കഞ്ഞി-പപ്പടം, പുട്ട്-പപ്പടം, സദ്യ-പപ്പടം, ബിരിയാണി-പപ്പടം, എന്തിനേറെ പറയണം കട്ടന്‍ ചായയ്ക്കൊപ്പംവരെ പപ്പടം കഴിക്കുന്നവരുള്ള നാടാണ് നമ്മുടേത്. എപ്പോഴെങ്കിലും പപ്പടം കഴിക്കുന്നവരാണ് ചിലരുടെ ശീലം. എന്നാല്‍ മറ്റേ കൂട്ടര്‍ക്കാകട്ടെ പപ്പടമില്ലാതെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍പോലുമാകില്ല. തമിഴ്നാട്ടില്‍ അപ്പളമെന്നും ഉത്തരേന്ത്യയില്‍ പാപ്പഡ് എന്നും വിളിപ്പേരുള്ള ഭക്ഷ്യോത്പന്നമാണ് പപ്പടം.
ഉഴുന്നുപരിപ്പും അപ്പക്കാരവും പെരുങ്കായവും ഉപ്പുമാണ് സാധാരണയായി പപ്പടം ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകള്‍. കാണാന്‍ ലളിതമായതിനാല്‍ ചെറിയ കലോറിയേ പപ്പടത്തിനുള്ളു എന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. എന്നും പപ്പടം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഒരു ചെറിയ പപ്പടത്തില്‍ അടങ്ങിയ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് താഴെ നല്‍കിയിരിക്കുന്നു.
കലോറി- 35-40
പ്രോട്ടീന്‍- 3.3 ഗ്രാം
കൊഴുപ്പ്- 0.42 ഗ്രാം
കാര്‍ബോ ഹൈഡ്രേറ്റ്- 7.8 ഗ്രാം
സോഡിയം-22 ഗ്രാം
മിതമായ അളവില്‍ അതായത് ഒന്നോ രണ്ടോ പപ്പടങ്ങള്‍ കഴിക്കുന്നത് വലിയ പ്രശ്‌നമല്ലെങ്കിലും എന്നും പപ്പടം കഴിക്കുന്നത് പ്രശ്‌നമാണ്. രണ്ട് പപ്പടങ്ങള്‍ കഴിക്കുന്നതിലൂടെ ഒരു ചപ്പാത്തിയുടെ അതേ കലോറിയാണ് ശരീരത്തിന് ലഭിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?
പപ്പടത്തില്‍ ഒളിഞ്ഞിരിക്കുന്ന 3 അപകടകരമായ ഘടകങ്ങള്‍ നോക്കാം;
ഉയര്‍ന്ന അളവിലുള്ള സോഡിയം
ഫാക്ടറികളിലുണ്ടാക്കുന്ന പപ്പടത്തില്‍ കൂടിയ അളവില്‍ ഉപ്പും സോഡിയം പ്രിസര്‍വേറ്റീവുകള്‍(സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ്) എന്നിവ അടങ്ങിയിട്ടുണ്ട്. സോഡിയം അമിതമായി ശരീരത്തിലെത്തിയാല്‍ രക്തസമ്മര്‍ദവും വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍ടെന്‍ഷനുള്ളവരും ഹൃദയരോഗങ്ങളുള്ളവരും സോഡിയം കൂടുതലടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
അക്രിലമൈഡ്
അമിനോ ആസിഡായ അസ്പാരജിന്‍ അടങ്ങിയ ഭക്ഷണമോ മധുരമുള്ളപദാര്‍ഥങ്ങളോ 120 ഡിഗ്രി ചൂടിന് മുകളില്‍ ചൂടാക്കുമ്പോള്‍ അക്രിലമൈഡ് രൂപപ്പെടുന്നു. പപ്പടം ഉള്‍പ്പെടെ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ വറുത്തെടുക്കുമ്പോള്‍ അക്രിലമൈഡ് ഉണ്ടാവുകയും ഇത് കാന്‍സറും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
പ്രിസര്‍വേറ്റിവുകളും കൃത്രിമ ചേരുവകളും
വിപണിയിലെത്തുന്ന പപ്പടങ്ങളില്‍ പലതിലും കൃത്രിമ ചേരുവകളുണ്ട്. ഇവ ദഹനത്തെ ബാധിക്കുകയും അസിഡിറ്റിയുണ്ടാക്കുകയും ചെയ്യുന്നു.