കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ തോറ്റ് സെമി ഫൈനല്‍ കാണാതെ പുറത്തായ പാകിസ്താന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. പാക് ടീമംഗങ്ങളുടെ ഭക്ഷണരീതിയെയാണ് അക്രം വിമര്‍ശിച്ചത്.
‘ഇന്ത്യക്കെതിരായ മത്സരത്തിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാര്‍ക്ക് കഴിക്കാനായി ഒരു പാത്രം നിറയെ നേന്ത്രപ്പഴം കൊടുക്കുന്നതാണ്. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഡയറ്റ്. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് ഞങ്ങളൊക്കെ ഇത് ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ തല്ലുമായിരുന്നു.’-ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വസീം അക്രം വിമര്‍ശിച്ചു.
2023-ലെ ഏകദിന ലോകകപ്പിനിടേയും പാക് ടീമിന്റെ ഭക്ഷണരീതിയെ അക്രം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നും ചില താരങ്ങള്‍ ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കാറുണ്ടെന്നാണ് തോന്നുന്നതെന്നും അന്ന് അക്രം വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റിന്റെ വേഗം കൂടിയത് തിരിച്ചറിയാതെ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ക്രിക്കറ്റാണ് പാക് താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചതെന്നും അക്രം പറഞ്ഞു. ‘വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരമ്പരാഗത ക്രിക്കറ്റാണ് പാകിസ്താന്‍ കളിക്കുന്നത്. അത് മാറണമെങ്കില്‍ കാര്യമായ മാറ്റംതന്നെ വേണ്ടി വരും. നിര്‍ഭയരായ കളിക്കാരെ ടീമിലെടുക്കേണ്ടി വരും. അതിനായി നിലവിലെ ടീമിലെ അഞ്ചോ ആറോ കളിക്കാരെ ഒഴിവാക്കിയാലും കുഴപ്പമില്ല.’-വസീം അക്രം കൂട്ടിച്ചേര്‍ത്തു.