ചൈനയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാനച്ചടങ്ങിനിടെ കാന്റീന് ജീവനക്കാരി നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുന്ന പാചകത്തൊഴിലാളികള്‍ക്ക് കുട്ടികളോടുള്ള വാത്സല്യം എവിടേയും ഒന്നുതന്നെയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ വൈറലായ വീഡിയോ.
നോര്‍ത്ത് ഈസ്റ്റേണിലെ ജിലിന്‍ പ്രോവിന്സിലെ യാന്‍ബിയന്‍ യൂണിവേഴ്സിറ്റിയിലാണ് യൂ ഷോമൈ എന്നുപേരുള്ള പാചകത്തൊഴിലാളി ഹൃദ്യമായ പ്രസംഗം നടത്തിയത്. തന്റെ യൂണിഫോം ധരിച്ചാണ് അവര്‍ വിദ്യാര്‍ഥികളോട് സംവദിച്ചത്. കാന്റീനിലെ തൊഴിലാളി എന്നനിലയില്‍ നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ യൗവന കാലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ ഷോമൈക്ക് വിദ്യാര്‍ഥികളോടുള്ള ഊഷ്മളമായ സ്നേഹം ആ പ്രസംഗംത്തിലൂടെ ലോകം കാണുകയായിരുന്നു.
വിദ്യാര്‍ഥികളോട് നന്നായി ഭക്ഷണം കഴിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എത്ര തിരക്കിലായിരുന്നാലും നന്നായി ഭക്ഷണം കഴിക്കുമെന്നും നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുമെന്നും എനിക്ക് വാക്കുതരണം, ഡെലിവറി ചെയ്ത ഭക്ഷണത്തേയും ഇന്‍സ്റ്റന്‍ഡ് നൂഡില്സിനേയുമൊന്നും എപ്പോഴും ആശ്രയിക്കരുത്. യൂ ഷോമൈ പറഞ്ഞു.
ഞാനെന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളുടെ സുന്ദരമായ മുഖങ്ങള്‍ കാണുമ്പോള്‍ എനിക്കെന്റെ വികാരങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ല. ബിരുദദാന പരിപാടിയായതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി 15,000 ഡംബ്ലിങ്സ് തയ്യാറാക്കിയിട്ടുണ്ടെന്നും യൂ ഷോമൈ പ്രസംഗത്തില്‍ പറയുന്നുണ്ട്.
വിദ്യാര്‍ഥികളില്‍ പലരും വിതുമ്പലോടെയാണ് യൂ ഷോമൈയുടെ പ്രസംഗം കേട്ടുകൊണ്ട് സദസ്സിലിരുന്നത്. ചിലര്‍ കരയുന്നതും കണ്ണുനീര് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
യൂ ഷോമൈയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തിയത്.
