്പുകാരന് കോടതിപിരിയുംവരെ തടവും ശിക്ഷവിധിച്ചത്.
താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ജഡ്ജ് ടി. ഫായിസാണ് കേസില്‍ വിധിപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജെഫ്രിജോര്‍ജ് ജോസഫ് ഹാജരായി.
2018 നവംബറില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി നടത്തിയ പരിശോധനയ്ക്കിടെയാണ് ഈങ്ങാപ്പുഴയിലെ സ്ഥാപനത്തില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര കണ്ടെടുത്ത് മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
പരിശോധനയില്‍ മനുഷ്യജീവന് ഹാനികരമായ കൃത്രിമനിറങ്ങളായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും കണ്ടെത്തിയതോടെ താമരശ്ശേരി കോടതിയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കേസ് ഫയല്‍ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിനായി തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. എ.പി. അനു കോടതിയില്‍ ഹാജരായി.
2011-ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം, പ്രിസര്‍വേറ്റീവ്, കൃത്രിമമധുരം എന്നീ ഫുഡ് അഡിറ്റീവുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും, ശര്‍ക്കരയില്‍ കൃത്രിമനിറം ചേര്‍ക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
മൂന്നുമാസം മതല്‍ ആറു വര്‍ഷംവരെ തടവും, ഒരുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമനിറം ചേര്‍ത്തതിനു ജില്ലയില്‍ വിവിധ കോടതികളിലായി 150-ല്‍ അധികം കേസ് നിലവിലുണ്ട്.
ഫുഡ് അഡിറ്റീവ്സുകളെക്കുറിച്ചുള്ള നിയന്ത്രണങ്ങള്‍ ഭക്ഷ്യോത്പാദകര്‍ മനസ്സിലാക്കണമെന്നും, ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ശര്‍ക്കര വ്യാപാരികള്‍ വില്‍പ്പന നടത്തരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
Content Highlights: Court Fines Firm for Selling Sugar with Illegal Food Additives
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
