മണാലിയിൽ കഫേ ആരംഭിച്ച് ബോളിവുഡ് താരവും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ട്. ‘ദി മൗണ്ടെയ്ൻ സ്റ്റോറി’ എന്നു പേരിട്ടിരിക്കുന്ന കഫേയുടെ ഗ്ലിംസ് വിഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്’ എന്ന് വീഡിയോയ്ക്കൊപ്പം കങ്കണ കുറിച്ചു.
മണാലിയിൽ സ്ഥിതി ചെയ്യുന്ന കഫേ ഫെബ്രുവരി 14-ന് തുറക്കുമെന്നും അവർ അറിയിച്ചു. തടികൊണ്ട് ഫർണിഷിങ് ചെയ്ത ഹോംലി ഹിൽ സ്റ്റൈൽ കഫേയാണ് വീഡിയോയിലുള്ളത്. പരമ്പരാഗത വിഭവങ്ങൾക്കു പുറമെ, പിസ, സാലഡുകൾ, കേക്ക് തുടങ്ങിയവയും ദൃശ്യങ്ങളിലുണ്ട്. കഫേയ്ക്കുള്ളിലും പുറത്തുമായാണ് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം രുചിച്ചുകൊണ്ട് മലനിരകളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെയിരുന്ന് ആസ്വദിക്കാം.
2023 മാർച്ചിൽ താനൊരു റെസ്റ്റോറന്റ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെവെങ്കിലും സാമ്പത്തിക പ്രയാസം നേരിട്ടിരുന്നതായി നേരത്തേ അവർ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ, ബോളിവുഡ് താരം മലൈക അറോറയും ഗോവയിൽ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു.